Image

പ്രവാസി (ജെ. ചാക്കോ മുട്ടുങ്കല്‍)

Published on 28 November, 2015
പ്രവാസി (ജെ. ചാക്കോ മുട്ടുങ്കല്‍)
ഓര്‍മ്മകളെന്നത് കേവലമായ, നിഷ്കളങ്കമായ ഗൃഹാതുരതയുണര്‍ത്തുന്ന കഴിഞ്ഞ കാല സംഭവങ്ങളാണ്. തോമസിന്റെ മനസ്സ് തന്റെ തന്നെ ജീവിതത്തിലേക്ക് ഊളിയിട്ടിറങ്ങി. ജൂലൈ മാസത്തിലെ പൊള്ളുന്ന ചൂടുള്ള ദിവസമായിരുന്നു ആ ചരമശുശ്രൂഷകള്‍.

"മരണം വരുമ്പോള്‍ ഓര്‍ക്കുക മര്‍ത്യാ നീ
കൂടെ പോരു നിന്‍ ജീവിത ചെയ്തികളും''

വൈദികന്റെ ഗംഭീരശബ്ദം മുഴങ്ങിക്കേള്‍ക്കാം. തോമസ് ഒരു നിമിഷം തന്റെ തന്നെ മരണത്തെക്കുറിച്ച് ഓര്‍ത്തു. പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങള്‍ ജീവിതത്തിന്റെ മുമ്പില്‍ പകച്ചു നില്‍ക്കുന്ന തന്റെ ഭാര്യ, കുഞ്ഞുങ്ങള്‍...എന്റെ ദൈവമേ..

'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക' തന്റെ കഴിഞ്ഞ കാല അനുഭവത്തിലേക്ക് തോമസ് ഒന്നു തിരിഞ്ഞുനോക്കി. സ്‌നേഹശൂന്യവും, മത്സരാധിഷ്ഠിതവുമായ ഒരു ലോകത്തില്‍ പല നിലയ്ക്കും അപമാനിതനാവുന്ന ഒരു മനുഷ്യനാണ് താനും. കഴിഞ്ഞകാലത്ത് തന്നെ വേദനിപ്പിച്ച എത്രയോ പേര്‍. തന്റെ ഔദ്യോഗിക ജീവിതത്തില്‍ എത്രയോ പേര്‍ തന്നെ പാരവെച്ചു ചിലര്‍ 'കുലം കുത്തി' എന്നു വിളിച്ചു പരിഹസിച്ചു. ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രമാണ് കഴിഞ്ഞ കാലങ്ങളില്‍ താന്‍ പിടിച്ചു നിന്നത്.

ഒരിക്കലെങ്കിലും ജീവിതത്തില്‍ നിരാശ തോന്നാത്തവര്‍ ചുരുക്കമാണ്. താനും ഒരുവേള മരണത്തെക്കുറിച്ച് ചിന്തിച്ചതാണ്. 2004 ജനുവരി മാസത്തിലെ ഒരു സന്ധ്യ. അന്ന് ഒരു കാവല്‍ മാലാഖ കരം പിടിച്ച് മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് വന്നു. 2004 ജനുവരി മാസത്തിലെ ആ വെള്ളിയാഴ്ച... ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടെന്നു കരുതിയ സന്ദര്‍ഭം. സ്‌നേഹിച്ച പലരും പിറകില്‍ നിന്ന് കുത്തിയപ്പോള്‍ തോന്നിയ നിരാശ. പിന്നെ അതെല്ലാം മറന്നു. ദൈവം മനുഷ്യര്‍ക്ക് മറവി നല്‍കിയില്ലായിരുന്നുവെങ്കില്‍ എന്താവുമായിരുന്നു അവസ്ഥ.
2006 ജൂലൈ മാസത്തിലാണ് തോമസ് അമേരിക്കയില്‍ എത്തുന്നത്. നാട്ടില്‍ എല്ലാവരുടേയും മനസ്സില്‍ അമേരിക്ക ഒരു സ്വപ്നഭൂമിയാണ്. എങ്ങനെയെങ്കിലും ഏഴാം കടലിനക്കരെക്ക് ചേക്കേറാന്‍ ശ്രമിക്കുന്ന ആളുകള്‍. അതിന് എത്ര പണം വേണമെങ്കിലും കൊടുക്കാന്‍ തയ്യാര്‍. ചിലര്‍ക്ക് ഇതൊരു അന്തസ്സിന്റെ പ്രശ്‌നമാണ്. തന്റെ മക്കള്‍ അമേരിക്കയിലാണ് എന്ന് പറഞ്ഞ് പൊങ്ങച്ചം നടിക്കുന്ന മാതാപിതാക്കള്‍.

വളരെ മോഹനസുന്ദര പ്രതീക്ഷകളുമായാണ് തോമസ് അമേരിക്കയില്‍ എത്തുന്നത്. അമേരിക്കയില്‍ ഡിട്രോയിറ്റ് എയര്‍പോര്‍ട്ടില്‍ തന്റെ ഭാര്യയും കുഞ്ഞുങ്ങളുമായി വിമാനമിറങ്ങി. വളരെയേറെ പ്രതീക്ഷകള്‍... നല്ലൊരു ജോലി, ധാരാളം പണം, വലിയ വീട്, കാറ് കുറെ കഴിയുമ്പോള്‍ സ്വന്തമായി കുറെ ബിസിനസ്സ് സാമ്രാജ്യങ്ങള്‍. തോമസിന്റെ സ്വപ്നങ്ങള്‍ കാടുകയറി. തന്നെ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാമെന്നു പറഞ്ഞയാള്‍ അവസാന നിമിഷം കാലുമാറി. പിന്നെ ഒരു അകന്ന ബന്ധുവിന്റെ സഹായത്താല്‍ ഒരു അപ്പാര്‍ട്ടുമെന്റില്‍ ജീവിതമാരംഭിച്ചു. ഭാര്യയ്ക്ക് ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ ഒരു പരീക്ഷ ഇനിയും ജയിക്കണം. താന്‍ ഒരു ജോലിക്കായി ശ്രമിച്ചു. തന്റെ നാട്ടിലെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇവിടെ കടലാസിന്റെ വില മാത്രം. ജോലിക്കായി വളരെ ശ്രമിച്ചു, 'താങ്കള്‍ക്ക് നല്ല ഒരു ദിവസം ആശംസിക്കുന്നു' സായിപ്പിന്റെ ഔപചാരികത തുളുമ്പുന്ന വാക്കുകള്‍ കേട്ട് മടുത്തു.

അവസാനം 'മക്‌ഡൊണാള്‍ഡ്' എന്ന ഫാസ്റ്റ് ഫുഡ് സ്‌റ്റോറില്‍ ഒരു ജോലി തരപ്പെട്ടു. സാന്‍വിച്ചുകള്‍ ഉണ്ടാക്കാന്‍ അവര്‍ പഠിപ്പിച്ചു. നിലം തൂത്തുവാരന്‍ പറഞ്ഞപ്പോള്‍ തോമസ് ആ ജോലി മതിയാക്കി. നല്ല ഉദ്യോഗത്തില്‍ ഇരുന്ന തന്നോട് നിലം അടിച്ചു വാരാന്‍ പറയുകയോ? അന്ന് ആ ജോലി തോമസ് മതിയാക്കി.

നാട്ടില്‍ നിന്നും കൊണ്ടുവന്ന പണമത്രയും തീരാറായി. വേറെ ആരേയും പരിചയമില്ല. ദൈവമേ ഇതാണോ അമേരിക്ക! നാട്ടില്‍ എത്രയോ സുഭിഷമായി ജീവിക്കുന്ന ആളുകള്‍. നാട്ടിലുള്ളവരുടെ ധാരണ അമേരിക്ക ഒരു സ്വര്‍ഗ്ഗമാണെന്നാണ്. ദൈവമേ ഇതാണോ സ്വര്‍ഗ്ഗം? ഇവിടെ ഡോളര്‍ കായ്ക്കുന്ന മരമുണ്ടെന്നാണ് അവരുടെ വിചാരം!

മാസങ്ങള്‍ കടന്നുപോയി. ഭാര്യയ്ക്ക് തല്‍ക്കാലം ചെറിയ ഒരു ജോലി കിട്ടിയത് അല്പം ആശ്വാസമായി. എങ്കിലും പലരോടായി കടം വാങ്ങിയ പണം തിരികെ കൊടുക്കണം. അങ്ങനെ ഇരിക്കുമ്പോഴാണ് നല്ലൊരു കമ്പനിയില്‍ ഒരു ജോലി കിട്ടുന്നത്. വളരെ സന്തോഷകരമായ ദിനങ്ങള്‍. ആവശ്യത്തിന് പണം. ജീവിതം അതിന്റെ മനോഹാരിതയോടെ പൂത്തുലഞ്ഞു നില്‍ക്കുന്നു. ആര്‍ക്കും അസൂയ തോന്നുന്ന ജീവിതസാഹചര്യങ്ങള്‍.. ഒത്തിരി അഹങ്കരിച്ച ദിനങ്ങള്‍. ചിലപ്പോള്‍ പഴയകൂട്ടുകാരോട് സംസാരിക്കാന്‍ തന്നെ മടി. പണം കൂടിയപ്പോള്‍ അതിനനുസരിച്ച് ജാഡയും കൂടി. താനും 'സ്ഥലത്തെ ഒരു പ്രധാന ദിവ്യനാ'ണെന്നുള്ള തോന്നല്‍ സംസാരത്തിലാകെ അഹന്തയുടെ വാക്കുകള്‍. അപ്പോഴാണ് അതാ വരുന്നു ദുശ്ശകുനം പോലെ തന്റെ ഓഫീസിലെ സഹപ്രവര്‍ത്തകര്‍ ചെയ്ത കുറ്റം തന്റെ മേല്‍ ആരോപിച്ചുകൊണ്ട് മേലധികാരി എത്തുന്നത്. ദൈവമേ വീണ്ടും തനിക്ക് പരീക്ഷണമോ? തന്നെക്കുറിച്ച് താനറിയാത്ത കുറ്റത്തിന് അദൃശ്യശക്തികളുടെ പ്രവര്‍ത്തനം.

ദൈവമേ ഇതാണോ ഒരു പ്രവാസിയുടെ അവസ്ഥ. അങ്ങനെ ഒരു രാത്രിയില്‍ മാനസികമായി തകര്‍ന്നു കിടക്കുന്ന ഒരു രാത്രി... കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലുമുള്ള ശക്തിയില്ല. തോമസ് എന്ന കോട്ടയംകാരന്‍ ജീവിതത്തില്‍ നിന്നും തന്നെ മടങ്ങിപ്പോയാലോ എന്നു ചിന്തിച്ച നിമിഷങ്ങള്‍. പെട്ടെന്ന് ആത്മീയതയുടെ ഒരു ചിന്ത തന്റെ മനസ്സിലേക്ക് വന്നു. 'നാളെ ഒരു പുത്തന്‍ പ്രഭാതം ഉണ്ട്. ഒരു താഴ്ചയുണ്ടെങ്കില്‍ ഒരു ഉയര്‍ച്ചയും ഉണ്ട് മരണത്തിലും ജീവനിലും ഉയര്‍ച്ചയിലും താഴ്ചയിലും ദൈവമേ നിന്റെ കൃപ മാത്രം മതി'

പെട്ടെന്ന് ആരോ കതകു തുറക്കുന്നു. മുറിയിലെ നേരിയ വെളിച്ചത്തില്‍ അവ്യക്തമായി കാണാം തന്റെ ഇളയമകനാണ്. അവന്‍ അടുത്ത് വന്ന് തോമസിനെ കെട്ടിപ്പിടിച്ചു ചെവിയില്‍ താന്‍ കഴിഞ്ഞ ദിവസം പറഞ്ഞുകൊടുത്ത അണ്ണാറക്കണ്ണന്റെയും മുയലിന്റെയും കഥകള്‍ പറഞ്ഞ് തരാന്‍ തുടങ്ങി. പിന്നെ സ്കൂളിലെ കൂട്ടുകാരുടെ വിശേഷങ്ങള്‍.

ദൈവമേ താന്‍ എന്തൊരു വിഡ്ഢിയാണ് എന്നോട് ക്ഷമിക്കേണമേ! എനിക്ക് ജീവിക്കണം. അങ്ങനെ തോമസ് എന്ന കോട്ടയംകാരന്‍ വീണ്ടും ജീവിതത്തിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിക്കുന്നു.

ജെ. ചാക്കോ മുട്ടുങ്കല്‍ chackomuttumkal@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക