Image

തീന്‍മേശയിലെ പോത്ത്‌ (ഫൈസല്‍ മാറഞ്ചേരി)

Published on 02 October, 2015
തീന്‍മേശയിലെ പോത്ത്‌ (ഫൈസല്‍ മാറഞ്ചേരി)
ഹസ്സന്‍ക്കാടെ കടയില്‍ ഒരു ബീഫ്‌ ഫ്രൈയും രണ്ട്‌ പൊറാട്ടയും ഓര്‍ഡറിട്ട്‌ സാധനം വരാനുള്ള ഇടവേളയിലെ വിരസത മാറ്റാന്‍ ന്യൂസ്‌ പേപ്പറെടുത്ത്‌ മറിച്ചപ്പോളാണ്‌ മോഹനന്‍ ആ വാര്‍ത്ത കണ്ടത്‌

`ഉത്തരേന്ത്യയില്‍ 'ബീഫ്‌' തിന്നയാളെ ജനക്കുട്ടം മര്‍ദ്ദിച്ചു കൊന്നു`

പോറോട്ടയും ബീഫും ടേബിളില്‍ കൊണ്ടു വെച്ച്‌ സപ്ലയര്‍ അവനെ ഒന്ന്‌ തുറിച്ചു നോക്കി

ഒരു കഷ്‌ണം `ബീഫ്‌'വായില്‍ വെച്ചപ്പോള്‍ വല്ലാത്ത ഒരു `ചൊയ' അത്‌ വായില്‍ നിന്നും എടുത്ത്‌ കളഞ്ഞ്‌ അടുത്ത കഷ്‌ണം കടിച്ചപ്പോള്‍ അതില്‍ ഒരു മനുഷ്യന്റെ ചോരയോലിക്കുന്ന മുഖം

ഓക്കാനിക്കാന്‍ വന്ന മോഹനന്‍ വാഷ്‌ ബേസിനടുത്തേക്കോടി

ഫുഡ്ഡില്‍ എന്തെങ്കിലും പന്തികേടാവും എന്നു കരുതിയ ഹസ്സന്‍ക്ക സപ്ലയറോട്‌ `മോഹനന്റെ ബീഫ്‌ ഒന്ന്‌ മാറ്റി കൊടുക്ക്‌`

ബീഫ്‌ എന്ന പേര്‌ കേട്ടതും മോഹനന്‍ പുറത്തേക്ക്‌ ഒരോട്ടം

വീട്ടിലെത്തുന്നത്‌ വരെ മോഹനന്‍ തിരിഞ്ഞ്‌ നോക്കിയില്ല
ചെന്നപാടെ കട്ടിലില്‍ കയറി പുതച്ചു വിറച്ചു കിടന്നു

മുറിയില്‍ വന്ന രമ്യ മൂടി പുതച്ചു കിടക്കുന്ന കണവനെ കണ്ട്‌ ഞെട്ടി

ജോലിക്കു പോയ മനുഷ്യന്‍ എന്താ മൂടി പുതച്ചു കിടക്കുന്നത്‌ എന്നറിയാന്‍ പുതപ്പു വലിച്ച രമ്യ കണ്ടത്‌ മോഹനന്‍ എന്തൊക്കെയോ പുലമ്പുന്നതാണ്‌

എന്താണെന്നറിയാന്‍ ചെവി കൂര്‍പ്പിച്ച രമ്യ പിടിച്ചെടുത്തത്‌ ഇത്രമാത്രം `എന്നെ കൊല്ലല്ലേ ഞാന്‍ ബീഫ്‌ തിന്നിട്ടില്ല`

കൈ കൂപ്പി കണ്ണീരൊലിപ്പിച്ച്‌ കിടക്കുന്ന മോഹനന്റെ മുഖം പണ്ടെങ്ങോ 
TVയില്‍ കണ്ട ഒരു രൂപം പോലെ രമ്യയ്‌ക്കു തോന്നി !

ഫൈസല്‍ മാറഞ്ചേരി kangilayil@gmail.com
തീന്‍മേശയിലെ പോത്ത്‌ (ഫൈസല്‍ മാറഞ്ചേരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക