Image

നിളയുടെ ആത്മഗതം (കവിത: അജിത് എന്‍. നായര്‍)

അജിത് എന്‍. നായര്‍ Published on 08 February, 2016
നിളയുടെ ആത്മഗതം (കവിത: അജിത് എന്‍. നായര്‍)
ഞാനാണ് നിള, ജീവിക്കുന്നിന്നും
നിങ്ങളില്‍ ചിലര്‍ തന്‍ ഉള്ളില്‍ മാത്രം
മൃത്യു പുല്‍കി ചിരകാലമായി
ആത്മഹത്യയല്ലെന്നതോര്‍ക്കണം

ഞാനാണ് നിള, സൗന്ദര്യധാമം
മാമാങ്കവേല നടക്കും നാളില്‍
വള്ളുവനാടിന്റെ ചാവേര്‍പട
നീന്തുത്തുടിച്ചിരുന്നതെന്നിലും

ഞാനല്ലേ ആ നിള ഓര്‍മ്മയില്ലേ
കാമുകഹൃദയങ്ങളില്‍ ഒഴുകി
രാസലീലകള്‍ പാടാതെ പാടി
താളമേളശ്രുതി ഭാവമോടെ

ഞാനാണ് നിള കവിമനസ്സില്‍
പ്രാണനായി കുടികൊണ്ടവളും
ദാഹമായി ഊര്‍ന്നിറങ്ങിയതും
മോഹമായി പ്രതിദ്ധ്വനിച്ചതും

ഞാന്‍ തന്നെയല്ലെ നിള പട്ടിണി-
ക്കോലങ്ങള്‍ക്കു മത്സ്യമെന്നും നല്‍കി
തൊണ്ടവരണ്ടപ്പോള്‍ ജലമേകി
ദാഹിക്കുന്നവര്‍ക്കാശ്വാസമായി

ഞാന്‍ തന്നെയാ നിള മണലിനാ
യെന്നെ പിച്ചിച്ചീന്തിയതു നിങ്ങള്‍
എന്‍ നാഭിയില്‍ കട്ടപ്പാരയാഴ്ത്തി
എന്‍ മാറില്‍ വണ്ടി കേറ്റിയിറക്കി

ഞാനൊരു പാവമാം നിളയല്ലേ
ഗംഗയോ ബ്രഹ്മപുത്രയോ അല്ല
യൗവ്വന സ്വപ്നങ്ങള്‍ നെഞ്ചിലേറ്റി
നിര്‍മ്മലയായൊഴുകിയെന്നുമേ

എന്തിനെന്നെ ബലാത്കാരം ചെയ്തു
എന്തിനെന്നെക്കൊല്ലാതെ കൊന്നതും
നിങ്ങള്‍ക്കു വേണ്ടതെല്ലാം നല്‍കി ഞാന്‍
എന്നിട്ടുമെന്നെ വെറുതെ വിട്ടോ?

പാലക്കാടിനു പൊള്ളുന്നതെന്തേ?
പാടശേഖരം വരളുന്നെന്തേ?
എന്നെയെന്നും ഓര്‍ക്കുക നിങ്ങളും
ഞാന്‍ നിള ഞാന്‍ തന്നെ രക്തസാക്ഷി!

സ്മാരകം വേണം ഉടനെ തന്നെ,
മന്ത്രിയാല്‍ വേണം അനാവരണം,
ആരവം വേണം മാമാങ്കം വേണ്ട
കണ്ണീര്‍ പോലുമില്ലെനിക്കു തരാന്‍
നിളയുടെ ആത്മഗതം (കവിത: അജിത് എന്‍. നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക