Image

കടുത്ത വെല്ലുവിളികളുമായി അമിത് ഷാക്ക് രണ്ടാം ഊഴം (ഡല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 30 January, 2016
കടുത്ത വെല്ലുവിളികളുമായി അമിത് ഷാക്ക് രണ്ടാം ഊഴം (ഡല്‍ഹികത്ത്: പി.വി.തോമസ്)
ശരിക്കും പറഞ്ഞാല്‍ ഇത് അമിത് ഷായുടെ ഒന്നാം ഊഴം തന്നെയാണ്. 2014 ല്‍ അദ്ദേഹം രാജ് നാഥ് സിംങ്ങ് കേന്ദ്രഗൃഹകാര്യ മന്ത്രിയായി സ്ഥാനം ഏറ്റെടുത്തപ്പോള്‍ ബി.ജെ.പി.യുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് അവരോഹിതനായതാണ്. അതുകൊണ്ട് ബി.ജെ.പി.യുടെ ഭരണഘടനപ്രകാരം അത് ഒരു ഊഴം അല്ല. ഇനി മൂന്ന് ഊഴത്തിന് അദ്ദേഹത്തിന് സമയവും ഉണ്ട്. ഒരു ഊഴം മൂന്ന് വര്‍ഷം ആണ്. അതായത് അമ്പത്തിയൊന്ന് വയസുക്കാരനായ ഷാക്ക് ലോകസഭ തെരഞ്ഞെടുപ്പ് വര്‍ഷമായ 2019-ന് ശേഷം വേണമെങ്കില്‍ 20015 വരെയും ബി.ജെ.പി. യുടെ അദ്ധ്യക്ഷനായി തുടരാം, മോഡിയുടെ പ്രഭാവം തുടര്‍ന്നാല്‍.

അമിത്ഷായെ ഐക്യകണ്‌ഠേനയാണ് ബി.ജെ.പി.യുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. മോഡി ആയിരുന്നു അദ്ദേഹത്തിന്റെ നാമനിര്‍ദേശകരില്‍ ഒന്നാമന്‍. സ്വഭാവികമായിട്ടും. ബി.ജെ.പി.യും മോഡിയും ഒരു നിര്‍ണ്ണായക ഘട്ടത്തിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുമ്പോഴാണ് ഷായുടെ ഈ തെരഞ്ഞെടുപ്പ്. ഗവണ്‍മെന്റിന് വാഗദാനങ്ങള്‍ പാലിക്കണം. പലതും പാലിച്ചിട്ടില്ല. പക്ഷേ, സമയം ഉണ്ട്. പാര്‍ട്ടിയില്‍ അച്ചടക്കലംഘനവും ഉയര്‍ന്നുവരുന്നു.
എന്താണ് ഗവണ്‍മെന്റിന്റെയും പാര്‍ട്ടിയുടെയും നയങ്ങള്‍. വികസനമോ തീവ്രഹിന്ദുത്വതയോ? ജനങ്ങള്‍ ചോദിച്ച് തുടങ്ങിയിരിക്കുന്നു. മോഡി വികസനത്തിനായും ഷാ മോഡിയുടെയും സംഘപരിവാറിന്റെയും സ്വകാര്യ അനുമതിയോടെ തീവ്രഹിന്ദുത്വ പദ്ധതിയുമായി ഇക്കുറി മുമ്പോട്ട് പോകുവാനും ആണോ പരിപാടി? അങ്ങനെ തന്നെയെന്നാണ് പരക്കെ അടക്കിയ സംസാരം. അത് ശരിയായിരിക്കുമോ?
സംഘപരിവാറില്‍ ഒരു വിഭാഗം വിശ്വസിക്കുന്നു ബി.ജെ.പിക്ക് ജനം കേവല ഭൂരിപക്ഷം നല്‍കി(543 ല്‍ 286 സീറ്റുകള്‍) അധികാരത്തില്‍ എത്തിച്ചത് അതിന്റെ കേന്ദ്ര ആശയങ്ങള്‍ പ്രാവര്‍ത്തികം ആക്കുവാന്‍ ആണ്. ഷായും ഹിന്ദുരാഷ്ട്രം എന്ന ആര്‍.എസ്.എസിന്റെ ആശയത്തില്‍ മോഡിയെപ്പോലെ അടിയുറച്ച് വിശ്വസിക്കുന്ന വ്യക്തിയാണ്. ഷാ രണ്ടാം വരവില്‍ ആ പാതയിലേക്ക് നീങ്ങുമോ? അതോ മോഡിയുടെ രക്ഷാകവചമായ സകലര്‍ക്കും സമ്പൂര്‍ണ്ണ വികസനം എന്ന പാതയിലൂടെ പാര്‍ട്ടിയെ നയിക്കുമോ? ഇതാണ് ഷായുടെ രണ്ടാം ഊഴത്തിലെ പ്രധാന ചോദ്യം. സത്വ രാഷ്ട്രീയത്തിലൂടെ ആയിരിക്കുമോ ഷാ 2019-ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുക? അങ്ങനെയെങ്കില്‍ അത് രാജ്യത്തിന് ശുഭകരമായ വാര്‍ത്ത അല്ല.

ഏതായാലും ഷായുടെ മുമ്പിലുള്ള ഇപ്പോഴത്തെ പ്രധാന വെല്ലുവിളി വരാന്‍ പോകുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകള്‍ ആണ്. അതായത് 2016 ഏപ്രില്‍- മെയ് മാസങ്ങളില്‍ നടക്കുവാന്‍ പോകുന്ന ബംഗാള്‍, ആസാം, തമിഴ്‌നാട്, കേരള, പുതുച്ചേരി തെരഞ്ഞെടുപ്പുകള്‍. ഇവിടെ ഷായ്ക്കുള്ള ആശ്വാസം ഒരു സംസ്ഥാനത്തിലും യൂണിയന്‍ ടെറിറ്ററിയിലും(പുതുച്ചേരി) ബി.ജെ.പി. ക്ക് കാര്യമായ അവകാശവാദം ഒന്നും ഇന്നലെ വരെ ഉണ്ടായിരുന്നില്ല എന്നതാണ്. അതുകൊണ്ട് എന്തെങ്കിലും നേടിയാല്‍ അത് അദ്ദേഹത്തിന്റെയും മോഡിയുടെയും തൊപ്പിയിലെ പുത്തന്‍ തൂവലുകള്‍ മാത്രം ആയിരിക്കും. ആസാം ആണ് ഒരു പക്ഷേ ഷാക്ക് അല്പം പ്രതീക്ഷക്ക് വകയുള്ളത്. അവിടെ അധികാരം പിടിച്ചാല്‍ അത് ഷാ-മോഡി കൂട്ടുകെട്ടിന് വലിയ ഒരു നേട്ടം ആയിരിക്കും. എങ്കില്‍ അത് ബി.ജെ.പി.യുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്കുള്ള പ്രവേശനം ആയിരിക്കും. പക്ഷേ, ബുദ്ധിമുട്ടാണ്. കോണ്‍ഗ്രസും തരുണ്‍ ഗൊഗോയിയും എത്ര ദുര്‍ബലം ആണെങ്കിലും ബി.ജെ.പി.ക്ക് ആസാം പിടിക്കുവാന്‍ അത്ര എളുപ്പം അല്ല. പക്ഷേ, പിടിച്ചാല്‍ അത് ഷാ-മോഡി കൂട്ടുകെട്ടിന്റെ വന്‍വിജയം ആയിരിക്കും. ബംഗാളിലും ഷാക്ക് ചില നേട്ടങ്ങല്‍ കൊയ്യുവാന്‍ കഴിഞ്ഞേക്കും. അധികാരം ഒന്നും തല്‍ക്കാലം വ്യാമോഹിക്കേണ്ടതില്ല. തമിഴ്‌നാട്ടില്‍ വലിയ നേട്ടങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും എന്തെങ്കിലും ലഭിച്ചാല്‍ അത് തന്നെ വലിയ കാര്യം ആണ്. ഇനി കേരളം. അവിടെയും നേട്ടത്തിനേ സാധ്യതയുള്ളൂ. കാരണം ഇപ്പോള്‍ നില വട്ടപൂജ്യം ആണ്. യു.പി.എ. ഇങ്ങനെ അഴിമതി ആരോപണങ്ങളില്‍ മുങ്ങിനില്‍ക്കുമ്പോള്‍ ബി.ജെ.പി.ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. ഒന്നോ രണ്ടോ സീറ്റിന് എന്നാണ് കണക്കുകൂട്ടല്‍. പക്ഷേ, അതും അത്ര എളുപ്പം അല്ല. അപ്പോള്‍ ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ഷാക്ക് നഷ്ടപ്പെടുവാന്‍ കാര്യമായിട്ട് ഒന്നും ഇല്ല. നേടുവാനേയുള്ളൂ. നേടുവാനായിട്ടുള്ള തന്ത്രങ്ങള്‍ മെനയുവാനുള്ള ആസൂത്രണ വൈദഗ്ദ്യം ഷാക്ക് ഉണ്ട് താനും.

അടുത്തവര്‍ഷം ആണ് ഷായുടെ പ്രാഗത്ഭ്യം ഏറ്റവും പരീക്ഷിക്കപ്പെടുവാന്‍ പോകുന്നത്. 2017-ല്‍ ഉത്തര്‍ പ്രദേശും, ഗുജറാത്തും ഉത്തര്‍ഖാണ്ഡും, ഹിമാചല്‍ പ്രദേശും, പഞ്ചാബും, ഗോവയും തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഇവിടെ ഷായുടെ സാമര്‍ത്ഥ്യം പരീക്ഷിക്കപ്പെടുക തന്നെ ചെയ്യപ്പെടും. ഗുജറാത്തിലും ഉത്തര്‍പ്രദേശിലും പഞ്ചാബിലും ഗോവയിലും ബി.ജെ.പി. ഭരണകക്ഷിയാണ്. അധികാരം നിലനിര്‍ത്തുവാന്‍ സാധിച്ചില്ലെങ്കില്‍ അത് ഷാക്ക് വലിയ ഒരു തിരിച്ചടി ആയിരിക്കും. പ്രത്യേകിച്ചും ഗുജറാത്തില്‍. മോഡിയുടെ അഭാവത്തില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഗുജറാത്തില്‍ ബി.ജെ.പി. തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. അത് മോഡിക്കും ഷായ്ക്കും വലിയ വെല്ലുവിളിതന്നെയാണ്. ഒപ്പം ഉത്തര്‍പ്രദേശും ഉണ്ട്. 2014 ല്‍ ബി.ജെ.പി.യെയും മോഡിയെയും അധികാരത്തിലെത്തിച്ച ഒരു സംസ്ഥാനം ആണ് ഉത്തര്‍പ്രദേശ്. ഷാ ആയിരുന്നു സംസ്ഥാനത്തിന്റെ ഉത്തരവാദി. 80-ല്‍ 72 ലോകസഭ സീറ്റുകളും ഷാ മോഡിക്കുവേണ്ടി നേടി. ഷായുടെ വിധി മാറ്റി എഴുതിയ ഒരു തെരഞ്ഞെടുപ്പായിരുന്നു 2014-ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്. ചരിത്രം ആവര്‍ത്തിക്കപ്പെടുമോ? ബുദ്ധിമുട്ടാണ്. കാരണം ദേശീയ തെരഞ്ഞെടുപ്പും സംസ്ഥാന തെരഞ്ഞെടുപ്പും രണ്ടും രണ്ടാണ്. വിഷയങ്ങള്‍ വ്യത്യസ്തമാണ്. വ്യക്തികളും, നേതൃത്വവും.
ഷാ ബി.ജെ.പി.യുടെ അദ്ധ്യക്ഷനായതിനുശേഷം ആറ് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നു. ഇതില്‍ ഒറ്റ സംസ്ഥാനത്തുപോലും ബി.ജെ.പി. അധികാരത്തില്‍ ആയിരുന്നില്ല. ഇത് മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ്, ജമ്മു-കാശ്മീര്‍, ഡല്‍ഹി, ബീഹാര്‍ ആണ്. ഇതില്‍ നാല് സംസ്ഥാനങ്ങളില്‍ ബി.ജെ.പി. അധികാരത്തില്‍ വന്നു. കാരണം 2014-ലെ മോഡി പ്രഭാവം ഉണ്ടായിരുന്നു. അതിന്റെ ഒരു കാരണക്കാരനും ഷാ ആയിരുന്നു. പക്ഷേ, ഒടുവില്‍ നടന്ന ഡല്‍ഹി-ബീഹാര്‍ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ഷായുടെ പദ്ധതി പാളി. ബി.ജെ.പി. അമ്പേ പരാജയപ്പെട്ടു. പക്ഷേ, ഇവിടെയും ബി.ജെ.പി. അധികാരത്തില്‍ ആയിരുന്നില്ല. ബീഹാറില്‍ ഒരിക്കലും അധികാരത്തില്‍ ആയിരുന്നില്ല. അങ്ങനെയും ആശ്വസിക്കാം മോഡി-ഷാ പ്രഭാവത്തിന്.
2014-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ഷാ മോഡിയുടെ മനസാക്ഷിയുടെ സൂക്ഷിപ്പുകാരന്‍ ആയിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന്റെ സൂത്രധാരനും ആയിരുന്നു. സംശയമില്ല. 2016-ലെയും തുടര്‍ന്നുമുള്ള നിര്‍ണ്ണായക നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഷാക്ക് ഇത് ആവര്‍ത്തിക്കുവാന്‍ സാധിക്കുമോ? 2019-ല്‍ വീണ്ടും ഒരു ലോകസഭ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് മോഡിയെയും ബി.ജെ.പി.യെയും നയിക്കുവാന്‍ ഷാക്ക് കഴിയുമോ? കടുത്ത വെല്ലുവിളി തന്നെയാണ് ഷാക്ക് ഇത് ഉരുത്തിരിഞ്ഞ് വരുന്ന രാഷ്ട്രീയ സാഹചര്യത്തില്‍. ഡല്‍ഹി ബീഹാര്‍ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് ശേഷം തലയുയര്‍ത്തിയ അദ്വാനി- ജോഷി ശക്തികള്‍ വീണ്ടും ഷായെയും മോഡിയെയും വെറുതെ വിടുകയില്ല ഫലം പരാജയം ആണെങ്കില്‍.

നാല് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളും അതിനുമുമ്പുള്ള ലോകസഭ തെരഞ്ഞെടുപ്പ് വിജയവും മാത്രമല്ല-ലോകസഭ തെരഞ്ഞെടുപ്പ് വിജയം മോഡി പ്രഭാവത്തിന്റെ വിജയം ആണെന്ന് പറയാം- ഷായുടെ കണക്ക് പുസ്തകത്തിലെ വിജയ ഗാഥകള്‍. അദ്ദേഹം ബി.ജെ.പി.യെ ലോകത്തില്‍ ഏറ്റവും അംഗസംഖ്യയുള്ള രാഷ്ട്രീയപാര്‍ട്ടിയായി മാറ്റി ഓണ്‍ലൈന്‍ അംഗത്വ പേപ്പറിലൂടെ. ഇതോടെ ബി.ജെ.പി.യുടെ അംഗ സംഖ്യ ഇപ്പോള്‍ 2,47 ലക്ഷത്തില്‍ നിന്നും 11.08 കോടിയായി മാറി. ഇതില്‍ വളരെയേറെ അംഗങ്ങള്‍ വ്യാജം ആണെന്നും ആരോപണം ഉണ്ട്.

ഷാ അദ്ദേഹത്തിന്റെ ആദ്യ കാലയളവില്‍ ഒട്ടേറെ കാര്യങ്ങള്‍ പാര്‍ട്ടിയുടെ നവീകരണത്തിനും നവോത്ഥാനത്തിനും ആയി ആസൂത്രണം ചെയ്തിരുന്നു. പക്ഷേ, കാര്യമായിട്ടൊന്നും നടപ്പിലായില്ല. ഉദാഹരണമായി ഓരോ ജില്ലയിലും പാര്‍ട്ടിക്ക് സ്വന്തമായി ഓഫീസ്. നടന്നില്ല. പാര്‍ട്ടി ഓഫീസുകളുടെ ആധുനികവല്‍ക്കരണം. നടന്നില്ല. പാര്‍ട്ടിക്ക് ദളിത്-ഒ.ബി.സി. പിന്തുണ വര്‍ദ്ധിപ്പിക്കുവാനുള്ള പദ്ധതി. നടന്നില്ല. ബീഹാര്‍ തെരഞ്ഞെടുപ്പ് പരാജയം ഇതിന് ഉദാഹരണം ആണ്. ഹൈദ്രാബാദിലെ ദളിത് ഗവേഷണ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയും രോഹിത് വെമുല ദളിത് അല്ലെന്ന് വരുത്തി തീര്‍ക്കുവാനുള്ള തത്രപ്പാടും വീണ്ടും ബി.ജെ.പി.ക്ക് ദളിത് വിരുദ്ധ മുദ്ര നല്‍കി. ഷാക്ക് ഇതിനെയൊന്നും തടയുവാന്‍ ആയില്ല. ഷായുടെ ഇപ്പോഴത്തെ പാര്‍ട്ടി ഭരണഘടനയില്‍ ഒറ്റ ദളിത് പോലും ഇല്ല. അദ്ദേഹം പുതിയ സംഘടന പടുത്തുയര്‍ത്തുന്ന ശ്രമത്തിലാണ്. അതും വലിയ ഒരു വെല്ലുവിളി തന്നെയാണ്. പാര്‍ട്ടിക്കുള്ളിലെ അച്ചടക്കരാഹിത്യം ഷായുടെ മറ്റൊരു പ്രതിസന്ധിയാണ്. കീര്‍ത്തി ആസാദും ശത്രുഘ്‌നന്‍ സിന്‍ഹയും ഷായുടെ പരീക്ഷണശാലകള്‍ ആണ്. വായില്‍ വരുന്നതൊക്കെ വിളിച്ച് പറയുന്ന യോഗി ആദിത്യനാഥും സാക്ഷി മഹാരാജും അങ്ങനെ ഒട്ടേറെ പേരും ഷായുടെ ക്ഷമയെ പരീക്ഷിക്കും. അദ്ദേഹം തന്നെ ഓരോരോ വിടുവായ്ത്തരങ്ങളില്‍ പറയുന്നതില്‍ പിന്നോക്കവും അല്ല. ഷായാണ് പറഞ്ഞത് 'അച്ചേദിന്‍'(നല്ല ദിവസം) ഒറ്റയടിക്ക് വരുകയില്ല. അതിന് 25 വര്‍ഷം എങ്കിലും എടുക്കുമെന്ന്. അത് വലിയ വിവാദം ഉളവാക്കിയതാണ്. കാരണം 'അച്ചേദിന്‍' വരുമെന്നത് മോഡിയുടെ വന്‍വാഗ്ദാനങ്ങളില്‍ ഒന്നാണ്. സാക്ഷി മഹാരാജിന്റെയും യോഗി ആദിത്യനാഥിന്റെയും മറ്റും അതിരുവിട്ട അസഹിഷ്ണുതയുടെ ജല്പനങ്ങള്‍ പരിവാറിന്റെ ആസൂത്രിത അരാജകത്വത്തിന്റെ ഭാഗം ആണോ? അത് ഷാക്ക് നല്ലതുപോലെ അറിയാം. അദ്വാനിയും ജോഷിയും ബി.ജെ.പി.യിലെ ക്ഷുഭിത വാര്‍ദ്ധക്യങ്ങള്‍ ആണ്. അവരും യശ്വന്ത് സിന്‍ഹയെ പോലെ ഷാക്ക് തലവേദനയായിരിക്കും.

ഷാക്ക് ഗുജറാത്തില്‍ ഭീകരമായ ഒരു ക്രിമിനല്‍ പശ്ചാത്തലം ഉണ്ട്. അദ്ദേഹം ഒരു വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതി ആയിരുന്നു. കോടതി അദ്ദേഹത്തിനെതിരെ കുറ്റപത്രം ചുമത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഗുജറാത്തിലെ മോഡി സര്‍ക്കാരില്‍ നിന്നും(ഉപഗൃഹമന്ത്രി) രാജി വയ്‌ക്കേണ്ടിവന്നതാണ്. അദ്ദേഹം ഇതെതുടര്‍ന്ന് ജയില്‍ വാസവും അനുഭവിച്ചതാണ്(2010). അവസാനം മോഡി പ്രധാനമന്ത്രി ആയതിനുശേഷം സി.ബി.ഐ.യും സുപ്രീം കോടതിയും അദ്ദേഹത്തിന് ശുദ്ധിപത്രം നല്‍കുകയും കുറ്റവിമുക്തന്‍ ആക്കുകയും ചെയ്തു. സുപ്രീം കോടതിയിലെ മുഖ്യന്യായപാലകന്‍ ജസ്റ്റീസ് സദാശിവം ഈ വിധിക്കുശേഷം അടിത്തൂണ്‍ പറ്റുകയും പിന്നീട് കേരള ഗവര്‍ണ്ണര്‍ ആയി നിയമിതനാവുകയും ചെയ്തു. 

ഇവിടെ ഷായുടെ മുമ്പിലുള്ള പ്രധാനചോദ്യം അദ്ദേഹം ബി.ജെ.പി.യെ ഒരു നവ ഭാരത രാഷ്ട്രീയ സംസ്‌ക്കാരത്തിന്റെ പ്രതീകമായി വളര്‍ത്തുവാന്‍ ശ്രമിക്കുമോ അതോ സാംസ്‌ക്കാരിക ദേശീയതയുടെ പേരില്‍ അസഹിഷ്ണുതയുടെയും മതസ്പര്‍ദ്ധതയുടെയും ആയുധപ്പുരയാക്കി മാറ്റുവാന്‍ ആഗ്രഹിക്കുമോ എന്നതാണ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍. എങ്കില്‍ ഗതിയും വിധിയും വീണ്ടും സരയൂ നദിക്കരയിലേക്ക്(അയോദ്ധ്യ) പോകും. അദ്ദേഹം തന്നെ പല തവണ ആവര്‍ത്തിച്ച് ആണയിട്ട് പ്രഖ്യാപിച്ചിട്ടുള്ള ഹിന്ദുരാഷ്ട്ര സ്വപ്‌നസാക്ഷാത്ക്കാരമായിരിക്കുമോ ഈ രണ്ടാം വരവിന്റെ കാതലായ സന്ദേശം? അറിയില്ല. അതോ സര്‍വ്വരുടെയും പുരോഗതിയും മതസൗഹാര്‍ദ്ദവും ഒത്തൊരുമയും ഇന്‍ഡ്യ എന്ന ആശയത്തിന്റെ സാക്ഷാത്ക്കാരവും? അതും അറിയില്ല എനിക്ക്.

കടുത്ത വെല്ലുവിളികളുമായി അമിത് ഷാക്ക് രണ്ടാം ഊഴം (ഡല്‍ഹികത്ത്: പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക