Image

പ്രവാസികളുടെ ഒന്നാം പുസ്തകം (പുസ്തക പരിചയം വാസുദേവ് പുളിക്കല്‍)

Published on 04 February, 2016
പ്രവാസികളുടെ ഒന്നാം പുസ്തകം (പുസ്തക പരിചയം വാസുദേവ് പുളിക്കല്‍)
ചെറുകഥാസാഹിത്യരംഗത്ത് പ്രശസ്തിയാര്‍ജ്ജിച്ച സാംസികൊടുമണ്‍ നോവല്‍ സാഹിത്യരംഗത്ത് ശ്രദ്ധേയനാകാന്‍ പാകത്തിന് ശക്തിയും കലാമൂല്യവും കൊണ്ട് സമൃദ്ധമായ 'പ്രവാസികളുടെ ഒന്നാം പുസ്തകം'' എന്ന ആദ്യ നോവലുമായി നോവല്‍സാഹിത്യരംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. 

അനുവാചകരുടെ മനസ്സില്‍ ചലനങ്ങളുണ്ടാക്കി അവരുടെ ചിന്തയെ ഉദ്ദീപിപ്പിക്കാന്‍ പര്യാപ്തമായ എന്തെങ്കിലും സന്ദേശം നല്‍കാനില്ലെങ്കില്‍ താന്‍ കഥകള്‍ എഴുതാറില്ല എന്ന സാംസിയുടെ നിലപാട് നോവല്‍ രചനയിലും അന്വര്‍ത്ഥമാക്കിയിരിക്കുന്നു. ''മനുഷ്യാനീ മണ്ണാകുന്നു, മണ്ണിലേക്കു തന്നെ തിരികെ ചേരുക'' എന്ന ജീവിതത്തിലെ പരമസത്യമായ മരണത്തെ അനുസ്മരിപ്പിച്ചുകൊണ്ട് തുടങ്ങുന്ന നോവല്‍ അവസാനിക്കുന്നത് അവരവുരുടെ ഉള്ളിലിരിക്കുന്ന സ്വര്‍ഗ്ഗരാജ്യം അവരവര്‍ നഷ്ടപ്പെടുത്തരുത് എന്ന താത്വികമായ സന്ദേശത്തോടെയാണ്. 

കുടിയേറ്റക്കാരുടെ ചരിത്രമുറങ്ങുന്ന അമേരിക്കയുടെ മണ്ണില്‍ കാലുകുത്തിയ ഏതാനം മലയാളി കുടുംബശരീരങ്ങളെ മാതൃകയാക്കി ക്രിയാത്മകമായി മെനഞ്ഞെടുത്ത പ്രവാസികളുടെ കഥ സന്തോഷത്തിന്റേയും അഭിവൃദ്ധിയുടേയും മാത്രമല്ല, ദുരന്തത്തിന്റേയും അധഃപതനത്തിന്റെയും ദുഃഖത്തിന്റേയും കൂടിയാണ്. 

ഈ സ്വപ്നഭൂമിയില്‍ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിച്ച് സമ്പന്നതയുടെ മടിയിലിരുന്ന് അമ്മാനമാടി സാമ്രാജ്യം സൃഷ്ടിച്ചവരുണ്ട്, സാമ്രാജ്യം തകര്‍ന്ന് വീണ് നിലം പതിച്ചവരുണ്ട്, പരാജയം മാത്രം മുഖാമുഖം കണ്ടവരുണ്ട്, വിശ്വാസത്തിന്റെ വൈജാത്യം മൂലം കുടുംബത്തിന്റെ തകര്‍ച്ചക്ക് സാക്ഷ്യം വഹിച്ചവരുണ്ട്. ജീവിതത്തില്‍ സൗഭാഗ്യങ്ങളുണ്ടാകുമ്പോള്‍ അത് ദൈവാധീനമായി കണക്കാക്കും, ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ വിധിയെ പഴിക്കും. നോവലിന് പല നിര്‍വ്വചനങ്ങളും നല്‍കിയിട്ടുണ്ടെങ്കിലും വായനക്കാരുടെ മനസ്സില്‍ തട്ടത്തക്കവണ്ണം സത്യസന്ധമായി ജീവിതം ആവിഷ്‌ക്കരിലാണ്് നോവല്‍ എന്ന നിലപാടാണ് നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്.സ്വന്തം അനുഭവങ്ങളുടെ തിരശ്ശീല ഉയരുമ്പോള്‍ നോവലിസ്റ്റ് കണ്ണുകൊണ്ട് കാണ്ടറിഞ്ഞതും ഹൃദയംകൊണ്ട് തൊട്ടറിഞ്ഞതുമായ നഗ്നസത്യങ്ങള്‍ നോവലില്‍ വ്യക്തമായി വിന്യസിക്കുന്നു. 

ഒരു ഇതിവൃത്തമെടുത്ത് അതിന് നാനാവശത്തേക്കും ചില്ലകള്‍ വളര്‍ത്തി ഒരു വടവൃക്ഷം പോലെ ഉയര്‍ത്തിക്കൊണ്ടു പോകുന്ന രചനാസമ്പ്രദായത്തില്‍ നിന്ന് വിട്ടു മാറി പുതുമ നിറഞ്ഞ ആവിഷ്‌ക്കരണ രീതിയാണ് കാണുന്നത്. വിഭിന്ന പ്രവാസി കുടുംബങ്ങളുടെ തനതായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ ശ്രദ്ധാപൂര്‍വ്വം സമന്വയിപ്പിച്ച് നോവലിന്റെ ഇതിവൃത്തഘടനക്ക് ശക്തി നല്‍കിക്കൊണ്ട് സ്വീകരിച്ചിരിക്കുന്ന ആവിഷ്‌ക്കരണ രീതി തികച്ചും നൂതനമാണ്.

നാഗരിക ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളിലും പാശ്ചാത്യ സംസ്‌കാരത്തിന്റെ പുറംപൂച്ചിലും പിന്നിട്ടു പോന്ന ലാളിത്വവും പവിത്രതയും നിറഞ്ഞ ഗ്രാമീണ ജീവിതം വിസ്മൃതമാകാതിരിക്കാന്‍പാകത്തിന് അവതരിപ്പിച്ചിരിക്കുന്ന പ്രവാസികളുടെ ജീവിത പാശ്ചാത്തലം ശ്രദ്ധേയമാണ്. 'സ്വന്തം സ്വത്വത്തിന്റെ ഉയര്‍ച്ചയില്‍ അഭിമാനിക്കുന്നവരാണ് മലയാളികള്‍, തന്റെ സ്വത്വം വിദേശത്ത് വേണ്ടത്ര അംഗീകരിക്കപ്പെടാതിരിക്കുമ്പോള്‍ പ്രവാസി പലപ്പോഴും ഗൃഹാതുരത്വത്തിലേക്ക് കൂപ്പു കുത്തുന്നു, ഇവിടെയാണ് പ്രവാസജീവിതത്തിന്റെ കാണാപ്പുറങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന സാംസി കൊടുമണ്ണിന്റെ നോവല്‍ ശ്രദ്ധേയമാകുന്നത്' എന്ന് ആമുഖത്തില്‍ ഡോ. ശശിധരന്‍ യുക്തിപൂര്‍വ്വം അനുസന്ധാനം ചെയ്തിട്ടുണ്ട്.. 

ഏതു സാഹചര്യത്തില്‍ ജീവിച്ചാലും സ്വന്തം സംസ്‌കാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന പ്രവാസികളില്‍ പലരും യുവതലമുറയുടെ ജീവിതക്രമവും അവരുടെ സംസ്‌കാരത്തില്‍ വരുന്ന മാറ്റവും കണ്ട് അന്ധാളിച്ചു പോകുന്നു. തന്റെ സംസ്‌കാരമാണ് ഏറ്റവും മുന്തിയതും ഉത്തമമെന്നും ചിന്തിക്കുമ്പോള്‍ മറ്റു സംസ്‌കാരങ്ങളിലെ നന്മ കാണാന്‍ സാധിക്കാതെ പോകും. കുട്ടികള്‍ പാശ്ചാത്യ സംസ്‌കാരത്തെ കെട്ടിപ്പുണരാന്‍ ശ്രമിക്കുമ്പോള്‍ അസ്വസ്ഥരായി അവരെ 'അറേഞ്ചഡ് മാര്യാജിന്റെ' ശ്രംഗലയില്‍ കൊര്‍ത്തിടാന്‍ തുനിയുമ്പോഴുണ്ടാകുന്ന ദുരന്തവും വിവാഹബന്ധങ്ങളുടെ തകര്‍ച്ചയും കണ്ടാലും മതാപിതാക്കള്‍ക്ക്കൂറ് സ്വന്തം സംബ്രദായത്തൊടു തന്നെ. ഏത് സംസ്‌കാരത്തില്‍ വളര്‍ന്നാലും അവര്‍ നല്ല പൗരന്മാരായി വളരണം എന്ന സന്ദേശം നോവലിസ്റ്റ് നല്‍കാന്‍ ശ്രമിക്കുന്നതായി തോന്നി.

മറ്റു വന്‍ നഗരങ്ങളിലെ പോലെ ന്യൂയോര്‍ക്കിലും സുന്ദരികള്‍ രാത്രി പകലാക്കുന്നതും മാനുഷികമൂല്യങ്ങള്‍ തകിടം മറിയുന്നതും സ്വാഭാവികതയോടെ ചിത്രീകരിച്ചിരിക്കുന്നു, പാറിക്കിടക്കുന്ന തലമുടിയും ഉറക്കച്ചടവില്‍ താഴ്ന്ന കണ്ണുകളും ബ്ലൗസിന്റെ മേല്‍ബട്ടന്‍ ഇടാതെ മാറിടത്തിന്റെ മാംസളത കാണിച്ചുകൊണ്ടും രാവിലെ തന്റെ ടാക്‌സിയില്‍ വന്നു കയറുന്ന സുന്ദരിയെ കാണുമ്പോള്‍ ടാക്‌സി ഡ്രവറന്മാര്‍ക്ക് ഹൃദയത്തിന്റെ താളം തെറ്റുന്നുണ്ടാകും. 

ആ സുന്ദരിയുമായി രതിയുടെ അപൂര്‍വ്വ നിമിഷങ്ങള്‍ക്കായി ഹൃദയം ത്രസികുന്നുണ്ടാകാം. ഒരിക്കല്‍ ഒരു കറുത്ത സുന്ദരി രാത്രിയുടെ അന്ത്യയാമത്തില്‍ ജോസിന്റെ ടാക്‌സിക്കടുത്തു വന്ന് അവളുടെ ശരീരത്തിന് വില പറഞ്ഞു. ജോസ് ഒഴിഞ്ഞു മാറി യെങ്കിലും ഇക്കൂട്ടരുടെ വശ്യതയുടെ വലയില്‍ കുരുങ്ങിപ്പോകുന്നവരുടെ ജീവിതം താറുമാറാകുന്നതും പ്രവാസ ജീവിതത്തില്‍ കാണാം. അവിഹിത ബന്ധത്തിന് അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അത് സാത്താന്റെ പരീക്ഷണം എന്ന് പറഞ്ഞ് പാവം ഭാര്യയുടെ ദയ പിടിച്ചു പറ്റി രക്ഷപ്പെടുന്നവരെ നോവലിസ്റ്റിന് പരിചയമുണ്ടായിരിക്കാം.

മനുഷ്യാ നീ മണ്ണാകുന്നു - ജോണിക്കുട്ടിയുടെ കുഴിമാടത്തിലേക്ക് എല്ലാവരും മണ്ണു വാരിയിട്ടു. ആ ആത്മാവ് നിത്യതയില്‍ വിശ്രമിക്കട്ടെ. ഒന്‍പതാം വയസ്സില്‍ മനസ്സില്‍ പ്രതിഷ്ഠിച്ച ജോണിക്കുട്ടിയുടെ വിയോഗം ആലീസിന് വലിയ ആഘാതമായി. മരിച്ചാല്‍ സെമിത്തേരിയില്‍ അടക്കും. പിന്നെ ആര്‍ക്കെങ്കിലും കൂട്ടിരിക്കാന്‍ സാധിക്കുമോ? ആലീസ് ഒറ്റപ്പെടലിന്റെ വേദനയില്‍ കലങ്ങിയ കണ്ണൂകളുമായി നില്‍ക്കുമ്പോള്‍ മകള്‍ ഹെലന് പോകാന്‍ തിടുക്കമായി. 

അപ്പന്‍ തന്നെ റേപ്പ് ചെയ്തു എന്ന് പറഞ്ഞ് അയാളെ പോലീസുകാരുടെ കയ്യിലേക്കിട്ടു കൊടുത്ത മകളില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല. കുട്ടികളെ വളര്‍ത്തി വഷളാക്കിയ പ്രവാസികളുടെ കൂട്ടത്തില്‍ ജോണിക്കുട്ടിയും ഉള്‍ പ്പെടുന്നു. മതാപിതാക്കളെ തിരസ്‌കരിക്കുന്നഒരു വിഭാഗം യുവതലമുറയുടെ പ്രവണത ഹെലന്‍, സഹോദരന്‍ എബി, ഗോപന്‍ തുടങ്ങിയവരിലൂടെ വ്യക്തമായി വരച്ചു കാണിക്കുന്നു. മിക്ക രക്ഷകര്‍ത്താക്കള്‍ക്കും അവരുടെ കുട്ടികളെ പറ്റി ദുഃഖത്തിന്റെ കഥ പറയാനുണ്ടാകും. മതാപിതാക്കള്‍ പിന്നിട്ടു പോന്ന ദുര്‍ഘടവഴികളും യാതനകളും കുട്ടികള്‍ക്ക് അപരിചിതമാണ്, അതേ പറ്റി കേള്‍ക്കാനോ അറിയാനോ അവര്‍ക്ക് താല്‍പര്യവുമില്ല. 

 അവരുടെ ലോകത്തില്‍ അവര്‍ സൃഷ്ടിക്കുന്ന ബന്ധങ്ങള്‍ക്കാണ് അവര്‍ക്ക് പ്രാധാന്യം. ജോണി നീ ദൈവത്തില്‍ വിശ്വസിക്കൂ. അങ്ങ് അറിയാതെ നിന്റെ തലയിലെ ഒരു രോമം പോലും പൊഴിയുകയില്ല എന്ന് മകളുടെ ക്രൂരതയില്‍ ദുഃഖത്തില്‍ ആണ്ടു പോയ ജോണിക്കുട്ടിയെ വൈദികന്‍ ആശ്വസിപ്പിക്കുമ്പോള്‍ ഒരു ചോദ്യം ബാക്കി. ദൈവം മകളുടെ രൂപത്തില്‍ വന്ന് അപ്പന്‍ തന്നെ റേപ്പ് ചെയ്തു എന്ന് പറഞ്ഞതല്ലേ. യേശുവും ശിഷ്യന്മാരും നടന്നു പോകുമ്പോള്‍ വഴിയോരത്ത് ഒരു കണ്ണു പൊട്ടനെ കണ്ട്, ഇവന്റെ അന്ധതക്ക് കാരണം ദൈവമോ അതോ ഇവന്റെ മാതാപിതാക്കളോ എന്ന് ശിഷ്യന്മാര്‍ യേശുവിനോട് ചോദിച്ചു. ഇവന്റെ അന്ധതക്ക് കാരണം ഇവന്‍ തന്നെ എന്ന് മറുപടി. 

 പ്രാരബ്ധങ്ങളുടേയും കടപ്പാടുകളുടേയും ഉത്തരവാദിത്വങ്ങളുടേയും നടുവില്‍ക്കിടന്ന് നട്ടം തിരിയുന്ന ഒന്നാം തലമുറയുടേയും മദ്യപാനവും മയക്കുമരുന്നുമായി ആത്മഹത്യ വരെ ചെയ്യുന്ന രണ്ടാം തലമുറയുടേയും ചിന്താഗതിയും ജീവിതക്രമവും ചിത്രീകരിക്കുമ്പോള്‍ അവരുടെ മൂല്യബോധത്തില്‍ വരുന്ന വൈരുദ്ധ്യങ്ങള്‍ നോവലിസ്റ്റ് സമര്‍ത്ഥമായി എടുത്തു കാണിക്കുന്നു. സ്വന്തം മകന്റെ ആത്മഹത്യാവാര്‍ത്ത കേട്ട് ആത്മശാന്തി അനുഭവിക്കുന്ന പിതാവിന്റെ വിഭ്രാന്തിയും പിതാവ് തന്നെ റേപ്പ് ചെയ്തു എന്ന് മകള്‍ ആരോപിക്കുമ്പോള്‍ പിതാവിനുണ്ടാകുന്ന മാനസിക ആഘാതവും വ്യഥയും സ്‌നേഹത്തിന്റെ വിലയറിയാത്ത കുട്ടികളുടെ അപഥസഞ്ചാരം മൂലം അവര്‍ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന മാതാപിതാക്കളുടെ വിതുമ്പലും നോവലിസ്റ്റ് വരച്ചിടുമ്പോള്‍ തെളിഞ്ഞു വരുന്നത് പ്രവാസജീവിതത്തിലെ വ്യസനിപ്പിക്കുന്ന വൈകൃതങ്ങളാണ്.

ആലീസും ജോണിക്കുട്ടിയും ദാമ്പത്യ ജീവിതം ആരംഭിച്ചത് പ്രവാസിയായതിനു ശേഷമല്ല. ഒന്‍പതാം വയസ്സില്‍ മനസ്സില്‍ കുരുത്ത സ്‌നേഹം. ഒന്‍പതാം വയസ്സുകാരിയുടെ പാവാട പൊക്കി എല്ലാം കണ്ടേ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ട് ഓടിപ്പോയ ജോണിക്കുട്ടിയോട് ആലീസിന് തോന്നിയ വികാരം വെറുപ്പായിരുന്നില്ല. എന്താണ് അവന്‍ കണ്ടത് 

എ ന്ന് പലവട്ടം ചോദിച്ചിട്ടും ഉത്തരം ലഭിക്കാതിരുന്ന ചോദ്യം അവളുടെ മനസ്സില്‍ മായാതെ കിടന്നു. വീട്ടിലെ പ്രാരബ്ദം ജോണിക്കുട്ടിയെ ഒരു പട്ടാളക്കാരനാക്കി. ഒരു നേഴ്‌സായിത്തീര്‍ന്ന ആലീസിനെ ജോണിക്കുട്ടി ഡെല്‍ഹിയില്‍ വെച്ച് വിവാഹം കഴിക്കുമ്പോള്‍ ആദ്യരാത്രി എവിടെ ചിലവഴിക്കും എന്നു പോലും ചിന്തിച്ചില്ല. 'ഓരോ മനുഷ്യനും അവന് വിധിക്കപ്പെട്ട പാതയിലൂടെയുള്ള യാത്രയില്‍ എവിടേയോ വിരി വയ്ക്കുന്നു.' കൂട്ടുകാരന്‍ ബാബുക്കുട്ടി അയാളുടെ കിടപ്പു മുറി ജോണിക്കുട്ടിക്കും ആലീസിനുമായി ഒഴിഞ്ഞു കൊടുത്തു. കഷ്ടപ്പാടും ദുരിതവുമായി അവര്‍ ജീവിതം തള്ളി നീക്കി. 

പ്രവാസ ജീവിതം ആരംഭിക്കുമ്പോള്‍ അവര്‍ക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ അവരുടെ സ്വപ്നം പൂവണിഞ്ഞില്ല. ജോണിക്കുട്ടി മരിക്കുമ്പോള്‍ ഏറെ കടം. ബന്ധുക്കള്‍ക്കു വേണ്ടി ജീവിക്കുകയും പത്തുപേരെ ഇക്കര കടത്തുകയും ചെയ്തപ്പോള്‍ കടത്തില്‍ മുങ്ങിപ്പോയ ജോണിക്കുട്ടിയോട് ആലീസിന് വെറുപ്പു തോന്നിയില്ല. ദുരന്തങ്ങളുടെ നടുവിലും സ്‌നേഹം മാത്രം. 'വിയോഗവ്യഥ സഹിക്കുന്ന സ്‌നേഹത്തിന്റെ ആഴം നമ്മേ ആകുലപ്പെടുത്തുന്നു, ഒരു സാന്ത്വനത്തിനും കെടുത്താനാവാത്ത വിയോഗവ്യഥയുടെ ആളിക്കത്തല്‍ ഈ നോവലിന് ഒരു ദുരന്തബോധത്തിന്റെ കാവ്യാത്മകമായ ആത്മശോഭ നിര്‍മ്മിക്കുന്നതു പോലെ തോന്നി'' (പെരുമ്പടവം ശ്രീധരന്‍).

പല പ്രവാസി കുടുംബങ്ങളുടേയും അഗാധമായി വേദനിപ്പിക്കുന്ന കഥകളുമായാണ് നോവല്‍ മുന്നോട്ട് പോകുന്നത്. പ്രവാസജീവിതത്തിന്റെ അകവും പുറവും തിങ്ങി നില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ സ്വാഭാവികമായ ആവിഷ്‌ക്കരണമായ ഈ നോവല്‍ വായിച്ചു പോകുമ്പോള്‍ എഴുത്തുകാരന്റെ സമൂഹത്തോടുള്ള കടപ്പാട് അനുവാചകര്‍ക്ക് ബോധ്യമാകുന്നു.

'രവിവര്‍മ്മച്ചിത്രങ്ങളിലെ നാണം തുളുമ്പുന്ന കണ്ണുകളുള്ള സുന്ദരിയേയും കാളിദാസന്റെ ശകുന്തളയേയും' അനുസ്മരിച്ചു കൊണ്ട് ഉത്തമ സ്ര്തീകളുടെ പെരുമാറ്റച്ചട്ടത്തില്‍ നിന്ന് ആധുനിക സ്ര്തീകള്‍ വഴുതിപ്പോകുന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സ്ര്തീത്വത്തിന്റെ മഹത്വവും സ്ര്തീശാക്തീകരണത്തിന്റെ അവശ്യകതയുംമനസ്സിലാക്കുന്ന നോവലിസ്ത് പുരുഷ മേധാവിത്വത്തെ ചോദ്യം ചെയ്തുകൊണ്ട് സമൂഹത്തില്‍ ഒരു ഉല്‍ബോധനത്തിന്റെ അനിവാര്യത ചൂണ്ടിക്കാണിക്കുന്നതു പോലെ തോന്നി.. 

സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയാത്ത എഴുത്തുകാരന്റെ സൃഷ്ടികള്‍ക്ക് അസ്തിത്വമുണ്ടാവുകയില്ല. മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യം കേവലമായ ദുഃഖനിവാരണമായിരിക്കെ, ദുഃഖത്തെ ഇല്ലാതാക്കാന്‍ എന്ത് ചെയ്യണമെന്ന് നോവല്‍ യുക്തിപൂര്‍വ്വം വിചാരം ചെയ്യുന്നുണ്ട്. അല്ലലില്ലാത്ത ജീവിതത്തേക്കാള്‍ കല്ലായിത്തീരാനാണ് ആഗ്രഹമെന്ന കവി വചനമുണ്ടെങ്കിലും ജീവിതത്തിലെ ഗതിവിഗതികളിലൂടെ സഞ്ചരിക്കുമ്പോള്‍ ആകസ്മികമായും അപ്രതീക്ഷിതിമായും ഉണ്ടാകുന്ന ദുഃഖങ്ങളെ ഉള്‍ക്കൊള്ളാനും ഏറ്റവും പ്രധാനപ്പെട്ടത് നഷ്ടമാകുമ്പോള്‍ അതിനെ പൂര്‍ണ്ണമായി ഉപേക്ഷിക്കാനുമുള്ള ആത്മജ്ഞാനത്തിന്റെ കരുത്തു നേടുന്നതിലൂടെ ശ്രേയസ്സുറ്റ ജീവിതസമാധാനം മമത്വബന്ധമില്ലാതെ വന്നു ചേരുമെന്ന് ഈ നോവല്‍ നമ്മേ യുക്തിപൂര്‍വ്വം അനുസന്ധാനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നുണ്ട്. പ്രതിപാദ്യത്തിലും ആവിഷ്‌ക്കരണത്തിന്റെ പുതുമയിലും 'പ്രവാസികളുടെ ഒന്നാം പുസ്തകം' എന്ന പേരിന് ഈ നോവല്‍ അര്‍ഹത നേടുന്നു. നോവലിസ്റ്റിന് അഭിനന്ദനങ്ങള്‍ 
പ്രവാസികളുടെ ഒന്നാം പുസ്തകം (പുസ്തക പരിചയം വാസുദേവ് പുളിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക