Image

വിനാശം വിതയ്‌ക്കുന്ന `കൃഷി' (ഡോ. ജോര്‍ജ്‌ മരങ്ങോലി)

Published on 05 October, 2015
വിനാശം വിതയ്‌ക്കുന്ന `കൃഷി' (ഡോ. ജോര്‍ജ്‌ മരങ്ങോലി)
2015 സെപ്‌റ്റംബര്‍ മാസത്തില്‍ പുറത്തിറക്കിയ `നേച്ചര്‍' മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ ലേഖനമാണ്‌ ഈ ചെറുലേഖനമെഴുതാന്‍ എനിക്ക്‌ പ്രചോദനമായത്‌. അന്തരീക്ഷ മലിനീകരണം മൂലം ലോകത്താകമാനം 33 ലക്ഷം ജനങ്ങള്‍ ഒരു വര്‍ഷം മരിക്കുന്നുണ്ടെന്നാണ്‌ ഗവേഷണം വ്യക്തമാക്കിയിരിക്കുന്നത്‌! എന്നാല്‍ വ്യാവസായിക രാജ്യങ്ങളില്‍ ഈ അന്തരീക്ഷ മലിനീകരണവും, പുകപടലങ്ങളും ഉണ്ടാകാനുള്ള പ്രധാന പങ്കുവഹിക്കാനുള്ള ഘടകമായി ഗവേഷകന്മാര്‍ കണ്ടെത്തിയിരിക്കുന്ന കാരണം `കൃഷി' (Agriculture) ആണ്‌ എന്നതാണ്‌ അത്ഭുതാവഹമായ കാര്യം! ജര്‍മ്മനിയിലേയും സൈപ്രസിലേയും. സൗദി അറേബ്യയിലേയും, ഹാര്‍ഡ്‌ വാര്‍ഡ്‌ യൂണിവേഴ്‌സിറ്റിയിലേയും ഗവേഷകന്മാരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ്‌ ഞെട്ടിപ്പുക്കുന്ന ഈ സത്യം പുറത്തുവന്നത്‌!

ജര്‍മ്മനിയിലെ മാര്‍ക്ക്‌ പ്ലാങ്ക്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫസ്സറും ലേഖനത്തിന്റെ മുഖ്യകര്‍ത്താവുമായ പ്രൊഫസര്‍ ജോസ്‌ ലെലീവെള്‍ഡിന്റെ അഭിപ്രായ പ്രകാരം അന്തരീക്ഷ മലിനീകരണം കൊണ്ട്‌ സംഭവിക്കുന്ന 75 ശതമാനം മരണങ്ങളും പക്ഷാഘാതവും, ഹൃദയാഘാതവും മൂലമാണെന്നാണ്‌! ഈ രീതി തുടര്‍ന്നുപോയാല്‍ 2050-മാണ്ട്‌ ആകുമ്പോഴേയ്‌ക്ക്‌ ലോക ജനതയില്‍ 66 ലക്ഷം പേര്‍ വര്‍ഷംതോറും മരിക്കാന്‍ ഇടയുണ്ടെന്നാണ്‌ പഠനം വിശദീകരിക്കുന്നത്‌! എച്ച്‌.ഐ.വി, മലേറിയ തുടങ്ങിയ മാരക രോഗങ്ങളേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ അന്തരീക്ഷ മലിനീകരണം മൂലം ഇല്ലാതായിക്കൊണ്ടിരിക്കുന്നത്‌. !

അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തില്‍ 14 ലക്ഷം പേര്‍ വര്‍ഷംതോറും മരണത്തിനു കീഴ്‌പ്പെടുന്നുവെന്ന കണക്കില്‍ ചൈനയാണ്‌ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്‌. അതിനു തൊട്ടുപിന്നില്‍ ഏതാണ്ട്‌ 6,45,000 പേരുടെജീവഹാനി വരുത്തിക്കൊണ്ട്‌ ഇന്ത്യയുമുണ്ട്‌. മൂന്നാംസ്ഥാനത്തുള്ള പാക്കിസ്ഥാനില്‍ ഒന്നേകാല്‍ ലക്ഷം ജനങ്ങളാണ്‌ ഓരോ വര്‍ഷവും ഇല്ലാതാകുന്നത്‌. ഏഴാം സ്ഥാനത്താണ്‌ ഇക്കാര്യത്തില്‍ അമേരിക്ക. അരലക്ഷം ജനങ്ങള്‍ വര്‍ഷത്തില്‍ മരിക്കുന്നുണ്ടത്രേ!

യൂറോപ്പ്‌, റഷ്യ, സൗത്ത്‌ കൊറിയ, ജപ്പാന്‍, അമേരിക്കയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ അന്തരീക്ഷ മലനീകരണവും, പുകപടലങ്ങളും അധികരിക്കാനുള്ള പ്രധാന കാരണം `കൃഷി'യാണെന്ന്‌ സ്ഥിരീകരിച്ചുകഴിഞ്ഞു.! മൃഗങ്ങളുടെ ഉച്ഛിഷ്‌ഠങ്ങളില്‍ നിന്നും, മറ്റ്‌ വളങ്ങളില്‍ നിന്നും ഉണ്ടാകുന്ന അമോണിയ വാതകം കല്‍ക്കരിയും മറ്റും കത്തുമ്പോള്‍ അന്തരീക്ഷത്തിലൂണ്ടാകുന്ന `സള്‍ഫേറ്റും', വാഹന പുകയില്‍ നിന്നുത്ഭവിക്കുന്ന `നൈട്രേറ്റു'മായി ചേര്‍ന്നുകഴിയുമ്പോള്‍ ഏറ്റവും മാരകമായ അന്തരീക്ഷ മലിനീകരണം സൃഷ്‌ടിക്കപ്പെടുന്നു എന്നാണ്‌ പ്രൊഫ. ലെലീ വെള്‍ഡ്‌ അഭിപ്രായപ്പെടുന്നത്‌.

ഏതായാലും നാം കേരളീയര്‍ക്ക്‌ ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ല. `കൃഷി' എന്ന ആ മഹാസംഭവത്തിന്‌ നമ്മുടെ നാട്ടില്‍ വംശനാശം സംഭവിക്കാന്‍ തുടങ്ങിയിട്ട്‌ കാലമേറെയായി!

drmarangoly@gmail.com
വിനാശം വിതയ്‌ക്കുന്ന `കൃഷി' (ഡോ. ജോര്‍ജ്‌ മരങ്ങോലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക