Image

സമത്വത്തിലേക്കുള്ള യാത്ര

Madhyamam Published on 26 November, 2015
സമത്വത്തിലേക്കുള്ള യാത്ര
എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശെന്റ നേതൃത്വത്തില്‍ കാസര്‍കോടുനിന്ന് ആരംഭിച്ച സമത്വ മുന്നേറ്റ യാത്ര ഇതിനകം വലിയ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുകയുണ്ടായി. സി.പി.എം, കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ കടുത്ത ഭാഷയില്‍ തന്നെ യാത്രയെയും യാത്രോദ്ദേശ്യത്തെയും വിമര്‍ശിച്ചുകഴിഞ്ഞു. ബി.ജെ.പിയാകട്ടെ വലിയ ആവേശത്തിലുമാണ്. അടിസ്ഥാനതലത്തില്‍ യാത്രയുടെ സംഘാടനത്തില്‍ ആര്‍.എസ്.എസാണ് മുഖ്യപങ്ക് വഹിക്കുന്നതെന്നും വാര്‍ത്തകള്‍ വന്നുകഴിഞ്ഞു.

1903 മേയ് 15ന് ശ്രീനാരായണ ഗുരു പ്രസിഡന്റും കുമാരനാശാന്‍ ജനറല്‍ സെക്രട്ടറിയുമായി ആരംഭിച്ച എസ്.എന്‍.ഡി.പി കേരളീയ സമൂഹ രൂപവത്കരണത്തില്‍ നല്‍കിയ സംഭാവനകള്‍ ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്തതാണ്. ഹിന്ദു സമുദായത്തിലെ പിന്നാക്ക വിഭാഗമായ ഈഴവ വിഭാഗത്തിെന്റ ഉന്നമനം ലക്ഷ്യം വെച്ചായിരുന്നു എസ്.എന്‍.ഡി.പിയുടെ രൂപവത്കരണമെങ്കിലും തീര്‍ത്തും മതേതരമായ പ്രതിച്ഛായ നേടിയെടുക്കാന്‍ ആ പ്രസ്ഥാനത്തിന് സാധിച്ചിരുന്നു. ഹിന്ദു സമൂഹത്തിന് പുറത്തുള്ള പിന്നാക്ക സമൂഹങ്ങളുമായിപോലും സഹകരിച്ച് സംയുക്ത പ്രക്ഷോഭങ്ങളും വേദികളും സംഘടിപ്പിക്കാന്‍ ആ പ്രസ്ഥാനത്തിന് ആയിട്ടുണ്ട്. അങ്ങനെയൊക്കെ പൊതുവായ അംഗീകാരം നേടിയെടുത്ത ഒരു പ്രസ്ഥാനത്തിെന്റ നേതൃത്വത്തില്‍ കേരള യാത്ര സംഘടിപ്പിക്കപ്പെടുമ്പോള്‍ സമൂഹത്തില്‍ വ്യാപകമായ വിമര്‍ശവും അസ്വസ്ഥതയുമുണ്ടാകാന്‍ കാരണമെന്താകും? പുതിയ യാത്രയുടെ ഉദ്ദേശ്യവും മുദ്രാവാക്യങ്ങളും തന്നെയാണ് ഈ യാത്രയെ വിമര്‍ശങ്ങളുടെ കുന്തമുനയില്‍ നിര്‍ത്തിയിരിക്കുന്നത്.

സമത്വ മുന്നേറ്റ യാത്രയുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടുന്ന ആശയങ്ങള്‍ മലയാളി സമൂഹത്തിന് അപരിചിതമായ വര്‍ഗീയതയുടെ ഭാഷയാണ് സംസാരിക്കുന്നത്. സമൂഹത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും നീതിയും പ്രാതിനിധ്യവും ലഭിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, ഇപ്പോള്‍ സമത്വ മുന്നേറ്റ യാത്രയുടെ മുദ്രാവാക്യമായി ഉയര്‍ത്തപ്പെടുന്നത് അത്തരത്തിലുള്ള ആശയങ്ങളല്ല. കേരളത്തിലെ ന്യൂനപക്ഷ സമൂഹങ്ങളെ പൊതുവെയും മുസ്ലിംകളെ വിശേഷിച്ചും ശത്രുസ്ഥാനത്ത് നിര്‍ത്തി സംഘപരിവാര്‍ പയറ്റിക്കൊണ്ടിരിക്കുന്ന വിഭാഗീയ രാഷ്ട്രീയമാണ് വെള്ളാപ്പള്ളിയുടെ യാത്ര മുന്നോട്ടുവെക്കുന്നത്.

കേരളത്തിലെ എല്ലാ സാമൂഹിക വിഭാഗങ്ങളും ആനുപാതിക പ്രാതിനിധ്യം നേടിയിട്ടുണ്ടെന്നോ അര്‍ഹതപ്പെട്ട നീതി അവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നോ ആര്‍ക്കും വാദമില്ല. അനീതിക്കിരയായ സമൂഹങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന കാര്യത്തിലുമില്ല രണ്ടഭിപ്രായം. പക്ഷേ, ഹിന്ദുക്കള്‍ ഒന്നടങ്കം അനീതിക്കിരയാവുന്നു, മുസ്ലിംകളും ക്രിസ്ത്യാനികളും എല്ലാം വാരിയെടുക്കുന്നു എന്ന പ്രചാരണത്തില്‍ ഒരു അടിസ്ഥാനവുമില്ല. വികസനമെല്ലാം മലപ്പുറത്തേക്കും കോട്ടയത്തേക്കും പോയി എന്നതാണ് വെള്ളാപ്പള്ളി നിരന്തരം നടത്തുന്ന ഒരു പ്രസ്താവന. സര്‍ക്കാര്‍ എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കുന്ന ഇക്കണോമിക് റിവ്യൂ പരിശോധിച്ചാല്‍ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. കാലങ്ങളായി, പ്രതിശീര്‍ഷ വരുമാനത്തില്‍ സംസ്ഥാനത്ത് ഏറ്റവും പിറകില്‍ നില്‍ക്കുന്ന ജില്ലയാണ് മലപ്പുറം എന്നതാണത്. വര്‍ഷങ്ങളായി ഇതാണ് യാഥാര്‍ഥ്യമെങ്കിലും വികസനം മുഴുവന്‍ മലപ്പുറത്തേക്ക് പോവുന്നുവെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കുറച്ചാളുകളെങ്കിലും അത് വിശ്വസിക്കുമെന്ന് വെള്ളാപ്പള്ളിയും അദ്ദേഹത്തിെന്റ സഹയാത്രികരും വിചാരിക്കുന്നുണ്ടാവും.

ന്യൂനപക്ഷത്തില്‍തന്നെ പെടുന്ന സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗം സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നാക്കമാണ് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ഇന്ത്യ സ്വതന്ത്രമാവുന്നതിനും കേരളം രൂപവത്കരിക്കപ്പെടുന്നതിനും മുമ്പുതന്നെ അവര്‍ ആ അവസ്ഥയിലായിരുന്നു. അതായത്, അവരുടെ മുന്നാക്കാവസ്ഥ കേരളത്തിലെ ഏതെങ്കിലും സര്‍ക്കാറിെന്റ പ്രത്യേകമായ പരിഗണന കൊണ്ടുണ്ടായതല്ല. ചരിത്രപരമായിതന്നെ അവര്‍ അങ്ങനെയാണ്. നേരത്തെയുള്ള മുന്നാക്കാവസ്ഥ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിലും നേട്ടങ്ങളാക്കി മാറ്റാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട് എന്ന കാര്യത്തിലും സംശയമില്ല. എന്നാല്‍, മുസ്ലിം ന്യൂനപക്ഷത്തിെന്റ അവസ്ഥ അതല്ല. സാമൂഹിക, സാമ്പത്തിക, പ്രാതിനിധ്യ രംഗങ്ങളിലെല്ലാം അവര്‍ ഇപ്പോഴും പിന്നാക്കാവസ്ഥയില്‍തന്നെയാണ്. നരേന്ദ്രന്‍ കമീഷന്‍, സച്ചാര്‍ കമീഷന്‍ തുടങ്ങിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളാകട്ടെ, ശാസ്ത്ര സാഹിത്യ പരിഷത്തിെന്റ കേരളപഠനം പോലുള്ള റിപ്പോര്‍ട്ടുകളാവട്ടെ എല്ലാം ഈ യാഥാര്‍ഥ്യത്തെ അടിവരയിടുന്നതാണ്. അതിനെ ഖണ്ഡിക്കുന്ന എന്തെങ്കിലും കണക്കുകള്‍ ഏതെങ്കിലും ഔദ്യോഗിക, അനൗദ്യോഗിക ഏജന്‍സികള്‍ ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.

അതിനാല്‍, മുസ്ലിം ന്യൂനപക്ഷം എല്ലാം വാരിക്കൊണ്ടുപോവുന്നു എന്ന വെള്ളാപ്പള്ളിയുടെ പ്രചാരണത്തിന് ഒരര്‍ഥവുമില്ല. ഹിന്ദുമതത്തില്‍തന്നെ പെട്ട ദലിത്, ആദിവാസി വിഭാഗങ്ങള്‍ അതീവ പിന്നാക്കാവസ്ഥയിലാണ് എന്ന കാര്യത്തില്‍ സംശയത്തിന് വകയില്ല. അവരെ മുന്നോട്ടു കൊണ്ടുവരണമെന്ന കാര്യത്തില്‍ തര്‍ക്കവുമില്ല. ഭരണഘടനയും നിയമങ്ങളും അക്കാര്യം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയാണ് രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങളും കാണിക്കേണ്ടത്. 

വെള്ളാപ്പള്ളിയുടെ യാത്രയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങള്‍ കുത്തിപ്പൊക്കുന്നതിനു പകരം, വിവിധ സാമൂഹിക വിഭാഗങ്ങളുടെ യഥാര്‍ഥ സ്ഥിതി വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവിടുകയാണ് വേണ്ടത്. കണക്കുകളെല്ലാം വരട്ടെ. എന്നിട്ട് എല്ലാവരും ഇരുന്ന് കൂടിയാലോചിക്കട്ടെ. ആര്‍ക്കാണ് അനര്‍ഹമായത് ലഭിച്ചത്, ആര്‍ക്കാണ് അര്‍ഹമായത് ലഭിക്കാതെ പോയത് എന്നെല്ലാമുള്ള കാര്യങ്ങള്‍ പുറത്തുവരട്ടെ. വെള്ളാപ്പള്ളിയും വെള്ളാപ്പള്ളിയെ എതിര്‍ക്കുന്ന ഇടതു, വലതു പക്ഷങ്ങളുമെല്ലാം ഇതിന് സന്നദ്ധമാവണം. നമുക്ക് കണക്കുകള്‍വെച്ച് സംസാരിക്കാം. വെറുതെ വര്‍ഗീയ ചുവയുള്ള പ്രസ്താവനകള്‍ നടത്തുന്നത് നമ്മുടെ സാമൂഹിക ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക