Image

മരണത്തിനു എന്ത് ജാതി? (അനില്‍ പെണ്ണുക്കര)

Published on 29 November, 2015
മരണത്തിനു എന്ത് ജാതി? (അനില്‍ പെണ്ണുക്കര)
മരണത്തിനു എന്ത് ജാതി?. ആരെങ്കിലും അത് സമ്മതിക്കുമോ എന്നറിയില്ല. എന്നാല്‍ മരണത്തിനു ജാതി ഉണ്ടെന്നാണ് നമ്മുടെ വെള്ളാപ്പള്ളി പറയുന്നത്. എങ്ങുനിന്നോ വന്ന രണ്ടു സഹോദരരെ രക്ഷിക്കാന്‍ ഇറങ്ങിയ ഒരു ചെറുപ്പക്കാരനും അവരോടൊപ്പം മരണത്തെ സ്വീകരിച്ച യുവാവിന്റെ കുടുംബത്തിനു സര്‍ക്കാര്‍ സഹായം നല്കിയത് അയാള്‍ മുസ്ലിം ആയതുകൊണ്ടാണെന്നാണ് നടേശഗുരു വച്ചു കാച്ചിയത്. 

താന്‍ ഉണ്ടാക്കാന്‍ പോകുന്ന പാര്‍ട്ടി ഒരു മതേതര പാര്‍ട്ടി ആണെന്ന് പറയുന്നുണ്ടെങ്കിലും എന്താണ് വരാന്‍ പോകുന്നതെന്ന് പല വാക്കുകളില്‍ നിന്നും നമുക്ക് ഓരോ ദിവസവും മനസിലാക്കിത്തരുന്നു നടേശഗുരു. ജാതിയോ മതമോ നോക്കാതെ ഓടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനായി ഇറങ്ങി മരണപ്പെട്ട കോഴിക്കോട് സ്വദേശി നൗഷാദിന്റെ മരണത്തെയാണ് വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയവല്‍ക്കരിച്ചത്

വെള്ളാപ്പള്ളി പറഞ്ഞത് ഇങ്ങനെ 'കഴിഞ്ഞ ദിവസം എടപ്പാളിനും പൊന്നാനിക്കുമിടയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച കൊച്ചി സ്വദേശികളും ഹാന്‍ഡ്‌ബോള്‍ താരങ്ങളുമായ കുട്ടികള്‍ മരണപെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല. ഇതിനു കാരണം മരണപ്പെട്ടവര്‍ ഹിന്ദുക്കള്‍ ആയതു കൊണ്ടാണന്നും എന്നാല്‍ കോഴികോട് മാന്‍ഹാള്‍ അപകടത്തില്‍ മരണപെട്ട നൗഷാദിന്റെ കുടുംബത്തിനു 10 ലക്ഷം രൂപയും ഭാര്യക്ക് ജോലിയും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് നൗഷാദ് മുസ്‌ലിം ആയതു കൊണ്ടാണന്നും പറഞ്ഞു.

മരിക്കുകയാണെങ്കില്‍ മുസ്‌ലിം ആയി മരിക്കണമെന്നും അദ്ദേഹം ആലുവ മണല്‍പ്പുറത്തു സമത്വമുന്നേറ്റ യാത്രയില്‍ വച്ചു കാച്ചി .
മതേതരത്വവും സഹിഷ്ണുതയും അര്‍ഥമില്ലാത്ത വാക്കുകളാണോ എന്നതിനെച്ചൊല്ലി രാജ്യത്തെ രാഷ്ട്രീയ ശിങ്കങ്ങള്‍ പാര്‍ലമെന്റില്‍ പോരാട്ടം നടത്തിക്കൊണ്ടിരുന്ന അതേ നിമിഷങ്ങളിലാണ് കോഴിക്കോട്ടെ ഓട്ടോ െ്രെഡവര്‍ നൗഷാദ് ഓടയില്‍ മുങ്ങിത്താഴുന്ന രണ്ടു മനുഷ്യരെ രക്ഷിക്കാന്‍ ഓടിയെത്തിയത്. ഓടയില്‍ മുങ്ങിത്താഴുന്നവരുടെ ജാതിയോ മതമോ നൗഷാദ് ചിന്തിച്ചിരുന്നില്ല. അവര്‍ അന്യസംസ്ഥാന തൊഴിലാളികളാണോ അല്ലയോ എന്ന് ഓര്‍ക്കാന്‍ അദ്ദേഹത്തിനു നേരമുണ്ടായിരുന്നില്ല. 

എത്രയോ കാലമായി തുറക്കാതെ കിടന്ന ഓടയില്‍ വിഷവാതകം നിറഞ്ഞിരിക്കുമെന്ന് ആലോചിക്കേണ്ടതല്ലേയെന്ന് ഏതപകടങ്ങളിലും കാഴ്ചക്കാരായി ചുറ്റും കൂടുന്നവര്‍ക്കു ചോദിക്കാം. നമുക്കൊക്കെ കുറ്റപ്പെടുത്താനും ചോദ്യം ചോദിക്കാനും മാത്രമേ സമയമുള്ളൂ. നൗഷാദിനെപ്പോലുള്ള മനുഷ്യ സ്‌നേഹികള്‍ അങ്ങനെയല്ലല്ലോ. വര്‍ഷങ്ങള്‍ക്കു മുമ്പ് കാപ്പാടു കടപ്പുറത്ത് ഒരു ആണ്‍കുട്ടി കടലില്‍ മുങ്ങിത്താഴുമ്പോഴും ഇതേപോലെ കാഴ്ചക്കാര്‍ കൂടി നിന്നിട്ടുണ്ടാവണം, കടലിലേയ്ക്ക് എടുത്തുചാടിയ നൗഷാദിനെ അവര്‍ വിലക്കിയിട്ടുമുണ്ടാകണം. അന്ന് ആ വാക്കുകള്‍ കേള്‍ക്കാന്‍ നൗഷാദെന്ന നന്മ നിറഞ്ഞവന്‍ തയാറാകാത്തതിനാലാണ് ആ ആണ്‍കുട്ടി ഇന്നുമെവിടെയോ ജീവിച്ചിരിക്കുന്നത്.

പേരും ജാതിയും മതവും രാഷ്ട്രീയച്ചായ്‌വും ചോദിച്ചറിഞ്ഞായിരുന്നില്ലല്ലോ അന്ന് ആ കുട്ടിയെ നൗഷാദ് രക്ഷിച്ചത്. ആര്‍ത്തലയ്ക്കുന്ന കടലിലേയ്ക്ക് എടുത്തു ചാടിയാല്‍ സ്വന്തം ജീവന് അപകടമുണ്ടാകുമോയെന്നും ചിന്തിച്ചില്ല.
ഇത്തവണയും ദുരന്ത നിമിഷത്തില്‍ കാഴ്ചക്കാരനായി നില്‍ക്കാന്‍ നൗഷാദെന്ന മനുഷ്യ സ്‌നേഹിക്കു കഴിഞ്ഞില്ല. നൂറുകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു നില്‍ക്കാമായിരുന്നു അദ്ദേഹത്തിന്. നഗരത്തില്‍ ഓട്ടോ ഓടിക്കുന്നതിനിടയിലെ വിശ്രമ വേളയില്‍ ചായകുടിക്കാനെത്തിയതായിരുന്നു അദ്ദേഹം. ആവശ്യപ്പെട്ട ചായ ഒരു കവിളെങ്കിലും കുടിച്ചു ദാഹം ശമിപ്പിക്കാന്‍ നില്‍ക്കാതെയാണ് അപകട സ്ഥലത്തേയ്ക്ക് ഓടിയത്. അതാണു മനുഷ്യത്വം. ഇത് തിരിച്ചറിയാന്‍ മനസ്സില്‍ മനുഷ്യത്വം വേണം.

ഇനി മറ്റൊരു മതേതരന്‍ കാന്തപുരം. സംഭവം ഇത്രേയുള്ളൂ. സ്ത്രീകള് വീട്ടില്‍ തന്നെ ഇരുന്നാല്‍ മതി. ഭക്ഷണം ഉണ്ടാക്കുക. കുഞ്ഞുങ്ങളെ പ്രസവിക്കുക. അവരെ വളര്‍ത്തുക. സ്തീ പുരുഷ സമത്വം ഒരിക്കലും സാധിക്കില്ല എന്നുകൂടി പറഞ്ഞുവച്ചു കാന്തപുരം. മാതൃത്വത്തെ ആക്ഷേപിക്കുന്ന വാക്കുകള്‍ പിന്‍വലിച്ച് കാന്തപുരം കേരളത്തിലെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് വി.എസ്. അച്യുതാനന്ദന്‍ ഉടന്‍ തന്നെ രംഗത്ത് വന്നു. കാന്തപുരം നടത്തിയത് മാതൃത്വത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണെന്നും സംഘപരിവാറിന്റേതിന് തുല്യമായ ജനാധിപത്യ വിരുദ്ധ നിലപാടുകളാണ. 

ലിംഗ സമത്വം ഒരിക്കലും സാധ്യമാകില്ലെന്നും സ്ത്രീയും പുരുഷനും തുല്യരാണെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും സമൂഹത്തിലെ സങ്കീര്‍ണമായതും കായികപരവുമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാരാണ്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന സീത്രീകള്‍ കുറവാണ്. സ്ത്രീക്കു മനക്കരുത്ത് കുറവായതിനാലാണിതെന്നും കാന്തപുരം അഭിപ്രായപ്പെട്ടിരുന്നു. എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ ക്യാംപസ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു കാന്തപുരത്തിന്റെ അഭിപ്രായ പ്രകടനം. പ്രസ്താവന വിവാദമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന് കാന്തപുരം പറഞ്ഞുവെങ്കിലും സംഭവം വള്ളിപുള്ളി വിത്യാസമില്ലാതെ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നു. 

ഇതുതന്നെ ആയാലും ഈ രണ്ടു പേരുടെയും പ്രസ്താവന നമ്മുടെ മനസാക്ഷിക്ക് ചേര്‍ന്നതല്ല. ഇത്തരം വാക്കുകള കേരളത്തെ വീണ്ടും ഭ്രാന്താലയം ആക്കുമെന്ന് ഉറപ്പ്... 
Join WhatsApp News
Indian 2015-11-29 15:28:56
ചെത്ത് തൊഴില്‍ ചെയ്താല്‍ സാമ്പത്തിക ഉന്നതി ഉണ്ടാവില്ല. അതിനു ജോലി മാറണം. അല്ലാതെ മറ്റുള്ളവരെ ചീത്ത പറഞ്ഞിട്ടു കാര്യമില്ല.
എന്തായാലും മനുഷ്യത്വത്തേ തന്നെ ചോദ്യം ചെയ്ത ഇങ്ങേരുടെ യാത്ര പോകുന്നിടത്തോക്കെ കേരള മക്കള്‍ നിരന്നു നിന്നു കൂവണം. കൂവിത്തോല്പിക്കണം.
നിന്ദ്യമായ ഈ പ്രസ്താവനയെയും ന്യായീകരിക്കാന്‍ ആളുണ്ടാവുമെന്നറിയാം. 
വായനക്കാരൻ 2015-11-30 09:12:26
സ്വാർത്ഥതയുടെയും അഹന്തതയുടെയും തെങ്ങിൻ‌തലപ്പത്തിരുന്നുകൊണ്ടുള്ള വെള്ളാപ്പള്ളിയുടെ വർഗ്ഗ വിവേചന വിരേചനം!
Bharatheeyan 2015-11-30 14:31:43
ഈഴവരിൽ ചിലര് ചെത്തുകാർ ആയത്കൊണ്ട്മൊത്തത്തിൽ ആ സമൂഹത്തെ
അങ്ങനെ വിശേഷിപ്പിക്കുന്ന മാര്ക്കം കൂടിയവന്റെ വര്ഗീയത ഭാരതത്തിനു
ഒരു ശാപമല്ലെ? വെള്ളാപ്പള്ളി ധനിക കുടുംബകാരനാണ്. വ്യക്തികൾ ചെയ്യുന്നതിന്
സമൂഹത്തെ ആക്ഷേപിക്കുന്നത് നല്ലതല്ല
Indian 2015-11-30 16:42:51
ചെത്ത് ജോലിയുടെ സാമ്പത്തിക വശം പറഞ്ഞന്നെയുള്ളു ഭാരതീയാ. കള്ളു ചെത്തരുതെന്നു ഗുരു തന്നെ പറഞ്ഞിട്ടുണ്ട്.
മാര്‍ക്കം കൂടിയവന്‍ എന്നതിലെ പരിഹാസം മനസിലാക്കുന്നു. ക്രിസ്തുമതം ഉണ്ടാകാതെ അതില്‍ ചേരാന്‍ പറ്റില്ലല്ലൊ.
ഏക ദൈവ വിശ്വാസവും ബഹുദൈവ വിശ്വാസവും വിഗ്രഹാരാധനയും തമ്മില്‍ ഒരു പാടു വ്യത്യാസമുണ്ട്. അതു കൊണ്ടു മാര്‍ക്കം കൂടല്‍ വലിയ മാറ്റമാണു. പഴയ കാലത്തെ ആശയങ്ങല്‍ മാത്രമെ പിന്തുടരാവൂ എന്നു പറഞ്ഞാല്‍ മനുഷ്യ പുരോഗതി നിലച്ചു പോകും 
keraleeyan 2015-11-30 22:07:59
വെള്ളാപ്പള്ളിയും ശശികലയുമൊക്കെ വീണ്‍ വാക്കു പറയുമ്പോള്‍ അവര്‍ ഒന്നു മറക്കുന്നു. നാളെയും കേരളീയര്‍ ഒന്നിച്ചു ജീവിക്കേണ്ടവരാണു. ഉത്തരേന്ത്യയല്ല കേരളം. ജനസംഖ്യ വച്ചു നോക്കിയാല്‍ തന്നെ വര്‍ഗീയത് ഒന്നും വിലപ്പോവില്ല.
ഉന്നത ജാതിക്കാരാണു പിന്നോക്ക ജാതികള്‍ ഉണ്ടാക്കിയത്. സവര്‍ണന്റെ അടുത്തു പോലും ചെല്ലാന്‍ പറ്റില്ലായിരുന്നു. എന്നിട്ടിപ്പോള്‍ അവര്‍ ഒന്നിച്ച് പുതിയ ശത്രുക്കളെ കണ്ടെത്തി! പക്ഷെ അതൊന്നും വിജയിക്കില്ല 
mallu 2015-12-01 06:28:16
വിദ്യാധരന്‍ എവിടെ? വര്‍ഗീയ കമന്റ് കണ്ട് മടുത്തു. കേരളത്തില്‍ അവര്‍ തമ്മില്‍ തല്ലട്ടെ, അല്ലേ നാരദരേ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക