Image

മീര ജാസ്മിനെ സഹിക്കുക പ്രയാസം; സംവിധായകന്‍ കമല്‍

Published on 05 October, 2015
മീര ജാസ്മിനെ സഹിക്കുക പ്രയാസം; സംവിധായകന്‍ കമല്‍


ഗ്രാമഫോണ്‍, സ്വപ്‌നക്കൂട്, പെരുമഴക്കാലം, മിന്നാമിന്നിക്കൂട്ടം എന്നീ നാല് ചിത്രങ്ങള്‍ കമല്‍ നടി മീരാ ജാസ്മിനൊപ്പം ചെയ്തിട്ടുണ്ട്. ആ സിനിമകള്‍ ഒക്കെ ചെയ്യുമ്പോള്‍ താന്‍ മീരജാസ്മിനുമായി കടുത്ത ശത്രുതയിലായിരുന്നോ സൗഹൃദത്തിലായിരുന്നോ എന്ന് അറിയാത്ത വിധത്തില്‍ ഇണങ്ങിയും പിണങ്ങിയുമാണ് കടന്നുപോയതെന്ന് കമല്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
മീര ജാസ്മിനെ സഹിക്കുക പ്രയാസമാണെന്നാണ് കമല്‍ പറഞ്ഞു വരുന്നത്. മാധ്യമം ആഴ്ചപതിപ്പിലെ 'എന്റെ വെയില്‍ ഞരമ്പിലെ പച്ചയും പൂക്കളും' എന്ന ജീവിതമെഴുത്തിലാണ് മീരാ ജാസ്മിനൊപ്പമുള്ള തിക്താനുഭവങ്ങളെ കുറിച്ച് സംവിധായകന്‍ തുറന്നു സംസാരിക്കുന്നത്. 'സ്വയം അസ്തമിച്ച പകല്‍' എന്നാണ് അതിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്. കമലിന്റെ അനുഭവങ്ങളിലൂടെ...


താനൊരു താരമായി മാറിയെന്ന ധാരണയില്‍ ഗ്രാമഫോണിന്റെ സെറ്റില്‍ വച്ച് പലരോടും മീര മോശമായി പെരുമാറി എന്ന് കമല്‍ ഓര്‍ക്കുന്നു. അസിസ്റ്റന്റ്മാരോടും ടെക്‌നീഷ്യസിനോടുമൊക്കെ വളരെ മോശമായി പെരുമാറിയ മീരയെ കമല്‍ പലതവണ താക്കീത് ചെയ്തിട്ടുണ്ടത്രെ. സിനിമയുടെ ഡബ്ബിങ് സമയത്ത് തന്നോട് പറയാതെ ഇറങ്ങി പോവുകയും ചെയ്തിട്ടുണ്ടത്രെ. സിനിമയുമായി ബന്ധപ്പെട്ട ഇങ്ങനെ പല അനുഭവങ്ങളും മീരയില്‍ നിന്നുണ്ടായി

ഇങ്ങനെ താക്കീത് ചെയ്യുമ്പോള്‍ മീരയുടെ മറുപടി; 'എനിക്കെല്ലാവരോടും സ്‌നേഹവും സൗഹൃദവും കാണിക്കാന്‍ കഴിയില്ല. താത്പര്യമുള്ളവരോടും വേണ്ടപ്പെട്ടവരോടും മാത്രമേ സ്‌നേഹം കാണിക്കാന്‍ കഴിയൂ' എന്നാണത്രെ. മൂന്ന് പ്രാവശ്യം വസ്ത്രാലങ്കാരത്തിനുള്ള ദേശീയ പുരസ്‌കാരം വാങ്ങിയ എസ്ബി സതീഷിനോടും മീര വളരെ മോശമായി പെരുമാറി. അദ്ദേഹം നല്‍കിയ കോസ്റ്റിയൂം ധരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ മുന്നില്‍ വച്ച് ആ വസ്ത്രം വലിച്ചു കീറുകയായിരുന്നുവത്രെ. സതീഷിന് അത് വലിയ പ്രയാസമായി. എന്റെ സെറ്റില്‍ ഇതുവരെ ഒരു നടിയും ഇതുപോലെ പെരുമാറിയിട്ടില്ല. അറിവില്ലായ്മകൊണ്ടും പക്വതക്കുറവുകൊണ്ടുമാണ് നിങ്ങളിങ്ങനെ പെരുമാറുന്നതെന്ന് പറഞ്ഞ് അന്ന് ഞാന്‍ മീരയെ ശകാരിച്ചു. പിന്നീട് മീര വന്ന് എല്ലാവരോടും മാപ്പ് പറഞ്ഞ് നന്നായി പെരുമാറി

അതിന് ശേഷം സ്വപ്‌നകൂട് തുടങ്ങി കുറച്ച കഴിഞ്ഞപ്പോള്‍ ഞാനവരുടെ ശത്രുവിനെ എന്നപോലെയായിരുന്നു പെരുമാറ്റം. സെറ്റില്‍ സമയത്ത് വരാതിരിക്കുക എന്നത് ശീലമാക്കി. അങ്ങനെ മോശമായ പല പെരുമാറ്റങ്ങളും സ്വപ്‌നകൂടിന്റെ സെറ്റിലുമുണ്ടായി

സത്യന്‍ അന്തിക്കാടിന്റെ സെറ്റിലും ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടത്രെ. മോഹന്‍ലാല്‍ അടക്കം പലരും പതിനൊന്ന് മണിവരെയൊക്കെ നടിയെ കാത്തിരുന്നിട്ടുണ്ട്. അതുപോലെ ഒരു ദിവസം സെറ്റില്‍ വൈകി വന്നപ്പോള്‍ ലാല്‍ നല്‍കിയ ഒരു മറുപടിയും കമല്‍ പങ്കുവച്ചു. സെറ്റില്‍ വൈകിയെത്തിയ മീര ഒന്നുമറിയാത്തതുപോലെ ലാലിന്റെ കൈയ്യിലുള്ള ഒരു പൂ നോക്കി ഇതേത് പൂവാണെന്ന് ചോദിച്ചപ്പോള്‍ ലാല്‍ പറഞ്ഞത്രെ, ഇതാണ് മോളെ ക്ഷമയുടെ പൂവ്

ക്യാമറയ്ക്ക് മുന്നില്‍ മീര ജാസ്മിന്‍ വിസ്മയമാണെന്നത് മറന്നിട്ടല്ല ഇത് പറയുന്നതെന്നും എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള പെരുമാറ്റം അവരില്‍ നിന്നും സഹിച്ചിട്ടുണ്ടെന്നും കമല്‍ പറഞ്ഞു.

കോട്ടയത്ത് മുഖ്യമന്ത്രി എത്തിയ ചടങ്ങില്‍ വച്ചാണ് കുടുംബത്തെ തള്ളിപ്പറഞ്ഞ് പൊട്ടിക്കരഞ്ഞത്. ആ സദസ്സില്‍ താനുമുണ്ടായിരുന്നുവെന്ന് കമല്‍ പറയുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക