Image

കലിയുഗവരദന്റെ തിരുസന്നിധിയില്‍ പടിപൂജ

Published on 17 January, 2016
കലിയുഗവരദന്റെ തിരുസന്നിധിയില്‍ പടിപൂജ
കലിയുഗവരദന്റെ തിരുസന്നിധിയില്‍ പടിപൂജ. ശ്രീ കോവിലില്‍ ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് പടിപൂജ നടന്നത്. ശബരിമല മേല്‍ശാന്തി എസ്.ഇ ശങ്കരന്‍ നമ്പൂതിരി സഹകാര്‍മ്മികത്വം വഹിച്ചു. പതിനെട്ട് പടിയിലും ഓരോ ദേവതകള്‍ കുടികൊള്ളുന്നുവെന്നാണ് സങ്കല്പം. ഓരോ പടിയിലേയും ദേവതാ സങ്കല്പം ചൊല്ലിയാണ് പടിപൂജ നടന്നത്. പൂജയുടെ സ്‌നാന ഘട്ടത്തില്‍ ഒറ്റക്കലശമാടി തന്ത്രി നിവേദ്യം സമ്മര്‍പ്പിച്ചു.തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും പരികര്‍മ്മികളും ശ്രീകോവിലിലെത്തി ഭഗവാന് നിവേദ്യം അര്‍പ്പിച്ചതോടെ പടിപൂജ ചടങ്ങുകള്‍ പൂര്‍ത്തിയായി. ഈ മാസം 19 വരെ എല്ലാദിവസവും ദീപാരാധനയ്ക്ക് ശേഷം പടിപൂജ നടക്കും.

മകരവിളക്ക് മഹോത്സവം: നന്ദി അറിയിച്ചു

മകരവിളക്ക് ക്രമീകരണങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിനായി പങ്കുവഹിച്ച എല്ലാ വകുപ്പുകളെയും,മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നന്ദി അറിയിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായതിനു ശേഷം ആദ്യ യാത്രയില്‍ തന്നെ ഭക്തരില്‍ നിന്നും കേട്ട അഭിപ്രായങ്ങളാണ് കാല്‍നടയായി ശബരിമലയിലെ പ്രധാനപാതകളെല്ലാം സന്ദര്‍ശിക്കാനും അവിടുത്തെ പോരായ്മകള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാനും പ്രചോദനമായതെന്ന് പ്രസിഡന്റ്് പറഞ്ഞു. കാനനപാത,പുല്ലുമേട്, കുന്നാര്‍ ചെക്ക്ഡാം എന്നിവ സന്ദര്‍ശിച്ച് അവിടുത്തെ പ്രശ്‌നങ്ങള്‍ വിലയിരുത്തി.

ഈ പ്രദേശങ്ങളില്‍ ഭക്തര്‍ക്കായി കുടിവെള്ളം,വെളിച്ചം, ഓക്‌സിജന്‍ പാര്‍ലറുകള്‍,ചുക്കുവെള്ളം, എന്നിവയുടെ സൗകര്യങ്ങളൊരുക്കി. ശബരിമലയിലേക്കുള്ള മുഴുവന്‍ വെള്ളവും വിതരണം ചെയ്യുന്ന കുന്നാര്‍ ഡാമിന്റെ സംഭരണശേഷി ഉയര്‍ത്തുന്നതിനായി ജനുവരി പതിനെട്ടിന് ശബരിമലയിലെത്തുന്ന കുന്നാര്‍ ഡാം സുരക്ഷാ കമ്മറ്റിയുമായി ചര്‍ച്ച നടത്തും.
ഡാം രണ്ടര മീറ്റര്‍ നീളവും ഒരു മീറ്റര്‍ ഉയരവും വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ പമ്പയിലേക്കുള്ള വെള്ളവും കൊടുക്കുന്നതിന് സാധിക്കുമെന്ന് അതിനായി ശ്രമം നടത്തുമെന്നും പ്രയാര്‍ പറഞ്ഞു.സത്രത്തില്‍ ആളുകള്‍ക്ക് വിശ്രമിക്കുന്നതിനായി അവിടെ നിലവിലുള്ള പഴയകെട്ടിടം വാസ്തു വിദ്യ അനുസരിച്ച് നിര്‍മ്മിക്കും. 

ഓണ്‍ ലൈനായി ശബരിമലയില്‍ പ്രസാദങ്ങള്‍ ബുക്കു ചെയ്യുന്നതിനും ഭക്തര്‍ക്ക് ആവശ്യമുള്ള സമയങ്ങളില്‍ അത് വാങ്ങുന്നതിനുമുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ഉടനെ ആരംഭിക്കുമെന്നും ഭക്തര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ദേവസ്വം ബോര്‍ഡ് ഒറ്റക്കെട്ടായി തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും പ്രസിഡണ്ട് പറഞ്ഞു.മകരവിളക്ക് ക്രമീകരണങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ പങ്കുവഹിച്ച എല്ലാ വകുപ്പുകളെയും പ്രസിഡണ്ട് അനുമോദിച്ചു.
ശബരിമല മണ്ഡല മകരവിളക്ക് വിജയകരമാക്കി തീര്‍ക്കുന്നതിന് സഹായിച്ച വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, ദേവസ്വം ജീവനക്കാര്‍,താല്‍ക്കാലിക ജീവനക്കാര്‍ സന്നദ്ധസംഘടനകള്‍,ശുചീകരണ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി എക്‌സികൃൂട്ടീവ് ഓഫീസര്‍ ബി.എല്‍ രേണുഗോപാലും നന്ദി അറിയിച്ചു.


ശുചീകരണ പ്രവര്‍ത്തനങ്ങള്‍ഏകോപിപ്പിക്കുന്നതിനായി ജനുവരി 18 ന് പമ്പയില്‍യോഗം ചേരും

അടുത്ത വര്‍ഷത്തെ മണ്ഡല മകരവിളക്കിന് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി യോഗം ചേരും. ഈ മാസം പതിനെട്ടിന് പമ്പയില്‍ ചേരുന്ന യോഗത്തില്‍ ഇത് വരെ ശുചീകരണത്തിനായി രംഗത്തുണ്ടായിരുന്ന എല്ലാ സംഘടനകളെയും പങ്കെടുപ്പിക്കും. ശുചീകരണത്തിനായി വിവിധ സംഘടനകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പ്രസിഡന്റ്് സന്തോഷം പങ്കുവെച്ചു. മകരവിളക്കിനു ശേഷം അവശേഷിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് സംഘടനകളുമായി ചര്‍ച്ച ചെയ്ത് തിയതി തീരുമാനിക്കും .
ജില്ലാഭരണകൂടം നേതൃത്വപരമായ ഉത്തരവാദിത്വം ഏറ്റെടുത്ത് ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ദേവസ്വം സഹകരണം തേടിയിട്ടുണ്ട്. സമീപ ജില്ലകളിലെ ജില്ലാ അധികാരികളുമായി ബന്ധപ്പെട്ട് സഹകരണം ഉറപ്പാക്കും. ജില്ലാ കളക്ടറുടെ നേത്വത്വത്തില്‍ വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഉറപ്പാക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

തിരുവാഭരണ ഘോഷയാത്ര അനുഭവം അനിര്‍വ്വചനീയം: പ്രയാര്‍ ഗോപാലകൃഷ്ണന്‍

ദേവചൈത്യം ശ്രീകൃഷ്ണപരുന്തായി പന്തളം പുത്തന്‍മേട തിരുമുറ്റത്തിന് മുകളില്‍ അനുഗ്രഹം ചൊരിയാന്‍ സാന്നിദ്ധ്യമറിയിച്ച പുണ്യ നിമിഷത്തില്‍ അയ്യപ്പസ്വാമിമാരുടെ ശരണംവിളികള്‍ വാനോളം എത്തി. ശങ്കരസുതനെ അണിയിക്കുവാനുള്ള തിരുവാഭരണ പേടകം തലയിലേറ്റാന്‍ പാരമ്പര്യാവകാശികള്‍ ശിരസ്സുമായി പേടകത്തിന് മുന്നിലേക്ക്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ ഇത്തവണ ഞാനും തിരുവാഭരണ ഘോഷയാത്രയെ പാരമ്പര്യ പാതയിലുടനീളം അനുഗമിക്കാന്‍ മനസ്സാ തയ്യാറായി നില്‍പ്പുണ്ടായിരുന്നു. പന്തളം ക്ഷേത്രം മുതല്‍ സന്നിധാനം വരെ 68 കിലോമീറ്റര്‍ പരമ്പരാഗത പാതയിലൂടെ കാല്‍നടയായി ഒപ്പം ചേര്‍ന്ന് ഭക്തിയുടെ പ്രഹര്‍ഷത്തില്‍ അലിയാന്‍ ഞാന്‍ ഭഗവാനോട് നേരത്തെ അനുമതി തേടി അനുഗ്രഹം വാങ്ങിയിരുന്നു. തിരുവാഭരണപാത ശ്രമപൂജ എന്ന പേരില്‍ സഞ്ചാരയോഗ്യമാക്കുന്നതിന് തിരുവിതാംകൂര്‍ ദേവസവം ബോര്‍ഡ് തീരുമാനിച്ചപ്പോള്‍ ഭക്തജനസംഘങ്ങളുടെയും ക്ഷേത്രസേവാസമിതികളുടെയും ഒത്തൊരുമ ഇത്തവണ പ്രശംസനീയമായിരുന്നു. പരമ്പരാഗത തിരുവാഭരണ പാതയെ ഇനിമുതല്‍ വിശുദ്ധ തിരുവാഭരണ താര എന്ന് പുന:ര്‍നാമകരണം ചെയ്യുന്നതിനുള്ള തീരുമാനവും ബോര്‍ഡിന്റെ സജീവ പരിഗണനയിലാണ്. പേരിലെ പൊരുളില്‍ ഭക്തിയുണ്ടെന്ന് നിരവധിപേര്‍ ഇതിനകം അറിയിച്ചിട്ടുണ്ട്.

ഒന്നാം ദിവസം കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി അനുഗ്രഹം വാങ്ങി ദേശപ്രയാണത്തിനിറങ്ങിയ തിരുവാഭരണ ഘോഷയാത്രയ്ക്ക് മുന്‍വര്‍ഷങ്ങളിലില്ലാത്തവിധം ദേശവാസികള്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ആചാരവിശുദ്ധിയോടെ അടിവച്ച് നീങ്ങുന്ന പേടക വാഹക സംഘം ഇത്തവണ പാതയില്‍ മിക്കയിടത്തും നിറച്ചാര്‍ത്തുള്ള മലരുകളില്‍ നഗ്നപാദമുറപ്പിച്ചാണ് മറികടന്നത്. പകലവന്‍ വിതറുന്ന കതിരിന്റെ ഛായയിലൂടെ കടന്നുപോയ തിരുവാഭരണ ഘോഷയാത്രയെ നിറപറയും നിറതിരിയും സുഗന്ധപൂരിതമായ ധൂമവും വായ്ക്കുരവകളും വലിയ വായിലെ ശരണംവിളികളും വലയംപ്രാപിച്ചു. യാത്രയ്ക്ക് ചിലയിടങ്ങളില്‍ ശരവേഗമായി. ഉച്ചത്തിലുള്ള അയ്യപ്പനാമജപം മാമലകള്‍ മാറോട് ചേര്‍ത്തു. ചില മലമടക്കുകള്‍ അലയൊലികള്‍ തീര്‍ത്ത് അയ്യപ്പമന്ത്രത്തോട് പ്രതികരിച്ചു. പൂഴിമണ്ണും ചെളിക്കെട്ടും പാറക്കുട്ടവും നഗ്നപാദസംഘം പിന്നിട്ടു. ദിശ തെറ്റാതെ സജീവസാന്നിദ്ധ്യമായി ശ്രീകൃഷ്ണപ്പരുന്ത് മുന്നിലും പിന്നീട് പലതവണ പിന്നിലുമായി അനുഗമിക്കുന്നുണ്ടായിരുന്നു. അയിരൂരിലെ താവളത്തിലെത്തിയപ്പോള്‍ പകുതി രാത്രി പിന്നിട്ടിരുന്നു.

രണ്ടാം ദിവസം പുലര്‍ച്ചെ 2.30 ന് ഐരൂരില്‍ നിന്ന് പുറപ്പെട്ട് ഇടപ്പാവൂര്‍, ഇടക്കുളം, റാന്നി, വടശ്ശേരിക്കര, പ്രയാര്‍ക്ഷേത്രം, പൂവത്തുംമൂട്, പെരിനാട്, തോട്ടം വഴി ളാഹ വനംവകുപ്പ് വിശ്രമകേന്ദ്രത്തിലെത്തി രാത്രിവിശ്രമം. പ്രവാസികളുടെ ഭക്തിനിര്‍ഭരമായ വരവേല്‍പ്പ്. കുത്തനെ കൊല്ലംമൂഴിയില്‍ ഇറങ്ങാന്‍പെട്ടപാട് ചില്ലറയല്ല. കൊടുംകാട് കടന്ന് പൂങ്കാവനത്തിന്റെ പുണ്യം നുകര്‍ന്ന് നടപ്പ്. ശരണമന്ത്രങ്ങള്‍ക്ക് ഇവിടെ സാക്ഷിയായി ജീവജാലങ്ങളും വന്യമൃഗങ്ങളും മാത്രം. ഒലിമ്പുഴയിലെത്തി പ്രയാര്‍സ്വാമിമാരെ എന്ന് ഉച്ചത്തില്‍വിളിച്ച് വൃദ്ധയായ മാളികപ്പുറം പൂമാലയുമായി ഓടിവന്ന് എന്റെ കഴുത്തിലണിഞ്ഞു. വാരിപ്പുണര്‍ന്ന് മുത്തം നല്‍കി. നെറുകയില്‍ നുകര്‍ന്ന് ഞാനും നിന്നു.

 മിഴികള്‍ ഈറനണിഞ്ഞ നിമിഷങ്ങള്‍ ഈ ഘോഷയാത്രയില്‍ ഇതുപോലെ അനവധിയുണ്ടായി. ആകാശത്ത് പറക്കുന്ന അയ്യപ്പസാന്നിധ്യം ഇതിന്റെ മൂകസാക്ഷിയായി. പരമ്പരാഗത പാത പിന്നിട്ട് നീലിമലയുടെ മറുവശത്ത് കൂടി മുകളിലേക്ക്. ഒരാള്‍ക്ക് നടക്കാന്‍ മാത്രം ഇടമുള്ള ഇടുങ്ങിയ പാത. തലച്ചുമടുമായി വന്ന സ്വാമിമാരെ മുന്നിലേക്ക് വലിച്ചും പിന്നില്‍ നിന്ന് തള്ളിയും മറുകര കയറ്റി. കുത്തനെയുള്ള കയറ്റത്തില്‍ കിതക്കാത്തവരായി ആരും ഉണ്ടായിരുന്നില്ല. ശരണംവിളികളുടെ ആരവങ്ങള്‍ വാനത്തില്‍ നിന്നുപോലും ഉയര്‍ന്നു. തലഉയര്‍ത്തി നോക്കിയപ്പോള്‍ സ്വാമിമാര്‍ മരക്കൊമ്പുകളിലും മലഞ്ചരിവുകളിലും വരെ കയറിക്കൂടിയിരിക്കുകയാണ്. അപ്പോള്‍ ശ്രീകൃഷ്ണപ്പരുന്ത് പേടക വാഹക സംഘത്തെ വട്ടമിട്ട് മൂന്ന് തവണ പറന്ന് യാത്രചോദിച്ച് പറന്നകന്നു. തീവെട്ടിയും താളവാദ്യഘോഷങ്ങളുമായി ശരംകുത്തിയില്‍ ആചാരപരമായ സ്വീകരണം. മിന്നല്‍വേഗത്തില്‍ തിരുനടയില്‍. തിരുവാഭരണം ചാര്‍ത്തി ദീപാരാധന. പിന്നീട് മകരജേ്യാതി പുണ്യദര്‍ശനം.

തിരുവാഭരണഘോഷയാത്രയെ പന്തളത്തുനിന്ന് കാല്‍നടയായി അനുഗമിച്ച ഞാന്‍ ചോദിച്ചറിഞ്ഞതും പലരില്‍ നിന്നും മനസ്സിലാക്കിയതുമായ നിര്‍ദ്ദേശങ്ങള്‍ ഏകോപിപ്പിച്ച് പരിഹാരം നിര്‍ദ്ദേശങ്ങള്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മുന്നില്‍ വയ്ക്കുകയാണ്. ശബരിമല ശാസ്താവ് എന്നത് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ മാത്രം ആരാധ്യ ദേവനല്ല. മറിച്ച് മറ്റ് ജനവിഭാഗങ്ങളെയും അയ്യപ്പന്റെ ആചാര അനുഷ്ഠാനങ്ങളും ദൈവികതയും സ്വാധീനിച്ചിട്ടുണ്ട്. വര്‍ണ്ണ, വര്‍ഗ്ഗ, ദേശ, മത വ്യത്യാസമില്ലാതെ തിരുവാഭരണ ഘോഷയാത്രയ്ക്ക് ദേശവാസികള്‍ നല്‍കിയ വരവേല്‍പ്പിലൂടെ ഇക്കാര്യം സുവ്യക്തമാണ്. മണ്ഡല-മകരവിളക്ക് കാലത്ത് പരമ്പരാഗത തീര്‍ത്ഥാടന പാതയില്‍ വിരി സൗകര്യവും മെഡിക്കല്‍ ക്യാമ്പുകളും അനവധിയായി തുറക്കണം. പാതയിലെ പാലം പണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണം. പ്രധാന വിശ്രമകേന്ദ്രങ്ങളില്‍ കൂടുതല്‍ അന്നദാനപ്രസാദ കൗണ്ടറുകള്‍ തുറക്കണം. പാതയുടെ ചിലയിടങ്ങളിലെ പോരായ്മകള്‍ നികത്തി പൂര്‍ണതോതില്‍ സഞ്ചാരയോഗ്യമാക്കണം. പരമ്പരാഗത പാതയുടെ വിശുദ്ധിയും പരിപാവനതയും നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് നടപടി പ്രതീക്ഷിക്കുകയാണ് അയ്യപ്പഭക്തര്‍.

മകരവിളക്ക് അയ്യപ്പഭക്തര്‍ക്ക് മികച്ച സൗകര്യമൊരുക്കി കെ.എസ്.ആര്‍.ടി.സി

മകരവിളക്ക് ദര്‍ശനത്തിനായി അയ്യപ്പസന്നിധിയില്‍ എത്തിയ ലക്ഷക്കണക്കിന് ഭക്തര്‍ക്ക് ആശ്വാസമായി കെ.എസ്.ആര്‍.ടി.സിയുടെ സര്‍വ്വീസുകള്‍. ആയിരത്തിലധികം ബസ്സുകളാണ് മകരവിളക്ക് ദര്‍ശിച്ച് വിവിധ ഭാഗങ്ങളിലേക്ക് പോകുന്നതിനായി ഒരുക്കിയത്. 350 ബസ്സുകളാണ് പമ്പ -നിലയ്ക്കല്‍, പമ്പാ-പ്ലാപ്പള്ളി ചെയിന്‍ സര്‍വ്വീസ് നടത്തിയത്. ഏഴുന്നൂറോളം ബസ്സുകള്‍ പമ്പയില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും സര്‍വ്വീസ് നടത്തി. ചെന്നൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, തെങ്കാശി,പളനി, തേനി എന്നിവിടങ്ങളിലേക്കും സര്‍വ്വീസ് നടത്തി. മകരവിളക്ക് ദര്‍ശനത്തിനു ശേഷം വൈകീട്ട് ഏഴ് മുതല്‍ ആദ്യ രണ്ടു മണിക്കൂര്‍ കഴിഞ്ഞേ മറ്റു സ്വകാര്യ വാഹനങ്ങളെ കടത്തി വിട്ടുള്ളൂ. ബസ്സിനെ ആശ്രയിച്ച് എത്തിയ ഭക്തജനങ്ങള്‍ക്ക് നാട്ടിലേക്ക് വേഗം എത്തുന്നതിനായി ഇത് മൂലം കഴിഞ്ഞു.


ശബരിമല വരുമാനത്തില്‍ 5.66 കോടി രൂപയുടെ കുറവ്

ശബരിമലയിലെ മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള ആകെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് കോടി അറുപത്തിആറ് ലക്ഷത്തി അന്‍പത്തിനാലായിരത്തി അറുന്നൂറ്റി എണ്‍പത്തി ഒന്‍പത് രൂപയുടെ കുറവ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 208,51,04,189 രൂപയാണ് വരുമാനമായി ലഭിച്ചത്. ഈ വര്‍ഷത്തിലെ വരുമാനം 202,84,49,500 രൂപയാണ് ലഭിച്ചത്.

ഹ്യദയാഘാതം ഭക്തന്‍ മരിച്ചു

ശബരിമല ദര്‍ശനത്തിനെത്തിയ മധുര വില്ലപുരം ആവണിയാപുരം ഹൗസിംങ് ബോര്‍ഡ് കോളനിയില്‍ ഡോര്‍ നമ്പര്‍ 3101 ല്‍ താമസിക്കുന്ന നാഗസ്വാമിയുടെ മകന്‍ ശിവജനം(40) ഹ്യദയാഘാതം മൂലം മരണപ്പെട്ടു. മലകയറുന്നിടയില്‍ അപ്പാച്ചിമേടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അപ്പാച്ചിമേട് കാര്‍ഡിയാക് സെന്ററില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തനിയെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തന്റെ മ്യതദേഹം അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരുടെ ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടു പോയി. 
കലിയുഗവരദന്റെ തിരുസന്നിധിയില്‍ പടിപൂജകലിയുഗവരദന്റെ തിരുസന്നിധിയില്‍ പടിപൂജകലിയുഗവരദന്റെ തിരുസന്നിധിയില്‍ പടിപൂജകലിയുഗവരദന്റെ തിരുസന്നിധിയില്‍ പടിപൂജകലിയുഗവരദന്റെ തിരുസന്നിധിയില്‍ പടിപൂജകലിയുഗവരദന്റെ തിരുസന്നിധിയില്‍ പടിപൂജ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക