Image

പാപത്തിന്റെ ശമ്പളം മരണം (അഷ്‌ടമൂര്‍ത്തി)

Published on 23 November, 2015
പാപത്തിന്റെ ശമ്പളം മരണം (അഷ്‌ടമൂര്‍ത്തി)
സിംഗപ്പൂര്‍വാസത്തിനിടെ കൂട്ടുകാര്‍ക്കിടയില്‍ ഇരിക്കുമ്പോള്‍ കേരളത്തിലെ അഴിമതിക്കാര്യങ്ങളും ചര്‍ച്ചാവിഷയമായി. സ്വാഭാവികമായി അത്‌ സിംഗപ്പൂരിലെ കഥകളുമായികൂടിക്കലര്‍ന്നു.

കുറച്ചൊക്കെ കേട്ടിട്ടുണ്ട്‌ മുമ്പും. സിംഗപ്പൂരിനെ അഴിമതിമുക്തമാക്കാന്‍ തന്റെസര്‍ക്കാര്‍ എടുത്ത നടപടികള്‍ ലീ ക്വാന്‍ യൂ അദ്ദേഹത്തിന്റെ ആത്മകഥയുടെ രണ്ടാംഭാഗമായ From Third World to First എന്ന പുസ്‌തകത്തിലെ Keeping the Government Clean എന്നഅദ്ധ്യായത്തില്‍ വിവരിയ്‌ക്കുന്നുണ്ട്‌. ഒന്നാം ഭാഗമായ Singapore Storyയിലും ചില പ്രലോഭനങ്ങളെ അതിജീവിച്ചതിന്റെ കഥകള്‍ പറയുന്നുണ്ട്‌.
അന്ന്‌ പക്ഷേ സിംഗപ്പൂര്‍ സ്വതന്ത്രരാ ജ്യമായിട്ടില്ല. മലേഷ്യയടക്കമുള്ള കോണ്‍ഫെഡറേഷന്റെ ഭാഗമായിരുന്നു.

സ്വതന്ത്രരാജ്യമായപ്പോള്‍ അദ്ദേഹം Corrupt Practices Investigation Bureau (CPIB) എന്ന അന്വേഷണ ഏജന്‍സിയ്‌ക്ക്‌ രൂപം നല്‍കി. രാജ്യത്തിന്റെ പുരോഗതിയ്‌ക്ക്‌ അഴിമതി തടസ്സമാവും എന്നുറപ്പുള്ളതുകൊണ്ടാണ്‌ അങ്ങനെയൊരു സംവിധാനമുണ്ടാക്കാന്‍ അദ്ദേഹം മുതിര്‍ന്നത്‌. ബ്യൂറോയ്‌ക്ക്‌ വിപുലമായ അധികാരങ്ങള്‍ കല്‍പിച്ചു കൊടുത്തു. പ്രവര്‍ത്തനം തുടങ്ങിയ ബ്യൂറോ പല മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും പിടികൂടി ശിക്ഷിച്ചു. പലര്‍ക്കും സ്ഥാനമാനങ്ങള്‍ നഷ്ടമായി.

അക്കൂട്ടത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടത്‌ തേ ചീങ്‌ വാന്‍ എന്നയാളുടേതായിരുന്നു. ദേശീയവികസനമന്ത്രിയായിരുന്നു തേ ചീങ്‌ വാന്‍. ലീയുടെ വലംകൈ, വിശ്വസ്‌തന്‍.ഒട്ടനവധി കാര്യങ്ങള്‍ വളരെ കാര്യക്ഷമതയോടെ നടപ്പാക്കിയ മിടുക്കനായ ഭരണാധികാരി.1986 നവംബറില്‍ അദ്ദഹത്തിനെതിരെ ഒരാരോപണമുയര്‍ന്നു. CPIBയുടെ ചോദ്യം ചെയ്യലില്‍ അദ്ദഹത്തിന്റെ സഹായി ആയിരുന്ന ആള്‍ തേ ചീങ്‌ വാന്‌ നാലു ലക്ഷം ഡോളര്‍വീതം രണ്ടു പ്രാവശ്യം കൈമടക്കു നല്‍കിയതായി സമ്മതിച്ചു. സര്‍ക്കാര്‍ ഭൂമി സ്വകാര്യാവശ്യത്തിന്‌ തരപ്പെടുത്തിക്കൊടുത്തതിനായിരുന്നു ഈ സംഖ്യകള്‍. വാന്‍ ആരോപണംനിഷേധിച്ചുവെന്നു മാത്രമല്ല കേസ്‌ അവസാനിപ്പിയ്‌ക്കാന്‍ വേണ്ടി അന്വേഷണോദ്യോഗസ്ഥനെസ്വാധീനിയ്‌ക്കാന്‍ ശ്രമിയ്‌ക്കുകയും ചെയ്‌തു. അതു നടന്നില്ല.

പിടിയ്‌ക്കപ്പെട്ടു എന്നുറപ്പായപ്പോള്‍ അദ്ദേഹം ലീ ക്വാന്‍ യൂവിനെ കാണാന്‍ ആഗ്രഹമുണ്ടെന്ന്‌ കാബിനറ്റ്‌ സെക്രട്ടറി വഴി അപേക്ഷ കൊടുത്തു. പക്ഷേ ലീ ക്വാന്‍ യൂ അദ്ദേഹത്തെ കാണാന്‍ കൂട്ടാക്കിയില്ല. അന്വേഷണം തീരട്ടെ എന്നു പറഞ്ഞാണ്‌ കൂടിക്കാഴ്‌ച നിഷേധിച്ചത്‌. ഒരാഴ്‌ച കഴിഞ്ഞ്‌, 1986 ഡിസംബര്‍ 15-ന്‌ ലീ ക്വാന്‍ യൂവിന്‌ ഒരു കത്ത്‌ കിട്ടി. അത്‌ തേ ചീങ്‌ വാന്റെയായിരുന്നു:

Prime Minister,
I have been feeling very sad and depressed for the last two weeks. I feel responsible for the
occurrence of this unfortunate incident and I feel I should accept full responsibility. As an honourable oriental gentleman I feel it is only right that I should pay the highest penalty for my mistake.

Yours faithfully
Teh Cheang Wan

തേ ചീങ്‌ വാന്റെ ആത്മഹത്യയ്‌ക്കു ശേഷമാണ്‌ ലീ ക്വാന്‍ യൂവിന്‌ ഈ കത്തുകിട്ടുന്നത്‌. വീടു സന്ദര്‍ശിച്ച ലീയോട്‌ വാന്റെ ഭാര്യ ആവശ്യപ്പെട്ടത്‌ ഒന്നു മാത്രമായിരുന്നു.ജീവിതം മുഴുവന്‍ രാജ്യത്തിനു വേണ്ടി പണിയെടുത്ത വാനെ മരണത്തിലെങ്കിലും അപമാനിക്കരുത്‌. ആത്മഹത്യയാണെന്ന്‌ ആരും അറിയരുത്‌. എന്നാല്‍ അത്‌ അനുവദിക്കാന്‍ ലീ ക്വാന്‍ യൂ തയ്യാറായില്ല. പോസ്റ്റ്‌ മോര്‍ട്ടത്തില്‍ സോഡിയം അമിറ്റാല്‍ അമിതമായി കഴിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തി. ആത്മഹത്യയേക്കുറിച്ച്‌ അന്വേഷിയ്‌ക്കണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടു. സത്യങ്ങള്‍ വെളിപ്പെട്ടത്‌ വാന്റെ ഭാര്യയ്‌ക്കും മകള്‍ക്കും കൂടുതല്‍ നാണക്കേടുണ്ടാക്കി. വൈകാതെ നാടുവിട്ടു പോയ അവര്‍ പിന്നെ ഒരിയ്‌ക്കലും സിംഗപ്പൂര്‍ക്കു തിരിച്ചു വന്നില്ല. എന്തിനാണ്‌ തേ ചീങ്‌ വാന്‍ ആ 8 ലക്ഷം ഡോളര്‍ കൈപ്പറ്റിയതെന്ന്‌ തനിയ്‌ക്കിപ്പോഴും അറിയില്ലെന്ന്‌ അല്‍പം സങ്കടത്തോടെ ലീ ഈ പുസ്‌തകത്തില്‍ പറയുന്നുണ്ട്‌.

സിംഗപ്പൂരില്‍ ലീ ക്വാന്‍ യൂവിന്‌ ഒരു വീരപരിവേഷമുണ്ട്‌.ചിലര്‍ക്കിടയിലെങ്കിലും. മേല്‍പ്പറഞ്ഞ കഥയുടെ മറ്റൊരു പാഠഭേദവും കൂട്ടുകാരിലൊരാള്‍ പറഞ്ഞു: തേ ചീങ്‌ വാനെതിരെ തെളിവു കിട്ടിയ നിമിഷം ലീ ക്വാന്‍ യൂ അദ്ദേഹത്തെ സ്വന്തം മുറിയിലേയ്‌ക്കു വിളിച്ചു വരുത്തി. അതുവരെയുണ്ടായിരുന്ന സൗഹൃദമൊക്കെ മാറ്റിവെച്ച്‌ അദ്ദേഹം വാനോടു പറഞ്ഞു: നിങ്ങള്‍ നടത്തിയ അഴിമതി തെളിഞ്ഞിരിയ്‌ക്കുന്നു. നിങ്ങള്‍ക്ക്‌ ഇനി പറയുന്ന രണ്ടി ലൊന്നു തിരഞ്ഞെടുക്കാം. ഒന്ന്‌: ആത്മഹത്യ ചെയ്യുക. രണ്ട്‌:
മൊട്ടയടിച്ചതലയുമായി പെരുമ്പറയുടെ അകമ്പടിയോടെ സിംഗപ്പൂര്‍ നീളെ നടക്കാന്‍ തയ്യാറാവുക. തേ ചീങ്‌ വാന്‍ ആദ്യത്തേതു തിരഞ്ഞെടുത്തതാണു പോല്‍.

അഴിമതി ഇല്ലാതാക്കാന്‍ ലീ ക്വാന്‍ യൂ എടുത്ത നടപടികളിലൊന്ന്‌ മന്ത്രിമാര്‍ക്ക്‌നല്ല ശമ്പളം കൊടുക്കുക എന്നതായിരുന്നു. കണക്കില്‍പ്പെടാത്ത കാശുണ്ടാക്കാനുള്ളപ്രലോഭനം തടയുക എന്നതു തന്നെ ലക്ഷ്യം. സിംഗപ്പൂരിലെ പ്രധാനമന്ത്രിയുടെ ശമ്പളം ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളിലെ ഏറ്റവും വലിയ ഉദ്യോഗസ്ഥനു കിട്ടുന്നതിനോളമോ അതിലധികമോ ആണ്‌. അമേരിക്കന്‍ പ്രസിഡിനേക്കാളും വരുമത്രേ അത്‌. മറ്റു മന്ത്രിമാരുടെ ശമ്പളവും അതുപോലെത്തന്നെ. ഒരു കമ്പനി നടത്തിക്കൊണ്ടുപോവാനുള്ളത്ര കാര്യക്ഷമത ഒരു രാജ്യം ഭരിയ്‌ക്കാനും ആവശ്യമാണ്‌.

ഭരണാധികാരികള്‍ ഇത്ര കനത്ത ശമ്പളം പറ്റുന്നത്‌ സിംഗപ്പൂരിലെ ജനങ്ങള്‍ക്ക്‌ഇനിയും ദഹിച്ചിട്ടില്ല. അത്‌ ഇപ്പോഴും വലിയ വിമര്‍ശനത്തിന്‌ വിഷയമാണ്‌. എങ്കിലും ഒരുകാര്യം ഉറപ്പാണ്‌. സിംഗപ്പൂര്‍ എന്ന രാജ്യത്ത്‌ അഴിമതിയുടെ കണിക പോലും ഇപ്പോള്‍ ഇല്ല.

ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിയ്‌ക്കുന്ന സംഭവങ്ങളുമായി മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കൂട്ടിവായിയ്‌ക്കുന്നത്‌ നന്നായിരിയ്‌ക്കും എന്നു തോന്നി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക