Image

ധന്യാത്മാവായിരുന്ന ശ്രീ.എം.റ്റി.ആന്റണിച്ചേട്ടന്‍ (തോമസ് ഫിലിപ്പ് റാന്നി)

തോമസ് ഫിലിപ്പ് റാന്നി Published on 06 February, 2016
ധന്യാത്മാവായിരുന്ന ശ്രീ.എം.റ്റി.ആന്റണിച്ചേട്ടന്‍ (തോമസ് ഫിലിപ്പ് റാന്നി)
ആഴ്ചയില്‍ കുറഞ്ഞത് 2-3 പ്രാവിശ്യം ഇങ്ങോട്ടും അങ്ങോട്ടും ചില ദിവസം 2 പ്രാവിശ്യവും എന്നെയും വിളിച്ച് ടെലഫോണില്‍ പരസ്പരം ക്ഷേമാന്വേഷണങ്ങള്‍ നടത്തിയിരുന്ന സാക്ഷാല്‍ സ്‌നേഹപ്രതീകമായിരുന്ന പ്രൊഫ.എം.റ്റി.ആന്റണി ന്യൂയോര്‍ക്ക് ഓടി നടക്കുന്നതിനിടയില്‍ പ്രിയപ്പെട്ട കുടുംബാംഗങ്ങളെയും സ്‌നേഹിതന്മാരെയുമൊക്കെ ഞെട്ടിച്ചുകൊണ്ട് ജീവിതത്തില്‍നിന്നും തിരോധാനം ചെയ്തിരിക്കുന്നു. മലയാളസാഹിത്യനഭോമണ്ഡലത്തില്‍ അനശ്വരപ്രഭ പരത്തിയ ജോസഫ് മുണ്ടശ്ശേരി, വൈക്കം മുഹമ്മദ് ബഷീര്‍, എം.പി.പോള്‍ എന്നിവരെയും എം.ടി വാസുദേവന്‍ നായര്‍, ടി.എസ്.ജോര്‍ജ് മുതലായ പ്രഗല്‍ഭരെയുമൊക്കെ അടുത്തറിയുകയും അസംഖ്യം പ്രൗഢോജ്ജ്വലങ്ങളായ ലേഖനങ്ങളും കവിതകളും എഴുതുകയും ചെയ്തിട്ടുള്ള എം.റ്റി.ആന്റണിച്ചേട്ടന്‍, അഹന്തയോ ഉന്നതഭാവമോ ലവലേശം ഇല്ലാത്ത നന്മ നിറഞ്ഞ ഒരു നിഷ്‌ക്കളങ്ക മനുഷ്യനായിരുന്നു. ഇതാണ് മനുഷ്യന്റെ മഹത്വവും! 

ന്യൂയോര്‍ക്ക് ടൈംസുമായി അനുദിനകര്‍മ്മങ്ങള്‍ ആരംഭിക്കുന്ന ശ്രീ.എം.റ്റി.ആന്റണി സാര്‍ കേരളത്തിലെ മികച്ച ഒട്ടുമിക്ക മലയാള പ്രസിദ്ധീകരണങ്ങളും കേരളാ എക്‌സ്പ്രസ് വരെയുള്ള മാധ്യമങ്ങളും സശ്രദ്ധം വായിച്ചു കൊണ്ടിരുന്നു. കേരളാ എക്‌സ്പ്രസ്സില്‍ വന്നു കൊണ്ടിരുന്ന എന്റെ പല ലേഖനങ്ങളും വായിച്ചശേഷം അക്കാര്യം എന്നെ വിളിച്ചറിയിക്കുകയും, ഇഷ്ടപ്പെട്ടാല്‍ അഭിനന്ദിക്കുകയും ചെയ്യുമായിരുന്നദ്ദേഹം. മാത്രമല്ല, വിജ്ഞാനപ്രദങ്ങളായ ഈടുറ്റ ലേഖനങ്ങളടങ്ങിയ എത്രയോ കേരളീയ പ്രസിദ്ധീകരണങ്ങള്‍ വായിച്ചശേഷം എന്നെ അറിയിക്കാതെ അവ അദ്ദേഹം തപാലില്‍ എനിക്കച്ചു തരുകയും ചെയ്തിട്ടുള്ള വസ്തുതയും ഞാന്‍ നന്ദിയോട് ഇവിടെ സ്മരിക്കുകയും ചെയ്യുന്നു.

ഒരു പുസ്തകപ്രേമി കൂടിയായിരുന്നദ്ദേഹം, ഡോ.പോള്‍ തോമസിന്റെ 'ഓര്‍മ്മത്തിരകള്‍' എന്ന കൃതിയുടെ ഒരു കോപ്പി ഞാന്‍ ഒരിക്കല്‍ അദ്ദേഹത്തിനയച്ചു കൊടുത്തു. അത് വായിച്ചശേഷം അതിന്റെ 3 കോപ്പികള്‍ കൂടി അദ്ദേഹം ആവശ്യപ്പെട്ട കാര്യവും ഞാന്‍ ഇവിടെ ഓര്‍ക്കുകയും ചെയ്യുന്നു. പിന്നീട് അദ്ദേഹം ഡോ.പി.തോമസിനെ വിളിച്ച് ആ കൃതിയെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു. നല്ല ഇംഗ്ലീഷ് സിനിമകളും ടെന്നീസ് മാച്ചുകളുമൊക്കെ വിട്ടുകളയാതെ കാണുന്ന അദ്ദേഹം ഒരൊന്നാന്തരം  കലാസ്വാദകനും ഒരുത്തമ മനുഷ്യസ്‌നേഹിയുമായിരുന്നു. 

എന്നും നല്ല നര്‍മ്മബോധത്തില്‍ സന്തുഷ്ടഹൃദയനായി നേരോടും, മുറുകെ പിടിച്ചിരുന്ന ആദര്‍ശമൂല്യങ്ങളില്‍ നിന്നും അണുവിട പിന്‍മാറാതെയും 55 ദീര്‍ഘവര്‍ഷങ്ങള്‍ ന്യൂയോര്‍ക്കില്‍ ജീവിച്ച ശ്രീ.എം.റ്റി.ആന്റണിച്ചേട്ടന്‍ പലകാര്യങ്ങളിലും ഭാഗ്യവാനായിരുന്നു. 

'അറിയില്ലനുരാഗമേറെയാള്‍,
അറിവോര്‍ തെറ്റിടുമൊക്കെയൊക്കുകില്‍ 
നിറവേറുകയില്ല കാമിതം.
കുറയും, ഹാ, സഖി ഭാഗ്യശാലികള്‍
 
എന്ന് ആശാന്‍ ലീലയില്‍ പാടിയിട്ടുള്ളതു പോലെയുള്ള അപൂര്‍വ്വം ഭാഗ്യശാലികളില്‍ ഒരാളായിരുന്നു പ്രൊഫ.എം.റ്റി.ആന്റണി എന്ന് ഞാനിവിടെ അദ്ദേഹത്തെ വിലയിരുത്തിക്കൊള്ളട്ടെ. ധന്യമാണ് തന്റെ കുടുംബജീവിതമെന്ന് അദ്ദേഹം എന്നോട് എടുത്തു പറഞ്ഞിട്ടുള്ളതും ഞാന്‍ ഇവിടെ ഓര്‍ക്കുന്നു. പ്രിയതമയെ ഹൃദയംഗമമായി പ്രകീര്‍ത്തിച്ചു കൊണ്ടുള്ള കവിതകള്‍ വരെ അദ്ദേഹം എഴുതിയിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ അമ്മിണി കവിതകളും സുപരിചിതമാണല്ലോ. 90 വയസ്സോളമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിന്റെയും ആരോഗ്യത്തിന്റെയും രഹസ്യവും ഈ ജീവിതസംതൃപ്തിയും ആത്മസന്തോഷവും തന്നെയായിരുന്നെന്നും ഞാന്‍ വിശ്വസിക്കുന്നു.

എല്ലാ മാസവും ന്യൂയോര്‍ക്കില്‍ നടന്നു കൊണ്ടിരുന്ന സര്‍ഗ്ഗവേദിയിലെ മുടക്കം ഇല്ലാത്ത നിറസാന്നിദ്ധ്യവുമായിരുന്നു ശ്രീ.എം.റ്റി.ആന്റണിച്ചേട്ടന്‍. ചങ്ങമ്പുഴയുടെയും കുമാരനാശാന്റെയുമൊക്കെ ആരാധകനായിരുന്നദ്ദേഹം. ഞങ്ങള്‍ തമ്മിലുള്ള ടെലഫോണ്‍ സംസാരങ്ങളില്‍ വിഷയത്തോടനുബന്ധിച്ച് ആശാന്‍ കവിതകള്‍ അദ്ദേഹം ചൊല്ലുകയും ചെയ്യുമായിരുന്നു. ആശാന്‍ കവിതകള്‍ എനിക്കും ഏറെ പ്രിയങ്കരനായിരുന്നു. സര്‍ഗ്ഗവേദിയില്‍ നടത്താന്‍ പോകുന്ന പ്രസംഗവിഷയം പോലും പലപ്പോഴും എന്നെ അറിയിച്ചിട്ടുള്ള ആന്റണിച്ചേട്ടന്‍, 2-3 വര്‍ഷങ്ങള്‍ക്ക് മുന്‍പായി, തന്റെ മരണാനന്തര നടപടികളെപ്പറ്റിയും ഹൃദയം തുറന്ന് എന്നോട് പറഞ്ഞിട്ടുള്ള കാര്യവും ഞാനിവിടെ ഓര്‍ക്കുന്നു. ഹലോ ഫിലിപ്പ് എന്നുള്ള ശ്രവണസുന്ദരമായ ആ സ്‌നേഹശബ്ദം ഇനിയും ഒരിക്കലും ഞാന്‍ കേള്‍ക്കയില്ലെന്നോര്‍ക്കുമ്പോള്‍ പ്രിയ ആന്റണിച്ചേട്ടാ എനിക്കെത്രയധികം സങ്കടമുണ്ടെന്നോ? അല്ലെങ്കില്‍ എന്തിന് ഖേദിക്കണം? ആരാണ് ഇവിടെ ശേഷിക്കുവാന്‍ പോകുന്നത്?

സ്പഷ്ടം മാനുഷഗര്‍വ്വമൊക്കെയിവിടെ-
പ്പുക്കസ്തമിക്കുന്നിത-
ങ്ങിഷ്ടന്മാര്‍ പിരിയുന്നു, ഹാ, ഇവിടമാ-
ണധ്യാത്മ വിദ്യാലയം!

നിരവധി പുസ്തകങ്ങള്‍ രചിക്കുവാന്‍ ശേഷിയും ശേമുഷിയുമുണ്ടായിരുന്ന സാഹിത്യമര്‍മ്മജ്ഞനും പ്രതിഭാസമ്പന്നനുമായിരുന്ന പ്രൊഫ. എം.റ്റി.ആന്റണി ഒരു പുസ്തകം പോലും പ്രസിദ്ധീകരിക്കുവാന്‍ ഒരുമ്പെടാതിരുന്നത് എന്തുകൊണ്ടാണ്? ഒന്നിലധികം സന്ദര്‍ഭങ്ങളില്‍ ഞാനിത് അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തിരുന്നു. പേരിനും പ്രശസ്തിക്കും വേണ്ടിയുള്ള അഭിലാഷം അദ്ദേഹത്തിന് അശ്ശേഷം പോലും ഇല്ലായിരുന്നു എന്നുള്ളതാണ് അതിനു കാരണം. നിര്‍മ്മല്‍ കുമറിന്റെയും, ഡോ.ഘോഷിന്റെയും പ്രിയദര്‍ശിനിയുടെയുമൊക്കെ പേരില്‍ വന്നുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ നിരവധി രചനകള്‍ ഈ സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

ആമുഖമൊന്നും കൂടാതെ ആന്റണിച്ചേട്ടന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞ ഒരു നര്‍മ്മം കൂടി ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ. 'ഹലോ ഫിലിപ്പ്', ഞാന്‍ കൂടിയുണ്ട്. 'എടോ ഫിലിപ്പേ', ഞാനും താനും മരിച്ചാല്‍ ആ ന്യൂസ് ന്യൂയോര്‍ക്ക് ടൈംസില്‍ കണ്ടെന്ന് വരികയില്ല. അതുകൊണ്ട് ഫിലിപ്പ് നിലവിലുണ്ടോന്ന് അറിയാനും ഒരു ഹലോ പറയാനും കൂടിയാണ് ഞാന്‍ ഫിലിപ്പിനെ ഇടയ്ക്കിടയ്ക്ക് വിളിക്കുന്നത്. എങ്ങനെയുണ്ട് അദ്ദേഹത്തിന്റെ ഈ നര്‍മ്മത്തില്‍ അടങ്ങിയിരിക്കുന്ന സത്യം? സ്‌നേഹം എന്ന രണ്ടക്ഷരത്തിന്റെ യഥാര്‍ത്ഥമായ അര്‍ത്ഥവും വിലയും മനസ്സിലാക്കി ജീവിച്ച ചുരുക്കം ചില മഹാത്മാക്കളില്‍ ഒരാളായിരുന്നു പ്രൊഫ.എം.റ്റി.ആന്റണി.

ശുദ്ധമായ മലയാളഭാഷയെ സ്‌നേഹിച്ച അദ്ദേഹം ജീവിച്ച സ്ഥലങ്ങളിലൊക്കെ സാഹിതിസേവ ചെയ്തു. മലയാള ഭാഷയെ പോഷിപ്പിച്ചു. മലയാളസാഹിത്യകാരന്മാരെ ആദരിച്ചു. അവരെ സ്‌നേഹിച്ചു. ന്യൂയോര്‍ക്കില്‍ കൈരളിയില്‍ ജനനിയിലുമൊക്കെ അദ്ദേഹം ധാരാളമായി എഴുതി. പ്രൗഢശ്രേഷ്ഠങ്ങളായ അദ്ദേഹത്തിന്റെ രചനകള്‍ കാലാന്തരത്തില്‍ നഷ്ടപ്പെട്ടുപോകാതിരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. 

തെറ്റെന്ന് താന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ മുഖം നോക്കാതെയും നിര്‍ഭയമായും ചൂണ്ടിക്കാണിക്കുന്ന ഉല്‍കൃഷ്ടഹൃദയനായിരുന്ന എം.റ്റി.ആന്റണിച്ചേട്ടന്‍ മരണത്തെയും ഭയപ്പെട്ടിരുന്നില്ല.

'രണ്ടറ്റത്തും കത്തുന്ന മെഴുകുതിരിയാണെന്‍ ജീവിതം, 
ഇന്നോ നാളെയോ അവസാനിക്കുമീ ജീവിതം'

എന്ന് അദ്ദേഹം പാടി. പ്രിയപ്പെട്ടവന്റെ അകാലമല്ലെങ്കിലും ആകസ്മികമായ വേര്‍പാടില്‍ ദുഃഖത്തിലായിരിക്കുന്ന മിസ്സിസ.് തെരേസ്സാ ആന്റണിയെയും മറ്റെല്ലാ കുടുംബാഗങ്ങളെയും സ്‌നേഹനിധിയായ ദൈവം തന്റെ അളവറ്റ സമാധാനത്തിലും കൃപയിലും ക്ഷേമമായി കാത്തു പരിപാലിക്കട്ടെയെന്ന് ഹൃദയംഗമമായി പ്രാര്‍ത്ഥിച്ചുകൊള്ളുന്നു. എന്റെ ആത്മാര്‍ത്ഥമായ ആദരാജ്ഞലികള്‍ !


ധന്യാത്മാവായിരുന്ന ശ്രീ.എം.റ്റി.ആന്റണിച്ചേട്ടന്‍ (തോമസ് ഫിലിപ്പ് റാന്നി)ധന്യാത്മാവായിരുന്ന ശ്രീ.എം.റ്റി.ആന്റണിച്ചേട്ടന്‍ (തോമസ് ഫിലിപ്പ് റാന്നി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക