Image

കൗമാരസന്ധ്യകള്‍ (നോവല്‍ അവസാനഭാഗം: കാരൂര്‍ സോമന്‍)

Published on 04 October, 2015
കൗമാരസന്ധ്യകള്‍ (നോവല്‍ അവസാനഭാഗം: കാരൂര്‍ സോമന്‍)
അധ്യായം 14 (അവസാനഭാഗം)
മണ്‍ചെരാതുകള്‍

ആനന്ദ്‌ തിരിഞ്ഞു നോക്കി. വെളുപ്പും കറുപ്പും നിറഞ്ഞ താടിരോമം. വിഷാദം നിറഞ്ഞ കണ്ണുകള്‍, മ്ലാനമായ മുഖം, നീട്ടി വളര്‍ത്തിയ മുടി. ഉള്ളില്‍ ഒരു നെടുവീര്‍പ്പുയര്‍ന്നു. അവന്റ തൊണ്ട വരണ്ടു വന്നു. ഹൃദയം ശക്തിയായിയിടിച്ചു. കണ്ണുകള്‍ വികസിച്ചു. അവന്‍ അടുത്തേയ്‌ക്ക്‌ ചെന്നു. ഇത്‌ തന്റെ അച്ഛനല്ലേ. തിരിച്ചറിയാനാകുന്നില്ല. വേദനയൂറുന്ന കണ്ണുകളോടെ നോക്കി. ആ വേദന വര്‍ദ്ധിച്ചു. അത്‌ ആഴക്കടലായി ഇളകി മറിഞ്ഞു. നാല്‌ വയസ്സുവരെ താലോലിച്ച്‌ വളര്‍ത്തിയ മകന്റെ മുന്നില്‍ അച്ഛനെ പരിചയപ്പെടുത്തേണ്ട ഒരു പിതാവിന്റെ ധര്‍മ്മസങ്കടം. മുള്ളുവേലികളാല്‍ കുരുങ്ങിയ ഈ ജീവിതം ആരെയും കാണാന്‍ ആഗ്രഹിച്ചതല്ല. എന്നിട്ടും തന്നെതേടി തന്റെ മകന്‍ വന്നിരിക്കുന്നു. അവന്റെ മുഖത്ത്‌ എന്നോട്‌ വെറുപ്പില്ലാത്തത്‌ എന്താണ്‌? ഇവന്റെ അമ്മ ജീവനോടുണ്ടോ? ഈ ജീവിതം കുറ്റാകൂരിരുട്ടിലൂടെ തെളിയിച്ചത്‌ ആരാണ്‌?

ആശുപത്രിയില്‍ ആനന്ദിനു ബോധം തെളിഞ്ഞപ്പോള്‍ ഐസിയുവിലേക്ക്‌ ആദ്യം കടത്തി വിട്ടത്‌ മോഹനെയായിരുന്നു. വെള്ളപുതപ്പില്‍ പുതച്ച്‌ പാതി മയക്കത്തിലായിരുന്നു ആനന്ദ്‌. ആനന്ദിന്റെ ആ കിടപ്പില്‍ മോഹന്‌ നിയന്ത്രണം വിട്ടു പോകുമെന്നു തോന്നി. അയാള്‍ കട്ടിലിന്റെ മുകളില്‍ പിടിച്ചു നിന്നു. ഈ കിടക്കുന്നത്‌ തന്റെ മകനാണ്‌. താന്‍ ജന്മം നല്‍കിയ തന്റെ തനിപകര്‍പ്പ്‌. ഇവനാണ്‌ തന്നെ തേടി അന്യദേശത്തു വന്നിരിക്കുന്നത്‌. അവന്റെ കഥയെക്കുറിച്ചു സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞാണ്‌ ഷോ കാണാന്‍ പോയത്‌. അവിടെ എത്തി കണ്‍കുളിര്‍ക്കെ മകനെ കണ്ടു. ഷോ കഴിയുമ്പോള്‍ വാരി നെഞ്ചോടു ചേര്‍ക്കണമെന്നു സ്വപ്‌നം കണ്ടത്‌. എന്നാല്‍, അതിനു മുന്‍പേ വിധി ഒരു കോമാളിയെ പോലെ മുന്നില്‍...

`മോനെ...'
വികാരാധീനനായി മോഹന്‍ ആനന്ദിനെ വിളിച്ചു.
`മോനെ ഞാന്‍ നിന്റെ അച്ഛനാണ്‌'
ആനന്ദ്‌ കണ്ണുതുറന്നു നോക്കി.
മുന്നില്‍ ആരോ ഒരാള്‍. ആരാണ്‌? ഇതു തന്റെ അച്ഛനാണോ?
`മോനെ...'

മോഹന്റെ ആ വിളിയില്‍ ആനന്ദ്‌ ഉറപ്പിച്ചു. അതേ, തന്റെ ജന്മം സഫലമായിരിക്കുന്നു. മുന്നില്‍ ഇതാ ദൈവത്തെ പോലെ വരം ചോദിച്ച്‌ അച്ഛന്‍. മരണകിടക്കയില്‍ കിടക്കുമ്പോള്‍ അച്ഛനെത്തിയിരിക്കുന്നു, താങ്ങായി, തണലായി. തന്റെ പ്രാര്‍ത്ഥനകള്‍ ഫലിച്ചിരിക്കുന്നു. ഈശ്വരന്‍ കരുണാമയനാണ്‌. ഒടുവില്‍, അവന്‍ കനിഞ്ഞിരിക്കുന്നു. അവന്റെ വരം പോലെയിതാ ജന്മം നല്‍കിയ അച്ഛന്‍ മുന്നില്‍.
ആകാശത്തും നിന്ന്‌ ജനിക്കുന്ന മഞ്ഞുപൂക്കളെപ്പോലെ അവന്റെ കണ്ണുകള്‍ വികസിച്ചു.

`അ....ച്ഛാ'
ആനന്ദിന്റെ സ്വരം ഇടറിയിരുന്നു.
അവരുടെ കണ്ണുകള്‍ നിറഞ്ഞു.
അവന്‍ എണ്ണീല്‍ക്കാന്‍ ശ്രമിച്ചു. മോഹന്‍ കട്ടിലിനോടു ചേര്‍ന്നു നിന്നു അവനെ മാറോടു ചേര്‍ത്തു.
കണ്ണുനീര്‍ ഇരുതോളിലും പതിഞ്ഞു.
മോഹന്‍ വിറയാര്‍ന്ന കൈകള്‍കൊണ്ട്‌ മകന്റെ ശിരസ്സില്‍ തലോടി.
ആനന്ദിന്‌ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യമായി തോന്നി.
സന്തോഷാശ്രുക്കളാല്‍ നിറഞ്ഞ നിമിഷങ്ങള്‍.
മുറിക്കു പുറത്ത്‌ ആ ആ ധന്യമുഹൂര്‍ത്തത്തിന്‌ മറ്റുള്ളവരും സാക്ഷികളായി. കണ്ണാടിക്കൂടിലൂടെ അവര്‍ കണ്ടു, ഒരു അച്ഛന്റെയും മകന്റെയും പുനസമാഗമം.
ഓമനയുടെ കണ്ണുകള്‍ നനഞ്ഞു.
അച്ഛന്റെയും മകന്റെയും കൂടിക്കാഴ്‌ച അവള്‍ ആശ്ചര്യത്തോടെയാണ്‌ കണ്ടുനിന്നത്‌.
അവള്‍ ആനന്ദിന്റെ മുഖത്തേയ്‌ക്ക്‌ നോക്കി.
ആ മുഖം ഒരിക്കലും കാണാത്ത വിധം സന്തോഷത്താല്‍ നിറഞ്ഞിരിക്കുന്നു.
അവന്‍ എത്രമാത്രം സങ്കടപ്പെട്ടിരുന്നു.
എത്ര അത്ഭുതത്തോടെ ഒരു കണ്ടുമുട്ടല്‍.

അവരുടെ ജീവിതം സന്തോഷം നിറഞ്ഞൊരു നാളയിലേക്ക്‌ നയിക്കേണമേ എന്നവര്‍ പ്രാര്‍ത്ഥിച്ചു. ജീവിതത്തില്‍ ഒരിക്കലും കണ്ടെത്താന്‍ കഴിയാത്ത പ്രശ്‌നത്തിന്‌ പരിഹാരം കണ്ടെത്തിയ സന്തോഷമാണാ അനുഭവപ്പെട്ടത്‌. മകനെ വാത്സല്യത്തോടെ തലോടുന്ന പിതാവിനെ അവര്‍ കണ്ടു. ഓമന ദീപ്‌തമായ അവന്റെ കണ്ണുകളില്‍ നോക്കി സന്തോഷം രേഖപ്പെടുത്തി. ജീവിതകാലം മുഴുവന്‍ ഹൃദയത്തില്‍ കൊണ്ടു നടന്ന വലിയൊരു ആഗ്രഹമല്ലേ സഫലമായിരിക്കുന്നത്‌. ജീവിതത്തില്‍ വിലപിടിപ്പുള്ള മൂലധനം അച്ഛനും അമ്മയുമല്ലാതെ ആരാണ്‌?

മുറിക്കു പുറത്ത്‌ മഞ്ഞില്‍ നിലാവ്‌ തെളിഞ്ഞിരുന്നു. ആനന്ദിന്റെയരുകില്‍ നിന്നപ്പോള്‍ മോഹന്റെ ശരീരമാസകലം ചൂടേറി. സ്വയം നിയന്ത്രിക്കാന്‍ നന്നേ പണിപ്പെട്ടു. ഉള്ളം തേങ്ങി.

കണ്ണുകളില്‍ നിന്ന്‌ കണ്ണുനീരൊഴുകി.
ആനന്ദിന്റെ കണ്ണുകളെയും ആ കാഴ്‌ച കണ്ണീരിലാക്കി.

മോഹന്‌ സംസാരിക്കാന്‍ കഴിഞ്ഞതേയില്ല, ആനന്ദിനും. ഇരുവരും കണ്ണില്‍ നോക്കി കുറേ നേരമിരുന്നു. അയാള്‍ ആനന്ദിന്റെ തലയില്‍ തലോടി കൊണ്ടിരുന്നു. ശസ്‌ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്‌. അധികം മാനസിക സമ്മര്‍ദ്ദങ്ങളൊന്നും ഏല്‍പ്പിക്കരുതെന്നു ഡോക്‌ടര്‍ പ്രത്യേകമായി പറഞ്ഞതു കൊണ്ടാണ്‌ ഇപ്പോള്‍ സന്ദര്‍ശനം അനുവദിച്ചത്‌. കൂടുതല്‍ സന്തോഷിച്ചാലും ദുഃഖിച്ചാലും പ്രശ്‌നമാണ്‌. തന്റെ രക്തമാണ്‌ മകന്‌ സൗഭാഗ്യമായിരിക്കുന്നത്‌.

അവന്‍ ജീവിതത്തിലേക്ക്‌ തിരിച്ചുവരട്ടെ.

സ്വന്തം ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചവനല്ലേ. കുടുംബ ജീവിതവും പുത്രസൗഭാഗ്യവുമൊക്കെ എത്രയോ നാളുകള്‍ക്ക്‌ മുന്നേ മനസ്സില്‍നിന്ന്‌ വലിച്ചെറിഞ്ഞതാണ്‌. മനസ്സ്‌ മുഴുവന്‍ പാപകറകളാണ്‌. ജീവിത യാത്രയില്‍ പലരെയും കാല്‍ കീഴിലിട്ട്‌ ചവുട്ടി സമ്പന്നനാകാന്‍ ശ്രമിച്ചു. ഒടുവില്‍ ലഭിച്ചതോ ദാരിദ്ര്യന്റെ പദവി. സ്വന്തം ജീവിതസുഖത്തിനായി ജീവിതം ഹോമിച്ചവന്‍. ഒടുവില്‍ ഒന്നുമില്ലാത്തവനായി എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവനായി ഈ മണ്ണിന്റെ ഒരു കോണില്‍ ഒതുങ്ങി. ആരെയും കാണാനുള്ള മനഃശക്തിയോ ധൈര്യമോ ഇല്ല. എല്ലാവരാലും വെറുക്കപ്പെട്ടവനായി ജീവിച്ചു. ഒരു കാമുകിയും കുഞ്ഞും സ്വന്തമായൊരു തൊഴിലുമുണ്ടായിരുന്നു. എല്ലാം നഷ്‌ടപ്പെട്ടു. ജീവിതത്തില്‍ ധനികനായി ജീവിക്കാന്‍ ധാരാളം പദ്ധതികള്‍ ആസൂത്രണം ചെയ്‌തു. ഒന്നിലും വിജയം കണ്ടില്ല. എല്ലാം എന്തിന്‌ വേണ്ടി ചെയ്‌തു ആര്‍ക്ക്‌ വേണ്ടി ഒന്നുമറിയില്ല. എല്ലാം ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു. ജീവിതത്തില്‍ തന്നെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചത്‌ ആനന്ദിന്റെ അമ്മയാണ്‌. അവള്‍ ബിന്ദുവല്ല. സ്വര്‍ണ്ണബിന്ദുവാണ്‌. അവളെ വഞ്ചിച്ചവനാണ്‌. ഉപേക്ഷിച്ചവനാണ്‌. അവര്‍ പോലും എനിക്ക്‌ മാപ്പുതരില്ല. നീണ്ട വര്‍ഷങ്ങള്‍ എല്ലാം മറന്ന്‌ ജീവിച്ച തന്റെ മനസ്സ്‌ ഇപ്പോഴിതാ വീണ്ടും സന്തോഷം കൊണ്ട്‌ തിളങ്ങുന്നു.

സന്ദര്‍ശനം അവസാനിച്ചെന്ന്‌ നഴ്‌സ്‌ വന്നു പറഞ്ഞപ്പോള്‍ മാത്രമാണ്‌ മോഹന്‍ മുറിക്കു പുറത്തിറങ്ങിയത്‌. അച്ഛന്‍ ഇനിയെവിടെയും പോകില്ലെന്നും, എപ്പോഴും ഇവിടെ തന്നെയുണ്ടാവുമെന്നും മോഹന്‍ ആനന്ദിനു ഉറപ്പ്‌ കൊടുത്തിരുന്നു. ഇടയ്‌ക്ക്‌ ഓരോരുത്തരായി മുറിയിലെത്തി ആനന്ദിനെ കണ്ടു. ഓമന മാത്രം മുറിയിലെത്തിയപ്പോള്‍, അവളുടെ കൈയില്‍ അവന്‍ ഇറുകെ പിടിച്ചു.
അവന്‍ അവളെ നോക്കി പുഞ്ചിരിച്ചു.

ചുണ്ടില്‍ വിരിഞ്ഞ മന്ദഹാസവുമായി ആനന്ദിന്റെ അടുത്ത്‌ അവളിരുന്നു. അവളുടെ ഹൃദയം നന്നായി തുടിച്ചു. പൂമൊട്ടു വിരിയും പോലെ മുഖം വികസിച്ചു.

`ഓമനേ, എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടിരിക്കുന്നു. എന്റെ അച്ഛനെ എനിക്കു തിരിച്ചു കിട്ടിയിരിക്കുന്നു. അപ്പോള്‍ ഞാനിതാ ആശുപത്രി കിടക്കയിലും. എന്നാലും സാരമില്ല, എന്റെ ദൈവം എനിക്ക്‌ അച്ഛനെ മടക്കി തന്നു. ഇതിനെല്ലാം കാരണം നീയും നിന്റെ മമ്മിയുമാണ്‌. ഇതിനൊക്കെ എങ്ങനെ പകരം വീട്ടുമെന്ന്‌ എനിക്കറിയില്ല.'

അവന്റെ കണ്ണുകള്‍ നിറഞ്ഞു.
`ആനന്ദ്‌, ഇനിയും ഇങ്ങനെ കണ്ണുനിറയ്‌ക്കരുത്‌.'
അവന്റെ നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ ഓമന തുടച്ചു കൊടുത്തു.

`നീ നിന്റെ അച്ഛനെ നീണ്ട വര്‍ഷങ്ങള്‍ കാത്തിരുന്നു. ഇന്നു ലഭിച്ചു. ഇതുപോലെ നിനക്കു വേണ്ടി വേറൊരാളും ഈ ലോകത്തില്‍ കാത്തിരിക്കുന്നുണ്ട്‌. അതു നീ മറക്കരുത്‌', ഓമനയുടെ സ്വരമിടറി.

ഐസിയുവില്‍ തണുപ്പ്‌ കൂടി വരുന്നതു പോലെ ആനന്ദിനു തോന്നി.
ആരുമില്ലാതിരുന്ന തന്നെ മാത്രം പ്രതീക്ഷിച്ച്‌ ലോകത്തില്‍ മറ്റൊരാള്‍.
അത്‌ ഓമനയാണ്‌.

അവളല്ലാതെ മറ്റാരുമല്ല, അവളുടെ സ്‌നേഹവും കാരുണ്യവുമാണ്‌ തന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്‌. ഇപ്പോള്‍ ആശുപത്രി കിടക്കയില്‍ നിന്നു പോലും ജീവിക്കാനുള്ള ആത്മവിശ്വാസം നല്‍കുന്നതും അതാണ്‌. അവന്‍ ഓമനയുടെ കൈകളില്‍ മുറുകെ പിടിച്ചു.

തണുപ്പില്‍ അവള്‍ ഒന്നുകൂടി തണുത്തു.
അവളുടെ നീലകണ്ണുകള്‍ വികസിച്ചു.
അവന്റെ മൂര്‍ദ്ധാവില്‍ അവളുടെ ചുണ്ടുകള്‍ പതിഞ്ഞു.
ഐസിയുവില്‍ യന്ത്രങ്ങളുടെ ചെറിയ മര്‍മ്മരം മാത്രം ഘനീഭവിച്ചു നിന്നു.

(അവസാനിച്ചു.)
കൗമാരസന്ധ്യകള്‍ (നോവല്‍ അവസാനഭാഗം: കാരൂര്‍ സോമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക