Image

ഹിലരിയോ ബെര്‍ണി സാന്‍ഡേഴ്‌സോ, ആരാണ് യഥാര്‍ത്ഥ പുരോഗമനവാദി ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 06 February, 2016
ഹിലരിയോ ബെര്‍ണി സാന്‍ഡേഴ്‌സോ, ആരാണ് യഥാര്‍ത്ഥ പുരോഗമനവാദി ? (ഏബ്രഹാം തോമസ്)
ഡര്‍ഹം(ന്യൂഹാംപ്ടണ്‍): രാജ്യത്തെ ആദ്യത്തെ പ്രൈമറി തിരഞ്ഞെടുപ്പിന് (അയാവയില്‍ നടന്നത് കോക്കസായിരുന്നു) ദിവസങ്ങള്‍ ശേഷിക്കെ അഞ്ചാമത്തെ ഡെമോക്രാറ്റിക് ഡിബേറ്റില്‍ ഹിലരി ക്ലിന്റണും ബേണി സാന്‍ഡേഴ്‌സും മാത്രം ആദ്യമായി മുഖാമുഖംസംവാദം നടത്തി. അന്യോന്യം ആരാണ് യഥാര്‍ത്ഥ പുരോഗമനവാദിയെന്നും വിശാലമനസ്‌ക(ന്‍) എന്നും തെളിയിക്കുവാന്‍ ആവശ്യപ്പെട്ടു. സാക്ഷ്യപത്രങ്ങളുടെ വെല്ലുവിളിയായും വേദി മാറി. തനിക്കെതിരേ കലാപരമായി ചെളിവാരിയെറിയുകയാണ് ബേണി എന്ന് ഹിലരിയും ഹിലരി രാഷ്ട്രീയ അധികാരഗണത്തിന്റെ തടവുകാരി ആണെന്ന് ബേണിയും ആരോപിച്ചു. ചൊവ്വാഴ്ച ന്യൂഹാംപ്‌ഷെയറില്‍ നടക്കുന്ന പ്രൈമറിക്ക് മുമ്പ് ശനിയാഴ്ച ഡബ്‌ള്യൂ.എഫ്.എ.എ. ടിവി ചാനലില്‍ ഹിലരിയും ബേണിയും അടുത്ത സംവാദം നടത്തും. ഫെബ്രുവരി 11-ന് മില്‍വോക്കിയില്‍ വീണ്ടും ഡിബേറ്റ് ഉണ്ടാവും.

അയോവയ്ക്ക് ശേഷം ഏറ്റുമുട്ടിയപ്പോള്‍ രണ്ട് സ്ഥാനാര്‍ത്ഥികളും വര്‍ധിതവീര്യത്തോടെ ആക്രമണപ്രത്യാക്രമണം നടത്തുന്നതായാണ് അനുഭവപ്പെട്ടത്. ആക്രമണത്തില്‍ മുന്നില്‍ നിന്ന് ഹിലരി ആയിരുന്നുവെങ്കിലും ഡിബേറ്റിലെ വിജയി ബേണി ആയിരുന്നു. പ്രധാനമായും ഹിലരിയുടെ ബലഹീനതകളായ വാള്‍സ്ട്രീറ്റ്, ഗോള്‍ഡ്മാന്‍ മാക്ക്‌സ് സംഭാവനകള്‍ ഊന്നി തന്റെ വാദം ബലപ്പെടുത്തുവാന്‍ ബേണിക്ക് കഴിഞ്ഞു. ഹിലരിയുടെ കൂറ് വലിയ കോര്‍പ്പറേറ്റ് ദാതാക്കളോടാണെന്ന് ബേണി കുറ്റപ്പെടുത്തി. വാള്‍സ്ട്രീറ്റിന് മേല്‍ താന്‍ നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്ന നിയന്ത്രങ്ങള്‍ ബേണിയുടെ നിര്‍ദേശങ്ങളെക്കാള്‍ കര്‍ശനമായിരിക്കും എന്ന് ഹിലരി മറുപടി നല്‍കി. 
ജനുവരിയില്‍ ഹിലരി സമാഹരിച്ചത് 15 മില്യന്‍ ഡോളറാണ്. ബേണി സമാഹരിച്ചതിനെ അപേക്ഷിച്ച്  മില്യന്‍ ഡോളര്‍ കുറവ് വലിയ ദാതാക്കളില്‍ വന്‍തുകകള്‍ ശേഖരിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് ഹിലരിയുടെ പ്രചരണസംഘം ധനശേഖരണത്തില്‍ മെല്ലെപ്പോക്ക് സ്വീകരിച്ചതാകാമെന്ന് നിരീക്ഷകര്‍ കരുതുന്നു. ഒരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായി സ്വയം വിശേഷിപ്പിക്കുന്ന ബേണിയുടെ നിര്‍ദ്ദേശങ്ങള്‍ നടക്കാത്ത സ്വപ്നങ്ങളാണെന്ന് ഹിലരി പറഞ്ഞു.

ബേണിയുടെ അത്രയും പുരോഗമനവാദിയാണോ എന്ന ചോദ്യത്തിന് കാര്യങ്ങള്‍ സാധിക്കുന്ന കാര്യത്തില്‍ താനൊരു പുരോഗമനവാദിയാണെന്ന് ഹിലരി മറുപടി നല്‍കി. 6,75,000 ഡോളര്‍ മൂന്ന് പ്രസംഗങ്ങള്‍ക്ക് ഗോള്‍ഡമാന്‍ സാക്ക്‌സ് പ്രതിഫലമായി നല്‍കിയത് സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന നിലയില്‍ തനിക്ക് ഉണ്ടായ അനുഭവങ്ങള്‍ ലോകത്തോട് പറയുവാനായിരുന്നു എന്ന് ഹിലരി വിശദീകരിച്ചു.

അഭിപ്രായസര്‍വേകള്‍ അനുസരിച്ച് ന്യൂഹാംപ്‌ഷെയറില്‍ ബേണിക്ക് ഹിലരിയുടെ മേല്‍ രണ്ടക്ക ലീഡുണ്ട്. യഥാര്‍ത്ഥ വോട്ടിംഗ് നടക്കുമ്പോള്‍ ഈ ലീഡ് നിലനില്‍ക്കുമോ എന്ന് കണ്ടറിയണം.

ദു:ഖകരമായ അനുഭവം വിവരിച്ച് സഹതാപതരംഗം സൃഷ്ടിക്കുവാന്‍ ടെഡ്ക്രൂസിന്റെ ശ്രമം

ഹുക്ക് സെറ്റ് (ന്യൂഹാംപ്‌ഷെയര്‍) : ന്യൂഹാംപ്‌ഷെയറിലെ ജനങ്ങളില്‍ ഒരു നല്ല വിഭാഗത്തിന് മയക്കുമരുന്ന് ഉപയോഗം സൃഷ്ടിച്ച കെടുതികള്‍ അറിയാം. അവരുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഇങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ടാകാം.

ടെഡ്ക്രൂസിന്റെ സഹോദരി അവരുടെ 49-ാം വയസ്സില്‍ ഹിറോയില്‍ മയക്കുമരുന്നിന് അടിമപ്പെട്ട് മരിച്ചു. സഹോദരി മിറിയത്തിന് ജീവിതത്തോട് തന്നെ ദേഷ്യമായിരുന്നു. എന്റെ അച്ഛന്‍ അമ്മയില്‍ നിന്ന് വിവാഹമോചനം നേടിയത് അവരുടെ കോപം വര്‍ധിപ്പിച്ചു. ഹുക്ക് സെറ്റില്‍ സംസാരിക്കവെ തന്റെ അനുഭവം വിവരിച്ചുകൊണ്ട് ഡ്രഗ് അഡിക്ഷന്‍ ഫോറം അംഗങ്ങളുടെ വികാരം താന്‍ മനസ്സിലാക്കുന്നു എന്ന് ടെഡ് പറഞ്ഞു. ഒരു യാഥാസ്ഥിതിക പോരാളിയായാണ് ടെഡ് സ്വയം വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ന്യൂഹാംപ്‌ഷെയറില്‍ ഹീറോയിന്‍ ഓവര്‍ഡോസ് മൂലം നാന്നൂറോളം പേര്‍ മരിച്ചു. 

ന്യൂഹാംപ്‌ഷെയര്‍ പ്രൈമറി ടെഡ് നേടുമെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. ഡൊണാള്‍ഡ് ട്രമ്പ് ഒരല്പം മയപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാര്‍കോ റൂബിയോ എതിരാളികള്‍ക്കെതിരെ കടന്നാക്രമണത്തിന് തയ്യാറാകാതെ സംയമനം പാലിക്കുന്നു. ജോണ്‍ കസിഷ് ഈ പ്രൈമറിക്ക് ശേഷം പിന്മാറിയേക്കും എന്ന് അഭ്യൂഹമുണ്ട്. ബെന്‍കാഴ്‌സണും ജെബ് ബുഷും ക്രിസ് ക്രിസ്റ്റിയും തുടര്‍ന്നും ഭാഗ്യം പരീക്ഷിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. 


ഹിലരിയോ ബെര്‍ണി സാന്‍ഡേഴ്‌സോ, ആരാണ് യഥാര്‍ത്ഥ പുരോഗമനവാദി ? (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക