Image

ചൈനീസ് കമ്മ്യൂണിസവും കേരളസഖാക്കളും-ലേഖനം(സാം നിലമ്പള്ളില്‍)

സാം നിലമ്പള്ളില്‍ Published on 01 October, 2015
ചൈനീസ് കമ്മ്യൂണിസവും കേരളസഖാക്കളും-ലേഖനം(സാം നിലമ്പള്ളില്‍)
പ്രത്യയശാസ്ത്രമല്ല രാജ്യപുരോഗതിയാണ് പ്രധാനമെന്ന് ചൈനീസ് സ്ഥാനപതി ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റുകളെ ഓര്‍മിപ്പിക്കുയുണ്ടായി. മാര്‍ക്ക്‌സിസവും ലെനിനിസവും ഉരുട്ടിവിഴുങ്ങിയാല്‍ പാവപ്പെട്ടവന്റെ വിശപ്പ് മാറില്ലെന്നാണ് അദ്ദേഹം പറഞ്ഞതിന്റെ സാരം. സോവ്യറ്റ്‌യൂണിയന്റെ പതനത്തില്‍നിന്ന് പാഠംപഠിച്ചതുകൊണ്ടാണ് പ്രായോഗികമതികളായ ചൈനീസ്‌നേതാക്കള്‍ മാവോയിസവും കമ്മ്യൂണിസവും പെട്ടിയില്‍ വെച്ചുപൂട്ടിയത്. കമ്മ്യൂണിസംകൊണ്ട്  ഒരുരാജ്യവും പുരോഗതി കൈവരിച്ചിട്ടില്ല. സോവ്യറ്റ് യൂണിയനും കിഴക്കന്‍യൂറോപ്യന്‍ രാജ്യങ്ങളുംതന്നെ ഉദാഹരണം. ക്യൂബ കമ്മ്യൂണിസ്സ്പാത എന്നുസ്വീകരിച്ചോ അന്നത്തേതില്‍നിന്ന് ഒരിഞ്ചുപോലും മുന്‍പോട്ട് പോയില്ല. ഇതെല്ലാം മനസിലാക്കിയിട്ടാണ് ചൈനീസ്‌നേതാക്കള്‍ പ്രായോഗികമതികളായി തീര്‍ന്നത്. അതിന്റെ ഫലമാണ് ആരാജ്യം പുരോഗതിയുടെ പാതയില്‍ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നത്. അവിടെ കമ്മ്യൂണിസം പേരില്‍മാത്രമേയുള്ളു. നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് തനി കാപ്പിറ്റലിസമാണ്. ജനങ്ങളുടെ പ്രതിക്ഷേധശബ്ദം മുഴങ്ങാതിരിക്കാനും അനാവശ്യസമരങ്ങളും പണിമുടക്കുകളും അടിച്ചമര്‍ത്താനുമാണ് കമ്മ്യൂണിസമെന്ന വടി ഉപയോഗിക്കുന്നത്.

ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇക്കാര്യങ്ങളെല്ലാം നന്നേ അറിയാവുന്നതാണ്. ഭൂലോകത്തില്‍ ഇപ്പോള്‍ കമ്മ്യൂണിസം ജീവനോടെയുള്ളത് കേരളത്തില്‍ മാത്രമാണല്ലോ. ബംഗാളില്‍ അവര്‍ വേരോടെ പിഴുതെറിയപ്പെട്ടു. ത്രിപുരയും താമസിയാതെ ബംഗാളിന്റെ വഴിയേപോകും. ക്യൂബയെപ്പറ്റി അടുത്തകാലംവരെ അവര്‍ അഭിമാനംകൊണ്ടിരുന്നു. തെറ്റുമനസിലാക്കിയ റൗള്‍ കാസ്‌ട്രോയും കൂട്ടരും അവിടുത്തെ കമ്മ്യൂണിസം അടക്കംചെയ്യാനുള്ള ശ്രമത്തിലാണ്.  അമേരിക്കയുമായി അവര്‍ ചങ്ങാത്തം സ്ഥാപിച്ചുകഴിഞ്ഞു. ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് എന്നാണാവോ വിവേകം ഉദിക്കുക? കേരളത്തെ ഒരു നരകമാക്കി മാറ്റിയതിന്റെ ക്രെഡിറ്റുമൊത്തം അവര്‍ക്കാണല്ലോ.

കേരളമക്കള്‍ എല്ലാവരും കമ്മ്യൂണിസ്റ്റുകാര്‍ ആയതുകൊണ്ടല്ല അവരെ അധികാരത്തില്‍ കയറ്റിയത്. യുഡിഎഫിന്റെ വര്‍ഗ്ഗീയപ്രീണനവും നേതാക്കന്മാരുടെ അഴിമതിയും സഹിക്കവയ്യാഞ്ഞാണ് മറുമരുന്നെന്നനിലക്ക് എല്‍ഡിഎഫിന് വോട്ടുചെയ്യുന്നത്. അവര്‍ അഴിമതിക്കാരാണെന്ന് ശത്രുക്കള്‍പോലും പറയില്ല. പിന്നെന്താണ് ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റുകളുടെ പ്രത്യേകിച്ചും കേരളകമ്മ്യൂണിസ്റ്റുകളുടെ കുഴപ്പം? അനാവശ്യ സമരങ്ങള്‍കൊണ്ട് അവര്‍ ജനജീവിതം ദുഃസഹമാക്കി. നോക്കുകൂലി പോലുള്ള സമരമുറകള്‍ ആവിഷ്‌കരിച്ച് ജനങ്ങളെ അവര്‍ വെറുപ്പിച്ചു.

ജന്മിയുടെ അടിയാളന്മാരായി പണിയെടുത്തിരുന്ന തൊഴിലാളികളുടെ ഉന്നമനത്തിനുവേണ്ടി  സമരംചെയ്ത കമ്മ്യൂണിസ്റ്റുകാരോട് കേരളജനത അനുഭാവം പ്രകടിപ്പിച്ചിരുന്നു. ഒരുചട്ടി കഞ്ഞിക്കും നാഴി നെല്ലിനുംവേണ്ടി പകലന്തിയോളം പാടത്ത് പണിയെടുത്തിരുന്ന കര്‍ഷകത്തൊഴിലാളികളെ ന്യായമായ കൂലിചോദിച്ചുവാങ്ങാന്‍ പ്രാപ്തരാക്കിയത് അവരാണ്. തൊഴിലാളികളോടൊപ്പം ജീവിച്ച് അവരുടെ കഷ്ടപ്പാടുകള്‍ മനസിലാക്കിയവരായിരുന്നു പണ്ടത്തെ നേതാക്കന്മാര്‍. അതൊക്കെ പഴങ്കഥ. ആ നേതാക്കന്മാരെയെല്ലാം ചില്ലിട്ടുവെച്ച് ചുവന്ന കടലാസുപൂമാലകൊണ്ട് അലങ്കരിച്ച് പാര്‍ട്ടിയോഫീസിലെ ഭിത്തിയില്‍ തൂക്കിയിട്ടിട്ടുണ്ട്. അവിടെച്ചെല്ലുന്ന ഇന്നത്തെ നേതാക്കന്മാര്‍ മുഷ്ടിചുരുട്ടി 'ലാല്‍സലാം സഖാവേ' എന്ന് അഭിവാദ്യം ചെയ്തിട്ട് അനുയായികള്‍ വാങ്ങുന്ന നോക്കുകൂലിയുടെ പങ്കുപറ്റാന്‍ പോകുന്നു. തലമൂത്ത നേതാക്കന്മാര്‍ പാര്‍ലമെന്ററിമോഹങ്ങളുടെ പിന്നലെ പായുന്നു. അവര്‍ക്ക് വോട്ടാണ് പ്രധാനം. ഈ പാര്‍ട്ടിയേയും അധികം താമസിയാതെ കേരളചരിത്രത്തില്‍ ചില്ലിട്ടുവെച്ചിരിക്കുന്നത് വരുംതലമുറക്ക് കാണാന്‍ സാധിക്കും.

തെറ്റുചെയ്യുക എന്നിട്ട് പതിറ്റാണ്ടുകള്‍ കഴിയുമ്പോള്‍ തിരുത്തുക, ഇതാണല്ലോ ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റുകളുടെ പതിവ്. അതിന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. സാമാന്യബോധമുള്ളവരെ വിഢികളാക്കുന്ന സംസാരവും പ്രവൃത്തിയുമാണ് അവരുടേത്. കംപ്യൂട്ടറിനെതിരെ സമരംചെയ്തവരാണ് എകെജി സെന്ററില്‍ സാധനം വാങ്ങിവെച്ചിരിക്കുന്നത്. കുട്ടിസഖാക്കളുടെ വീടുകളിലെല്ലാം കംപ്യൂട്ടര്‍ ഉണ്ടല്ലോ. ഞങ്ങള്‍ തെറ്റുതിരുത്തിയെന്ന് പറഞ്ഞാല്‍ കേട്ടുനില്‍കുന്നവര്‍ക്ക് ചിരിക്കാനല്ലേ സാധിക്കൂ. അപ്പോള്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം തെറ്റാണെന്ന് നിങ്ങള്‍ക്ക് പിന്നീട് മനസിലാകും.

അച്ചുതാനന്ദന്‍ എന്ന കടല്‍ക്കിഴവനെ മാധ്യമങ്ങളാണ് വലുതാക്കുന്നത്. അദ്ദേഹത്തിന്റെ മിമിക്രികാണാനാണ് ആളുകൂടുന്നത്. അവരെല്ലാം എല്‍ഡിഎഫിന് വോട്ടുചെയ്തിരുന്നെങ്കില്‍ അരുവിക്കരയില്‍ വിജയകുമാര്‍ വിജയിക്കുമായിരുന്നല്ലോ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് ബിജെപിയിലേക്ക് കൊഴിഞ്ഞുപോക്ക് തുടങ്ങിക്കഴിഞ്ഞെന്നാണ് മനസിലാകുന്നത്. അടുത്ത അസംബ്‌ളി ഇലക്ഷനില്‍ ബിജെപി നാലോ അഞ്ചോ സീറ്റുകള്‍ കരസ്ഥമാക്കിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. അങ്ങനെ സംഭവിച്ചാല്‍ നഷ്ടപ്പെടുന്നത് എല്‍ഡിഎഫിന്റെ സീറ്റുകളായിരിക്കും. അതായത് പിണറോയി വിജയന്‍ തയ്പിച്ചുവെച്ചിരിക്കുന്ന മുഖ്യമന്ത്രിക്കുപ്പായം മടക്കി  വെയ്‌ക്കേണ്ടിവരുമെന്ന് സാരം.

ഈ അവസ്ഥയില്‍കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ചെയ്യാവുന്ന നല്ലകാര്യം ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കുക എന്നുള്ളതാണ്. അനാവശ്യ സമരങ്ങള്‍കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കുക. നോക്കുകൂലിപോലുള്ള തെമ്മാടിത്തരങ്ങള്‍ കാട്ടുന്ന തൊഴിലാളി സംഘടനകളെ നിയന്ത്രിക്കുക. യുഡിഎഫിന്റെ അഴമതികളെ വെളിച്ചത്തുകൊണ്ടുവരുക. കേരളത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കു. നിങ്ങളുടെ പ്രത്യശാസ്ത്രം ചൈനീസ് നേതാക്കള്‍ ചെയ്തിരിക്കുന്നതുപോലെ  ഷെല്‍ഫില്‍വെച്ച് പൂട്ടുക. എന്നിട്ട് രാജ്യപുരോഗതിക്കുവേണ്ടി പ്രവൃത്തിക്കുക. ഇല്ലെങ്കില്‍ 'തീപ്പെട്ടിയുണ്ടോ സഖാവേ ഒരു ബീഡിയെടുക്കാനെന്ന്' വെറുതെ പറഞ്ഞുനടക്കേണ്ടിവരും.

സാം നിലമ്പള്ളില്‍
sam3nilam@yahoo.com
ചൈനീസ് കമ്മ്യൂണിസവും കേരളസഖാക്കളും-ലേഖനം(സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക