Image

ക്ലോക്കും മില്യനും: വ്യവഹാരം അതിരു വിടുമ്പോള്‍ (പി.പി. ചെറിയാന്‍)

പി.പി. ചെറിയാന്‍ Published on 26 November, 2015
ക്ലോക്കും മില്യനും: വ്യവഹാരം അതിരു വിടുമ്പോള്‍ (പി.പി. ചെറിയാന്‍)
ടെക്‌സാസ് സംസ്ഥാനത്തെ ഇര്‍വിങ് ഐഎസ്ഡി മെക്കാര്‍തര്‍ വിദ്യാലയത്തിലെ പതിനാലുകാരനായ വിദ്യാര്‍ത്ഥിയായിരുന്നു അഹമ്മദ് മുഹമ്മദ് (ക്ലോക്ക് മുഹമ്മദ്) നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ അഹമ്മദിനുളള കഴിവുകള്‍ അപാരം ! അതിലൊന്നായിരുന്നു അഹമ്മദ് തന്നെ രൂപ കല്പന ചെയ്തു സ്വയം നിര്‍മ്മിച്ച ഡിജിറ്റര്‍ ക്ലോക്ക്. താന്‍ നിര്‍മ്മിച്ച ക്ലോക്ക് അധ്യാപകരേയും സഹപാഠികളേയും കാണിക്കണമെന്ന ആഗ്രഹം അഹമ്മദിനുണ്ടായത് സ്വാഭാവികം മാത്രം. സെപ്റ്റംബര്‍ 14 ന് ക്ലോക്കുമായി അഹമ്മദ് ക്ലാസ് റൂമിലെത്തി. രാജ്യത്താകമാനം ഭീകര പ്രവര്‍ത്തനങ്ങളെക്കുറിച്ചും ബോംബു സ്‌ഫോടനങ്ങളെ കുറിച്ചും ആശങ്കകള്‍ നിലനില്‌ക്കെ ഒരു ബോക്‌സിനകത്ത് ഡിജിറ്റല്‍ ബോര്‍ഡും വയറുകളും കണ്ട അധ്യാപകന്‍ ഒറ്റ നോട്ടത്തില്‍ ബോംബാണെന്ന തെറ്റിദ്ധരിച്ചാല്‍ അതിന് പൂര്‍ണ്ണമായും അദ്ദേഹത്തെ കുറ്റപ്പെടുത്താനാകില്ല.

വിവരം അറിഞ്ഞ പ്രധാന അധ്യാപകന്‍ അടിയന്തിര സന്ദേശം നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സ്‌കൂളില്‍ പാഞ്ഞെത്തി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കൊന്നും മുതിരാതെ അധ്യാപകന്റെ വാക്കുകള്‍ വിശ്വസിച്ചു. അഹമ്മദിനെ കയ്യാമം വെച്ച് പൊലീസ് വാഹനത്തില്‍ കയറ്റി കൊണ്ടു പോയി. അധ്യാപകരോ പൊലീസൊ അല്‍പം ക്ഷമ കാണിച്ചിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്നു ഈ സംഭവം പിന്നീട് അമേരിക്കയില്‍ അനുകൂലമായും പ്രതികൂലമായും ക്ഷണിച്ചു വരുത്തിയ പ്രതികരണങ്ങള്‍ക്ക് കണക്കില്ലായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് 'ഒബാമ' വിവിധ കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ പ്രമുഖര്‍ തുടങ്ങി പലരും ക്ലോക്ക് അഹമ്മദിനെ നേരില്‍ കാണുന്നതിനും സഹായ സഹകരണങ്ങള്‍ നല്‍കുന്നതിനും മൂന്നോട്ടു വന്നു. ഒക്ടോബറില്‍ വൈറ്റ് ഹൗസില്‍ നടന്ന അമേരിക്കയിലെ യങ്ങ് സയന്റിസ്റ്റുകളുടെ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ അഹമ്മദിനെ ഒബാമ നേരില്‍ കണ്ട് കുശല പ്രശ്‌നങ്ങള്‍ നടത്തുകയും പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.

അഹമ്മദ് സംഭവത്തെ തുടര്‍ന്ന് കാറും കോളും നിറഞ്ഞ അന്തരീക്ഷം പ്രസിഡന്റ് ഒബാമയുടെ ഇടപെടലിലൂടെ ശാന്തമായി എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് പിറ്റേ ദിവസം അഹമ്മദിന്റെ മാതാപിതാക്കളുടെ പ്രഖ്യാപനം വന്നത്.

'ഖത്തറില്‍ അഹമ്മദിന്റെ പഠനത്തിനാവശ്യമായ സൗകര്യങ്ങള്‍ സൗജന്യമായി വാഗ്ദാനം ചെയ്തതിനാല്‍ ഞങ്ങള്‍ അമേരിക്കയില്‍ നിന്നും ഖത്തറിലേക്ക് താമസം മാറ്റുന്നു.'' അഹമ്മദ് മുഹമ്മദിനെ സ്‌നേഹിക്കുകയും കരുതുകയും ചെയ്ത അമേരിക്കയിലെ നല്ലൊരു ശതമാനം ജനങ്ങള്‍ക്കും അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം വേദനയുണ്ടാക്കി എന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല.
മവാലറ03

സെപ്റ്റംബര്‍ 14 നു ശേഷം തീര്‍ത്തും ഉല്ലാസവാനായി കാണപ്പെട്ട അഹമ്മദിന് അമേരിക്കയിലുടനീളം ലഭിച്ച സ്വീകരണങ്ങള്‍ക്ക് കണക്കില്ലായിരുന്നു. ഡിജിറ്റല്‍ ക്ലോക്ക് ഒബാമ കാണണമെന്നാഗ്രഹം സഫലമാക്കാന്‍ കഴിയാതിരുന്നതിന് അഹമ്മദിന്റെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം. 'സ്വീകരണങ്ങളുടെ തിരക്കു കാരണം ഇര്‍വിങ് പൊലീസ് ആസ്ഥാനത്തു പോയി ക്ലോക്ക് വാങ്ങുവാന്‍ പോലും സമയം ലഭിച്ചില്ല എന്നാണ് ഇപ്പോള്‍ ഇതാ മറ്റൊരു വാര്‍ത്ത. അഹമ്മദ് മുഹമ്മദിനുണ്ടായ മാനസിക സംഘര്‍ഷത്തിനും ഭരണഘടനാവകാശം നിഷേധിക്കപ്പെട്ടതിനും ഇര്‍വിങ് വിദ്യാഭ്യാസ ജില്ലയേയും ഇര്‍വിങ് സിറ്റിയേയും പ്രതിയാക്കി. 15 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ടു അറ്റോര്‍ണി മുഖേനെ ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നു.

അധികൃതരുടെ ഒരു ചെറിയ തെറ്റുദ്ധാരണ മൂലം അഹമ്മദിനുണ്ടായ മാനസിക സംഘര്‍ഷം എത്രമാത്രമായിരുന്നുവെന്ന് ഊഹിക്കാവുന്നതേ ഉളളൂ. അഹമ്മദിനെ പൊലീസ് വാഹനത്തില്‍ കയറ്റി പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ടു പോകുന്നതു വരെ വിവരം രക്ഷിതാക്കളെ അറിയിച്ചില്ല എന്നത്. ഗുരുതരമായ കൃത്യ വിലോപം തന്നെയാണ്. എല്ലാ പ്രശ്‌നങ്ങളും മംഗളകരമായി അവസാനിച്ചു എന്നിരിക്കെ 15 മില്യണ്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടതു അര്‍ഹതപ്പെട്ടതാണോ അതിമോഹമാണോ എന്ന് വരും നാളുകളില്‍ അമേരിക്കന്‍ മാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചാ വിഷയമാകും. കോടതി ഈ വിഷയത്തില്‍ എന്തു തീരുമാനമെടുക്കും എന്നതും കാത്തിരുന്നു കാണേണ്ടി വരും 
ക്ലോക്കും മില്യനും: വ്യവഹാരം അതിരു വിടുമ്പോള്‍ (പി.പി. ചെറിയാന്‍)ക്ലോക്കും മില്യനും: വ്യവഹാരം അതിരു വിടുമ്പോള്‍ (പി.പി. ചെറിയാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക