Image

നിരോധനങ്ങളുടെ രാജ്യം, തിരോധനങ്ങളുടെ കാലം. ഇന്‍ഡ്യ എന്ന ആശയം(ഡല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 02 October, 2015
നിരോധനങ്ങളുടെ രാജ്യം, തിരോധനങ്ങളുടെ കാലം. ഇന്‍ഡ്യ എന്ന ആശയം(ഡല്‍ഹികത്ത്: പി.വി.തോമസ്)
ഇന്‍ഡ്യയില്‍ ഈ അടുത്ത കാലത്തുണ്ടായ നിരോധനങ്ങളുടെയും, ഉപരോധങ്ങളുടെയും, തിരോധാനങ്ങളുടെയും അസഹിഷ്ണുതകളുടെയും വേലിയേറ്റം ഇന്‍ഡ്യ എന്ന ആശയത്തിന് കടുത്ത ആഘാതം ഏല്‍പിച്ചിരിക്കുകയാണ്. ഇന്‍ഡ്യ എന്ന ആശയം ജനാധിപത്യം ആണ്. ഏകാധിപത്യം അല്ല. അത് മതനിരപേക്ഷതയാണ്. മത അസഹിഷ്ണുതയല്ല. നാനാത്വത്തില്‍ ഏകത്വം ആണ്. അടിച്ചേല്‍പ്പിക്കപ്പെട്ട ഏകത്വമല്ല. അത്  വ്യക്തിസ്വാതന്ത്ര്യം ആണ്. മനുഷ്യാവകാശങ്ങളുടെ ആഘോഷാവകാശ ലംഘനമോ ഇന്‍ഡ്യ എന്ന ആശയത്തിന് കടകവിരുദ്ധം ആണ്. എതിര്‍പ്പും, വിയോജിപ്പും, സംവാദവും പ്രതിഷേധവും, സത്യാഗ്രഹവും ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ മുഖമുദ്രയായിരുന്നു എക്കാലവും. പ്രതിഷേധിക്കുന്നവരുടെ, വിയോജിക്കുന്നവരുടെ വായ്മൂടിക്കെട്ടുന്നതോ അവരുടെ ജീവനെടുക്കുന്നതോ ഇന്‍ഡ്യ എന്ന മഹാ ആശയത്തിന്റെ ഭാഗം അല്ല. സ്വതന്ത്ര ചിന്തയുടെ വ്യത്യസ്ത ചിന്തയുടെ അനര്‍ഗ്ഗളപ്രവാഹം ആണ് ഇന്‍ഡ്യ എന്ന ആശയം. എന്നിട്ട് എന്തുകൊണ്ട് അടുത്ത കാലത്ത് ഇത്രയേറെ അസഹിഷ്ണുത പ്രകടമായി? ഇത്രമാത്രം നിരോധനങ്ങള്‍ ഉണ്ടായി? ഉണ്ടാകുന്നു? ഏറ്റവും ഒടുവിലത്തെ സംഭവമായ ആ വധവും ആക്രമണവും സംഭവിച്ചു. ഡല്‍ഹിയില്‍ നിന്നും കേവലം 45 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന ആ ഉത്തര്‍പ്രദേശ് ഗ്രാമത്തില്‍? അവിടെ ഒരു മുസ്ലീംകുടുംബം അടുക്കളയില്‍ മാട്ടിറച്ചി സൂക്ഷിച്ചുവെന്ന കാരണത്താലാണ് ഭൂരിപക്ഷസമുദായമായ ഠാക്കൂര്‍മാര്‍ ഗൃഹനാഥനെ അടിച്ചുകൊല്ലുകയും മകനെ ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്തത്. തൊട്ടടുത്ത അമ്പലത്തില്‍ നിന്നും പൂജാരി ഉച്ചഭാഷണിയിലൂടെ അറിയിക്കുകയായിരുന്നുവത്രെ മുസ്ലീമിന്റെ വീട്ടില്‍ ഗോമാംസം ഉണ്ടെന്ന്. അതേ തുടര്‍ന്നാണ് ആക്രമണവും വധവും എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇറച്ചി ആടിന്റേതാണ് മാടിന്റേതല്ലെന്നായിരുന്നു ജീവനുവേണ്ടി കെഞ്ചികൊണ്ടുള്ള ഇരകളുടെ യാചന! പക്ഷേ സദാചാരഗുണ്ടകള്‍ അത് ചെവിക്കൊണ്ടില്ല.

ഇവിടെ മതതീവ്രവാദികളും അവരുടെ സദാചാര ഗുണ്ടകളും എല്ലാറ്റിനും വിലക്ക് കല്പിക്കുകയാണ്. എഴുത്ത്, വര, വായന, വസ്ത്രധാരണ, പാനീയവസ്തുക്കള്‍, ചിന്ത, വിശ്വാസം, അവിശ്വാസം, ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നു വേണ്ട എല്ലാം സദാചാരഗുണ്ടകളുടെയും അവരുടെ ആത്മീയ ഗുരുക്കന്മാരുടെയും നിരീക്ഷണത്തിലും, നിയന്ത്രണത്തിലും, നിശ്ചയപ്പടിയും ആണ്. ഇവ ഒരു അനുഷ്ഠാന കലയായി വളരുകയും ആവര്‍ത്തിക്കപ്പെടുകയും ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. കാരണം അത് ഫാസിസത്തിലേക്കുള്ള വഴിയാണ്. അത് താളിബനൈസേഷന്റെ ആദ്യപടികള്‍ ആണ്. നിരോധങ്ങളും ഉപരോധങ്ങളും ഒരു സംസ്‌ക്കാരമായി മാറ്റിയെടുക്കുമ്പോള്‍ സ്വതന്ത്രചിന്ത മരവിക്കുന്നു. സ്വതന്ത്രചിന്ത മരവിച്ച ഒരു സമൂഹം മരിച്ചതിന് തുല്യം ആണ്. മതസ്വേഛാധിപത്യം കൊടികുത്തിവാഴുന്ന ഒരു സമൂഹത്തില്‍ ശാസ്ത്രവും യുക്തിബോധവും ബലികഴിക്കപ്പെടുന്നു. അങ്ങനെ സമൂഹത്തിന്റെ വളര്‍ച്ചയും വഴിമുട്ടും.

യുക്തിവാദികളും സാമൂഹ്യവിമര്‍ശകരുമായ പന്‍സാരയെയും എം.എം. കല്‍ബുര്‍ഗിയെയും വധിച്ച സദാചാര ഗുണ്ടകള്‍ പ്രതിനിധാനം ചെയ്യുന്ന വെറുപ്പിന്റെ, വിദ്വേഷത്തിന്റെ, അസഹിഷ്ണുതയുടെ തത്വശാസ്ത്രം ഇന്‍ഡ്യയുടെ ഭാവിക്ക് ദോഷകരം ആണ്. ഇതേ വലതുപക്ഷ തീവ്രവാദികള്‍ തന്നെയാണ് എം.എഫ്.ഹുസൈനെയും, വെണ്ടി ഡോനിഗറെയും, മേഘകുമാറിനെയും, എം.എം.ബഷീറിനെയും, ജോ ഡിക്രൂസിനെയും, പെരുമാളിനെയും നായാടിയത്. എന്തുകൊണ്ടാണ് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഈ സദാചാരഗുണ്ടകളുടെ മുമ്പില്‍ കയ്യും കെട്ടി നില്‍ക്കുന്നത്. കാരണം ഈ സദാചാരഗുണ്ടകള്‍ അവരുടെ വളര്‍ത്തു നായ്ക്കള്‍ ആണ്. അവര്‍ ശാസ്ത്രത്തിനുനേരെ മുഖം തിരിക്കുകയും പുരാണങ്ങളെ ചരിത്രമായി കൊട്ടിഘോഷിക്കുകയും ചെയ്യുന്നു!
ഇവിടെ നിരോധനങ്ങള്‍ക്ക് ഒരു പഞ്ഞവും ഇല്ല. ചിലരുടെ മതവികാരങ്ങളെ പ്രീണിപ്പിക്കുവാനായി ബി.ജെ.പി. ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ മാംസ വില്പനക്കും ഉപയോഗത്തിനും വിലക്ക് കല്പിച്ചിരിക്കുകയാണ്. ഇതിനെ കോടതി നിരാകരിച്ചെങ്കിലും നിരോധനത്തിന്റെ രാഷ്ട്രീയം പിന്‍വാങ്ങിയിട്ടില്ല. ഇതില്‍ മതം മാത്രമല്ല രാഷ്ട്രീയവും അന്തര്‍ലീനമായിട്ടുണ്ട്. കാരണം മാംസക്കച്ചവടക്കാരില്‍ ഭുരിഭാഗവും മുസ്ലീങ്ങള്‍ ആണ്. അവരുടെ കഞ്ഞികുടിമുട്ടിക്കുകയെന്ന് ദുരുദ്ദേശവും ഇതില്‍ ഉണ്ട്. ഡല്‍ഹിയിലെ കോണാട്ട്‌പ്ലേസില്‍ പന്നിയിറച്ചി ലഭ്യമാണ്. എന്നാല്‍ മാട്ടിറച്ചി ലഭ്യമല്ല. മാട്ടിറച്ചി ലഭിക്കണമെങ്കില്‍ പുരാണ ഡല്‍ഹിയിലോ നിസാമുദ്ദീനിലോ പോകണം. പന്നിയിറച്ചി ഒരു മതവിഭാഗത്തിന് ഹരാം ആണ്. പക്ഷേ അത് ഡല്‍ഹിയുടെ ഹൃദയഭാഗത്ത് വില്‍ക്കാം. എന്നാല്‍ മറ്റൊരു വിഭാഗത്തിന്റെ ഭക്ഷണപദാര്‍ത്ഥവും ഭൂരിപക്ഷസമുദായത്തിന് വര്‍്ജ്ജിതവുമായ മാട്ടിറച്ചി ഡല്‍ഹിയുടെ സിരാകേന്ദ്രങ്ങളില്‍ വിറ്റുകൂട! ഇതെന്തൊരു മതേതരത്വമാണ്? മനസിലാകുന്നില്ല. അതിന് പുറമെ ഇപ്പോള്‍ അതിന് വിലക്കും. ജയിന്‍ മതാനുയായികളുടെ ഉത്സവമായ പര്‍യൂഷനില്‍ മാംസവില്പനയും ഉപഭോഗവും നിരോധിച്ചത് മഹാരാഷ്ട്രയിലും, ഛത്തീസ്ഘട്ടിലും, ഝാര്‍ഖണ്ടിലും വിവാദമായി. ഛത്തീസ്ഘട്ട് ഗണേഷ് ചതുര്‍ത്ഥിയിലും മാംസവില്പനയും ഉപയോഗവും നിരോധിച്ചു. മറ്റ് ഏഴ് ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ മാട്ടിറച്ചിയുടെ വില്പനയും ഉപയോഗവും മുമ്പേ നിരോധിച്ചിട്ടുണ്ട്. അവ ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ആണ്. മഹാരാഷ്ട്രയിലും ഹരിയാനയിലും മാട്ടിറച്ചി ഒരു വ്യക്തിയുടെ ഗൃഹത്തില്‍ നിന്നും പിടിച്ചെടുത്താല്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷയോ പതിനായിരം രൂപ പിഴയോ അല്ലെങ്കില്‍ രണ്ട് ശിക്ഷകളുമോ വിധിക്കപ്പെട്ടേക്കാം? എന്താണിതിന്റെ ന്യായം? ആര് ഉത്തരം പറയും? മാട്ടിറച്ചി ദരിദ്രന്റെ ആട്ടിറച്ചി ആണ്. അല്ലെങ്കില്‍ ചിലരുടെ ആഹാര രുചിക്രമത്തിന്റെ ഭാഗമാണ്. ഇതിനെ നിരോധിക്കുവാന്‍ ഗവണ്‍മെന്റുകള്‍ക്ക് എന്ത് അവകാശം ആണുള്ളത്? നിരോധനങ്ങളുടെ കഥ പറഞ്ഞാല്‍ തീരുകയില്ല. മദ്യവും മാംസവും മീനും അയോദ്ധ്യയിലും ഹരിദ്വാറിലും ഋഷികേശിലും നിരോധിച്ചിരിക്കുകയാണ്. ഗുജറാത്തില്‍ മദ്യം മൊത്തമായും മീന്‍ ചിലഭാഗങ്ങളിലും നിരോധിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ കന്‍വാറിലാണ് എന്ന ശിവഭക്തരുടെ തീര്‍ത്ഥാടന വഴിയിടങ്ങളിലും മാംസനിരോധനയുണ്ട്. മധ്യപ്രദേശില്‍ കുട്ടികള്‍ക്ക് അവരുടെ ഉച്ചഭക്ഷണത്തിലുണ്ടായിരുന്ന മുട്ടയും നിരോധിച്ചിരിക്കുകയാണ്. കാരണം മതപരം. കേരളത്തിലെ ഭാഗീക മദ്യനിരോധനവും പ്രസിദ്ധം ആണ്.

ഇത് കൂടാതെ വായനയിലും പാര്‍ട്ടികള്‍ നടത്തുന്നതിലും ചലചിത്രങ്ങള്‍ കാണുന്നതിലും എല്ലാം നിരോധനങ്ങള്‍ ഉണ്ട്. അവയുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചാല്‍ ഈ കോളത്തിന്റെ ദൈര്‍ഘ്യം ഏറും. അതിനാല്‍ മുതിരുന്നില്ല. വാലന്റയിന്‍ ഡേ ആഘോഷവും പെണ്‍കുട്ടികള്‍ പബ്ബുകളില്‍ പോകുന്നതും എല്ലാം സദാചാരഗുണ്ടകളും അവരുടെ വലതുപക്ഷ തീവ്രവാദ ഗുരുക്കളും നിരോധിച്ചിരിക്കുകയാണ്. ശാന്തം പാവം!

മോഡിയുടെ സാംസ്‌ക്കാര വകുപ്പിന്റെ മന്ത്രി മഹേഷ് ശര്‍മ്മ പെണ്‍കുട്ടികള്‍ രാത്രീഞ്ചരരായി പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിന് എതിരാണ്! ഇദ്ദേഹം തന്നെയാണ് വിവാദപരമായ ആ പ്രസ്താവന പുറപ്പെടുവിച്ചതും: ദിവംഗതനായ മുന്‍ പ്രസിഡന്റ് എ.പി.ജെ.അബ്ദുള്‍ കലാം ഒരു മുസ്ലീം ആയിരുന്നുവെങ്കിലും നല്ല ഒരു ദേശീയവാദി ആയിരുന്നു! അദ്ദേഹം തന്നെയാണ് മൊഴിഞ്ഞത് ബൈബിളും ഖുറാനും ഇന്‍ഡ്യയുടെ ആത്മാവുമായി അടുത്ത് നില്‍ക്കുന്നില്ലെന്ന്. വാര്‍ത്താവിനിമയ മന്ത്രാലായം അടുത്തയിടെ ഒരു തമിഴ്ചാനലിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതും ഈ അസഹിഷ്ണുതയുടെ ഉദാഹരണങ്ങില്‍ ഒന്നാണ്. ചാനലില്‍ ഒരു പരിപാടിയില്‍ ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ പറയുകയുണ്ടായി നരേന്ദ്രമോഡി ക്രിസ്ത്യന്‍ സമുദായത്തിന് ഭീഷണി ഉയര്‍ത്തുന്ന പേടിപ്പെടുത്തുന്ന ഒരു വ്യക്തിയാണെന്ന്. ഇതിനാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം ഇവിടെ പരിപൂര്‍ണ്ണമായും, നിഷേധിക്കപ്പെട്ടിരിക്കുകയാണോ മോഡി സര്‍ക്കാര്‍?

ഈ വക നിരോധനങ്ങളുടെ നൈതികത എന്താണ്? ആരാണ് ഇവര്‍ക്ക് ഈ വക അവകാശങ്ങള്‍ നല്‍കിയിരിക്കുന്നത്? ഈ സദാചാരഗുണ്ടകളെയും അവരുടെ മതതീവ്രവാദമോധാവികളെയും ആര് നിയന്ത്രിക്കും?ഇന്നത്തെ സാഹചര്യത്തില്‍ ഇത് വലിയ ഒരു ചോദ്യം ആണ്. ഒരു ജനതയുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നത് അവരെ കൂട്ട മസ്തിഷ്‌ക്കബലാല്‍സംഗത്തിന് ഇരയാക്കുന്നതിന് തുല്യമാണ്. അതുപോലെ തന്നെ അവരുടെ ആഹാരക്രമത്തിലും പാനീയത്തിലും വസ്ത്രധാരണരീതികളിലും ഭരിക്കുന്നവര്‍ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ നാളെ അവര്‍ ആവര്‍ത്തന പ്രക്രിയയിലും കൈകടത്തില്ലെന്നാര് കണ്ടു? ഇതുതന്നെയാണ് ഫാസിസം വരുന്ന വഴി. കിടപ്പു മുറിയിലും സ്വീകരണമുറിയിലും രഹസ്യക്യാമറകള്‍ ഘടിപ്പിക്കുന്ന രീതി. ഇങ്ങനെയൊക്കെതന്നെയാണ് ഏകാധിപധികള്‍ അവതരിപ്പിച്ചതും. ഹിറ്റ്‌ലറും അദ്ദേഹത്തിന്റെ രഹസ്യപോലീസും ചരിത്രത്തിന് അത്ര വിദൂരമായ ഓര്‍മ്മാനുഭവം അല്ല. നമുക്ക് അത് സംഭവിക്കാതിരിക്കട്ടെ. നരേന്ദ്രമോഡിയുടെ വികസനത്തിന് സ്വാഗതം, അത് തുല്യപങ്കാളിത്തം ഉള്ളതാണെങ്കില്‍ അത് ചങ്ങാത്ത മുതലാളിത്വവും വെറും പ്രഹസനവും ആണെങ്കില്‍ അതിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു. മോഡി രാജ്യത്തെ ഫാസിസത്തിന്റെയും താളിബാനിസത്തിന്റെയും ഭീകരനിഴലിലേക്ക് വലിച്ചിഴക്കരുത് ദയവായി.


നിരോധനങ്ങളുടെ രാജ്യം, തിരോധനങ്ങളുടെ കാലം. ഇന്‍ഡ്യ എന്ന ആശയം(ഡല്‍ഹികത്ത്: പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക