Image

അമിതയുടെ ചിത്രശലഭങ്ങള്‍ (കഥ:ആര്‍ഷ അഭിലാഷ്)

Published on 26 November, 2015
അമിതയുടെ ചിത്രശലഭങ്ങള്‍ (കഥ:ആര്‍ഷ  അഭിലാഷ്)

പിങ്ക് ടോപ്പ്  ഊരിയെറിഞ്ഞു പെറ്റിക്കോട്ട്  മാത്രമിട്ട തന്‍റെ പ്രതിരൂപം നോക്കി രണ്ടു വശത്തെയും മുടി കൈ കൊണ്ട് പിടിച്ചു വലിച്ചു ഒന്ന് വട്ടം കറങ്ങി അമിത. പുതിയ ഒരു പാട്ടിന്‍റെ ഈണം മൂളിക്കൊണ്ട് പിങ്ക് ടൂത്ത് ബ്രഷില്‍ പേസ്റ്റ് എടുത്തു വായിലേക്ക് വെച്ച് ഡാന്‍സും മൂളലുമായി ബ്രഷ് ചെയ്യാന്‍ തുടങ്ങി. ഇടയ്ക്ക് വായില്‍ നിറഞ്ഞ പത പാട്ടിന്‍റെ കൂടെ വിഴുങ്ങുമെന്നായപ്പോള്‍ വാഷ് ബെസിനിലേക്ക് കുനിഞ്ഞു തുപ്പി നിവരവേ  ആണ് അവളത് കണ്ടത്


"ഓ..ഓ മൈ ഗോഡ്. damn it !   . ശേ!"  ബാത് റൂമിന്‍റെ  തറയില്‍ രണ്ടു കാലും അമര്‍ത്തി ചവിട്ടി അമിത.


മൂക്കിന്‍റെ തുമ്പത്ത് തന്നെ പഴുത്തു തുടുത്തൊരു മുഖക്കുരു.  'ഇന്നലെ വരെ ഈ ശല്യം ഇല്ലായിരുന്നല്ലോ. ആ ടെന്‍ത് ബി യിലെ ശ്യാമിന്‍റെ ഇന്നലത്തെ നോട്ടവും , "അമീ യു ആര്‍ ക്യൂട്ട് ഇന്‍ ദിസ്‌ ഡ്രസ്സ്‌ " എന്ന പഞ്ചാരയും കേട്ടപ്പോഴേ ഓര്‍ക്കണ്ടതായിരുന്നു ഇത് പോലെ എന്തേലും കുരിശ് ഇന്നുണ്ടാകും എന്ന്. ഇന്നാണ് ആ സയന്‍സ് പ്രൊജെക്റ്റ് ചെയ്യാന്‍ സഹായിക്കാന്‍ സായൂജിനെ വിളിക്കാം എന്ന് നാസിയ പറഞ്ഞിരിക്കുന്നതും. സ്കൂള്‍ ലീഡര്‍, ബാട്മിന്ടന്‍  ചാമ്പ്യന്‍, ക്രിക്കറ്റ്‌ ക്യാപ്റ്റന്‍  എന്ന് വേണ്ട എല്ലാ പെണ്‍പിള്ളേരുടേം  ഹാര്‍ട്ട്ത്രോബ്  ആണ്  സായൂജ് - ഇന്ന് നല്ലൊരു ചാന്‍സ് വന്നതായിരുന്നു ഒന്ന് മിണ്ടാന്‍ , അപ്പോഴേക്കും ഈ നാശം പിടിച്ചൊരു മുഖക്കുരുവിന് വരാന്‍  കണ്ട നേരം!  ഒള്ള ഇമ്പ്രെഷന്‍ മൊത്തം പോകും -കുത്തി പൊട്ടിച്ചു കളഞ്ഞാലോ.... ആ..ആവൂ ..  ചോര വരുന്നുണ്ട് - വിചാരിച്ചത് പോലെയല്ല , നല്ല വേദന. '


മുഖം ഒന്ന് ചൂടുവെള്ളത്തില്‍ കഴുകി വായും വൃത്തിയാക്കി അവള്‍ പെറ്റിക്കോട്ട് ഊരി ബാത് റൂമിന്‍റെ  ഉള്ളില്‍  തന്നെയുള്ള  മുഷിഞ്ഞ തുണികളിടുന്ന  കൊട്ടയിലേക്ക് വലിച്ചൊരേറു  കൊടുത്തു. പക്ഷേ , പെട്ടെന്നാണ് ആ കാര്യം അവളുടെ ശ്രദ്ധയില്‍ പെട്ടത് - പെറ്റിക്കോട്ടിനു പുറകില്‍ ഒരു ചുവന്ന വട്ടം.

ശോ -മുഖക്കുരു പൊട്ടിച്ചതിന്‍റെ രക്തം ഇതില്‍ എങ്ങനെ ആയി. ചിന്തയില്‍ നോക്കുമ്പോള്‍ കണ്ടു പിങ്ക് ഉടുപ്പിലും ഒരു ചുവന്ന വട്ടം.


'ങ്ങേ ! ഇത് മറ്റേ സംഭവം ആണല്ലോ' എന്ന് മനസിലോര്‍ത്ത് അവള്‍ വേഗം ബാക്കി ഡ്രസ്സ്‌ ഒക്കെ പരിശോധിച്ചു . സംഭവം ശരിയാ - താന്‍ വലിയ പെങ്കുട്ടിയായിരിക്കുന്നു. വയറിനുള്ളില്‍ ഇപ്പോള്‍ കുറെ ചിത്രശലഭങ്ങള്‍ ചിറകടിക്കുന്നത് പോലെ. സ്വയമറിയാത്ത ഏതോ ഒരു ഒഴുക്ക് ഇരമ്പുന്നത് പോലെ.കൊളുത്തിപ്പിടിക്കുന്നതു പോലെ ഒരു വേദന പൊക്കിളിനു താഴെ തോന്നുന്നുണ്ടോ, കാലുകള്‍ക്ക് ഒരു തളര്‍ച്ച ? കണ്ണാടിയിലെ  സ്വന്തം രൂപത്തിലേക്ക് നോക്കി അവളൊന്നു വിടര്‍ന്നു ചിരിച്ചു. നിന്ന നില്‍പ്പില്‍ ഒന്ന് കറങ്ങി തിരിഞ്ഞു പിന്നെയും അവളെ തന്നെ കണ്ടപ്പോള്‍ അവള്‍ക്കൊരു നാണം തോന്നി.


'ഹും , എന്തായിരുന്നു ആ ആമിനുന്‍റെയും നസിയയുടെയും സജിത ജി കെ യുടെയും ഒക്കെ ഒരു ജാഡ. ഓരോ മാസവും കൃത്യായി രണ്ടു മൂന്നു ദിവസം അടുപ്പിച്ചു ലീവ് എടുത്തിട്ട് തിരികെ വരുമ്പോള്‍ മൂന്നിനും കൂടി ഒരു കിന്നാരം ഉണ്ട്. എന്താന്നു ചോദിച്ചാല്‍ എന്നോട് മാത്രം ഒന്നും പറയില്ല - യു ആര്‍ സ്റ്റില്‍ എ ബേബി എന്നൊരു ചൊറിഞ്ഞ പറച്ചിലും ഉണ്ടാകും സജിത ജി കെ യുടെ വക. ഇനി നാളെ മുതല്‍ എന്ത് പറയുംന്നു കാണാമല്ലോ.'


"അമീ , ഇത് വരെ കഴിഞ്ഞില്ലേ? എനിക്കിന്ന് മീറ്റിംഗ് ഉള്ളതാ. മറ്റേ ബാത്ത്റൂമില്‍ നിന്‍റെ പപ്പ   കേറീട്ട് ഇത് വരെ ഇറങ്ങീട്ടില്ല . ഒന്ന് വേഗാകട്ടെ " -


'ഓ, മമ്മിയാ.. മമ്മിയോടു പറയണമല്ലോ . കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ സവിതയുടെയും ഡോക്ടര്‍ രാജ് മോഹന്‍റെയും ഒരേയൊരു മകള്‍ അമിത രാജ്മോഹന്‍ ഒരു വലിയ പെങ്കുട്ടിയായിരിക്കുന്നു.'


പെറ്റിക്കോട്ട് എടുത്ത് തിരികെ ഇട്ടു കൊണ്ട് അവള്‍ പതുക്കെ കതക് പകുതി തുറന്നു അമ്മയെ വിളിച്ചു

"മമ്മീ.. മമ്മാ....  കാന്‍ യൂ പ്ലീസ്‌ കം ഹിയര്‍ ഫോര്‍ എ മിനിറ്റ് ? "


"ങാ കഴിഞ്ഞോ , എന്നാല്‍ വേഗം ഇറങ്ങ്. എനിക്കാ പിശാശ് PM ന്‍റെ  വായില്‍ ഇരിക്കുന്നത് കേള്‍ക്കാന്‍ വയ്യ. ഇന്നത്തെ  മീറ്റിംഗ് കുളമായാല്‍ ഉറപ്പാ ആ തെലുങ്കത്തി കൊണ്ട് പോകും എന്‍റെ അപ്പ്രൈസല്‍ "


"അല്ല മമ്മ - അവിടെ ഉടുപ്പില്‍ എന്തോ സം ബ്ലഡ്‌ സ്റ്റെയിന്‍സ്  -അത് പറയാനാ വിളിച്ചേ - ഐ വില്‍ കം ഔട്ട്‌ നൌ  " 

ഇത് പറഞ്ഞു അമിത വാതില്‍ അടച്ചു - ഒന്ന് കൂടി കണ്ണാടിയില്‍ നോക്കി ഒരു അഭിമാനച്ചിരി ചിരിച്ചിട്ട് ഷവര്‍ ഭാഗത്തേക്ക് നടന്നു. വെള്ളം ചീറ്റിയൊഴുകും മുന്‍പ്  തന്നെ  ഹാളിലെ സംഭാഷണം തെറിച്ചു വീണു കാതിലേക്ക്,


"ഓ, രാജ്.. !! ആകെ  പ്രശ്നമായല്ലോ ... രാജ്  ഇന്ന്  അമിതയുടെ കൂടെ ഇവിടെ ഇരിക്കണം  -എനിക്ക് ആ മീറ്റിംഗ് നു പോയില്ലേല്‍ എല്ലാം കുളമാകും. even   എന്‍റെ അപ്പ്രൈസല്‍ പോലും ആ കല്പന തട്ടിയെടുക്കും , so  ഞാന്‍ ഉച്ചയോടെ ഇങ്ങെത്താന്‍ നോക്കാം. അല്ലെങ്കിലും അത്ര കുഴപ്പം ഒന്നുമില്ല - അവള്‍ക്ക്  എല്ലാം അറിയാമല്ലോ "


"ഏയ്‌   നോ നോ..  എനിക്ക് ഇന്ന് ഓപറേഷന്‍ ദിവസം ആണ് -ഒരു രക്ഷയുമില്ല പോകാതിരിക്കാന്‍ . നിന്‍റെ മീറ്റിംഗ് പോലെയാണോ എന്‍റെ ജോലി.. നീ തല്കാലം ഇവിടെ ഇരിക്ക്.ഞാന്‍  വൈകിട്ടോടെ എത്താം "


"അല്ലേലും എന്‍റെ ജോലിയ്ക്ക് എന്നും ഈ വീട്ടില്‍ രണ്ടാം സ്ഥാനം ആണല്ലോ. ഒത്തിരി നേരമൊന്നും വേണ്ട -ഉച്ച വരെ മതി . വിളിച്ചു പറഞ്ഞാല്‍ ശാന്തമ്മയ്ക്കോ മറ്റോ ചെയ്യാമല്ലോ. നിങ്ങള് തന്നെ ചെന്നാലേ സിസ്സെരിയന്‍ നടക്കൂ എന്നൊന്നുമില്ല"


ഇനിയെന്ത് നടക്കുമെന്ന് അമിതയ്ക്ക് അറിയാം - അവളുടെ എല്ലാ സ്കൂള്‍ മീറ്റിനും, ആനുവല്‍ ഡേക്കും ഫാമിലി ട്രിപ്പിനും ഒക്കെ  സംഭവിക്കാറുള്ള അതേ പാറ്റെണ്‍   ഇന്നും ഉണ്ടാകും -മൂര്‍ച്ചയേറിയ വാക്കുകള്‍ ,ഇംഗ്ലീഷ് തെറികള്‍,ശബ്ദത്തോടെ അടയുന്ന വാതിലുകള്‍,ചിലപ്പോഴൊക്കെ പറക്കുന്ന പാത്രങ്ങള്‍. 

ചുറ്റിനും പറക്കുന്ന ചിത്രശലഭങ്ങളോട് ശ്ശ്ശ് പറഞ്ഞ്  അമിത ഒരിക്കല്‍ കൂടി ബാത്ത്റൂം തുറന്നു തല പുറത്തേക്കിട്ടു 

"മമ്മീ അതൊന്നുമില്ല . എന്‍റെ കയ്യീന്ന് പറ്റിയതാ... യു ബോത്ത്‌ കാരി ഓണ്‍ "


നിഗൂഢമായ ഒരു ആത്മ സംതൃപ്തിയോടെ ചുമരിലെ   വലിപ്പില്‍ നിന്നും അമ്മയുടെ സാനിട്ടറി  നാപ്കിന്‍ തിരഞ്ഞെടുക്കവേ അമിതയുടെ ചുണ്ടില്‍ ഒരു മൂളിപ്പാട്ടുണ്ടായിരുന്നു "ശലഭമഴ പൊഴിയുമീ...."

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക