Image

ദൂരെ പുഴയുണ്ടെന്നു കരുതി....(അനില്‍ പെണ്ണുക്കര)

Published on 04 October, 2015
ദൂരെ പുഴയുണ്ടെന്നു കരുതി....(അനില്‍ പെണ്ണുക്കര)
കേരളത്തിലെ ചാനലുകാരും പി സി ജോര്‌ജും ഇപ്പോള്‍ ചിരിക്കും . കാരണം മറ്റൊന്നുമല്ല . ഒരാളെ ഒരു വഴിക്കാക്കാന്‍ കേരളത്തിലെ ചാനലുകാരുടെ അത്രയും കഴിവ്‌ മറ്റാര്‍ക്കും ഉണ്ടെന്നു തോന്നുന്നില്ല. സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിക്കുപോലും .

ഭാവിയിലെന്നെങ്കിലും രൂപംകൊണ്ടേയ്‌ക്കാവുന്ന ഒരു പാര്‍ട്ടിയെപറ്റിയാണ്‌ ഇന്നും ഇന്നലയുമൊക്കെ ചര്‌ച്ച . വെള്ളാപ്പിള്ളി പോകുന്നിടത്തെല്ലാം ക്യാമറ . പണ്ട്‌ ഗൌരിയമ്മയും, പിള്ളയും, ജൊര്‍ജുമൊക്കെ പോയപ്പോള്‍ ഇതേ ക്യാമറ തന്നെ ആയിരുന്നു. ജനത്തിന്റെ കവ്‌തുകത്തിനു ചാനലുകളുടെ മറുപടി . അത്രേയുള്ളൂ ഈ കോലാഹലങ്ങള്‍. 

കൊണ്‌ഗ്രസും ഇടതു പക്ഷവും വെള്ളാപ്പള്ളിയുടെ നീക്കത്തെ ഭയപ്പെടുന്നത്‌ കൗതുകകരമാണ്‌. കേരളത്തില്‍ അത്തരമൊരു രാഷ്ട്രീയകാലാവസ്ഥ താല്‍ക്കാലികമായെങ്കിലും സൃഷ്ടിക്കുന്നതില്‍ വെള്ളാപ്പള്ളി നടേശന്‍ വിജയിച്ചിരിക്കുന്നുവെന്നു പറയാതെ വയ്യ. യോഗത്തിന്റെ പിന്തുണയോടെ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന വാര്‍ത്ത ഏതാനും ദിവസംമുമ്പു പുറത്തുവന്നപ്പോള്‍ത്തന്നെ ചില പ്രമുഖപാര്‍ട്ടികളുടെ നേതാക്കള്‍ക്കുണ്ടായ ചങ്കിടിപ്പ്‌ എതിര്‍പ്പിന്റെ രൂപത്തില്‍ പുറത്തുവന്നിരുന്നു. കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടികളായ സി.പി.എമ്മിനും കോണ്‍ഗ്രസിനുമാണ്‌ ഇക്കാര്യത്തില്‍ വലിയ ഉല്‍ക്കണ്‌ഠ. 

ചേര്‍ത്തലയില്‍ നടന്ന എസ്‌.എന്‍.ഡി.പി നേതൃയോഗം പാര്‍ട്ടി രൂപീകരണത്തിന്‌ അനുമതി നല്‍കുക കൂടി ചെയ്‌തതോടെ അവരുടെ ആശങ്ക വര്‌ദ്ധിച്ചു. ഒരു പാര്‍ട്ടിയുടെ പിറവി സംസ്ഥാനത്തെ രാഷ്ട്രീയ അതികായന്മാരെപ്പോലും ഭയപ്പെടുത്തുന്നതിനു യഥാര്‍ഥകാരണം കുഴഞ്ഞുമറിഞ്ഞു ശിഥിലമായ രാഷ്ട്രീയ സാഹചര്യമാണ്‌. വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന യോഗത്തിലെ ഒരു പ്രത്യേക വിഭാഗത്തിന്റെ രാഷ്ട്രീയമോഹങ്ങള്‍ക്ക്‌ ഒട്ടും പുതുമയില്ലെന്നതാണു യാഥാര്‍ഥ്യം. ഒരിക്കല്‍ അവര്‍ നടത്തിനോക്കിയ രാഷ്ട്രീയ പരീക്ഷണമായിരുന്നു എസ്‌.ആര്‍.പിയെന്ന പാര്‍ട്ടി. ഒരു ഘട്ടത്തില്‍ യു.ഡി.എഫിനൊപ്പംനിന്നു മന്ത്രിസ്ഥാനം നേടാന്‍വരെ കഴിഞ്ഞെങ്കിലും ഇപ്പോള്‍ പാര്‍ട്ടിയുടെ സാന്നിധ്യം കേരളത്തില്‍ മഷിയിട്ടുനോക്കിയാല്‍പ്പോലും കാണില്ല. എന്‍.എസ്‌.എസിന്റെ ആശീര്‍വാദത്തോടെ എന്‍.ഡി.പി, ധീവരസഭയുടെ പിന്തുണയോടെ ഡി.എല്‍.പി എന്നിങ്ങനെ സമാനപരീക്ഷണങ്ങള്‍ ഉണ്ടായെങ്കിലും അവര്‍ക്കും സമാനഗതിയാണു കാലംവിധിച്ചത്‌.

ഇതില്‍നിന്നു പാഠം പഠിച്ച വെള്ളാപ്പള്ളിയും കൂട്ടരും സന്ദര്‍ഭം നോക്കി പാര്‍ട്ടി രൂപീകരണ പ്രഖ്യാപനം നടത്തി കേരളം ഭരിക്കുന്ന ഇരുമുന്നണികളെയും വിരട്ടി വരുതിയില്‍ നിര്‍ത്തുന്ന തന്ത്രമാണു സ്വീകരിച്ചുപോന്നിരുന്നത്‌. എന്നാല്‍, ഇക്കുറി കാര്യങ്ങള്‍ അത്ര ലളിതമല്ലെന്ന തോന്നലാണ്‌ വലിയ പാര്‍ട്ടികളില്‍ ആശങ്ക സൃഷ്ടിക്കുന്നത്‌.

ബി.ജെ.പി നേതാക്കളുമായി വെള്ളാപ്പള്ളി ഉണ്ടാക്കിയെന്നു പറയപ്പെടുന്ന ധാരണയാണ്‌ ഈ ആശങ്കയുടെ അടിത്തറ. എങ്ങനെയെങ്കിലും കേരളത്തില്‍ വേരുറപ്പിക്കാന്‍ പാടുപെടുന്ന ബി.ജെ.പി നേതൃത്വം ഏതുതരം നീക്കുപോക്കുകള്‍ക്കും തയാറായേക്കുമെന്നുറപ്പാണ്‌. വിദ്യാലയം മുതല്‍ മദ്യശാല വരെ നീളുന്ന താല്‍പ്പര്യങ്ങളുടെ വലിയൊരു ശൃംഖലയുമായി നടക്കുന്ന വെള്ളാപ്പള്ളിയും കൂട്ടരും പ്രത്യക്ഷ രാഷ്ട്രീയാധികാരം ആഗ്രഹിക്കുന്നുമുണ്ട്‌.

അതുകൊണ്ടുതന്നെ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ടേക്കാവുന്ന പാര്‍ട്ടിയും , മുന്നണിയും ബി.ജെ.പിയും തമ്മില്‍ രാഷ്ട്രീയ കൂട്ടുകെട്ടിനു സാധ്യത ഏറെയുമാണ്‌. ഇത്തരമൊരു സഖ്യം തങ്ങളുടെ സ്വാധീന കേന്ദ്രങ്ങളില്‍ വിള്ളല്‍വീഴ്‌ത്തിയേക്കുമെന്ന്‌ ഇരുമുന്നണികളിലെയും പ്രമുഖകക്ഷികള്‍ ഭയപ്പെടുന്നു. ഈ ഭീതിയാണു പുതുതായി വരാനിടയുള്ള പാര്‍ട്ടിയുടെ പ്രധാന കൈമുതല്‍.

ഇത്തരമൊരു സാഹചര്യം രൂപംകൊണ്ടതിനു പ്രധാനകാരണക്കാര്‍ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തന്നെയാണ്‌. അവരുടെ കൊള്ളരുതായ്‌മകള്‍ പൊതുസമൂഹത്തില്‍ സൃഷ്ടിച്ച അതൃപ്‌തിയാണ്‌ ബി.ജെ.പിയുടെയും വെള്ളാപ്പള്ളിയുടെയും രാഷ്ട്രീയമോഹങ്ങള്‍ക്കു വളമാകുന്നത്‌. സ്വന്തം ബഹുജനാടിത്തറ നിലനിര്‍ത്താനുള്ള ആശയപരവും സംഘടനാപരവുമായ ശേഷി പ്രധാന പാര്‍ട്ടികള്‍ക്ക്‌ നഷ്ടമായിരിക്കുന്നു. അതു മനസ്സിലാക്കി തെറ്റുകള്‍ തിരുത്തി പുതിയ രാഷ്ട്രീയ നീക്കങ്ങളെ ആശയപരമായി നേരാടാനുള്ള ശേഷി അവര്‍ വീണ്ടെടുക്കേണ്ടതുണ്ട്‌.

ആശയപരമായി ഒത്തുപോകാനാവാത്ത പശ്ചാത്തലമുള്ള രണ്ടു ചേരികളാണിവിടെ കൈകോര്‍ക്കാനൊരുങ്ങുന്നത്‌. സവര്‍ണഹൈന്ദവമേധാവിത്വം അടിത്തറയായുള്ള ബി.ജെ.പിയുടെയും ജാതിവിരുദ്ധതയുടെയും മാനവികതയുടെയും അടിത്തറയില്‍ രൂപംകൊണ്ട ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന എസ്‌.എന്‍.ഡി.പി യോഗത്തിന്റെയും കാഴ്‌ചപ്പാടുകള്‍ ഒരിക്കലും ഒത്തുപോകില്ല. കേരളീയ പൊതുബോധം അത്തരമൊരു കൂട്ടുകെട്ട്‌ അംഗീകരിച്ചുകൊടുക്കാന്‍ പാകത്തിലുള്ളതുമല്ല. ഇതു തുറന്നുകാട്ടാനുള്ള രാഷ്ട്രീയവും ധാര്‍മികവുമായ ഇച്ഛാശക്തി മതേതരകക്ഷികള്‍ക്കുണ്ടെങ്കില്‍ അവര്‍ ഭയപ്പെടേണ്ടതില്ല. അതു വീണ്ടെടുക്കാതെ ഭീഷണികള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും വഴങ്ങി മുന്നോട്ടുപോകാനാണ്‌ അവര്‍ തീരുമാനിക്കുന്നതെങ്കില്‍ അതിന്റെ ദോഷം അനുഭവിക്കാന്‍ പോകുന്നത്‌ അവര്‍ മാത്രമല്ല മൊത്തം കേരളീയസമൂഹം കൂടിയായായിരിക്കും.

ജനാധിപത്യവ്യവസ്ഥയില്‍ സമാനതാല്‍പ്പര്യങ്ങളുള്ള ഏതൊരു ആള്‍ക്കൂട്ടത്തിനും രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കാം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയുമാവാം. ആ പാര്‍ട്ടി വളരണമോ നിലനില്‍ക്കണമോ എന്നൊക്കെ തീരുമാനിക്കേണ്ടതു ജനങ്ങളാണ്‌. മുന്നോട്ടുവയ്‌ക്കുന്ന ആശയങ്ങള്‍ കൊള്ളാമെന്നു തോന്നിയാല്‍ ജനം പാര്‍ട്ടിയെ പിന്തുണയ്‌ക്കും. ഇല്ലെങ്കില്‍ തിരസ്‌കരിക്കും.  കേരളത്തില്‍ ഇതാണോ സംഭവിക്കാന്‍ പോകുന്നത്‌ . കാത്തിരുന്നു കാണാം.
ദൂരെ പുഴയുണ്ടെന്നു കരുതി....(അനില്‍ പെണ്ണുക്കര)
Join WhatsApp News
RAJAN MATHEW DALLAS 2015-10-10 13:21:54
WHY CONGRESS HAS TO FEAR ? WHOSE VOTE BANK IS ERODING...?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക