Image

ചെറുതാകരുത് സമൂഹത്തിനു മുന്നില്‍ (ഡി. ബാബു പോള്‍)

Published on 04 February, 2016
ചെറുതാകരുത് സമൂഹത്തിനു മുന്നില്‍ (ഡി. ബാബു പോള്‍)
ആണ്ടുതോറും പത്തു ലക്ഷം ചെറുപ്പക്കാരാണു യുപിഎസ്‌­സിയുടെ വെബ്‌സൈറ്റില്‍നിന്നു സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട സമയം ആകുമ്പോള്‍ത്തന്നെ ഇത് അഞ്ചുലക്ഷമായി കുറയും. യുദ്ധം തുടങ്ങും മുന്‍പെ പരാജയം സമ്മതിക്കാത്ത മറ്റേ പാതിയില്‍നിന്ന് ഏകദേശം പതിനായിരം പേരാണു രണ്ടാംഘട്ടത്തില്‍ പരീക്ഷ എഴുതുന്നത്.

അക്കൂട്ടത്തില്‍നിന്ന് ആയിരത്തഞ്ഞൂറ് പേര്‍ അഭിമുഖത്തിനു ക്ഷണിക്കപ്പെടുന്നു. അവരില്‍ അഞ്ഞൂറോളം പേര്‍ സിവില്‍ സര്‍വീസില്‍ നിയമനം നേടുന്നു. അവര്‍ ഭാരതത്തിലെ ഏറ്റവും പ്രഗല്‍ഭരായ യുവാക്കളാണ് എന്ന് ആരും പറയുകയില്ല. എന്നാല്‍, അവര്‍ കൂടെ ചേരുമ്പോള്‍ മാത്രമേ ആ തലമുറയിലെ പ്രഗല്‍ഭരുടെ കാനേഷുമാരി പൂര്‍ത്തിയാവുകയുള്ളൂ.

ഇനി ഒരു ഫ്‌ലാഷ്­ബാക്ക്. ഭര്‍തൃഹരിയുടെ നാലു വരികള്‍ നാം ഇങ്ങനെ വായിക്കുന്നു.

പ്രഥമവയസി പീതം തോയമല്പം സ്മരന്തഃ
ശിരസി നിഹിതഭാരാഃ നാളികേരാഃ നരാണാം
സലിലമമൃതകല്പം ദദ്യുരാജീവനാന്തം
നഹി കൃതമുപകാരം സാധവോ വിസ്മരന്തി.

ഒന്നാമത്തെ വയസ്സില്‍ കുടിച്ച വെള്ളത്തിനു പ്രത്യുപകാരമായി തെങ്ങുകള്‍ ആയുഷ്കാലം മുഴുവന്‍ ശിരസ്സില്‍ ഭാരവുമേന്തി അമൃതതുല്യമായ ജലം മനുഷ്യര്‍ക്കു നല്‍കുന്നു. സജ്ജനങ്ങള്‍ തങ്ങള്‍ക്കു ലഭിച്ച ഉപകാരം മറക്കാറില്ലല്ലോ. ഇതാണു ഭര്‍തൃഹരി പറഞ്ഞുവയ്ക്കുന്നത്.

സിവില്‍ സര്‍വീസില്‍ വരുന്നവര്‍ അവരുടെ പ്രാഗല്‍ഭ്യംകൊണ്ടുതന്നെയാണ് അവിടെ എത്തുന്നത്. എന്നാല്‍, സമൂഹവും വ്യവസ്ഥിതിയും എല്ലാം സൗകര്യങ്ങള്‍ നല്‍കുന്നതുകൊണ്ടാണ് അവര്‍ക്കു സിദ്ധികള്‍ സാധന ചെയ്യുവാനും പ്രാഗല്‍ഭ്യം തെളിയിക്കുവാനും കഴിയുന്നത്. അതിനുള്ള നന്ദി അവര്‍ പ്രകാശിപ്പിക്കേണ്ടത് അര്‍പ്പണബോധത്തോടെയും സത്യസന്ധതയോടെയും കഠിനമായി അധ്വാനിച്ചുകൊണ്ടാണ്; പരസ്പരം പോരടിച്ചും തെറിവിളിച്ചും അല്ല.

മിക്കവരും കേരവൃക്ഷങ്ങളെപ്പോലെ തങ്ങള്‍ക്കു ലഭിച്ച നന്മകള്‍ പതിന്മടങ്ങായി സമൂഹത്തിനു മടക്കിനല്‍കുന്നവരാണ്. അതുകൊണ്ടാണു സിവില്‍ സര്‍വീസ് ഇന്നും പ്രസക്തവും മാന്യവും അഭിലഷണീയവും ആയി തുടരുന്നതും. പൊതുവെ മാന്യവും കാര്യക്ഷമവും ആയിരിക്കുമ്പോഴും അപശബ്ദങ്ങള്‍ കേള്‍ക്കുകയും അപഭ്രംശങ്ങള്‍ കാണുകയും അപവാദങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു എന്നതു ദുഃഖകരമാണ് എന്നുകൂടെ പറയാതെ വയ്യ.

ഇതൊക്കെ എന്നും ഉണ്ടായിരുന്നില്ലേ എന്നു ചോദിക്കാം. ഉണ്ടായിരുന്നു. ഐസിഎസ് ഉദ്യോഗസ്ഥരില്‍ കൈക്കൂലിയുടെ പേരില്‍ പിരിച്ചുവിടപ്പെട്ടിട്ടുള്ളവര്‍ ഉണ്ടായിരുന്നു. ഐസിഎസ് കലക്ടര്‍മാരോടു യുദ്ധം പ്രഖ്യാപിക്കാതെ പടയോട്ടം നടത്തിയ ഐപി പൊലീസ് സൂപ്രണ്ടുമാര്‍ ഉണ്ടായിരുന്നു.

ഐസിഎസിനു പകരം ഐഎഎസും ഐപിക്ക് പകരം ഐപിഎസും വന്നപ്പോള്‍ ഉദ്യോഗസ്ഥരുടെ സംഖ്യ വര്‍ധിച്ചതു ഗുണശോഷണത്തിനു കുറെയൊക്കെ ഇടയാക്കി. ആണ്ടോടാണ്ടു പത്തുപേരെ നിയമിച്ചിരുന്നിടത്തു നൂറുപേരെ നിയമിക്കുമ്പോള്‍ അതു പ്രതീക്ഷിക്കാവുന്നതാണ്. എങ്കിലും കഴിഞ്ഞ ദശകത്തില്‍ ‘ദി ഇക്കോണമിസ്റ്റ്’ നടത്തിയ പഠനം കണ്ടെത്തിയതു ജില്ലാ ഭരണമാണ് ഇന്ത്യയുടെ വിജയരഹസ്യം എന്നുതന്നെയാണ്.

സത്യത്തില്‍ ഇപ്പോഴും സര്‍വീസ് ഉന്നതനിലവാരം പുലര്‍ത്തുന്നുണ്ട്. എന്നാല്‍ അപഭ്രംശങ്ങളുടെ ദൃശ്യത വര്‍ധിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ അവ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. തങ്ങളുടെ വാക്കുകള്‍ ജനം ശ്രദ്ധിക്കുന്നതു തങ്ങളുടെ പേരിനു പിന്നില്‍ കാണുന്ന ത്രയാക്ഷരികൊണ്ടാണ് എന്നു തിരിച്ചറിയാത്ത ഉദ്യോഗസ്ഥര്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യുന്നു.

പ്രശസ്തി നിഴല്‍പോലെയാണ് എന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിയണം. പിറകെ പോയാല്‍ അത് അകന്നകന്നുപോവും. അവസാനം പിന്‍പറ്റിയവര്‍ ഇളിഭ്യരാവും. മാധ്യമങ്ങള്‍ പിറകെ നടന്ന് ഓരോന്നു ചോദിക്കും. ആ ചൂണ്ടയില്‍ കൊത്താതിരിക്കണം. ഭരത്­ഭൂഷണ്‍ ചീഫ് സെക്രട്ടറി ആയിരുന്നകാലത്തു മാധ്യമങ്ങള്‍ക്കു കൊയ്ത്തായിരുന്നു. ചീഫ് സെക്രട്ടറിയും മുന്‍ ചീഫ് സെക്രട്ടറിയും തമ്മില്‍ പോര്. അസിസ്റ്റന്റ് കലക്ടര്‍മാര്‍ക്കറിയുന്ന നടപടിച്ചട്ടങ്ങള്‍ പാലിക്കുന്നതില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ പിഴവു വരുത്തുമ്പോള്‍ "ഗോ' എന്നു ചീഫും "കം' എന്നു പ്രിന്‍സിപ്പലും പറയുന്നതു മാധ്യമങ്ങളോട്. ചീഫ് സെക്രട്ടറിയും ഡിജിപിയും പിണങ്ങിയപ്പോള്‍ ഒരു യുവസ്‌നേഹിതന്‍ കഥാകൃത്തായി. ഐഎഎസിന്റെ ബലത്തില്‍ ഒരു തെറിക്കഥ.

ഒരാള്‍ അവധിയെടുക്കുന്നു. സര്‍ക്കാര്‍ അറിയാതെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു ശമ്പളം വാങ്ങുന്നു. പിടി വീഴുമ്പോള്‍ വാങ്ങിയ ശമ്പളം തിരിച്ചുകൊടുക്കുന്നു. സര്‍ക്കാര്‍ സമാധാനം ചോദിക്കുമ്പോള്‍ മറ്റൊരാള്‍ അങ്ങനെ ചെയ്തിട്ടുണ്ടല്ലോ എന്നു തറുതല പറയുന്നു. ഇതെല്ലാം ഇരുകൂട്ടരും യഥാകാലം പത്രക്കാരെ അറിയിക്കുന്നു. കൂടെ പറയട്ടെ, ഈയിടെ ഇങ്ങനെ ഒരു സംഭവം ഉണ്ടായി. സഹാറയുടെ മേധാവിയെ തിഹാര്‍ ജയിലില്‍ എത്തിച്ച കെ.എം. ഏബ്രഹാമിനെതിരെയായിരുന്നു പരാമര്‍ശം. പ്രഥമദൃഷ്ട്യാ അവിശ്വസനീയമായി തോന്നിയതുകൊണ്ടു ഞാന്‍ അന്വേഷിച്ചു. ഏബ്രഹാം പോയതും ശമ്പളം പറ്റിയതും നേര്. സര്‍ക്കാരിന്റെ അനുമതിയോടെ ഡപ്യൂട്ടേഷനിലാണു പോയത് എന്നു മാത്രം. അള മുട്ടുമ്പോള്‍ ഏബ്രഹാമിനോട്!

മുഖപുസ്തകം എന്നു ചിലര്‍ വിവരിക്കുന്ന ഫെയ്‌സ്ബുക്ക് ഒരു വലിയ കെണിയാണ്. ഹവ്വ ആദമിനു കൊടുത്ത ആപ്പിളിനെക്കാള്‍ വലിയ പ്രലോഭനം. അതിലൊന്നും വീഴാതെ അവനവന്റെ ജോലി ചെയ്ത്, കിട്ടുന്ന ശമ്പളം വാങ്ങി അടങ്ങിയൊതുങ്ങി കഴിയുകയാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ചെയ്യേ­ണ്ടത്.
ചെറുതാകരുത് സമൂഹത്തിനു മുന്നില്‍ (ഡി. ബാബു പോള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക