Image

ജയന്‍ കെ. നായരുടെ `ഹലോ നമസ്‌തേ' ഉടന്‍ തീയേറ്ററിലേക്ക്‌

Published on 27 November, 2015
ജയന്‍ കെ. നായരുടെ `ഹലോ നമസ്‌തേ' ഉടന്‍ തീയേറ്ററിലേക്ക്‌
ഹലോ നമസ്‌തേ മാധവ്‌, ജെറിന്‍- ഇവര്‍ ആത്മാര്‍ഥ സുഹൃത്തുക്കളാണ്‌. രണ്‌ടു ഹലോ എഫ്‌.എം റേഡിയോയിലെ ജോക്കികളാണ്‌. വിവാഹിതരാണ്‌. ഒരുമിച്ചു താമസിക്കുന്നു. ഇരുവരും ചേര്‍ന്നു നടത്തുന്ന ഹലോ നമസ്‌തേ എന്ന പ്രോഗ്രാമാണ്‌ തകര്‍ച്ചയിലേക്കു നീങ്ങിക്കൊണ്‌ടിരുന്ന എഫ്‌.എം സ്ഥാപനത്തെ രക്ഷിച്ചത്‌. ജയമോഹനനാണ്‌ എഫ്‌.എം നടത്തുന്നത്‌. മാധവിന്റെ ഭാര്യ നീരജ വളരെ നല്ല രീതിയില്‍ കേക്കുകള്‍ ഉണ്‌ടാക്കി വില്‍ക്കുന്നു. ജെറിന്റെ ഭാര്യ അന്നയാകട്ടെ ഒരു പ്രൈവറ്റ്‌ സ്ഥാപനത്തിലെ എച്ച്‌.ആര്‍ ആണ്‌. വളരെ സൗഹൃദത്തിലൂടെ മുന്നോട്ടു നീങ്ങിക്കൊണ്‌ടിരിക്കുന്ന ഇവര്‍ ജീവിതത്തില്‍ ഒരു നല്ല തീരുമാനമെടുക്കുന്നു.

നഗരമധ്യത്തില്‍ അടുത്തടുത്ത രണ്‌ടു വില്ലകളില്‍ താമസം തുടങ്ങി. ഇതുവരെ ഒരുമിച്ചു താമസിച്ചിരുന്ന മാധവും ജെറിനും ഭാര്യാസമേതം അടുത്തടുത്ത വില്ലകളില്‍ പുതിയൊരു ജീവിതം ആരംഭിക്കുമ്പോള്‍ അവര്‍ അറിഞ്ഞിരുന്നില്ല അതൊരു വഴിത്തിരിവാകുമെന്ന്‌.

വില്ലകളില്‍ ഭാര്യയോടൊത്തുള്ള താമസം അവരുടെ സൗഹൃദതത്തില്‍ മാറ്റങ്ങള്‍ സൃഷ്‌ടിക്കുന്നു. അത്തരത്തിലുള്ള ജീവിത പ്രശ്‌നങ്ങളാണ്‌ അവര്‍ക്കിടയിലുണ്‌ടായത്‌.

ജയന്‍ കെ. നായര്‍ സംവിധാനം ചെയ്യുന്ന ഹലോ നമസ്‌തേയില്‍ വിനയ്‌ ഫോര്‍ട്ട്‌ മാധവായും സഞ്‌ജു ശിവറാം ജെറീനായും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നീരജയായി ഭാവനയും അന്നയായി മിയാ ജോര്‍ജും എത്തുന്നു. അജു വര്‍ഗീസ്‌, മുകേഷ്‌, പി. ബാലചന്ദ്രന്‍, ജോജു ജോര്‍ജ്‌, സൗബിന്‍, മുത്തുമണി, കെ.പി.എ.സി ലളിത, സേതുലക്ഷ്‌മി തുടങ്ങിയവരാണ്‌ മറ്റു പ്രമുഖ താരങ്ങള്‍.

യുവതലമുറയുടെ ജീവിത കുടുബ പശ്ചാത്തലത്തില്‍ നര്‍മ്മത്തിന്‌ പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ചിത്രത്തില്‍ കൃഷ്‌ണ പൂജപ്പുര കഥ, തിരക്കഥ, സംഭാഷണം എഴുതുന്നു. ഫ്രീഡിയ എന്റര്‍ടെയ്‌ന്‍മെന്റിന്റെ ബാനറില്‍ ഫ്രീമു വര്‍ഗീസ്‌ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുകുമാര്‍ നിര്‍വഹിക്കുന്നു.

പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍- ഷിബു പന്തലക്കോട്‌, കല- സുരേഷ്‌ കൊല്ലം, എഡിറ്റര്‍- ആയൂബ്‌ ഖാന്‍, വസ്‌ത്രാലങ്കാരം- സിജി നോബിള്‍ തോമസ്‌ മേക്കപ്‌- റഹിം കൊടുങ്ങല്ലൂര്‍, പ്രൊഡക്‌ഷന്‍ എക്‌സിക്യൂട്ടീവ്‌- ജോണ്‍ കുടിയാന്മല, ജോയി പേരൂര്‍ക്കട, അസോസിയേറ്റ്‌ ഡയറക്‌ടര്‍- പ്രവീണ്‍, ചീഫ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍- സന്തോഷ്‌ ഈശ്വര്‍, സംവിധാന സഹായികള്‍- പ്രജേഷ്‌, അബി, ജയദേവന്‍, ഉണ്ണി, സ്റ്റില്‍സ്‌- ഹാസിഫ്‌ ഹക്കിം.

അനുഭവ സമ്പത്തുമായി ജയന്‍.കെ.നായര്‍

ഹലോ നമസ്‌തേ എന്ന ചിത്രത്തിലൂടെ അരങ്ങേറുന്ന സംവിധായകനാണ്‌ ജയന്‍ .കെ.നായര്‍. സംവിധാനത്തില്‍ ആദ്യമായാണെങ്കിലും സിനിമയിലും മീഡിയയിലും മികച്ച അനുഭവ സമ്പത്തുമായാണ്‌ ഇദ്ദേഹം എത്തുന്നത്‌. ആലപ്പുഴ സ്വദേശിയും ഇുപ്പോള്‍ അമേരിക്കയില്‍ താമസക്കാരനുമായ ജയന്‍ തൊണ്ണൂറുകള്‍ മുതല്‍ സിനിമയുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ്‌. അന്ന്‌ നിര്‍മാതാവിന്റെ റോള്‍ ആയിരുന്നുവെന്നു മാത്രം. ആദ്യം നിര്‍മിച്ച ചിത്രം അനന്തവൃത്താന്തം. പിന്നീട്‌ സൂപ്പര്‍ഹിറ്റ്‌ സിനിമ മുഖചിത്രം. തുടര്‍ന്ന്‌ ആര്‍ദ്രം എന്ന ചിത്രം നിര്‍മിച്ചു. ഇതില്‍ നിന്നു ലഭിച്ച അനുഭവ സമ്പത്തുമായി ദൂരദര്‍ശനുവേണ്‌ടി ഒരു സീരിയല്‍ ചെയ്‌തു. തുടര്‍ന്ന്‌ കുറെയധികം ഷോര്‍ട്ട്‌ ഫിലിമുകളും ചെയ്‌തു. ദുബായില്‍ കുഞ്ചാക്കോബോബന്റെ ആദ്യത്തെ ഷോ കോര്‍ഡിനേറ്റ്‌ ചെയ്‌തതും ജയനാണ്‌. പിന്നീട്‌ അമേരിക്കയില്‍ ഷോ ചെയ്‌തു. ആ സമയത്ത്‌ കൈരളിയും ഏഷ്യാനെറ്റുമൊക്കെ അമേരിക്കയില്‍ വന്ന സമയമായിരുന്നു. അങ്ങനെ അവര്‍ക്കു വേണ്‌ടി കുറേ പ്രോഗ്രാമുകള്‍ ചെയ്‌തു. അന്നേ സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹമുണ്‌ടായിരുന്നു. സുഹൃത്ത്‌ ഡോ. ഫ്രിമുവിനെ നിര്‍മാതാവായി ലഭിച്ചതോടെയാണ്‌ ഈ പ്രോജക്ടിലേയ്‌ക്ക്‌ തിരിഞ്ഞതെന്ന്‌ ജയന്‍ പറഞ്ഞു.

കൃഷ്‌ണ പൂജപ്പുര ഈ സബ്‌ജക്ട്‌ പറഞ്ഞപ്പോള്‍ താല്‍പര്യം തോന്നി. രണ്‌ട്‌ ഉറ്റ സുഹൃത്തുക്കളുടെ കഥയാണിത്‌. രണ്‌ടു പേരും എഫ്‌.എം റേഡിയോ ജോക്കികളാണ്‌.ഇവര്‍ റേഡിയോയില്‍ ചെയ്യുന്ന പ്രോഗ്രാമിന്റെ പേരാണ്‌ ഹലോ നമസ്‌തേ. രണ്‌ടു പേരുടെയും കല്യാണം ഒരേ സമയത്ത്‌ കഴിയുന്നു. അടുത്തടുത്ത്‌ രണ്‌ടു വില്ലകള്‍ വാങ്ങി താമസം തുടങ്ങുന്നു. അങ്ങനെ അടുത്തു താമസിക്കുമ്പോള്‍ ഉണ്‌ടാകുന്ന പ്രശ്‌നങ്ങളില്‍ കൂടിയാണ്‌ കഥ പറഞ്ഞുപോകുന്നത്‌. കൃഷ്‌ണ പൂജപ്പുരയുടെ ശൈലിയില്‍ കൊച്ചു കൊച്ചു സംഭവങ്ങളിലൂടെ കഥ പറഞ്ഞുപോകുന്നു. എല്ലാ രീതിയിലും ഒരു മികച്ച എന്റര്‍ടൈനറായിരിക്കും ചിത്രമെന്ന്‌ ജയന്‍.കെ.നായര്‍ പറയുന്നു.
ജയന്‍ കെ. നായരുടെ `ഹലോ നമസ്‌തേ' ഉടന്‍ തീയേറ്ററിലേക്ക്‌ ജയന്‍ കെ. നായരുടെ `ഹലോ നമസ്‌തേ' ഉടന്‍ തീയേറ്ററിലേക്ക്‌ ജയന്‍ കെ. നായരുടെ `ഹലോ നമസ്‌തേ' ഉടന്‍ തീയേറ്ററിലേക്ക്‌ ജയന്‍ കെ. നായരുടെ `ഹലോ നമസ്‌തേ' ഉടന്‍ തീയേറ്ററിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക