Image

അമേരിക്കയിലെ മലയാളി മാധ്യമരംഗം നേരിടുന്ന അവശതകള്‍

Published on 24 November, 2015
അമേരിക്കയിലെ മലയാളി മാധ്യമരംഗം നേരിടുന്ന അവശതകള്‍
ചിക്കാഗോ: അമേരിക്കയിലെ മാധ്യമങ്ങള്‍ നേരിടുന്ന പ്രതിസന്ധിയേപ്പറ്റി ഇന്ത്യാ പ്രസ്‌ക്ലബ്‌ കണ്‍വന്‍ഷനില്‍ നടന്ന ചര്‍ച്ച മാധ്യമ പ്രവര്‍ത്തകരുടെ ആകുലതകളും അവശതകളും തുറന്നുകാട്ടി. കയ്യിലെ പണവും സമയവും നഷ്‌ടപ്പെടുത്തി മാധ്യമരംഗത്ത്‌ പ്രവര്‍ത്തിക്കുന്നതിനു പിന്നിലെ പ്രതിബദ്ധതയും അര്‍പ്പണബോധവും പ്രശംസിക്കപ്പെടുകയും ചെയ്‌തു.

എട്ടുവര്‍ഷമായി ആഴ്‌ചവട്ടം പത്രം നടത്തുന്ന ജോര്‍ജ്‌ കാക്കനാട്ട്‌ ഓരോ ആഴ്‌ചയിലും ഉണ്ടാകുന്ന ഭാരിച്ച ചെലവ്‌ ചൂണ്ടിക്കാട്ടി. അതനുസരിച്ച്‌ വരുമാനമില്ല. ജോലിതിരക്കിനിടയിലാണ്‌ പത്രപ്രവര്‍ത്തനം. എന്നാലും സത്യസന്ധമായ വാര്‍ത്തകള്‍ വായനക്കാരിലെത്തിക്കാന്‍ മടികാട്ടുന്നില്ല. സഭകളുമായി ബന്ധപ്പെട്ട ചില വിഷയങ്ങളെപ്പറ്റി വിമര്‍ശനാത്മകമായി എഴുതിയപ്പോള്‍ പത്രം കത്തിക്കുമെന്നു ഭീഷണിയുണ്ടായി. പക്ഷെ വിട്ടൂവീഴ്‌ചയ്‌ക്ക്‌ ഒരിക്കലും തയാറായില്ല- കാക്കനാട്ട്‌ പറഞ്ഞു.

പണവും സമയവും പാഴാക്കി മാധ്യമപ്രവര്‍ത്തനത്തിനിറങ്ങുന്നവര്‍ക്ക്‌ തലയ്‌ക്ക്‌ ഓളമാണെന്ന്‌ ചിലര്‍ പറയുന്നുണ്ട്‌. അതില്‍ കുറച്ച്‌ സത്യമില്ലെന്നു പറയാനാവില്ല. എല്ലാറ്റിനേയും പണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കാണാനാവില്ല-
ജോര്‍ജ് ജോസഫ് പറഞ്ഞു 

ആദ്യകാലത്ത്‌ കുട്ടികളെ ഇംഗ്ലീഷില്‍ മാത്രം സംസാരിക്കാന്‍ പഠിപ്പിക്കുകയായിരുന്നു അമേരിക്കന്‍ മലയാളിയുടെ പതിവെന്നു കേരളാ എക്‌സ്‌പ്രസ്‌ ചീഫ്‌ എഡിറ്റര്‍ കെ.എം. ഈപ്പന്‍ ചൂണ്ടിക്കാട്ടി. മലയാളം പത്രം തുടങ്ങി ഒരുവര്‍ഷം കഴിഞ്ഞാണ്‌ കേരളാ എക്‌സ്‌പ്രസ്‌ തുടങ്ങുന്നത്‌. മലയാളം പഠിപ്പിക്കാനും കേരള ബന്ധം നിലനിര്‍ത്താനും ഒരു പത്രം നന്നായിരിക്കുമെന്നു കുടുംബാംഗങ്ങളില്‍ നിന്നാണ്‌ നിര്‍ദേശം വന്നത്‌. പത്രം നടത്തുന്നതിനു പിന്നില്‍ തന്റെ കുടുംബത്തിന്റെ പിന്തുണയാണ്‌ ശക്തിയായത്‌. പിന്നീട്‌ ജോസ്‌ കണിയാലിയും അതിന്റെ ഭാഗമായി.

സാമ്പത്തിക വിഷമങ്ങള്‍ ഉണ്ടെങ്കിലും പത്രം മുടങ്ങാതെ പോകുന്നു. പക്ഷെ ജനങ്ങളുടെ സഹകരണം കുറവ്‌. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കാലതാമസവും പ്രധാനം. താമസം മാറുമ്പോള്‍ പുതിയ വിലാസം ആരും അറിയിക്കാറില്ല. പഴയ വിലാസത്തില്‍ പോകുന്ന പത്രം തിരിച്ചുവരും. അതിനും പത്രത്തിനു ചിലവ്‌ വരും. കോംപ്ലിമെന്റായി അയയ്‌ക്കുന്ന പത്രം വേണ്ടെങ്കില്‍ അതുപോലും അറിയിക്കാറില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും പതിനേഴ്‌ കൊച്ചുമക്കളും നല്ല മലയാളം പറയുന്നതു കേള്‍ക്കുമ്പോള്‍ സന്തോഷം. വരിസംഖ്യ അടയ്‌ക്കാന്‍ പറയാതെ തന്നെ ആളുകള്‍ അത്‌ അടയ്‌ക്കുന്നു. പക്ഷംപിടിക്കാതെയും വിവാദങ്ങള്‍ക്ക്‌ വഴി കൊടുക്കാതെയുമാണ്‌ തങ്ങളുടെ പ്രവര്‍ത്തനം. ജനക്ഷേമത്തിനും നാട്ടില്‍ സഹായം തേടുന്നവര്‍ക്കുവേണ്ടിയുള്ള കാരുണ്യ പ്രവര്‍ത്തനത്തിനും പത്രം സ്ഥലം ഒഴിച്ചിടുന്നു.

എക്‌സ്‌ക്ലൂസീവ്‌ വാര്‍ത്ത കിട്ടുമ്പോള്‍ അതു മറ്റാര്‍ക്കും കിട്ടാതെയിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നു ടാജ്‌ മാത്യു ചൂണ്ടിക്കാട്ടി. അത്തരം എക്‌സ്‌ക്ലൂസീവുകളാണ്‌ പത്രത്തിന്റെ ശക്തി.

മുമ്പൊരു കണ്‍വന്‍ഷനില്‍ 10 ടിവി ക്യാമറകള്‍ ഉണ്ടായിരുന്ന കാര്യം ജോണ്‍ ബ്രിട്ടാസ്‌ എടുത്തുപറഞ്ഞത്‌ കൈരളി ടിവിയുടെ  ജോസ്‌ കാടാപ്പുറവും അനുസ്‌മരിച്ചു. ഇപ്പോഴത്‌ രണ്ടായി കുറഞ്ഞു. 

മുമ്പ്‌ പരിചയമൊന്നുമില്ലാതെ മാധ്യമ രംഗത്ത്‌ വൈകിയെത്തിയതാണെങ്കിലും ഈ രംഗത്തു വിജയിക്കാന്‍ കഴിഞ്ഞുവെന്ന്‌ ജോയിച്ചന്‍ പുതുക്കുളം ചൂണ്ടിക്കാട്ടി. ജനങ്ങളുമായുള്ള നല്ല ബന്ധം പുലര്‍ത്താനാകുന്നതാണ്‌ തന്റെ ശക്തി.

വിദേശികള്‍ ഇന്ത്യയിലെ മാധ്യമ രംഗത്തു വരുന്നത്‌ പണം മാത്രം ലക്ഷ്യമാക്കിയാണെന്നും ഇതു ദോഷകരമാണെന്നും സ്റ്റീഫന്‍ മറ്റത്തിപ്പറമ്പില്‍ പറഞ്ഞു. എന്നാല്‍ ഒരു പരിധിക്കപ്പുറം പോകാന്‍ അവര്‍ക്ക്‌ കഴിയില്ലെന്നും അതിനെ ഭയക്കേണ്ടെന്നും കൈരളി ടിവിയുടെ ജോണ്‍ ബ്രിട്ടാസ്‌ പറഞ്ഞു.

അമേരിക്കയിലെ മലയാള മാധ്യമങ്ങള്‍ നഷ്‌ടമില്ലാത്ത നിലയില്‍ പോകുവാന്‍ അവരെ സഹായിക്കുക എന്ന ബാധ്യത നമുക്കെല്ലാവര്‍ക്കുമുണ്ടെന്നു മോഡറേറ്ററായ മീനു എലിസബത്ത്‌ പറഞ്ഞു. അവിടെയും ഒരു സാധാരണക്കാരന്‍ ചോദിച്ചുപോകുന്ന ഒരു ചോദ്യമുണ്ട്‌. ഒരു കുടുംബത്തിനു എത്ര പ്രസിദ്ധീകരണങ്ങളാണ്‌ ഒരു മാസം വാങ്ങാന്‍ കഴിയുക? ലോകത്തിന്റെ ഏതു കോണിലും നടക്കുന്ന കാര്യങ്ങള്‍ അപ്പോള്‍ നാം അറിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരാഴ്‌ച പഴക്കംവരുന്ന വാര്‍ത്തകള്‍ വായിക്കാനും പഴകിയ ദൃശ്യങ്ങള്‍ കാണുവാനും ആളുകള്‍ക്ക്‌ താത്‌പര്യം കുറയുന്നു.

ഒരു സാധാരണ വായനക്കാരന്‌ പുതുതായി എന്തുകൊടുക്കാന്‍ ഈ മാധ്യമങ്ങള്‍ക്കു കഴിയും. അതു കണ്ടുപിടിക്കേണ്ട വിഷയമാണ്‌.

പണ്ടൊക്കെ ചങ്കൂറ്റത്തോടെ നെഞ്ച്‌ വിരിച്ച്‌ തന്റേടത്തോടെ കാര്യങ്ങള്‍ പറഞ്ഞിരുന്നവനെ നമ്മള്‍ ബലവാന്‍ എന്നു വിളിച്ചു. ഇന്ന്‌ ആത്മബലമില്ലാത്തവര്‍ ധൈര്യമില്ലാതെ മറഞ്ഞിരുന്ന്‌ അപരനാമങ്ങള്‍ ഉപയോഗിച്ച്‌ ഒളിപ്പോരാളികളെപ്പോലെ പത്രപ്രവര്‍ത്തകരോടും എഴുത്തുകാരോടും സംഘടനകളോടും അതുവഴി സമൂഹത്തോടും നിരന്തരം പടവെട്ടുന്നു. ഈ അപര നാമധാരികള്‍ മിക്കപ്പോഴും ഉപയോഗിക്കുന്ന മ്ലേച്ഛമായ ഭാഷ ആ മാധ്യമത്തിന്റെ അന്തസിനെ ബാധിക്കുന്നു. പത്രധര്‍മ്മത്തിന്റെ വ്യാപ്‌തിയും ധര്‍മ്മവും അറിയാന്‍ പാടില്ലാത്ത ഈ നിഴല്‍ യുദ്ധക്കാരെ നിയന്ത്രിച്ചു നിര്‍ത്താതെ കേവലം റെയ്‌റ്റിഗും ഹിറ്റും കൂടുന്നതു അവരെ പ്രോത്സാഹിപ്പിക്കുന്ന രീതി മാധ്യമങ്ങള്‍ തീര്‍ച്ചയായും പുനര്‍വിചിന്തനം നടത്തേണ്ടതാണ്‌.

ഏതെങ്കിലും വിവാദങ്ങളില്‍ പെട്ടവരെന്നോ, കൊടിയ നിയമലംഘകരെന്നോ, കൊള്ളക്കാരന്നോ ബലാത്സംഗവീരനെന്നോ പേരെടുത്തു ഒരിക്കല്‍ നിങ്ങള്‍ തന്നെ മുദ്രകുത്തിയ വ്യക്തി നാളെ അമേരിക്കയുടെ മണ്ണില്‍ കാലുകുത്തുമ്പോള്‍ നിങ്ങള്‍ അവരെ ആനയും അമ്പാരിയുമായി സ്വീകരിക്കുന്നത്‌ ജനങ്ങളില്‍ സംശയങ്ങള്‍ ഉളവാക്കുന്നു. എന്തിനെയാണോ, ആരെയാണോ മാധ്യമങ്ങള്‍ നിരന്തരം വിമര്‍ശിക്കുന്നത്‌, അതേ വിമര്‍ശനത്തിന്‌ കാരണഹേതുക്കളാകുന്ന കാര്യങ്ങളില്‍ നിന്നും, മാധ്യമങ്ങള്‍ മാറി നില്‍ക്കേണ്ടതാണ്‌. വ്യക്തി ബന്ധങ്ങളുടെ പേരില്‍ ചിലരെയൊക്കെ ചിലപ്പോഴൊക്കെ നമുക്കെല്ലാവര്‍ക്കും ചുമക്കേണ്ടി വന്നേക്കാം. അതു പേഴ്‌സണലായ കാര്യം. പക്ഷെ, അതു പൊതുജനമധ്യേ ഒരു ആഘോഷമാക്കുമ്പോഴാണ്‌ അത്‌ അശ്ശീലം ആകുന്നത്‌. പ്രോജ്വലമായിരിക്കണം മാധ്യമ പ്രവര്‍ത്തനം.

ഈ പറഞ്ഞ കാര്യങ്ങള്‍ എല്ലാം പ്രായോഗികമാകണമെങ്കില്‍ മാധ്യമങ്ങളില്‍ നല്ല ജോലിക്കാര്‍ വേണ്ടിരിക്കുന്നു. നല്ല എഡിറ്റര്‍മാര്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഇവിടെ എഡിറ്ററും ക്യാമറാമാനും ന്യൂസ്‌ റിപ്പോര്‍ട്ടറും, കസ്റ്റമര്‍ സര്‍വീസും, മാനേജരും, മുതലാളിയും, റീഡറും എല്ലാം ഒരാളാകുമ്പോഴാണ്‌ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്‌.

ഇതെല്ലാം ചെയ്യണമെങ്കില്‍ സാമ്പത്തിക ഉന്നതി മാധ്യമങ്ങള്‍ക്കും ഉണ്ടാവണം. എല്ലാ കച്ചവടവും പോലും ഇതിനും നല്ല മാര്‍ക്കറ്റിംഗ്‌ തന്ത്രങ്ങള്‍ ആവശ്യമാണ്‌. മാര്‍ക്കറ്റിംഗിനു പണമില്ല. അതിനാല്‍ സാമ്പത്തിക ഉന്നതിയില്ല. മാര്‍ക്കറ്റിംഗിനുകൂടി പണം കണ്ടെത്തി നിങ്ങളുടെ സംരംഭങ്ങള്‍ ലാഭത്തില്‍ തന്നെ നടത്തിക്കൊണ്ടുപോകണം.

എഡിറ്റര്‍മാരുടെ ബാധ്യത നല്ല പത്രവാര്‍ത്തകള്‍ നല്‍കുന്നതില്‍ മാത്രം ആവാതെ നല്ല സാഹിത്യവും, കൂടുതല്‍ മനുഷ്യത്വവും വളരെയേറെ നന്മയും അവരുടെ ബാധ്യതയില്‍ ഉള്‍പ്പെടുത്തണം. മലയാളിയുടെ സാമൂഹിക അവബോധത്തിന്‌ ഒരു പുതിയ മുഖം നല്‍കാന്‍ മാധ്യമങ്ങള്‍ക്ക്‌ കഴിയണം. നല്ല മലയാളവും, നല്ല ഭാഷയും കൂടുതല്‍ ആര്‍ജ്ജവത്തോടെ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവും മാധ്യമങ്ങള്‍ക്ക്‌ ഉണ്ടാകണം. സര്‍ഗ്ഗാത്മകതയും നല്ല കഴിവുമുള്ളവരെ കണ്ടുപിടിച്ച്‌ അവരെ ഈ രംഗത്തേക്ക്‌ കൊണ്ടുവരണം. പ്രൊഫ
ണലിസവും, ക്യത്യവും വ്യക്തവുമായ സമീപനമാണ്‌ മാധ്യമങ്ങള്‍ക്കു വന്നുചേരേണ്ടത്‌. അതിനു ഊര്‍ജമുള്ള, ഉത്സാഹമുള്ള, അര്‍പ്പണബോധമുള്ള ചെറുപ്പക്കാര്‍ ഈ രംഗത്തേക്ക്‌ കടന്നുവരേണ്ടതാണ്‌.
അമേരിക്കയിലെ മലയാളി മാധ്യമരംഗം നേരിടുന്ന അവശതകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക