Image

ചിരിച്ച് ചിരിച്ച് മണ്ണു­ക­പ്പി (സാം നില­മ്പ­ള്ളില്‍)

Published on 04 February, 2016
ചിരിച്ച് ചിരിച്ച് മണ്ണു­ക­പ്പി (സാം നില­മ്പ­ള്ളില്‍)
ചിരിച്ച് ചിരിച്ച് മണ്ണു­ക­പ്പി. എന്താണ് അതിന്റെ അര്‍ത്ഥം, ഒരു­പാട് ചിരി­ച്ചെ­ന്ന­ല്ലേ? തല­തല്ലി ചിരി­ച്ചെന്നും പറ­യും. പിന്നെ­യു­മുണ്ട് പല­തരം ചിരി­കള്‍, പുഞ്ചി­രി, മന്ദ­ഹാസം അട്ട­ഹാസം തുട­ങ്ങി­യ­വ. പൂപോലെ മനോ­ഹ­ര­മായ ചിരി­യാ­ണല്ലോ പുഞ്ചി­രി. സ്ത്രീകള്‍ക്കാണ് അത് ചേരു­ക. സുന്ദ­രി­മാ­രായ സ്ത്രീക­ളുടെ പുഞ്ചിരി രാജാ­ക്ക­ന്മാരെ വീഴ്ത്തു­കയും സാമ്രാ­ജ്യ­ങ്ങളെ ഉല­ക്കു­കയും ചെയ്തി­ട്ടു­ണ്ടെ­ന്നു­ള്ള­താണ് ചരി­ത്രം. മോണ­ലി­സ­യുടെ പുഞ്ചിരി പ്രസി­ദ്ധ­മാ­ണ­ല്ലോ. അവ­ളുടെ ചിരി­യില്‍ മയ­ങ്ങിയ അനേകം പുരു­ഷ­ന്മാര്‍ ആത്മ­ഹത്യ ചെയ്തി­ട്ടു­ണ്ടെന്ന് പറ­യ­പ്പെ­ടു­ന്നു. മനോ­ഹ­ര­മായി ചിരി­ക്കുന്ന സ്ത്രീകളെ എനിക്കും ഇഷ്ട­മാ­ണെന്ന് പറ­ഞ്ഞാല്‍ കാപ­ട്യ­ക്കാ­രുടെ സദാ­ചാരം ഊരി­പ്പോ­ക­ത്തി­ല്ലെന്ന് വിചാരിക്ക­ട്ടെ.

മണ്ണു­ക­പ്പി­യാലും തല­ത­ല്ലി­യാലും ചിരി­ക്കുക എന്നു­ള്ളത് ദൈവ­ദ­ത്ത­മായ കഴി­വാ­ണ്. ചിരി ആരോ­ഗ്യ­ത്തിന് നല്ല­താ­ണെന്നും ആയുസ് വര്‍ദ്ധി­പ്പി­ക്കു­മെന്നും വിദ­ഗ്ധര്‍ പറ­യു­ന്നു. ചിരി­ക്കാന്‍ കഴി­വി­ല്ല­ത്ത­വ­രോട് എനിക്ക് സഹ­താ­പ­മേ­യു­ള്ളു. എന്റെ അമ്മാ­ച്ചന്‍ ഒരി­ക്കല്‍പോലും ചിരിച്ച് കണ്ടി­ട്ടേ­യി­ല്ല. അദ്ദേ­ഹത്തെ ചെറു­പ്പ­ത്തില്‍ എനിക്ക് പേടി­യാ­യി­രു­ന്നു. അദ്ദേഹം വരു­ന്നെന്ന് കേട്ടാല്‍ ഞാന്‍ കട്ടി­ലിന്റെ അടി­യില്‍ ഒളി­ക്കു­മാ­യി­രു­ന്നു. ഗൗര­വ­ക്കാ­ര­നാ­യി­രുന്ന അദ്ദേഹം നല്ല­വനും സ്‌നേഹ­മു­ള്ള­വനും ആയി­രു­ന്നെന്ന് പിന്നീട് ഞാന്‍ മന­സി­ലാ­ക്കി. ധന­വാന്‍ അല്ലാ­ഞ്ഞിട്ടും ഞങ്ങ­ളുടെ കുടും­ബ­ത്തിന് ധാരാളം സഹാ­യ­ങ്ങള്‍ അദ്ദേഹം ചെയ്തി­ട്ടു­ണ്ട്.

ചിരി­ക്കാന്‍ കഴി­വി­ല്ല­ത്ത­വര്‍ ചിരി­ച്ചാല്‍ മഹാ­വൃ­ത്തി­കേ­ടാ­ണ്. സിഎന്നെ­ന്നില്‍ വാര്‍ത്ത­വാ­യി­ക്കുന്ന ആന്‍ഡേ­സണ്‍ കൂപ്പര്‍ ചിരി­ക്കു­ന്നത് കണ്ടി­ട്ടു­ണ്ടോ? ലോക­ത്തി­ലേക്കും വൃത്തി­കെട്ട ചിരി­യാണ് അദ്ദേ­ഹ­ത്തി­ന്റേതെന്ന് ഞാന്‍ പറ­യും. എന്റെ ചിരിയും അത്രഭംഗി­യു­ള്ള­താണെന്ന് ആരും­പ­റ­യു­ക­യി­ല്ല. ചിരി­ക്കു­മ്പോ­ളാണ് സ്ത്രീക­ളുടെ സൗന്ദര്യം വര്‍ദ്ധി­ക്കു­ക, പുരു­ഷ­ന്മാ­രു­ടേ­യും. കര­യുന്ന സ്ത്രീയുടെ മുഖം മഹാവൃത്തി­കേ­ടാ­ണ്. മര­ണ­വീ­ടു­ക­ളില്‍ ചില­സ്ത്രീ­കള്‍ ദുഃഖം അഭി­ന­യിച്ച് കരയു­ന്നത് കണ്ടി­ട്ടു­ണ്ടോ? നാട്ടു­കാരെ ബോധി­പ്പി­ക്കാ­നുള്ള കര­ച്ചി­ലാ­ണ്. Alfred Lord Tennyson ന്റെ `Home They Brought Her Warrior Dead’ എന്നകവിത ഞാന്‍ പഠി­ക്കു­കയും പിന്നീട് പഠി­പ്പി­ക്കു­കയും ചെയ്തി­ട്ടു­ള്ള­താ­ണ്. യുദ്ധ­ത്തില്‍ മര­ണ­മ­ടഞ്ഞ പട്ടാ­ള­ക്കാ­രന്റെ ശവ­ശ­രീരം വീട്ടില്‍ കൊണ്ടു­വ­ന്ന­പ്പോള്‍ യോദ്ധാ­വിന്റെ ഭാര്യ നിര്‍വി­കാ­രി­ക­യാ­യിട്ട് അതി­നു­സ­മീപം ഇരി­ക്ക­യാ­ണ്. ദുഃഖം അവ­ളുടെ ഹൃദ­യ­ത്തില്‍ ഘനീ­ഭ­വിച്ച് നില്‍കു­ന്നെങ്കിലും അവള്‍ക്ക് കര­യാന്‍ കഴിയു­ന്നി­ല്ല. കര­ഞ്ഞി­ല്ലെ­ങ്കില്‍ അവള്‍ ഹൃദ­യം­പൊ­ട്ടി­ മ­രി­ക്കുമെന്ന് മന­സി­ലാ­ക്കിയ തോഴി­മാര്‍ യോദ്ധാ­വിന്റെ ഗുണ­ഗ­ണ­ങ്ങ­ളെ­പ്പറ്റി വര്‍ണ്ണി­ച്ചു. അതും പരാ­ജ­യ­പ്പെ­ട്ട­പ്പോള്‍ ഒരു­വ­യ­സു­ചെന്ന ആയ അവ­ളുടെ കുഞ്ഞിനെ മടി­യില്‍ കൊണ്ടി­രു­ത്തി. അവള്‍ കുഞ്ഞിനെ നോക്കി. കണ്ണു­നീര്‍ ധാര­യായി അവ­ളുടെ കണ്ണില്‍നിന്ന് പ്രവ­ഹി­ക്കാന്‍ തുട­ങ്ങി. കവി വര്‍ണ്ണി­ക്കു­ന്നത് ഇങ്ങ­നെ­യാ­ണ്.

Rose a nurse of ninety years
Set his child upon her knee,
Like summer tempest came her tears
`Sweey my child, I live for thee.’

അത് കാപ­ട്യ­മി­ല്ലാത്ത കര­ച്ചി­ലാ­യി­രു­ന്നു. പ്രസം­ഗി­ക്കു­മ്പോള്‍ ചിലര്‍ കര­യു­ന്നത് കണ്ടി­ട്ടു­ണ്ട്. എത്ര­ദുഃ­ഖ­മു­ണ്ടെ­ങ്കിലും സദ­സിന്റെ മുന്‍പില്‍ അത് പ്രക­ടി­പ്പി­ക്കാ­തി­രി­ക്കു­ക­യാണ് നല്ല­ത്. ഫലിതം പറ­യു­ന്ന­വര്‍ സ്വയം ചിരി­ക്കാതെ കേഴ്‌വി­ക്കാരെ ചിരി­പ്പി­ക്കണം. കഴി­വുള്ള പ്രാസം­ഗി­കര്‍ സദ­സിനെ കര­യി­പ്പി­ക്കു­കയും ചിരി­പ്പി­ക്കു­കയും ചെയ്യും.

അമേ­രി­ക്ക­ക്കാ­രാണ് ഹൃദ­യം­തു­റന്ന് ചിരി­ക്കു­ന്ന­തെ­ന്നാണ് എന്റെ അഭി­പ്രാ­യം. പ്രത്യേ­കിച്ചും ആഫ്‌റി­ക്കന്‍ അമേ­രി­ക്കന്‍സ്. ചെറി­യൊരു ഫലി­തം­കേ­ട്ടാല്‍ അവര്‍ ആര്‍ത്തു­ചി­രി­ക്കും. അടു­ത്തിടെ ഒരു റെസ്റ്റോ­റന്റിന്റെ മുന്‍പില്‍ എഴു­തി­വെ­ച്ചി­രി­ക്കു­ന്നത് കണ്ടു. Hiring, Smiling Faces.

ചിരി­ക്കുന്ന മുഖ­മു­ള്ള­വ­രെ­യാണ് അവര്‍ക്ക് ആവ­ശ്യം. ചിരി­ക്കു­ന്നത് ആക്ഷേ­പ­മാ­ണെന്ന് കരുതു­ന്ന­വ­രാണ് മല­യാ­ളി­കള്‍, ഇല്ലാത്ത ഗൗരവംഭാവിച്ച് നട­ക്കു­ന്നവര്‍. അവ­രുടെ മേല്‍മീ­ശ­തന്നെ ഗൗരവം ഭാവി­ക്കാ­നുള്ള മറ­യാ­ണ്. കൊമ്പന്‍മീ­ശ­ക്കാരെ അടു­ത്ത­കാ­ലത്ത് കാണാ­റി­ല്ല, ഭാഗ്യം. മല­യാ­ളി­ക­ളെ­പ്പറ്റി കൂടു­തല്‍ പറ­യാ­തി­രി­ക്കു­ക­യാണ് എന്റെ ആരോ­ഗ്യ­ത്തിന് നല്ല­തെന്ന് വിചാ­രി­ക്കു­ന്നു.

ചിരി­ക്കാന്‍ കഴി­വി­ല്ലാ­ത്ത­വ­രാണ് ബ്രിട്ടീ­ഷു­കാ­രെന്ന് എവി­ടെയോവായി­ച്ചത് ഓര്‍മ­വ­രുന്നു. കപട സദാ­ചാ­ര­ചി­ന്ത­കൊ­ണ്ടല്ല മറിച്ച് അവ­രുടെ മേല്‍ച്ചുണ്ട് അല്‍പം മുറു­ക്ക­മു­ള്ള­തു­കൊ­ണ്ടാണ് (Tight upper lip) ചിരി­ക്കാന്‍ പ്രയാ­സ­ം. കേര­ള­ത്തോ­ളം വലി­പ്പ­മുള്ള ചെറി­യൊരു ദ്വീപില്‍ ജീവി­ച്ചി­രു­ന്ന­വര്‍ കടല്‍ക­ടന്ന് ലോകത്തെ കീഴ്‌പ്പെ­ടുത്തി സൂര്യ­ന­സ്ത­മി­ക്കാത്ത സാമ്രാജ്യംസ്ഥാപിച്ച കഴി­വിനെ അഭി­ന­ന്ദ­ച്ചല്ലേ മതി­യാ­വു.

ചിരി­യെ­പ്പറ്റി പറഞ്ഞ് മറ്റു­കാ­ര്യ­ങ്ങ­ളി­ലേക്ക് തിരി­ഞ്ഞ­തില്‍ ക്ഷമി­ക്കു­ക. ഏക­ദേശം മുപ്പത് വര്‍ഷ­ങ്ങള്‍ക്കു­മുന്‍പ് ഞാന്‍ മാരാ­മണ്‍ കണ്‍വന്‍ഷ­നില്‍ പങ്കെ­ടു­ക്കാന്‍ പോവു­ക­യു­ണ്ടാ­യി. മെത്രാ­ച്ച­ന്മാ­രില്‍ അപൂര്‍വ്വ­പ്ര­തി­ഭ­യായ ക്രിസോസ്റ്റം തിരു­മേനി പ്രസം­ഗി­ക്കു­ക­യാ­യി­രു­ന്നു. ഫലി­ത­പ്രി­യ­നായ അദ്ദേഹം­പ­റഞ്ഞ തമാ­ശ­കേട്ട് പന്ത­ലി­ലി­രുന്ന ആയി­ര­ങ്ങള്‍ ചിരി­ച്ചു. അടു­ത്ത­തായി പ്രസം­ഗിച്ച മറ്റൊരു മെത്രാന്‍ (പേര് ഓര്‍ക്കു­ന്നി­ല്ല) ജന­ങ്ങളെ ശാസി­ച്ചു. അദ്ദേഹം ഇങ്ങനെ പറ­ഞ്ഞു.

"നിങ്ങള്‍ എന്തി­നാണ് ചിരി­ച്ച­ത്? ജീവിതം ചിരി­ക്കാ­നു­ള്ള­ത­ല്ല, വില­പി­ക്കു­ക. നമ്മുടെ കര്‍ത്താവ് കുരി­ശില്‍ തൂങ്ങി­യ­തോര്‍ത്ത് കണ്ണു­നീര്‍ വാര്‍ക്കു­ക. നിങ്ങള്‍ ചെയ്ത പാപ­മോര്‍ത്ത് ദൈ­വ­ത്തോട് മാപ്പ­പേ­ക്ഷി­ക്കു­ക.'

ചിരി­ച്ചത് പാപ­മാ­ണെ­ന്നാണ് അദ്ദേ­ഹ­ത്തിന്റെ അഭി­പ്രാ­യം. അവിടെ എഴു­ന്നേ­റ്റു­നിന്ന് മെത്രാന്‍ പറ­യു­ന്നത് വിഢി­ത്ത­മാണ് പറ­യണമെന്ന് എനി­ക്കു­ണ്ടായി­രു­ന്നു. ഔരു­പ­ക്ഷേ, ക്രിസോസ്റ്റംതന്നെ അദ്ദേ­ഹത്തെ പിന്നീട് തിരു­ത്തി­ക്കാ­ണ­ണം. ചിരി­വി­രോ­ധി­യായ മെത്രാന്‍ പറ­ഞ്ഞ­തു­പോലെ കര­ഞ്ഞു­കൊണ്ട് ചില­വ­ഴി­ച്ചാല്‍ ജീവിതം എത്ര­ ബോ­റാ­യി­രി­ക്കു­മെന്ന് ആലോ­ചി­ച്ചു­നോ­ക്കു. കര­ഞ്ഞു­കൊ­ണ്ടി­രി­ക്കാ­നല്ല ദൈവം നമ്മെ ഭൂമി­യി­ലേക്ക് അയ­ച്ചി­രി­ക്കു­ന്ന­ത്. മെത്രാന്‍ വിചാ­രി­ക്കു­ന്ന­തു­പോലെ ദൈവം ഒരു മൂരാ­ച്ചി­യ­ല്ല. മനോ­ഹ­ര­മായ ഈ ഭൂമിയെ സൃഷ്ടിച്ച ദൈവം അത്ഭുത കലാ­കാ­ര­നാ­ണ്. അതില്‍ വസി­ക്കാന്‍ സുന്ദ­ര­ന്മാ­രെയും സുന്ദ­രി­ക­ളേയും പക്ഷി­മൃ­ഗാ­ദി­ക­ളേയും അദ്ദേഹം സൃഷ്ടി­ച്ചു. ചിരി­ക്കു­കയും സന്തോ­ഷി­ക്കു­കയും ചെയ്യുന്ന മനു­ഷ്യ­രെ­യാണ് അദ്ദേ­ഹ­ത്തിന് ഇഷ്ടം.

നിന്റെ കട­മ­കള്‍ ചെയ്യു­ക; നിന്റെ അയല്‍ക്കാ­രനെ സ്‌നേഹി­ക്കു­ക; തിന്മക്ക് പകരം നന്മ­ചെ­യ്യു­ക; ചിരി­ക്കു­കയും സന്തോ­ഷി­ക്കു­കയും ചെയ്യുക; നിന്നെ സൃഷ്ടിച്ച ദൈവത്തെ വണ­ങ്ങുക. സ്വര്‍ഗ്ഗ­രാജ്യം നിന­ക്കു­ള്ള­താ­കു­ന്നു.
ചിരിച്ച് ചിരിച്ച് മണ്ണു­ക­പ്പി (സാം നില­മ്പ­ള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക