Image

ചെമ്പുഴ (ചെറുകഥ) മാലിനി

മാലിനി Published on 10 February, 2016
ചെമ്പുഴ (ചെറുകഥ) മാലിനി
യുഗങ്ങള്‍ക്കുമുമ്പേ പ്രണയികളായിരുന്ന അവര്‍, ആ പുഴയോരത്ത്, ആ ബോധിവൃക്ഷച്ചുവട്ടില്‍ വീണ്ടും കണ്ടുമുട്ടി. സംസ്‌കാരങ്ങളും പരിഷ്‌കാരങ്ങളും ഒക്കെ സംഭവിക്കുന്നതിനു മുമ്പുതന്നെ.
യുഗപരിണാമത്തിന്റെ, പലയിടങ്ങളിലൂടെ, പല കാലങ്ങളിലൂടെ ജീവിച്ച അവര്‍ അവിടെ എത്തിപ്പെടുകയായിരുന്നു. 

തമ്മില്‍ കണ്ടതും ജ•ാന്തരങ്ങളിലെ സ്‌നേഹമറിഞ്ഞ് ചിരപരിചിതരെപ്പോലെ അവര്‍ പരസ്പരം എതിരേറ്റു. കാലദേശവ്യതിയാനങ്ങള്‍ക്കപ്പുറവും തങ്ങളിലെ പ്രണയത്തിന്റെ തുടിപ്പറിഞ്ഞ് അവരുടെ മിഴികള്‍ നനഞ്ഞു.

ആ കൂടിക്കാഴ്ചയുടെ നിറവില്‍, തങ്ങള്‍ക്കിടയിലുണ്ടായ കാലദൈര്‍ഘ്യം അവര്‍ അറിഞ്ഞതേയില്ല. തോളോടുതോള്‍ ചേര്‍ന്നിരുന്ന് ഓര്‍മ്മകളെ ഓരോന്നായവര്‍ പെറുക്കിയെടുത്തു. ഇളംകാറ്റിലെ ഇലയനക്കങ്ങള്‍പോലെ അവ ഉലഞ്ഞുപൊന്തി. ഓരോ ഓര്‍മ്മക്കുഞ്ഞുങ്ങളെയും പെറുക്കിയെടുത്ത് അവരവയ്ക്കു ജീവന്‍ കൊടുത്തു.

നട്ടിട്ടുപോയ വിത്തുകളുടെ ഫലസമൃദ്ധിയുടെ ആഹ്ലാദം അവരുടെ കണ്ണുകളില്‍ തിളങ്ങി. ഒരിക്കല്‍ ജീവിച്ചുതീര്‍ന്ന നാളുകള്‍. ആടിത്തിമിര്‍ത്ത ആഘോഷങ്ങള്‍. അനവധിയായ മുഹൂര്‍ത്തങ്ങള്‍. 

നിരവധിയായ സന്തതിപരമ്പരകള്‍. അവരുടെ വളര്‍ച്ചയും പിളര്‍ച്ചയും. നടന്നകന്നുപോയ പാതകള്‍.
ഇഴപിരിഞ്ഞുപോയ ജീവിതത്തിന്റെ, വേര്‍പാടിന്റെ മുറിവുകളില്‍ തൊട്ട് 'നീ കരയുന്നുവോ?' എന്നവന്‍ തിരക്കി. ഓര്‍മ്മകള്‍ക്കും മറവിക്കും ഇടയില്‍ അലഞ്ഞ മൗനത്തെ മാറ്റിനിര്‍ത്തി ഒരു ലേപനതൈലമായി അവളുടെ വാക്കുകള്‍.

'വീണ്ടും നമ്മള്‍ ഇവിടെ വന്നുവല്ലോ.'

മറഞ്ഞുപോയ ഒരു ജീവിതം. ആഹ്ലാദങ്ങളും ആഘോഷങ്ങളും സങ്കടമുഹൂര്‍ത്തങ്ങളും ഒക്കം ഒന്നിച്ചനുഭവിച്ചത് എല്ലാ പൂര്‍വ്വാനുഭവങ്ങളോടെയും അവരവിടെ തിരിച്ചറിഞ്ഞു.

അവര്‍ക്കു ചുറ്റില്‍ എല്ലാം അവരോടു കുശലം പറഞ്ഞു. സന്തതിപരമ്പരകള്‍ മന്ദസ്മിതത്തോടെ, നിറസ്‌നേഹത്തോടെ അവരെ സ്വീകരിച്ചു. ദീര്‍ഘയാത്ര കഴിഞ്ഞു തിരിച്ചെത്തിയ പ്രിയപ്പെട്ടവരുടെ നിറവ് അവര്‍ക്കനുഭവപ്പെട്ടത് ആ മുഖങ്ങളില്‍ ദൃശ്യമായി.

പൂക്കളും പുഴകളും തോടും നടവഴികളും എല്ലാമെല്ലാം അവരോടു സ്‌നേഹം പറഞ്ഞു.
എന്നിരിക്കലും ദൂരെ ബോധിവൃക്ഷത്തിനരികിലെ പണിതീരാത്ത ആ വീടിനോട് അ
ടുക്കുന്തോറും അപൂര്‍ണ്ണതയുടെ ഒരു നോവ് അവര്‍ക്കനുഭവപ്പെട്ടു.

പണിതീരാത്ത ആ വീട് ജനാലകളും വാതിലുകളും തുറന്നിട്ട് കാത്തിരിക്കുകയായിരുന്നു. സംശയലേശമന്യേ അവര്‍ അതിലേയ്ക്കു പ്രവേശിച്ചു. 

നഷ്ടമായതു വീണ്ടെടുക്കണം. മുടങ്ങിപ്പോയത് പൂര്‍ത്തിയാക്കണം. തങ്ങള്‍ക്കായി കാത്തിരുന്ന ഒത്തിരിയൊത്തിരി ജോലികളിലേക്കവര്‍ അദൃശ്യരായി.

പിന്നെയും പലയാവര്‍ത്തി പുഴ വറ്റിവരണ്ടു. നിറഞ്ഞു കരകവിഞ്ഞൊഴുകി. ബോധിവൃക്ഷം കൂടുതല്‍ കൂടുതല്‍ ശാഖകളേന്തി. 

ആ ശാന്തതയിലും വിധി പൂര്‍ത്തീകരണത്തിനായി, ജീവിതസമസ്യയുടെ തുര്‍ച്ചയ്ക്കായി ഒരു പേര്‍പാട് അനിവാര്യമായി.

ഇന്നിന്റെ തൃപ്തിയില്‍, നാളത്തെ സ്വപ്നങ്ങളില്‍ വ്യാപൃതരായി അങ്ങനെ ജീവിക്കെ ഇവിടെ ഒത്തിരിയൊത്തിരി ജീവിച്ചുവല്ലോ എന്നൊരു പൂര്‍ണ്ണത അവരില്‍ നിറഞ്ഞു. ആ പൂര്‍ണ്ണതയുടെ നിറവില്‍ വീണ്ടും ഒരു യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

എന്നാല്‍ വരാനിരിക്കുന്ന യാത്രയില്‍ എന്തിനെയോ ഭയന്ന അവന്‍, അവളുടെ കൈത്തലങ്ങള്‍ സ്വന്തം കൈകളിലെടുത്ത്, ആ കണ്ണുകളിലേയ്ക്ക് തന്റെ ജീവനെ ആവാഹിച്ചൊതുക്കി ചോദിച്ചു.

'നമുക്കിവിടെ, ഈ വൃക്ഷച്ചുവട്ടില്‍, ഈ പണിതീരാത്ത വീട്ടില്‍ ഇങ്ങനെ...?'

അവന്റെ കണ്ണുകളില്‍ കുടിയിരുന്ന പ്രണയത്തെയറിഞ്ഞ്, ആ മനസ്സത്രയും അറിഞ്ഞുകൊണ്ടുതന്നെ അവള്‍ പറഞ്ഞു.

'ഇല്ല, നമുക്കിനിയും മുന്നോട്ടു പോകണം. ഈ പുഴയും കടന്ന്, മുന്നോട്ട്, മുന്നോട്ട്...'

മറ്റൊരു യാത്രയുടെ ഭയപ്പാട് അവനെ മൗനിയാക്കി. വരാനിരിക്കുന്ന യാത്രയുടെ വൃഥയിലും വശ്യതയിലും മഥിച്ചുനിന്ന അവരുടെ മൗനത്തെ ചിതറിച്ചുകളഞ്ഞു അവളുടെ സ്വരം. അനന്തമായ യാത്രകളാല്‍ രൂപാന്തരം വന്ന അവന്റെ പുറന്തൊലി ചൂണ്ടി വളരെ പെട്ടെന്നായിരുന്നു അവളാ സംശയം ചോദിച്ചത്.

'നിന്റെയീ കറുകറുത്ത തൊലിക്കുള്ളില്‍, ഹൃദയത്തില്‍ ചോരയ്ക്കിപ്പോഴും നിറം ചുവപ്പുതന്നെയോ?

ചോദ്യംകേട്ട്  സ്തബ്ധനായ അവന്‍ ഒരു നിമിഷം സംശയിച്ച് സ്വയം ചോദിച്ചു.

'എന്റെയീ കറുകറുത്ത തൊലിക്കുള്ളില്‍ നീ നിറഞ്ഞ എന്റെ ഹൃദയത്തിനുള്ളില്‍ ഒഴുകുന്ന ചോരയ്ക്ക് നിറം കറുപ്പോ? ചുവപ്പോ?'

വാക്കുകളിലൂടൊരുത്തരം അവനില്ലായിരുന്നു. പുറപ്പെടാനൊരുങ്ങി, നടന്നുനീങ്ങുവാനാകാതെ പരസ്പരം മുഖത്തോടുമുഖം നോക്കിനില്‍ക്കെ, സനാതനമായ ആ സത്യത്തെ തൊട്ടറിയുവാന്‍ അവന്‍ സ്വന്തം ഹൃദയം പറിച്ചെടുത്ത് അവളുടെ ഇരുകൈകളിലുമായി വച്ചുകൊടുത്തു. അപ്പോള്‍ അവിടമാകെ ചോരത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. ചുവന്ന ചോരത്തുള്ളികള്‍. അത് പരന്നൊഴുകി പുഴവെള്ളത്തില്‍ ചുവപ്പുനിറം പടര്‍ത്തി.

അങ്ങനെ അത് ചെമ്പുഴയായി.

അവന്റെ ഹൃദയം കൈത്തലങ്ങളില്‍ ഏറ്റുവാങ്ങി ഓരോമനക്കുഞ്ഞിനെ എന്നപോലെ അവള്‍ മാറോടുചേര്‍ത്തു. പിന്നെയവള്‍ അനിവാര്യമായ ഒരു മറുവിളിയായി തന്റെ ഹൃദയം പറിച്ചെടുത്ത് അവന്റെ വിറയ്ക്കുന്ന കൈകളില്‍ വെച്ചുകൊടുത്തു. അപ്പോഴുതിര്‍ന്ന ചോരത്തുള്ളികളും ചെമ്പുഴയില്‍ ലയിച്ചു. അവളുടെ ഹൃദയം ഏറ്റുവാങ്ങിയ അവന്റെ കൈവിരലുകളും കിറിക്കോണുകളും വിറയ്ക്കുകയും മിഴികള്‍ നനയുകയും ചെയ്തു. കൈവിട്ടുപോകാതെ ആ ഹൃദയവും നെഞ്ചോടുചേര്‍ത്തു അവന്‍ പറഞ്ഞു.

'നീ മുമ്പേ പോകുക. വഴികാട്ടിയാവുക.' എന്നാല്‍ നടന്നുനീങ്ങുവാനാകാതെ അവിടെയവര്‍ ഒരു മയക്കത്തിലേയ്ക്ക് വഴുതിപ്പോയി.

പിന്നെന്നോ, കാലത്തിന്റെ പോക്കറിയാതെ മെല്ലെ കണ്ണുതുറന്ന് ഒരു രാത്രിയുറക്കം കഴിഞ്ഞുള്ള പുലര്‍കാലയാത്രപോലെ അവര്‍ യാത്ര തുടര്‍ന്നു.

അവള്‍ പുഴയും കടന്ന് മുന്നോട്ടുപോയി. അവന്‍ പുഴയോരത്ത് നിശ്ചലനായി നിന്ന്, ഒരു പ്രാര്‍ത്ഥനയുടെ തീവ്രതയോടെ സ്വയം പറഞ്ഞു:

'നിന്റെയീ സംശയം എന്റെ വഴി തടയുന്നുപോ.'

ദുഃഖിതനായി നിന്ന അവനെ, ദൂരെ ദയാമയിയായ ബോധിവൃക്ഷം കൈകാട്ടി വിളിച്ചു. പതിയെ അവന്‍ ബോധിവൃക്ഷച്ചുവട്ടിലേയ്ക്ക്, ഒരു ധ്യാനത്തിലേയ്ക്ക് മറഞ്ഞു.

പുഴകടന്ന് അവള്‍ ചുറ്റും നോക്കിയപ്പോള്‍ അവന്‍ അപ്രത്യക്ഷനായിരുന്നു.

'നീ എന്നെ ഉപേക്ഷിച്ചുവല്ലോ' എന്ന അവളുടെ പരിഭവം അവനു ചുറ്റും പ്രതിധ്വനിച്ചു. അതിനൊരു മറുപടിയെന്നോണം അവന്‍ ഓര്‍ത്തു. 'നിന്നെ ഞാന്‍ ഉപേക്ഷിക്കുവാനോ? അതിന് എന്റെ ഹൃദയം നിന്റെ കൈകളില്‍ ആയിരുന്നുവല്ലോ?'

പിന്നെ ഒരു ധ്യാനത്തിലും ഒരു യാത്രയിലുമായി അവര്‍ ഇഴപിരിഞ്ഞു. അവന്‍ ധ്യാനിച്ചിരുന്ന ബോധിവൃക്ഷം കാലദേശങ്ങളിലൂടെ വളര്‍ന്ന് അരയാലും അത്തിമരവും ഒലിവുമരവും ഒക്കെയായി രൂപാന്തരപ്പെട്ടു.

അവള്‍ മണല്‍ക്കാറ്റു വീശുന്ന മരുഭൂമിയിലൂടെ, മഴക്കാടുകളിലൂടെ, മഞ്ഞുമലകളിലൂടെ യാത്ര തുടര്‍ന്നു.

ചെമ്പുഴ അപ്പോഴും ചുവന്നു തന്നെ ഒഴുകി. പല ദേശങ്ങളിലൂടെ, പല രൂപത്തില്‍.

ചിലയിടങ്ങളില്‍ പുഴ വറ്റിവരണ്ടിരുന്നു. അവിടെ പുഴയുടെ ഞരമ്പുകള്‍ പോലെ ഒഴുകിയ  കുറുകിയ വെള്ളത്തിനും ചുവപ്പുനിറമായിരുന്നു. മരുഭൂമിയിലെ പുഴ ഉണങ്ങി, പൊള്ളുന്ന മണല്‍ മൂടിക്കിടന്നു. അതിനിടയിലും വിടരാന്‍ വെമ്പുന്ന ചുവന്ന ഉറവ പൊട്ടിയൊഴുകാന്‍ കാത്തിരുന്നു. 

ചിലയിടങ്ങളില്‍ പുഴ മഞ്ഞുപാളികളാല്‍ മൂടപ്പെട്ടിരുന്നു. ആ ആവരണത്തിനിടയിലും ചെമ്പുഴയിലെ വെള്ളം ചുവന്നു തന്നെയിരുന്നു.

ഒരു തൊട്ടുണര്‍ത്തലായി, ഒരു ചാട്ടവാറടിയായി, ഒരു ഇടിമിന്നലായി തന്നിലെ പ്രണയം അറിഞ്ഞ അവന്‍ കാലാകാലങ്ങളില്‍ ധ്യാനത്തില്‍ നിന്നുണര്‍ന്ന് പുഴയെത്തിരഞ്ഞു.

ചെമ്പുഴ കടന്ന് അവള്‍ കയറിവരുന്നത് കാത്തിരുന്നു. അപ്പോഴൊക്കെയും ചെമ്പുഴ ചുവന്നതന്നെ ഒഴുകി. അതുകണ്ട് അവന്റെ മുഖത്തൊരു പുഞ്ചിരിവന്നു മറഞ്ഞു.

അവനറിഞ്ഞു, ചോര ഇപ്പോഴും ഇറ്റിററുവീഴുന്നുവല്ലോ എന്ന സത്യം.

അവളാകട്ടെ യാത്രകളിലത്രയും പുഴയെ തിരഞ്ഞു. ദൂരെ, പുഴയരികില്‍ ബോധിവൃക്ഷത്തിന്റെ ചുവട്ടില്‍, ആ പണിതീരാത്ത വീട്ടില്‍ അവനെ അവള്‍ക്കു കാണാമായിരുന്നു.

അങ്ങനെ എന്നെന്നും മഞ്ഞിലും മഴയിലും മരുഭൂമിയിലും ചെമ്പുഴയുടെ നേര്‍ക്ക് പ്രണയികള്‍ തങ്ങളുടെ യാത്ര തുടരുന്നു.


ചെമ്പുഴ (ചെറുകഥ) മാലിനി ചെമ്പുഴ (ചെറുകഥ) മാലിനി
Join WhatsApp News
വിദ്യാധരൻ 2016-02-10 08:00:34
കമിതാക്കൾക്ക് കണ്ട്മുട്ടാനുള്ള സ്ഥലമല്ല ബോധിവൃക്ഷച്ചുവടു .  ജീവിതത്തിൻറെ കാമം, ആസക്തി, തൃഷ്‌ണ, വിഷയാസക്തി തുടങ്ങിയവയിൽ നിന്ന് ബോധത്തെ മോചിപ്പിച്ചു ഉദയം ഉണ്ടാക്കിക്കൊടുക്കുവാൻ മനുഷ്യൻ തേടേണ്ട തണലാണ്‌ ബോധിവൃക്ഷചുവട് .  ഇവിടെയാണ് ഭോഗലാലസമായ ജീവിതം വിട്ട് ഓടിയെത്തിയ സിദ്ധാർത്ഥ ഗൗദമക്ക് ബോധദീപ്തി ഉണ്ടായത്.  കഥയുടെ പശ്ചാത്തലം പ്രണയനികൾക്ക് കണ്ടുമുട്ടാനുള്ള സ്ഥലം അല്ല എന്നും, ശ്രീ ബുദ്ധൻ അവിടെ ഇരിക്കുന്നതായി തോന്നിയതിനാലും  കഥ  തുടർന്ന് വായിച്ചില്ല.  
 
Texan American 2016-02-10 11:08:15
വിദ്യാധരൻ സാറെ , ക്ഷമിക്കൂ. ഇങ്ങനെ കടും പിടിത്തം പിടിക്കാതെ . ബോധി വൃക്ഷ ചുവട്ടിൽ കമിതാക്കൾ കണ്ടുമുട്ടിയതുകൊണ്ട് താങ്കൾ പ്രഞ്ഞതുപോലെയുള്ള കാര്യങ്ങൾ ( കാമം , ഭോഗം etc  ) മാത്രമേ നടക്കാൻ പാടുള്ളൂ എന്നൊന്നും ഇല്ലല്ലോ ? തുടർന്ന് വായിക്കൂ please
വായനക്കാരി 2016-02-10 12:45:32
വിദ്യാധരൻ, ഈ കഥയിൽ പറയുന്ന ബോധി വൃക്ഷ ചുവട്ടിൽ പോയി കുറെ നാൾ ഇരുന്നിരുന്നെങ്കിൽ ഈ മനോഹരമായ കഥയ്ക്ക് ഇത്തരം ഒരു കമന്റ്‌ എഴുതുമായിരുന്നില്ല.കഥാകാരിക്ക് അഭിനന്ദനങ്ങൾ. വിദ്യാധരാ ദയവായി പോകൂ ആ ബോധി വൃക്ഷ തണലിലേക്ക്‌!!
Lost Love 2016-02-10 14:30:23
പ്രേമത്തിനു കണ്ണില്ല എന്ന് കേട്ടിട്ടില്ലേ വിദ്യാധരാ.  പ്രേമം മൂത്താൽ ബോധിവൃക്ഷം എന്നുണ്ടോ മുള്ള് മുരിക്കുന്നുണ്ടോ?  ഏതിന്റെ എങ്കിലും തണലിലോലോ കൊമ്പത്തൊ കേറിയിരുന്നു കേട്ടിപ്പിടിച്ചിരുന്നു പ്രേമിക്കണം ?  അതും ഈ വലന്റൈൻ ഡേയിൽ മിക്ക വൃക്ഷങ്ങളുടെ ചുവടും ബ്യുസിയാ.  അതുകൊണ്ടായിരിക്കും കഥാകാരി ആരും പോകാത്ത ബോധിവൃക്ഷ ചുവട്ടിൽ നായിക നായകന്മാരെ കൊണ്ടുപോയത് . എന്തായാലും വിദ്യാധരൻ ഇപ്പോൾ അങ്ങോട്ട്‌ പോകണ്ട .

എഴുതാൻ മറന്ന കവി 2016-02-10 14:34:19
വിദ്യാധരനെ എന്തിനാ കുറ്റം പറയുന്നേ? അദ്ദേഹത്തിൻറെ പ്രായം അതായിരിക്കും. ബോധിവൃക്ഷച്ചുവട്ടിൽ ഇരിക്കണ്ട സമയം. എങ്ങനെങ്കിലും ഒന്ന് പോയി കിട്ടിയാൽ മതിയായിരുന്നു. ഒരു കഥയോ കവിതയോ എഴുതിയിട്ട് എത്ര നാളായി 
ന്യുയോർക്കൻ 2016-02-10 14:45:46
എന്തിനാ മോനെ റ്റെക്സൻ അമേരിക്കനെ ആ ബോധിവൃക്ഷച്ചുവട് നാറ്റിക്കാൻ ശ്രമിക്കുന്നെ? നിനക്ക് വേറെ ഏതെങ്കിലും മരത്തിന്റെ ചുവട്ടിൽ പോയിരുന്നു കവിളത്തു ഉമ്മ വച്ച് പഠിച്ചാൽ പോരെ ?

  
വായനക്കാരൻ 2016-02-10 14:52:58
മനോഹരമായ ചുവടുകൾ വച്ച് ഒരു സുന്ദരി ഒരു ലക്ഷ്യവുമില്ലാതെ നടന്നു നീങ്ങിയ അനുഭൂതി.
വിക്കിപ്പീഡിയ 2016-02-10 15:24:11
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെമ്പാടും കാണുന്ന വലിപ്പമേറിയ ഒരു ഇലകൊഴിയും വൃക്ഷമാണ് അരയാൽ (Ficus Religiosa, Linn).ബോധി വൃക്ഷം എന്നും പീപ്പലം എന്നും കൂടി ഇതിന്ന് പേരുകളുണ്ട്. ഹിന്ദു, ബുദ്ധ മതങ്ങൾ പവിത്രമായി കരുതുന്ന വൃക്ഷമാണിത്. ഈ മതങ്ങളുടെ ആവിർഭാവത്തിനുമുന്നേ തന്നെ മരങ്ങളെ ആരാധിച്ചിരുന്നു എന്നതിന് ഹരപ്പയിൽ നിന്നും മറ്റും തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാൽ ബൗദ്ധം സാംഖ്യം തുടങ്ങിയ നിരീശ്വരവാദപരമായ ദർശനങ്ങളുടെ ആവിർഭാവത്തോടെ ആൽമരങ്ങളുടെ പ്രസക്തി വർദ്ധിച്ചു. അശോക ചക്രവർത്തി ആയിരം കുടം പനിനീർ കൊണ്ട് ഒരു ബോധിവൃക്ഷത്തെ അഭിഷേകം ചെയ്തതായി രേഖകൾ ഉണ്ട്. ആൽമങ്ങളെ അരാധിക്കലും അവയിൽ കുടിയിരിക്കുന്നുവെന്ന് കരുതപ്പെടുന്ന ദേവതകൾക്കുള്ള പൂജകളും പുരാതനകാലത്തേത് പോലെ ഇന്നും ഇന്ത്യയിലെ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്. കൂടാതെ ഇതിന്റെ വിവിധഭാഗങ്ങൾ ആയുർ‌വേദത്തിലെ പല ഔഷധങ്ങളിലും ചേരുവയായും ഉപയോഗിക്കുന്നു.            
ആര്യന്മാരുടെ പവിത്ര വൃക്ഷമായിരുന്നു ആൽ മരം. ആര്യ എന്ന സംസ്കൃത പദത്തിന്റെ പാലി രൂപാന്തരം ആരിയ എന്നാണ്‌. 'ആരിയ ആൽ' കാലക്രമത്തിൽ ആരിയാലും പിന്നീട് അരയാലും ആയി മാറി. ശ്രീബുദ്ധൻ, താൻ തപസ്സിരുന്ന ബോധിവൃക്ഷത്തെ തന്നെ ആരാധിക്കാനായിരുന്നു ശിഷ്യന്മാരോട് ഉപദേശിച്ചിരുന്നത്. കേരളത്തിൽ ആരാധനാലയങ്ങൾക്കും വിദ്യാലയങ്ങൾക്കും നാട്ടുവഴികൾക്കും അരികിൽ പണ്ടുമുതലേതന്നെ കേരളീയർ ആൽമരം നട്ടു പിടിപ്പിച്ചിരുന്നതായി ചരിത്രം പറയുന്നു. ഈ വൃക്ഷത്തിനെ ഹിന്ദിയിൽ പീപ്പൽ എന്നും, ബംഗാളിയിൽ അശ്വത്ഥാ എന്നും കന്നടയിൽ അരളിയെന്നും തമിഴിൽ അരശുവെന്നും വിളിക്കുന്നു.    
(മലയാളം വിക്കിപ്പീഡിയ)
observer 2016-02-11 04:55:58
മനോഹരമായ ചുവടുകൾ വച്ച് ഒരു സുന്ദരി ഒരു ലക്ഷ്യവുമില്ലാതെ നടന്നു നീങ്ങി അനുഭൂതി സൃഷ്ടിക്കുന്നുവെങ്കിൽ അവൾ കള്ളിയംങ്കാട്ട് നീലിയാരിക്കും. അവളുടെ ലക്ഷ്യം പാല മരം ആയിരിക്കും.    ഇവളുടെ കവിളത്തായിരിക്കും റ്റെക്സൻ അമേരിക്കൻ ഉമ്മവയ്ക്കണം എന്ന് പറഞ്ഞത്,   റ്റെക്സൻ അമേരിക്കന്റെ രക്തം പോയി  ചേതനയറ്റ ശരീരം ഏതെങ്കിലും പാല ചുവട്ടിൽ നൊക്കിയാൽ മതി.  കഷ്ടം! 
കള്ളിയംങ്കാട്ട് നീലി 2016-02-11 07:48:13
എനിക്ക് പാല അല്ല പനയാണ് ഇഷ്ടം.    റ്റെക്സൻ അമേരിക്കൻ എന്റ ഒരു നോട്ടപുള്ളിയാ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക