Image

ലാലിനും മമ്മൂട്ടിക്കും ശേഷം മലയാളത്തിന്റെ സൂപ്പര്‍താരം പൃഥ്വിരാജ്‌ (ജയമോഹനന്‍ എം)

Published on 26 November, 2015
ലാലിനും മമ്മൂട്ടിക്കും ശേഷം മലയാളത്തിന്റെ സൂപ്പര്‍താരം പൃഥ്വിരാജ്‌ (ജയമോഹനന്‍ എം)
ഇനി മലയാള സിനിമയിലെ സൂപ്പര്‍താരം ആരെന്ന ചോദ്യത്തിന്‌ ഒറ്റ ഉത്തരം മാത്രമേയുള്ളു. പൃഥ്വിരാജ്‌.

മോഹന്‍ലാലിനും മമ്മൂട്ടിക്കും മീതെ പൃഥ്വിയോ എന്ന ചോദ്യത്തിന്‌ അതെ എന്ന്‌ തന്നെ ഉത്തരം പറയേണ്ടിവരും. കാരണം ഇന്ന്‌ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയം നേടി നേട്ടങ്ങളുടെ നെറുകയില്‍ നില്‍ക്കുന്ന താരം പൃഥ്വിരാജ്‌ തന്നെയാണ്‌.

ഡബിള്‍ ബാരല്‍ എന്ന ദയനീയ പരാജയത്തിന്‌ പിന്നാലെയാണ്‌ പൃഥ്വിയുടെ മൂന്ന്‌ മെഗാഹിറ്റ്‌ വിജയങ്ങള്‍. എന്നു നിന്റെ മൊയ്‌തീന്‍, അമര്‍ അക്‌ബര്‍ ആന്റണി, അനാര്‍ക്കലി എന്നീ വിജയങ്ങള്‍. ഇതില്‍ എന്നു നിന്റെ മൊയ്‌തീന്‍ എന്ന ചിത്രത്തിന്റെ വിജയം ക്ലാസിക്ക്‌ ലെവലില്‍ തന്നെ നില്‍ക്കുന്നു. മാത്രമല്ല മോഹന്‍ലാലിന്റെ ദൃശ്യവും പിന്നീട്‌ നിവിന്‍പോളിയുടെ പ്രേമവും നേടിയ കളക്ഷന്‍ റിക്കോര്‍ഡുകളെ മൊയ്‌തീന്‍ എന്ന ക്ലാസിക്ക്‌ ചിത്രംകൊണ്ട്‌ പൃഥ്വിരാജ്‌ മറികടക്കുന്നു. ഇവിടെയാണ്‌ മലയാള സിനിമയിലെ താര രാജാവായി പൃഥ്വിരാജ്‌ മാറുന്നത്‌.

തുടര്‍ച്ചയായി പന്ത്രണ്ട്‌ പരാജയങ്ങള്‍ നേടിയ മമ്മൂട്ടിയേക്കാളും വല്ലപ്പോഴുമൊരിക്കല്‍ വിജയ ചിത്രം സമ്മാനിക്കുന്ന മോഹന്‍ലാലിനേക്കാളും ഒരുപടി മുന്നില്‍ തന്നെയാണ്‌ ഇപ്പോള്‍ പൃഥ്വിരാജ്‌. എന്നാല്‍ നാളുകള്‍ക്ക്‌ മുമ്പ്‌ മലയാള സിനിമയില്‍ പൃഥ്വിരാജിന്റെ സ്ഥാനം എവിടെയായിരുന്നു എന്നുകൂടി ഓര്‍മ്മിക്കണം.

വിമര്‍ശനങ്ങളും വിവാദങ്ങളും ഏറെ നേടിയ താരം കൂടിയാണ്‌ പൃഥ്വിരാജ്‌. സൈബര്‍ ലോകത്ത്‌ ഇത്രത്തോളം അക്രമിക്കപ്പെട്ട താരവും വേറയില്ല. ഗൗരവത്തോടെ സംസാരിക്കുന്നതിന്റെ പേരില്‍, ഇംഗ്ലീഷ്‌ പറഞ്ഞതിന്റെ പേരിലൊക്കെ ഒരുപാട്‌ അപഹസിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്‌തിരുന്നു പൃഥ്വി. പരിഹാസങ്ങള്‍ ഏറിയപ്പോള്‍ ഒരു കാലത്ത്‌ പൃഥ്വിരാജിനെ വെച്ച്‌ സിനിമകള്‍ ചെയ്യാന്‍ തയാറായിരുന്ന നിര്‍മ്മാതാക്കള്‍ തന്നെ പിന്‍വലിഞ്ഞിരുന്നു. ഒരിടക്കാലത്ത്‌ പൃഥ്വിരാജിന്റെ സിനിമകള്‍ ചെയ്യരുതെന്ന്‌ മലയാള സിനിമയില്‍ ഒരു അപ്രഖ്യാപിത വിലക്ക്‌ വരെ വന്നു.

ഇതിനെക്കുറിച്ച്‌ പൃഥ്വിരാജ്‌ തന്നെ പറഞ്ഞിട്ടുണ്ട്‌. തന്നെ വെച്ച്‌ സിനിമകള്‍ ചെയ്യാന്‍ തയാറായ സംവിധായകര്‍ പൊടുന്നനെ പ്രൊജക്‌ടുകള്‍ പിന്‍വലിക്കുന്നു. കാര്യമറിയാതെയിരുന്ന തന്നോട്‌ പ്രീയനന്ദനന്‍ എന്ന സംവിധായകന്‍ മാത്രം തന്റെ സാഹചര്യങ്ങള്‍ തുറന്നു പറഞ്ഞു. പൃഥ്വിയെ നായകനാക്കുന്നുവെങ്കില്‍ സിനിമ നടക്കില്ല എന്നാണ്‌ സമര്‍ദ്ദം. ഇതോടെ തനിക്കെതിരെ മലയാള സിനിമയില്‍ ഒരു ലോബിയുണ്ടെന്ന്‌ പൃഥ്വിക്ക്‌ വ്യക്തമായി.

എന്നാല്‍ സകല ലോബികളുടെയും പ്രവര്‍ത്തനങ്ങളെ തകര്‍ത്താണ്‌ പൃഥ്വിരാജ്‌ സ്വയം താരപദവിയിലേക്ക്‌ ഉയര്‍ന്നത്‌. മണിരത്‌നം ചിത്രമായ രാവണിലെ മികച്ച പ്രകടനത്തോടെയാണ്‌ പൃഥ്വിരാജിന്റെ കരിയര്‍ മറ്റൊരു തലത്തിലേക്ക്‌ ഉയര്‍ന്നത്‌. തുടര്‍ന്ന്‌ ബോളിവുഡില്‍ വരെ പൃഥ്വിയെ അവസരങ്ങള്‍ തേടിയെത്തി. വസന്തബാലന്റെ കാവ്യതലൈവന്‍ എന്ന ചിത്രത്തിലൂടെ കരിയറില്‍ മറ്റൊരു ഉയരത്തിലേക്ക്‌ കടക്കുകയായിരുന്നു പൃഥ്വി.

ലോബിയിംഗ്‌ മലയാള സിനിമയില്‍ തനിക്കെതിരെ നിന്നപ്പോള്‍ സ്വന്തം പ്രൊഫഷണല്‍ ടീമിനെ സൃഷ്‌ടിച്ച്‌ പൃഥ്വിരാജ്‌ സിനിമയെ സ്വന്തമാക്കി. സന്തോഷ്‌ ശിവനായിരുന്നു ഇവിടെ പൃഥ്വിരാജിന്റെ മാസ്റ്റര്‍. ഉറുമി എന്ന ബിഗ്‌ ബജറ്റ്‌ മലയാള സിനിമയെ സാധ്യമാക്കിയതോടെ മലയാളത്തില്‍ തലപ്പൊക്കമുള്ള നടനായി പൃഥ്വിരാജ്‌ മാറി. തുടര്‍ന്ന്‌ പൃഥ്വിരാജ്‌ - സന്തോഷ്‌ ശിവന്‍ - ഷാജി നടേശന്‍ ടീമിന്റെ ആഗസ്റ്റ്‌ സിനിമ എത്തിയതോടെ മലയാള സിനിമ ബ്രാന്‍ഡ്‌ ഐക്കണായി പൃഥ്വിരാജ്‌ മാറുകയായിരുന്നു.

മുപ്പത്‌ പതിറ്റാണ്ട്‌ മോഹന്‍ലാലും മമ്മൂട്ടിയും അടക്കിവാണ സൂപ്പര്‍താര പദവിയിലേക്ക്‌ പിന്നീട്‌ വന്‍ വിജയങ്ങള്‍ നേടിയ ദിലീപിന്‌ പോലും കടന്നു കയറാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ യുവതാരം എന്ന അടയാളത്തില്‍ നിന്നും പൃഥ്വിരാജ്‌ ഇപ്പോള്‍ സുപ്പര്‍താരപദവിയിലേക്ക്‌ കൃത്യമായി കുതിച്ചു കയറുകയാണ്‌.

മലയാളത്തിലെ ഒരു സൂപ്പര്‍താരം എന്ന നിലയില്‍ മാത്രമല്ല ഒരു പാന്‍ ഇന്ത്യന്‍ താരം എന്ന തലത്തിലായിരിക്കും വരും നാളുകളില്‍ പൃഥ്വാരാജിന്റെ വളര്‍ച്ച. വരാന്‍ പോകുന്ന പൃഥ്വിരാജ്‌ ചിത്രങ്ങള്‍ ഇതിന്‌ ഉദാഹരണങ്ങളാണ്‌. മലയാളത്തിലെ ജനപ്രീയനോവല്‍ ആടുജീവിതത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തില്‍ പൃഥ്വിരാജാണ്‌ നായകന്‍. ആടുജീവിതത്തിലെ നജീബിനെ അവതരിപ്പിക്കാനുള്ള അവസരം പൃഥ്വിയുടെ കരിയറിലെ വലിയ നേട്ടം തന്നെയാവും. മുപ്പത്‌ കോടിയുടെ ബജറ്റ്‌ ത്രിഡി ഫോര്‍മാറ്റിലാണ്‌ ബ്ലസി ഈ ചിത്രം ഒരുക്കുന്നത്‌. രണ്ടു വര്‍ഷം നീളുന്ന ഷൂട്ടിംഗ്‌ ഷെഡ്യൂളാണ്‌ ചിത്രത്തിന്റേത്‌. പൂര്‍ണ്ണമായും മരുഭൂമിയില്‍ നടത്തുന്ന ചിത്രീകരണത്തില്‍ പൃഥ്വിരാജിന്റെ ശാരീരിക സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്നുണ്ട്‌.

അന്തര്‍ദേശിയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു പ്രോജക്‌ടായിട്ടാണ്‌ ഈ ചിത്രം ബ്ലസി ഒരുക്കുന്നത്‌. ആടുജീവിതത്തിന്‌ തൊട്ടുപിന്നാലെ ഹരിഹരന്‍ ഒരുക്കുന്ന സ്യമന്തകം എന്ന ചിത്രവും പൃഥ്വിരാജിനുണ്ട്‌. സ്യമന്തകരത്‌നം തേടിപ്പോയ ശ്രീകൃഷ്‌ണന്റെ കഥയെ ആസ്‌പദമാക്കിയാണ്‌ ഈ ചിത്രം ഹരിഹരന്‍ ഒരുക്കുന്നത്‌. ബിഗ്‌ ബജറ്റ്‌ ചിത്രമായിട്ടാണ്‌ ഈ ചിത്രവും ഒരുങ്ങുന്നത്‌. പൃഥ്വിരാജിന്റെ കരിയറിനെ മറ്റൊരു തലത്തിലേക്ക്‌ എത്തിക്കുന്ന ചിത്രമായിരിക്കും സ്യമന്തകം.

മലയാള സിനിമയിയില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും ശേഷം വര്‍ഷങ്ങള്‍ നീണ്ട കരിയര്‍ നേട്ടം സ്വന്തമാക്കാന്‍ പോകുന്ന താരം പൃഥ്വിരാജ്‌ തന്നെയെന്നതില്‍ സംശയമില്ല. സമാനതകളില്ലാത്ത പ്രൊഫഷണലിസമാണ്‌ ഇവിടെ പൃഥ്വിരാജിനെ വ്യത്യസ്‌തനാക്കുന്നത്‌. മൊയ്‌തീനും അനാക്കലിയും നേടിയ വിജയങ്ങളെ വൈവിധ്യമുള്ള സിനിമകള്‍ക്കൊണ്ട്‌ പൃഥ്വി മറികടക്കുന്ന ദിവസങ്ങള്‍ ഇനിയുമെത്തുമെന്ന്‌ ഉറപ്പിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക