Image

ഇതോ പുലി? ഇതു വെറും എലി...

ആശ എസ് പണിക്കര്‍ Published on 05 October, 2015
ഇതോ പുലി? ഇതു വെറും എലി...
വിജയ്‌ന്റെ സിനിമകള്‍ റിലീസാകുമ്പള്‍ അത് തമിഴകത്തിലെന്ന പോലെ തന്നെ കേരളത്തിലും വലിയ ഉത്സവമാണ്. പ്രത്യേകിച്ച് കോടികള്‍ മുടക്കി ബ്രഹ്മാണ്ഡ ചിത്രം എന്ന പേരില്‍ ഇത്തരം സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍. ഇത്തരത്തില്‍ പ്രേക്ഷകരും വിജയുടെ ആരാധകരും ഒരുപോലെ കാത്തിരുന്ന ചിത്രമാണ് പുലി.

വെളുപ്പിനെ റിലീസ് ചെയ്യുമെന്ന് പറഞ്ഞിട്ട് റിലീസ് വൈകിയതിനാല്‍ ഉണ്ടായ പുകിലുകള്‍ എല്ലാവരുമറിഞ്ഞതാണ്. എന്നാല്‍ ആദ്യ ദിവസങ്ങളിലെ പ്രദര്‍ശനത്തിനു ശേഷം തന്നെ ഈ പുലി വെറും സാദാ എലി മാത്രമാണെന്ന് മനസിലാക്കുകയാണ് പ്രേക്ഷകര്‍.

യാതൊരു ലോജിക്കുമില്ലാത്ത ഒരു കഥ. പക്ഷേ കഥയില്‍ ചോദ്യമില്ലല്ലോ. അതുകൊണ്ട് തല്‍ക്കാലം സ്‌ക്രീനിലെ ആരവങ്ങള്‍ കേട്ടും കണ്ടും രണ്ടര മണിക്കൂര്‍ സഹിച്ച ശേഷം പുറത്തിറങ്ങിപ്പോകാം. സാങ്കല്‍പ്പിക കഥയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ സഞ്ചാരം. അവിടെ വേതാളക്കോട്ട ഭരിക്കുന്ന ദുര്‍മന്ത്രവാദിനിമയായ യവനറാണി. രാജ്ഞിയുടെ ദുര്‍ഭരണത്തില്‍ നിന്നും പ്രജകളെ സംരക്ഷിച്ച് രാജ്യത്തെ സ്വതന്ത്രമാക്കാന്‍ എത്തുകയാണ് മരുധീരന്‍ എന്ന യുവാവ്.

അനാനുഷിക പ്രകടനത്തിന്റെ അതിപ്രസരം കൊണ്ട് നിറഞ്ഞവയാണ് മിക്ക സീനുകളും. മരുധീരന്‍ വേതാളക്കോട്ടയില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ കഥ. ത്രില്ലടിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളിലല്ല. വിജയ്‌ന്റെ പതിവു ശൈലിയിലുള്ള പഞ്ച് ഡയലോഗുകളില്ല. ഗ്രാഫിക്‌സും വിഷ്വല്‍ ഇഫക്ട്‌സും ഉണ്ടെങ്കിലും അമിത പ്രയോഗം കൊണ്ട് പ്രേക്ഷകര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുന്ന തരത്തിലാണ് ചേര്‍ത്തിട്ടുള്ളത്. ബാഹുബലി പോലൊരു ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിക്കുന്ന അവസരത്തില്‍ ഇങ്ങനെ ഊതി വീര്‍പ്പിച്ചൊരു ചിത്രവുമായി സംവിധായകന്‍ ചിമ്പു ദേവന്‍ എത്തിയത് എന്തു ധൈര്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. സംസാരിക്കുന്ന പക്ഷിയും ആമയും രാക്ഷസനുമൊക്കെ ഈ ചിത്രത്തിലെ കഥാപാത്രങ്ങളാണ്. എന്നാല്‍ അക്കാരണം കൊണ്ടു തന്നെ പലപ്പോഴും ഒരു കാര്‍ട്ടൂണ്‍ ചിത്രത്തിന്റെ നിലവാരത്തിലേക്ക് പുലി ഒതുങ്ങിപ്പോയി എന്നു പറയാതെ വയ്യ. കഥ അവസാനിക്കാറാകുമ്പോഴാണ് സിനിമ അല്‍പ്പമെങ്കിലും മെച്ചപ്പെടുന്നത്.

മരുധീരന്‍ എന്ന യോദ്ധാവായി വിജയ് മിന്നുന്ന പ്രകടനം തന്നെ കാഴ്ചവച്ചെങ്കിലും സിനിമയുടെ ടോട്ടാലിറ്റിയെ മെച്ചപ്പെടുത്താന്‍ അത് മാത്രം പര്യാപ്തമാവുന്നില്ല. എന്നാല്‍ ഇത്തരത്തിലുളള ഹീറോ കഥാപാത്രങ്ങള്‍ മാതം എല്ലായ്‌പ്പോഴും അവതരിപ്പിക്കുന്നതു കൊണ്ട് നടന്‍ എന്ന രീതിയില്‍ തന്റെ കരിയറിന് എന്തു ഗുണമാണുളളതെന്ന് വിജയ് ചിന്തിക്കേണ്ടിയിരിക്കുന്നു. സാമ്പത്തിക വിജയം നേടുന്ന കൊമേഴ്‌സ്യല്‍ സിനിമകളുടെ മാത്രം ഭാഗമായി പ്രവര്‍ത്തിക്കാനാണ് വിജയ്‌നെ പോലുളള ഒരു നടന്‍ ശ്രമിക്കുന്നതായി പ്രേക്ഷകന് തോന്നുന്നുവെങ്കില്‍ പോലും അതിനെ കുറ്റം പറയാന്‍ കഴിയില്ല. കാരണം അദ്ദേഹം നായകനായി അഭിനയിച്ച കഴിഞ്ഞ കാല ചിത്രങ്ങളുടെ പൊതുസ്വഭാവത്തില്‍ നിന്നു തന്നെ അതു വ്യക്തമാകും. ഒരേ അച്ചിലിട്ടു വാര്‍ത്ത പോലുള്ള കഥാപാത്രങ്ങളും മാനറിസങ്ങളും കൊണ്ട് എത്രകാലം പ്രേക്ഷകരുടെ മനസില്‍ തന്റെ സ്ഥാനം നില നിര്‍ത്താന്‍ കഴിയുമെന്നു കൂടി വിജയ് ചിന്തിക്കേണ്ടിയിരിക്കുന്നു.

യവനറാണിയായി എത്തിയ ശ്രീദേവിയുടെ തകര്‍പ്പന്‍ അഭിനയമാണ് ചിത്രത്തിന്റെ ഒരു ഹൈലൈറ്റ്. വില്ലനായി എത്തിയ കിച്ചാ സുദീപും പ്രേക്ഷക കൈയ്യടി നേടുന്നുണ്ട്. അതിഥി താരമായി എത്തിയ പ്രഭുവും മികച്ച അഭിനയം കാഴ്ച വച്ചു. ശ്രുതി ഹാസനും ഹന്‍സികയ്ക്കും ഗാനരംഗങ്ങളിലും അല്ലാതെയുമുള്ള മേനി പ്രദര്‍ശനത്തില്‍ കവിഞ്ഞ് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

ചിത്രത്തിനായി മികച്ച ഛായാഗ്രഹണം നിര്‍വഹിച്ചത് വേട്ടൈ, സതുരംഗ എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച നടരാജന്‍ സുബ്രഹ്മണ്യന്‍ ആണ്. സംഗീതം ദേവിശ്രീ പ്രസാദിന്റേതാണ്. മുത്തുരാജാണ് കലാസംവിധായകന്‍. ചിത്രത്തില്‍ എടുത്തു പറയേണ്ട കാര്യം ചൈതന്യറാവുവിന്റെ വസ്ത്രാലങ്കാരമാണ്. സ്ത്രീനില്‍ അത്ഭുതങ്ങളൊന്നും സംഭവിക്കില്ല എന്നു തീര്‍ച്ചപ്പെടുത്തി കൊണ്ട് പുലി കാണാന്‍ പോയാല്‍ നിരാശപ്പെടാതെ തിരിച്ചു വീട്ടിലെത്താം, 
ഇതോ പുലി? ഇതു വെറും എലി...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക