Image

ഫാസിസം ഇതാ അടുത്തെത്തിയിരിക്കുന്നു... (ജയമോഹനന്‍ എം)

Published on 01 October, 2015
ഫാസിസം ഇതാ അടുത്തെത്തിയിരിക്കുന്നു... (ജയമോഹനന്‍ എം)
രാജ്യം ഫാസിസത്തിലേക്ക്‌ അതിവേഗം കടന്നു ചെല്ലുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ ദാദ്രിയും മുഹമ്മദ്‌ അഖ്‌ലാഖും. കഴിഞ്ഞ ദിവസം ഡല്‍ഹിയോട്‌ ചേര്‍ന്ന്‌ കിടക്കുന്ന ഉത്തര്‍പ്രദേശ്‌ ഗ്രാമമായ ദാദ്രിയില്‍ ഗോമാസം കഴിക്കുന്നുവെന്ന്‌ ആരോപിച്ച്‌ മുഹമ്മദ്‌ അഖ്‌ലാഖ്‌ എന്ന മധ്യവയസ്‌കനെ നൂറോളം വരുന്ന ജനക്കൂട്ടം അക്രമിച്ചു കൊന്നു. മുഹമ്മദ്‌ അഖ്‌ലാഖിന്റെ വീട്ടിലേക്ക്‌ ഇരച്ചു കയറിയ ജനക്കൂട്ടം അയാളുടെ 22കാരനായ മകനെയും ക്രൂരമായി മര്‍ദ്ദിച്ചു.

ഇനി ആരാണ്‌ ഈ മുഹമ്മദ്‌ അഖ്‌ലാഖ്‌? ദാദ്രിയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മുസ്ലിം കുടുംബത്തിലെ ഗൃഹനാഥനാണ്‌ മുഹമ്മദ്‌ അഖ്‌ലാഖ്‌.

ഇനി ആരാണ്‌ ഈ ആള്‍ക്കൂട്ടം?

ദാദ്രിയിലെ ഒരു ഭവനത്തില്‍ ഗോമാസം കഴിക്കുന്നുവെന്ന്‌ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ മൈക്കില്‍ കൂടി വിളിച്ചു പറഞ്ഞത്‌ കേട്ട്‌ രോഷത്തോടെ ഇരച്ചു കയറിയവരാണ്‌ ഈ ആള്‍ക്കൂട്ടം. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ ഹിന്ദുക്കളായിരുന്നു ഈ ആള്‍ക്കൂട്ടം.
ഇനി പോലീസ്‌ നടപടി എന്തായിരുന്നു?

ആള്‍ക്കൂട്ടത്തില ആറുപേരെ പോലീസ്‌ അറസ്റ്റു ചെയ്‌തു. അതായത്‌ നൂറോളം വരുന്നവര്‍ ചെയ്‌ത ക്രൈമില്‍ ആറു പേരെ മാത്രം അറസ്റ്റു ചെയ്‌തു. രണ്ടാമത്തെ നടപടിയാണ്‌ ഏറ്റവും വലിയ തമാശ. മുഹമ്മദ്‌ അഖ്‌ലാഖിന്റെ വിട്ടിലെ ഫ്രിഡ്‌ജില്‍ നിന്നും കണ്ടെടുത്ത മാസം ഗോമാസം തന്നെയോ എന്ന്‌ ഉറപ്പു വരുത്താന്‍ പോലീസ്‌ ഫോറന്‍സിക്‌ പരിശോധനയ്‌ക്ക്‌ അയച്ചു.

ഒരാളെ തല്ലിക്കൊന്നതിനേക്കാള്‍ വലിയ വിഷയമാണ്‌ പോലീസിന്‌ ഫ്രിഡ്‌ജിലിരുന്ന മാസം പശുവിന്റേതോ, ആടിന്റേതോ എന്ന്‌ തിരിച്ചറിയുന്നത്‌. ഏറ്റവും പ്രധാന കാര്യം ഉത്തര്‍പ്രദേശില്‍ ഗോമാസം നിരോധിച്ചിട്ടില്ല എന്നതാണ്‌.

പാകിസ്ഥാനിലെ ഭൂരിപക്ഷമായ മുസ്ലിം വിഭാഗം അവിടെയുള്ള ന്യൂനപക്ഷമായ ഹിന്ദുക്കളെ അക്രമിക്കുമ്പോള്‍ പലപ്പോഴും പ്രകോപനം സൃഷ്‌ടിക്കാന്‍ പള്ളികളിലെ മൈക്ക്‌ ഉപയോഗിക്കാറുണ്ട്‌. പിന്നീട്‌  ന്യൂനപക്ഷത്തിന്‌ മേല്‍ സംഘടിതമായ അക്രമമായിരിക്കും. പാകിസ്ഥാനില്‍ എമ്പാടുമായി ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക്‌ നേരെ ഇത്തരം നിരവധി അക്രമങ്ങള്‍ നടക്കുന്നു. ഇതിനു സമാനമായ രീതിയിലാണ്‌ യു.പിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം. ക്ഷേത്രത്തില്‍ മൈക്ക്‌ ഉപയോഗിച്ച്‌ മുസ്ലിമിന്‌ നേരെ പ്രകോപനപരമായ അനൗണ്‍സ്‌മെന്റ്‌ നടത്തുക. തുടര്‍ന്ന്‌ അക്രമാസക്തമായ ആള്‍ക്കൂട്ടത്തെ സൃഷ്‌ടിക്കുക. വര്‍ഗീയ കലാപവും ന്യൂനപക്ഷ ഭീതിയും സൃഷ്‌ടിക്കുക എന്ന ഉദ്ദേശത്തോടു കൂടി ആസൂത്രിതമായി ചെയ്‌തതാണ്‌ ഈ സംഭവം എന്ന്‌ വ്യക്തം.

പാകിസ്ഥാന്‍ ഇന്ന്‌ മതഭീകരത മൂലം എത്രത്തോളം ജീവിതം ദുസ്സഹമായ രാജ്യമായിത്തീര്‍ന്നോ അതേ രീതിയിലാണ്‌ ഇന്ന്‌ ഇന്ത്യയുടെയും പോക്ക്‌. ഭൂരിപക്ഷ ഫാസിസം, എന്നുവെച്ചാല്‍ ഹൈന്ദവ ഫാസിസം അത്രമേല്‍ പിടിമുറുക്കിയിരിക്കുന്നു ഇന്ത്യയില്‍.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി യു.പിയിലെ മുസാഫിര്‍പൂര്‍നഗറില്‍ നടന്ന വര്‍ഗീയ കലാപം ഓര്‍മ്മിക്കുക. വളരെ ആസൂത്രിതമായി നടന്ന ആ കലാപത്തില്‍ വിഷയം പെണ്‍കുട്ടികളുടെ മാനമായിരുന്നു. നമ്മുടെ പെണ്‍കുട്ടികളെ അന്യസമുദായക്കാര്‍ പ്രണയിക്കുന്നു എന്ന പ്രചരണം അഴിച്ചുവിട്ട്‌ കലാപം സൃഷ്‌ടിച്ചു. ദാദ്രിയില്‍ എത്തിയപ്പോള്‍ ഹിന്ദുക്കള്‍ വിശുദ്ധി കല്‌പിക്കുന്ന പശുവിനെ കൊന്നു തിന്നു എന്ന ആരോപണം ഉന്നയിച്ച്‌ കലാപത്തിന്‌ ശ്രമം നടന്നിരിക്കുന്നു.

പശു അഥവാ ഗോമാതാവ്‌ എന്ന വിഷയത്തില്‍ ഹൈന്ദവ ഏകീകരണം സാധ്യമാക്കാനും അതൊരു രാഷ്‌ട്രീയ വിഷയമാക്കാനുമുള്ള ഹൈന്ദവ ശക്തികളുടെ ശ്രമം ഇപ്പോള്‍ തുടങ്ങിയതല്ല. അതിന്‌ സ്വാതന്ത്ര്യലബ്‌ദിയോളം തന്നെ പഴക്കമുണ്ട്‌. സമീപകാലത്ത്‌ ചില സംസ്ഥാനങ്ങളില്‍ ഗോമാസം നിരോധനവും മറ്റുമായി പശു ഒരു സെന്‍സിറ്റിവ്‌ വിഷയമാക്കി നിര്‍ത്തുന്നതില്‍ ഫാസിസ്റ്റുകള്‍ വിജയിക്കുകയും ചെയ്യുന്നു. എപ്പോള്‍ വേണമെങ്കിലും ഗുജറാത്ത്‌ മോഡല്‍ വര്‍ഗീയ കലാപം ഏതെങ്കിലുമൊരു ഗ്രാമത്തില്‍ പടര്‍ന്നു പിടിച്ചേക്കാം എന്നത്‌ ജാഗ്രതയോടെ കാണേണ്ട കാര്യം തന്നെ.

കേരളം ഇതില്‍ നിന്നൊക്കെ വ്യത്യസ്‌തമാണല്ലോ എന്ന സമാധാനത്തിന്‌ ഇനി അധികം നാളുകളുണ്ടെന്ന്‌ തോന്നുന്നില്ല. ഏഷ്യാനെറ്റിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്‌. ലല്ലുവിന്‌ സമീപ ദിവസങ്ങളില്‍ നേരിടേണ്ടി വന്ന ഭീഷിണികള്‍ ഉദാഹരണം. ഒരു ഹൈന്ദവ വനിതാ നേതാവിന്റെ പ്രസംഗം ലല്ലു അവതരിപ്പിക്കുന്ന ഏഷ്യാനെറ്റിലെ ചിത്രം വിചിത്രം പോഗ്രാമില്‍ ആക്ഷേപ ഹാസ്യത്തോടെ കാണിച്ചിരുന്നു. കേരളത്തിലെ സകലമാന ഇടതു വലതു നേതാക്കളും ഈ പോഗ്രാമില്‍ പരിഹസിക്കപ്പെടാറുണ്ട്‌. എന്നാല്‍ മേല്‍പ്പറഞ്ഞ വനിതാ നേതാവിനെ പരിഹസിച്ചതോടെ ഫാസിസ്റ്റുകള്‍ക്ക്‌ പൊള്ളി. എസ്‌. ലല്ലുവിനെതിരെ വധി ഭീഷണി വരെയെത്തി. അപ്പോള്‍ തീര്‍ച്ചയായും ഒരു കാര്യം വ്യക്തമാണ്‌. കേരളത്തെയും ഫാസിസം പതിയെ വിഴുങ്ങി തുടങ്ങിയിരിക്കുന്നു.
നരേന്ദ്ര ധബോല്‍ക്കര്‍ എന്ന ഫാസിസ്റ്റ്‌ വിരുദ്ധ സോഷ്യല്‍ ആക്‌ടിവിസ്റ്റ്‌ പൂനൈയിലും, ഗോവിന്ദ്‌ പന്‍സാരെ എന്ന ഫാസിസ്റ്റ്‌ വിരുദ്ധ എഴുത്തുകാരന്‍ മുംബൈയിലും എം.എം കുല്‍ബര്‍ഗി എന്ന എഴുത്തുകാരന്‍ കര്‍ണ്ണാടകയിലും വെടിയേറ്റു കൊല്ലപ്പെട്ടത്‌ ഒറ്റപ്പെട്ട സംഭവങ്ങളല്ല. അതെല്ലാം ഒരേ ലക്ഷ്യത്തിലേക്കുള്ള കൊലപാതകങ്ങളായിരുന്നു. എതിര്‍ക്കുന്നവരുടെ ശബ്‌ദങ്ങളെ വെടിവെച്ച്‌ വീഴ്‌ത്തുന്ന ഫാസിസ്റ്റ്‌ കൊലയാളി രാഷ്‌ട്രീയത്തിന്റെ ലക്ഷ്യം.

മതം രാജ്യത്തെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക്‌ ഇന്ത്യയും എത്തിക്കൊണ്ടിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്‌ കുല്‍ബര്‍ഗിയെപ്പോലെയുള്ളവരുടെ കൊലപാതകം മുതല്‍ ദാദ്രിയില്‍ ഗോമാസം കഴിച്ചുവെന്ന്‌ ആരോപിച്ച്‌ മുസ്ലിമിനെ അടിച്ചു കൊന്നത്‌ വരെയുള്ള സംഭവങ്ങള്‍. മുസ്ലിമിനെ അല്ലെങ്കില്‍ ന്യൂനപക്ഷത്തെ അപരവല്‍ക്കരിച്ച്‌ ഭൂരിപക്ഷത്തെ ധ്രൂവീകരിച്ചെടുക്കാനുള്ള ആസൂത്രിത നീക്കം നടക്കുമ്പോള്‍ ഓര്‍മ്മിക്കേണ്ടത്‌ രാജ്യം എത്തിച്ചേരാന്‍ പോകുന്ന ഭയപ്പെടുത്തുന്ന അവസ്ഥയെക്കുറിച്ചാണ്‌.
ഇവിടെ മതേതര ജനാധിപത്യ വിശ്വാസികള്‍ ഒരുമിക്കേണ്ടതുണ്ട്‌. ഇനിയും സംശയിച്ചു നില്‍ക്കുന്നവര്‍ക്കായി ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ്‌ ഹിറ്റ്‌ലറുടെ കാലത്ത്‌ ജീവിച്ച ജര്‍മ്മന്‍ കവി നിയോമുള്ളറുടെ കവിത ഓര്‍മ്മപ്പെടുത്തുന്നു.

``ആദ്യം അവര്‍ ജൂതന്‍മാരെ തേടി വന്നു
ഞാനൊന്നും പറഞ്ഞില്ല
കാരണം ഞാന്‍ ജൂതനായിരുന്നില്ല.
പിന്നീടവര്‍ കത്തോലിക്കരെ തേടി വന്നു
ഞാനൊന്നും പറഞ്ഞില്ല
കാരണം ഞാന്‍ കത്തോലിക്കനായിരുന്നില്ല
ശേഷം അവര്‍ കമ്മ്യൂണിസ്റ്റുകാരെ തേടി വന്നു
ഞാനൊന്നും പറഞ്ഞില്ല
കാരണം ഞാന്‍ കമ്മ്യൂണിസ്റ്റായിരുന്നില്ല.
ഒടുവില്‍ അവര്‍ എന്നെ തേടി വന്നു
അപ്പോഴേക്കും എനിക്ക്‌ വേണ്ടി സംസാരിക്കാന്‍
ആരും അവശേഷിച്ചിരുന്നില്ല''.
ഫാസിസം ഇതാ അടുത്തെത്തിയിരിക്കുന്നു... (ജയമോഹനന്‍ എം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക