Image

ശീനാരായണ കണ്‍വെന്‍ഷന്‍ 2016 ജൂലൈ 7,8,9,10 തീയതികളില്‍ ഹൂസ്റ്റണില്‍

അനിയന്‍ കുഞ്ഞ് ഭാസ്‌കരന്‍ Published on 03 October, 2015
ശീനാരായണ കണ്‍വെന്‍ഷന്‍ 2016 ജൂലൈ 7,8,9,10 തീയതികളില്‍ ഹൂസ്റ്റണില്‍
ശ്രീനാരായണ ഗുരുദേവന്റെ മഹനീയ സന്ദേശങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഫെഡറേഷന്‍ ഓഫ് ശ്രീനാരായണഗുരു ഓര്‍ഗനൈസേഷന്‍സ്, നോര്‍ത്ത് അമേരിക്ക സംഘടിപ്പിക്കുന്ന 2016 ലെ ശ്രീനാരായണ കണ്‍വെന്‍ഷന്‍ ജൂലൈ 7,8,9,10 തീയതികളില്‍ ഹൂസ്റ്റണില്‍ നടത്തുന്നതാണ്.

 വര്‍ഗ്ഗീയതയും വംശീയതയും, ജാതിചിന്തകളും കാലുഷ്യം പടര്‍ത്തി മനുഷ്യരാശിക്ക് തീരാദുരിതങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ലോകമെങ്ങും. സ്വന്തം മതത്തിലെ തീവ്രവാദത്തെ, സ്വാര്‍ത്ഥതകളെ തടയുന്നതില്‍ ലോകമതങ്ങള്‍ അമ്പേ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകളായി ലോകമെമ്പാടും നിസ്സഹായരായ മനുഷ്യര്‍ക്ക് ദുരിതങ്ങള്‍ മാത്രം നല്‍കി മതപ്പോരുകളും വംശീയ ജാതീയ പോരാട്ടങ്ങളും തുടരുകയാണ്. ചരിത്രത്തില്‍ നി്ന്ന് പാഠം ഉള്‍ക്കൊള്ളുവാന്‍ ലോക മതങ്ങള്‍ക്കും രാഷ്ട്രമീമാംസകര്‍ക്കും ഇന്നും കഴിഞ്ഞിട്ടില്ല എ്ന്നതാണ് ദുഖകരമായ സത്യം. 

മനുഷ്യരെ ഭേദചിന്തകളുടെ തടവറയില്‍ നിന്ന് മോചിപ്പിച്ച് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പുരോഗതിയുടേയും ലോകത്തിലേക്ക് എത്തിക്കുക എന്നതാണ് ശ്രീനാരായണ ഗുരുദര്‍ശനത്തിന്റെ ലക്ഷ്യം. എല്ലാ അസ്വസ്ഥതകളുടെയും മൂലകാരണം ഭേദവും ഭേദചിന്തയുമാണ്. നൂറ്റാണ്ടുകളായി അന്ധകാരത്തിലാണ്ടുകിടന്ന് കേരളത്തില്‍ ഗുരു ആരംഭിച്ച നവോത്ഥാനം കേരളത്തിലും ഭാരതത്തിലും വരുത്തിയ മാറ്റങ്ങള്‍ ഇതിന് ഉദാഹരണമാണ്. 'ജാതിഭേദം, മതദ്വേഷം, ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം' സൃഷ്ടിക്കുവാനായി ഗുരുദേവന്‍ അരുവിപ്പുറത്താംരംഭിച്ച പ്രസ്ഥാനം ലോകമെമ്പാടും എത്തിക്കുക എന്ന ചരിത്ര ദൗത്യമാണ് എല്ലാ ഗുരുദേവ പ്രസ്ഥാനങ്ങളുടേയും മുഖ്യ കടമ.

ഒരു നൂറ്റാണ്ടുകൊണ്ട് ലോകമെമ്പാടും പരക്കുന്നതിനും എല്ലാ മനുഷ്യസ്‌നേഹികളുടെയും ശ്രദ്ധയിലേക്ക് വരുന്നതിനും ഗുരുദേവ ദര്‍ശനത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ചുരുക്കം ചില സ്ഥാപിത താല്പര്യക്കാര്‍ ഗുരുദേവനെ ഒരു ജാതി വിഭാഗത്തിന്റെ മാത്രം ആചാര്യനായി കാണുന്നതിനും ഗുരുദേവ ദര്‍ശനത്തെ തമസ്‌കരിക്കുന്നതിനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചില മാധ്യമങ്ങളും കലാസാംസ്‌കാരിക സാഹിത്യ രംഗങ്ങളിലെ ചിലരും ഇതിന് ഉദാഹരണങ്ങളാണ്. ഗുരുദേവനേയും ഗുരുദര്‍ശനത്തെയും അതിന്റെ തനിമയോടെ ജനകോടികളില്‍ .എത്തിക്കേണ്ടുന്ന ഭാരിച്ച ഉത്തരവാദിത്വം എല്ലാ ഗുരുദേവ പ്രസ്ഥാനങ്ങള്‍ക്കുമുണ്ട്. അവയെ മലിനപ്പെടുത്താതെ സൂക്ഷിക്കേണ്ട ചരിത്രപരമായ ബാദ്ധ്യതയും നമുക്കുണ്ട്. എല്ലാ ഭേദചിന്തകളും അകന്നു ജീവിച്ച മഹാത്മാവാണ് ഗുരുദേവന്‍. അതിനാല്‍ ഗുരുദേവ പ്രസ്ഥാനങ്ങളും എല്ലാ ഭേദചിന്തകള്‍ക്കും അതീതമായിരിക്കണം എതാണ് ഇതിന്റെ സംഘാടകരുടെ ആഗ്രഹം.

കണ്‍വെന്‍ഷനോടനുബന്ധിച്ച് ദാര്‍ശനിക ലോകത്തിന് ഗുരുദേവന്‍ നല്‍കിയ സംഭാവനകള്‍, ഗുരുദേവന്റെ സാഹിത്യസംഭാവനകള്‍, ഗുരുദേവ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ, സാമ്പത്തിക മണ്ഡലങ്ങളിലെ സംഭാവനകള്‍ തുടങ്ങിയവ ചര്‍ച്ചചെയ്യുന്നതാണ്. വര്‍ത്തമാന കാലത്തിന്റെ ദുരിതങ്ങളായ മത, വംശീയജാതി ഭ്രാന്തുകളുടെ പരിഹാരമായി ഗുരുദര്‍ശനത്തെ എങ്ങനെ ലോകത്തിന് പരിചയപ്പെടുത്താം എന്നതാണ് കണ്‍വെന്‍ഷന്റെ മുഖ്യലക്ഷ്യം. സര്‍വ്വമതസമ്മേളനം, സാഹിത്യസമ്മേളനം, സാംസ്‌കാരികസമ്മേളനം, വനിതാസമ്മേളനം , യുവജന സമ്മേളനം, വ്യവസായ സമ്മേളനം , സംഘടനാസമ്മേളനം, ചോദ്യോത്തര വേളകള്‍, സംഗീത നൃത്ത അര്‍ച്ചനകള്‍, പ്രാര്‍ത്ഥനായോഗം, യോഗാക്ലാസ്, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേക പരിപാടികള്‍, പ്രദര്‍ശനങ്ങള്‍, സ്റ്റാളുകള്‍, പ്രമുഖ കലാകാരന്മാരെ അണിനിരത്തി ഗംഭീരകലാവിരുന്നുകള്‍, സൊവനീര്‍, വിഭവസമൃദ്ധമായ സദ്യകള്‍ തുടങ്ങിയവ കണ്‍വെന്‍ഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുള്ളതാകുന്നു. ഭാരതത്തിലേയും നോര്‍ത്ത് അമേരിക്കയിലേയും സാംസ്‌കാരിക, സാഹിത്യ, ദാര്‍ശനിക പ്രതിഭകള്‍, സന്യാസി ശ്രേഷ്ഠന്മാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങളെ നയിക്കുന്നതാണ്. 

മാനവ സമൂഹത്തിന് പുതിയൊരു യുഗപ്പിറവി നല്‍കിക്കൊണ്ട് 'മനുഷ്യാണാം മനുഷ്യത്വം' എന്ന നവനിര്‍വ്വചനം മനുഷ്യന് നല്‍കി, ഏകജാതി, ഏകമതം, ഏകദൈവം, ഏകലോകം എന്ന ലക്ഷ്യത്തിലേക്ക് മനുഷ്യനെ എത്തിക്കുവാന്‍ ശ്രമിച്ച ഗുരുവിനേയും ഗുരുദര്‍ശനത്തെയും അറിയുന്നതിനും, പകര്‍ത്തുന്നതിനും, പടര്‍ത്തുന്നതിനുമായി നടക്കുന്ന ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനായി ഏവരെയും 'ശ്രീനാരായണ ഗുരുനഗറിലേക്ക്' 
(South Shore Harbor Resort and Conference Center , 2500 South Shore Blvd League city - TX, USA
 സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. വ്യവസായ പ്രമുഖനായ ഡോ. എം. അനിരുദ്ധന്‍ മുഖ്യ രക്ഷാധികാരിയായ സംഘാടക സമിതിയാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

അനിയന്‍ തയ്യില്‍ ഹൂസ്റ്റണ്‍ (2817079494)
ദീപക് കൈതയ്ക്കപ്പുഴ ഡാലസ് (9757932151)
അനൂപ് രവീന്ദ്രനാഥ് ചിക്കാഗോ (8478735026) 
വെബ്‌ സൈറ്റ് - www.fsnona.org 
ഇമെയിൽ -communication@fsnona.org
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക