Image

മതവും മനുഷ്യനും ജനാധിപത്യവും- മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 25 November, 2015
മതവും മനുഷ്യനും ജനാധിപത്യവും- മീട്ടു റഹ്മത്ത് കലാം
അമ്മയുമായുള്ള പൊക്കിള്‍ക്കൊടിബന്ധം വേര്‍പ്പെടുമ്പോള്‍ തന്നെ ഒരു കുഞ്ഞ്, മതത്തിന്റെ വേലിക്കെട്ടിലേയ്ക്ക് ചെന്നുവീഴുകയാണ്. മന്ത്രോച്ചാരണങ്ങളും ആചാരങ്ങളുംകൊണ്ട് ചുറ്റും നില്‍ക്കുന്നവര്‍ മതം എന്ന സങ്കല്പത്തിലേക്ക് അവനെയും ഭാഗമാക്കുന്നു. സ്വയം തിരഞ്ഞെടുത്തതല്ലെങ്കിലും അലിഖിത നിയമങ്ങള്‍ ആ കുഞ്ഞിനെ മതത്തിന് വിധേയനായി വളര്‍ത്തുന്നു. ഹിന്ദു സ്ത്രീ പ്രസവിച്ച് ക്രിസ്തീയ അനാഥയത്തില്‍ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞിനെ മുസ്ലീം ദമ്പതികള്‍ ദത്തെടുത്ത് വളര്‍ത്തുകയാണെങ്കില്‍, അവന്റെ മതം ഏതായിരിക്കും എന്ന് ചിന്തിച്ചാല്‍ ജന്മം കൊണ്ടല്ല വളരുന്ന സാഹചര്യങ്ങളാണ് മതത്തിന്റെ ബീജം ഒരുവനില്‍ നിക്ഷേപിക്കുന്നതെന്ന് മനസിലാക്കാം.

യഥാര്‍ത്ഥത്തില്‍ മതം എന്നത് നന്മയിലേയ്ക്കുള്ള പാലമാണ്. മനുഷ്യരെന്ന നിലയില്‍ പൂര്‍ണ്ണത കൈവരിച്ച മഹാന്മാര്‍ സഞ്ചരിച്ച മാര്‍ഗ്ഗത്തിലൂടെ അവന്റെ പിന്‍ഗാമികളെക്കൂടി നടക്കാന്‍ പഠിപ്പിക്കുകയാണിവിടെ. ക്രിസ്തുദേവനെയും മുഹമ്മദ് നബിയെയും പോലെ ജീവിതമത്രയും നന്മയെ പിന്‍പറ്റിയവരെ പിന്‍തുടര്‍ന്നാല്‍ ഏതൊരുവനും പൂര്‍ണ്ണമായി മനുഷ്യനാകാന്‍ കഴിയൂ എന്ന വിശ്വാസമാണ് മതങ്ങളുടെ പിറവിയ്ക്ക് ആധാരം. ബൈബിളും ഖുര്‍ആനും ഭഗവത് ഗീതയും നന്മയുടെ ആ വഴിയിലേയ്ക്കുള്ള വിളക്കാണ്.

പരസ്പര സ്‌നേഹവും സാഹോദര്യവും പോലുള്ള മാനവിക മൂല്യങ്ങള്‍ ഉറപ്പിക്കാന്‍ മനുഷ്യന് കഴിയാതെ വന്നാല്‍ അവന്റെ മതത്തിനും വിശ്വാസത്തിനും എന്താണ് പ്രസക്തി? ഭാരതം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ തെളിയുന്നത് 'നാനത്വത്തില്‍ ഏകത്വം' എന്ന മഹത് വചനമാണ്. പല മതങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുമ്പോഴും പല ഭാഷകള്‍ സംസാരിക്കുമ്പോഴും 'ഭാരതീയന്‍' എന്ന ഒറ്റപ്രയോഗത്തില്‍ ഒരമ്മയുടെ മക്കളായി മാറുന്ന മാന്ത്രികത നമ്മുടെ രാജ്യത്തിന്റെ സവിശേഷതയാണ്. സഹിഷ്ണുതയുടെയും അനുകമ്പയുടെയും പര്യായമായി ലോകഭുപടത്തില്‍ തലയെടുപ്പോടെ നിന്ന ഭാരത സാംസ്‌കാരത്തിന് അടുത്തിടെയായി സംഭവിച്ചുവരുന്ന മൂല്യച്യുതി ഏതൊരു ഇന്ത്യക്കാരനിലും ആശങ്ക ഉണര്‍ത്തുന്ന ഒന്നാണ്.

ജനാധിപത്യത്തിന്റെ അര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ ഭരണചക്രം തിരിക്കുമ്പോള്‍ സ്വതന്ത്രഭാരതം കെട്ടിപ്പൊക്കിയ സ്തൂപങ്ങള്‍ക്ക് ഇളക്കം തട്ടുകയാണ്.

ബ്രിട്ടീഷ് അധീനതയില്‍ നില്‍ക്കുമ്പോള്‍പ്പോലും എന്ത് കഴിക്കണം എന്നതില്‍ നമുക്ക് നിബന്ധനകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ഈ സമീപകാലത്തെ ബീഫ് നിരോധനവും തുടര്‍ന്നുള്ള പ്രത്യാഘാതങ്ങളും രാജ്യത്താകമാനം ഒരുതരം ഭയവും ഭീകരാന്തരീക്ഷവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചു എന്നതിന് രണ്ടഭിപ്രായമില്ല.

ആയുര്‍വേദം, യോഗ തുടങ്ങിയവയെ ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമായി നാം നേരത്തെ തന്നെ ഉള്‍ക്കൊണ്ടതാണ്. എന്നാല്‍, അത് ഹിന്ദുക്കളുടേതാണെന്ന മേലങ്കി അണിയിച്ച് പ്രസ്താവിക്കുമ്പോഴാണ്, അവിടെ പ്രശ്‌നങ്ങളുണ്ടാകുന്നത്. അന്യോന്യം സ്‌നേഹിക്കുകയും ബഹുമാനിക്കുകയുമൊക്കെ കുടുംബങ്ങള്‍ക്കുള്ളില്‍പ്പോലും പ്രതീക്ഷിക്കുന്ന വസ്തുതകളാണ്. ആ നിലയ്ക്ക് സമൂഹത്തിലെ പലതട്ടിലുള്ള വിശ്വാസികളും പരസ്പരം ബഹുമാനിക്കേണ്ടത് അത്യന്താപേക്ഷികമാണ്. വിശ്വാസങ്ങള്‍ വ്രണപ്പെടുമ്പോള്‍ കൊടുക്കേണ്ടി വരുന്ന വിലയ്ക്ക് നമ്മുടെ രാജ്യം പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വച്ച് മനുഷ്യരെ തമ്മിലടിപ്പിക്കാന്‍ മതത്തെ ആയുധമാക്കുന്ന ദുഷ്ടശക്തികളെ തിരിച്ചറിഞ്ഞ് അവയെ ഉന്മൂലനം ചെയ്യാന്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതാണ്. മതഭ്രാന്തിന് വേരോട്ടം ഇല്ലാത്ത മണ്ണാണ് ഭാരതമെന്ന അവസ്ഥയിലേയ്ക്ക് നമ്മുടെ രാഷ്ട്രം വളര്‍ന്നാല്‍, അതിനോളം വലിയൊരു ശക്തി ഈ ലോകത്തുണ്ടാവില്ല എന്ന് നിസ്സംശയം പറയാം.

പുരോഗതി എന്ന ലക്ഷ്യത്തിലേയ്ക്ക് വളരാന്‍ അനുവദിക്കാതെ രാജ്യത്തെ അര്‍ബുദം പോലെ ബാധിച്ച് കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന അഴിമതിയ്‌ക്കെതിരെ ശബ്ദം ഉയര്‍ന്നാലേ സുസ്ഥിര ഭരണം ഉറപ്പാകൂ. അസാമാന്യം യെ് വഴക്കം വേണ്ട ഒരു കലയാണ് ഭരണം. ആര്‍ക്കും സ്വായത്തമാക്കാവുന്ന ഒന്നല്ല അത്. വാക്കും മനസ്സും പ്രവൃത്തിയും ഒരേ ദിശയില്‍ സമ്മേളിക്കുമ്പോള്‍ മാത്രമേ അത് സാധ്യമാകൂ. ജനങ്ങള്‍ക്ക് തങ്ങളെ ആരോ ഭരിക്കുന്നു എന്ന തോന്നലല്ല, വിശ്വാസമര്‍പ്പിച്ച് അവര്‍ക്കിടയില്‍ നിന്ന് തിരഞ്ഞെടുത്തവര്‍ അവരുടെ ക്ഷേമത്തിനായി പ്രവൃത്തിക്കുന്നു എന്ന ഉറപ്പാണ് നേതാക്കള്‍ ഉണ്ടാക്കി എടുക്കേണ്ടത്.

ഒന്നിച്ചു നിന്നാല്‍ നേടാവുന്നതിനെക്കുറിച്ചോര്‍ക്കാതെ വിഭജിച്ചാല്‍ കിട്ടുന്ന സ്ഥാനമാനങ്ങളിലാണ് പലരുടെയും കണ്ണ്. വര്‍ഗ്ഗീയതയുടെ വിഷം വിതച്ച് നമ്മുടെ രാഷ്ട്രത്തിനെ ഇനിയും മുറിപ്പെടുത്തരുത്. പ്രത്യേകം രാജ്യം വേണമെന്ന് ഒരുകൂട്ടം മുസ്ലീങ്ങളുടെ ശാഖ്യത്തില്‍ ഒരിക്കല്‍ കീറിമുറിക്കപ്പെട്ടതാണ് 'ഹിന്ദുസ്ഥാന്‍' എന്ന വന്‍ശക്തി. അന്ന് തന്നെ വേണമെങ്കില്‍ മുഴുവന്‍ മുസ്ലീങ്ങള്‍ക്കും പാക്കിസ്ഥാന്‍ എന്ന പുതിയ രാജ്യത്തേയ്ക്ക് യാത്ര തിരിക്കാമായിരുന്നു. മറ്റ് മതങ്ങളെയൊക്കെ ആട്ടിപ്പായിച്ച് ഒരു ഹിന്ദുരാഷ്ട്രമായി ഇന്ത്യയെ വാര്‍ത്തെടുക്കുകയും സാധ്യമായിരുന്നു. എന്നാല്‍, ഒത്തുനില്‍ക്കുമ്പോഴുള്ള ഇന്ത്യയുടെ ശക്തി തിരിച്ചറിഞ്ഞ മുന്‍തലമുറയിലെ നേതാക്കളുടെ ദീര്‍ഘവീക്ഷണമാണ് സ്വപ്‌നതുല്യം സ്വര്‍ഗ്ഗതുല്യവുമായ ഒരുമയുടെ ഈ മണ്ണ് നമുക്ക് പകുത്ത് തന്നത്. ആ ഉദ്ദേശശുദ്ധിയെ മാനിച്ചുകൊണ്ട്, പരസ്പരം സഹകരിച്ചും സ്‌നേഹിച്ചും മതാധിപത്യത്തെ തുടച്ചുമാറ്റി മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തി ജനാധിപത്യത്തിന്റെ അന്തസ്സത്ത കാത്തു സൂക്ഷിക്കേണ്ടത് ഓരോ ഭാരതീയന്റെയും കര്‍ത്തവ്യമാണ്.

മതവും മനുഷ്യനും ജനാധിപത്യവും- മീട്ടു റഹ്മത്ത് കലാം
Join WhatsApp News
Krishnankutty Nair 2015-12-08 06:45:59
ചിന്താദ്യോതകമായ ലേഖനം.   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക