Image

മൂന്നാറിലെ ഭൂമി കൈയേറ്റം: കണ്ണന്‍ദേവനെതിരെ അന്വേഷണം വേണം -സര്‍ക്കാര്‍

Published on 05 October, 2015
 മൂന്നാറിലെ ഭൂമി കൈയേറ്റം: കണ്ണന്‍ദേവനെതിരെ അന്വേഷണം വേണം -സര്‍ക്കാര്‍

കൊച്ചി: മൂന്നാറില്‍ കണ്ണന്‍ദേവന്‍ ഹില്‍ പ്രൊഡ്യൂസ് ലിമിറ്റഡ് കമ്പനി നടത്തിയ ഭൂമി കൈമാറ്റങ്ങളെയും കൈമാറ്റങ്ങളെയുംകുറിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണത്തിന് ഉത്തരവിടണമെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. പാട്ട ലംഘനം ആരോപിച്ച് ഭൂമി പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് കണ്ണന്‍ദേവന്‍ സമര്‍പ്പിച്ച ഹരജികളിലാണ് റവന്യൂ സ്‌പെഷല്‍ ഗവ. പ്‌ളീഡര്‍ സുശീല ആര്‍. ഭട്ട് മുഖേന ദേവികുളം എസ്.ഐ സി.ജെ. ജോണ്‍സന്‍ സത്യവാങ്മൂലം നല്‍കിയത്.
കണ്ണന്‍ദേവന്‍ ഭൂമിയുമായി ബന്ധപ്പെട്ട് നടന്ന കൈമാറ്റം രാജ്യത്തിന്റെ പരമാധികാരത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുകയും അപമാനിക്കുകയും ചെയ്യുന്നതാണ്. വനം, സര്‍ക്കാര്‍ ഭൂമി എന്നിവയുമായി ബന്ധപ്പെട്ട രാജ്യത്തെ നിയമങ്ങളെല്ലാം കമ്പനി ലംഘിച്ചു. പുറമെ ‘ഫെറ’ ചട്ട ലംഘനമുള്‍പ്പെടെ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തി. സര്‍ക്കാര്‍ ഭൂമി കൈയേറ്റം, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് നടന്നത്. കമ്പനിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ക്രിമിനല്‍ ചട്ടമനുസരിച്ച് നടപടി സ്വീകരിച്ചതായും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
മൂന്നാറിലെ ഭൂമി ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത കണ്ണന്‍ദേവന്‍ ഹില്‍ പ്രൊഡ്യൂസ് ലിമിറ്റഡ് കമ്പനി കൊല്‍ക്കത്ത ആസ്ഥാനമായ ടാറ്റ ഫിന്‍ലേക്ക് കൈമാറിയത് നിയമവിരുദ്ധവും സാധുതയില്ലാത്തതുമാണ്. ഭൂമി കൈമാറിയ കമ്പനി ഇംഗ്‌ളണ്ടിലെ കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണ്. സ്‌കോട്ട്‌ലാന്‍ഡിലാണ് ആസ്ഥാനം. ഇത്തരത്തില്‍ വിദേശ കമ്പനി ഭൂമി കൈമാറ്റം നടത്തിയത് രാജ്യത്തിന്റെ പരമാധികാരത്തെ മുഖവിലക്കെടുക്കാതെയാണ്. വ്യാജപ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ദേവികുളം സബ് രജിസ്ട്രാര്‍ ഓഫിസില്‍ നടന്ന രജിസ്‌ട്രേഷന്‍ മുഖേനയാണ് 1976ല്‍ കൈമാറ്റം നടന്നത്. കൈമാറിയ സ്ഥലത്തിന്റെ തുക വായ്പയെന്നനിലയില്‍ ഈടാക്കാനാണ് വ്യവസ്ഥ വെച്ചത്. പബ്‌ളിക് ഇഷ്യൂ വിതരണത്തിലൂടെ ഓരോ വര്‍ഷവും തുല്യ ഗഡു എന്നനിലയില്‍ മുഴുവന്‍ പണവും അഞ്ചുവര്‍ഷത്തിനിടെ വിദേശകമ്പനിക്ക് കൈമാറുന്ന ഇടപാടാണ് നടന്നത്. ബ്രിട്ടീഷ് അധികൃതരുടെ അനുമതി മാത്രമാണ് ഇതിനുള്ളത്. വിദേശ വിനിമയ നിയന്ത്രണ നിയമം (ഫെറ) അനുസരിച്ച് ഇന്ത്യയില്‍ ഭൂമി കൈമാറ്റത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി വാങ്ങണം. റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയുണ്ടെങ്കില്‍ മാത്രമേ ഇത്തരം ഭൂമികൈമാറ്റം സാധുവാകൂ. റിസര്‍വ് ബാങ്ക് അനുമതി ലഭിച്ചാല്‍ പോലും ഉപാധികളോടെയേ കൈമാറ്റം അനുവദിക്കൂ. ഒരു വര്‍ഷം മാത്രമാകും ലൈസന്‍സ് കാലാവധി. എന്നാല്‍, മുന്‍കൂര്‍ അനുമതിയെന്ന പേരില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണ്. പരസ്പര വിരുദ്ധമായ രേഖകളാണ് കമ്പനിയുടെ കൈവശമുള്ളത്. പവര്‍ ഓഫ് അറ്റോണി അധികാരം വിനിയോഗിക്കപ്പെട്ടതും നിയമപരമായല്ല. സ്ഥലം വിറ്റവര്‍ക്കും വാങ്ങിയവര്‍ക്കും കൊല്‍ക്കത്തയിലെ ഒരേ വിലാസമാണുള്ളതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
52,000 ഏക്കര്‍ കുത്തകപ്പാട്ട ഭൂമി കൈമാറിയതുതന്നെ തട്ടിപ്പാണ്. ഭൂമി കണ്ണന്‍ദേവന്റെ ഉടമസ്ഥാവകാശത്തില്‍ വിട്ട ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവ് വസ്തുത പരിഗണിക്കാതെയാണ്. ആംഗ്‌ളോഅമേരിക്കന്‍ ഡയറക്ട് ടീ ട്രേഡിങ് കമ്പനി ടാറ്റ ഫിന്‍ലേക്ക് 5250 ഏക്കര്‍ കൈമാറ്റം നടത്തിയതും നിയമവിരുദ്ധമാണ്. സ്വകാര്യ വനഭൂമി കൈവശംവെക്കലും പതിച്ചുനല്‍കലും, കേരള ഭൂ പരിഷ്‌കരണ നിയമം, കുത്തകപ്പാട്ട നിയമം എന്നിവയുടെ ലംഘനവും ഭൂമി ഇടപാടില്‍ ഉണ്ടായിട്ടുണ്ട്. ദേവികുളത്ത് നടന്ന രജിസ്‌ട്രേഷനില്‍ വന്‍ തോതില്‍ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പും നടന്നു. രജിസ്‌ട്രേഷന്‍ രേഖകള്‍ ഞെട്ടിക്കുന്നതാണ്. പാട്ടക്കരാറുകള്‍ ലംഘിച്ച് 1976ല്‍ ഭൂമി കൈമാറ്റം ചെയ്തതിന് അടിസ്ഥാനമാക്കിയ ആധാരം വ്യാജമാണ്. സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ചമച്ച് കൈയേറിയതിനുള്‍പ്പെടെ കമ്പനിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ സ്വീകരിച്ച ക്രിമിനല്‍ നടപടി അട്ടിമറിക്കാനും നിയമം മറികടക്കാനും എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സര്‍ക്കാറിനെതിരെ ഹൈകോടതിയെ സമീപിച്ചത്. ഇവര്‍ ചെയ്ത കുറ്റകൃത്യത്തിന്റെ ആഴം, തട്ടിപ്പിന്റെ രീതി, പൊതുതാല്‍പര്യം, പൊതുനയം എന്നീ കാര്യങ്ങള്‍ പരിഗണിച്ച് ഹരജി തള്ളണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക