Image

ആവേശത്തോടെ കണ്ടിരിക്കാം ഇരുതി സുട്രു

ആശ എസ് പണിക്കര്‍ Published on 10 February, 2016
      ആവേശത്തോടെ കണ്ടിരിക്കാം ഇരുതി സുട്രു
 ഇന്ത്യന്‍ ദേശീയതയും  കായിക രംഗത്തെ കഥകളും ഒരുമിച്ചു ചേരുന്ന സിനിമകള്‍ വളരെ കുറവാണ് എന്നാല്‍, ഷാറൂഖ് ഖാന്‍, ഫര്‍ഹാന്‍ അക്തര്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ ഉജ്ജ്വല പ്രകടനം കൊണ്ട് സൂപ്പര്‍ ഹിറ്റായ  ഛക്‌ദേ ഇന്‍ഡ്യ, ഭാഗ് മില്‍ഖാ ഭാഗ്, മേരി കോം എന്നീ സിനിമകള്‍ നമുക്ക് മുന്നില്‍ കാട്ടിതരുന്നത് നല്ല സ്‌പോര്‍ട്ട്‌സ് സിനിമകള്‍ ഇവിടെ വിജയം നേടുമെന്നാണ്. 

ഈ ശ്രേണിയില്‍ വന്ന ഏറ്റവും പുതിയ ചിത്രമാണ് ഇരുതി സുട്രു. ഇന്ത്യയിലെ തന്നെ മികച്ച കായിക സിനിമയെന്നു വിശേഷിപ്പിക്കാന്‍ യോഗ്യതയുള്ള ചിത്രമാണ് സുധ കൊംഗര പ്രസാദ് സംവിധാനം ചെയ്ത ഇരുതി സുട്രു. ഇതിന്റെ ഹിന്ദു പതിപ്പാണ് സാലാ ഖഡൂസ്. നായകനായ മാധവന്റെയും നായികയായി എത്തുന്ന റിതികാ സംങ്ങിന്റെയും തകര്‍പ്പന്‍ പ്രകടനാണ് ചിത്രത്തിന്റെ പ്‌ളസ് പോയിന്റ്. സംവിധായിക രചിച്ച തിരക്കഥയുടെ കരുത്തും എടുത്തു പറയേണ്ടതാണ്. 

മാധവനെ പോലെ ഒരു ചോക്ലേറ്റ് ഹീറോയുടെ കൈകളില്‍ പ്രഭു എന്ന കഥാപാത്രത്തെ ഏല്‍പ്പിക്കാന്‍ ധൈര്യം കാണിച്ച സംവിധായികക്ക് ആദ്യം ഒരു കൈയ്യടി നല്‍കണം. രൂപത്തില്‍ ഏതാണ്ട് ഛക്‌ദേ ഇന്ത്യയിലെ ഷാറൂഖ് ഖാനെ ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കിലും സ്വഭാവത്തില്‍ പ്രഭു തീര്‍ത്തും വ്യത്യസ്തനാണ്. തനിക്കിഷ്ടമുള്ളതു പോലെ ജീവിക്കുന്ന, ഒരു കായികാധ്യാപകനു വേണ്ട അച്ചടക്കമോ മര്യാദകളോ പുലര്‍ത്താത്ത ഒരാള്‍. തന്റെ കായിക ജീവിതത്തില്‍ പ്രതിഭയുണ്ടായിട്ടും ഉയരങ്ങളിലെത്താന്‍ കഴിയാതെ പോയതിന്റെ നിരാശ അയാളെ എല്ലാം തികഞ്ഞ ഒരു ധിക്കാരിയാക്കി മാറ്റിയിട്ടുണ്ട്. പോരാത്തതിന് കണക്കറ്റ മദ്യപാനവും വ്യഭിചാരവും മുന്‍പിന്‍ നോക്കാതെ വഴക്കിനു പോകുന്ന സ്വഭാവവും. 

ഹരിയാനയിലെ ഹിസ്സാറില്‍ തനിക്കെതിരായ ലൈംഗിക പീഡനക്കേസ് ചര്‍ച്ച ചെയ്യുന്ന സമയത്ത് പ്രഭു നിയന്ത്രണം നഷ്ടപ്പെട്ട് അസോസിയേഷന്‍ മേധാവിയെ കൈയ്യേറ്റം ചെയ്യുന്നു. കഥ തുടങ്ങുന്നത് ഇവിടെ നിന്നാണ്. ഇതിനുള്ള ശിക്ഷയാകട്ടെ,  മികച്ച കായികാധ്യാപകന്‍ എന്ന നിലയില്‍ അയാളെ കൊല്ലുന്നതിനു തുല്യമായിരുന്നു. ബോക്‌സിങ്ങിന് യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത നാടായ ചെന്നൈയിലേക്ക് പ്രഭുവിനെ സ്ഥലം മാറ്റിക്കൊണ്ടാണ് അധികൃതര്‍ അയാളോട് പകരം വീട്ടുന്നത്. 

ചെന്നൈയിലെ ബോക്‌സിംഗ് അക്കാദമിയുടെ ഉള്‍വശം കണ്ട പ്രഭുവിന് അവിടുത്തെ അവസ്ഥ മനസിലാകുന്നു. ആകെ ഒരു ഗോഡൗണ്‍ പോലെയുളള സ്ഥലം. അവിടെ പരിശീലനത്തിനെത്തുന്ന ലക്‌സിന്റെ (മുംതാസ് സര്‍ക്കാര്‍) അനുജത്തിയാണ് മതി(റിതിക സിങ്ങ്). മത്സര വേദിയില്‍ തന്റെ ചേച്ചിയായ ലക്‌സിന് അര്‍ഹമായ വിജയം നിഷേധിച്ച റഫറിയേയും മറ്റുളളവരേയും തനി ബോക്‌സിംങ്ങ് സ്റ്റൈലില്‍ അപാരമായ കരുത്തോടും ആക്രമണോത്സുകതയോയും നേരിടുന്ന മതി എന്ന പെണ്‍കുട്ടിയിലെ ബോക്‌സിംഗ് മികവ് പ്രഭു തിരിച്ചറിയുന്നു. മീന്‍ വില്‍പ്പനക്കാരിയായ അവള്‍ ചേരിയിലെ കുടിലില്‍ മാതാപിതാക്കള്‍ക്കും ചേച്ചിക്കുമൊപ്പമാണ് താമസം. വഴക്കുണ്ടാക്കുമ്പോള്‍ അവള്‍ പ്രതിയോഗികളെ നേരിടുന്ന രീതി അയാളിലെ കോച്ച് തിരിച്ചറിയുന്നു. ലക്‌സിനേക്കാള്‍ കായിക മികവ് മതിക്കാണെന്നു തിരിച്ചറിയുന്നതോടെ അവളെ റിങ്ങിലേക്ക് കൊണ്ടു വരാന്‍ പ്രഭു തീരുമാനിക്കുന്നു. അതിനായി അവള്‍ക്ക് ദിവസവും 500 രൂപ വീതം അയാള്‍ കൈക്കൂലി നല്‍കുന്നുണ്ട്. 

മതിയുടെ കരുത്തിനെ ബോക്‌സിങ്ങ് റിങ്ങില്‍ വിജയം നേടാനാണ് കോച്ചായ പ്രഭുവിന്റെ ശ്രമം. അതിനായി അയാള്‍ അവള്‍ക്ക് കഠിനമായ പരിശീലനാണ് നല്‍കുന്നത്. ഒടുവില്‍ അവള്‍ക്ക് സ്വപ്നം കാണാന്‍ കഴിയുന്നതിനും അപ്പുറത്തുളള വിജയം നേടുകയും ചെയ്യുന്നു. മികച്ച കായിക സിനിമ എന്നതിലുപരി കായിക രംഗത്ത് നിലനില്‍ക്കുന്ന വിവിധ പ്രശ്‌നങ്ങളിലേക്ക് ഈ സിനിമ കടന്നു ചെല്ലുന്നുണ്ട്. രാഷ്ട്രീയ താല്‍പര്യങ്ങള്‍, ലൈംഗിക ചൂഷണങ്ങള്‍, പ്രതിഭയുണ്ടായിട്ടും പുറന്തള്ളപ്പെട്ടു പോകുന്നവര്‍ അങ്ങനെ പല വിധ കാര്യങ്ങളും ഈ സിനിമ നമുക്ക് കാട്ടിത്തരുന്നുണ്ട്. ഒരു ഘട്ടത്തില്‍ തന്നോട് അപമര്യാദയായി പെരുമാറുന്ന അസോസിയേഷന്‍ മേധാവിയുടെ മുഖത്തു തന്നെ ബോക്‌സിങ്ങ് പാഠങ്ങള്‍ പതിപ്പിച്ചു കൊടുക്കുന്നുണ്ട് മതി. വനിതാ കായിക താരങ്ങള്‍, അവര്‍ പ്രതിഭയുള്ളവരാണെങ്കിലില്‍ കൂടി ചില അവസരങ്ങളിലെങ്കിലും ഇത്തരം പ്രതിസന്ധികള്‍ കൂടി തരണം ചെയ്യേണ്ടി വരുന്നു എന്നത് ഈ സിനിമ അടിവരയിട്ടു പറയുന്നുണ്ട്. വനിതാ കായിക താരങ്ങള്‍ക്ക് തങ്ങളുടെ പരിശീലകന്‍മാരോട് തോന്നുന്ന പ്രണയവും ഈ ചിത്രത്തില്‍ ഒരു ഘടകമാണ്. കഥയുടെ അവസാനം അവളുടെ പ്രണയത്തെ നായകന്‍ അംഗീകരിക്കുന്നു എന്നത് ദൃശ്യസൂചനകളില്‍ നിന്നു മനസിലാക്കാനാകും.  


ബോക്‌സര്‍ മതിയായി റിതികയും കോച്ച് പ്രഭുവായ് മാധവനും തകര്‍പ്പന്‍ പ്രകടനം തന്നെ കാഴ്ച വച്ചു എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. റിതികയും മുംതാസും ബോക്‌സിങ്ങ് അക്കാദമിയില്‍ നിന്നാണ് വരുന്നത്. അതുകൊണ്ടു തന്നെ പ്രൊഫഷണല്‍ ബോക്‌സിങ്ങിന്റെ ഭംഗി നമുക്ക് ഈ ചിത്രത്തില്‍ കാണാനാകും. അതോടൊപ്പം മികച്ച സാങ്കേതിക മികവും.  തനി ചോക്ലേറ്റ് ഹീറോയായ മാധവനെ പോലെ ഒരു നടനെ പ്രഭു എന്ന പരുക്കന്‍ കഥാപാത്രമായി തിരഞ്ഞെടുക്കാന്‍ കാണിച്ച സംവിധായികയുടെ ധൈര്യത്തെ പ്രശംസിച്ചേ മതിയാകൂ. നീണ്ട നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തമിഴില്‍ വീണ്ടും തിരിച്ചെത്തിയ മാധവന്‍ എന്ന നടനെ നമുക്ക് സ്‌ക്രീനില്‍ കാണാന്‍ കഴിയില്ല. പ്രഭു എന്ന പരുക്കനും വഴക്കാളിയുമായ ബോക്‌സിങ്ങ് കോച്ചിനെ മാത്രമേ നുക്ക് അയാളില്‍ കാണാനാകൂ. അത്രമാത്രം ഒറിജിനാലിറ്റിയോടെയാണ് മാധവന്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. രൂപത്തിലും പ്രകടനത്തിലും.

നാസര്‍, സാക്കിര്‍ ഹുസൈന്‍, രാധാരവി, കാളി വെങ്കിട്ട്, എന്നിവര്‍ തങ്ങളുടെ ഭാഗം മികവോടെ അവതരിപ്പിച്ചിട്ടുണ്ട്. സന്തോഷ് നാരായണന്റെ സംഗീതവും ശിവകുമാര്‍ വിജയന്റെ ഛായാഗ്രഹണവും മികച്ചതാണ്. സതീഷ് സൂര്യയുടെ എഡിറ്റിംഗും  മനോഹരം. ആദ്യാവസാനം ആസ്വദിച്ച് ആവേശത്തോടെ കണ്ടിരിക്കാന്‍ കഴിയുന്ന സിനിമയാണ് ഇരുതി സുട്രുവെന്ന് നിസംശയം പറയാം. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക