Image

പ്രസ്താവനകള്‍ വഴി തെറ്റിപ്പോകുമ്പോള്‍.... (വാസുദേവ് പുളിക്കല്‍)

വാസുദേവ് പുളിക്കല്‍ Published on 30 September, 2015
പ്രസ്താവനകള്‍ വഴി തെറ്റിപ്പോകുമ്പോള്‍.... (വാസുദേവ് പുളിക്കല്‍)
സാമൂഹ്യ-സാംസ്‌കാരിക സംഘടനകള്‍, മതസംഘടനകള്‍, സാഹിത്യ സംഘടനകള്‍ എന്നിങ്ങനെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഘടനകള്‍ അവയുടെ ധര്‍മ്മം എന്താണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നില്ല എന്ന ആരോപണവും  മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. വിചാരവേദിയെ മറ്റു സംഘടനകളുടെ ലിസ്റ്റില്‍ പെടുത്തി സ്ര്തീ എഴുത്തുകരെ അവഗണിക്കുന്നു എന്ന് പ്രതികരണ രൂപത്തില്‍ ഇമലയാളിയില്‍ വായിച്ച ആരോപണത്തിന് മറുപടിയായി വിചാരവേദിയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഏതാനം വരികള്‍ ഈ ലേകന്‍ എഴുതി പത്രാധിപര്‍ക്ക് അയച്ചുവെങ്കിലും അത് മറ്റു പ്രസ്താവനകളോടൊപ്പം വായനക്കാരുടെ മുന്നില്‍ എത്തിയതായി കണ്ടില്ല. അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതേണ്ടി വന്നതെങ്കിലും താഴെ കൊടുത്തിരിക്കുന്ന പേരു വെളിപ്പെടുത്തിയും വെളിപ്പെടുത്താതേയും ഇമലയാളിയില്‍ കണ്ട പ്രസ്താവനകളാണ് ഈ ലുലേനത്തിന്റെ അടിസ്ഥാനം.  

" I am partial to the women writers of Kerala origin in the U.S. As you probably are aware that women writers are ignored by such organizations like the 'Sargavedi', 'Vichara vedi, Kerala Center and 'Lana'. Not because these women are 'second-class' writers but they are upstaged by men and imported male writers."

'ലാന, വിചാരവേദി, സര്‍ഗ്ഗവേദി, അവിടെയുമിവിടെയുമുള്ള  മറ്റു സാഹിത്യവേദികള്‍ മുതലായവയും അമേരിക്കന്‍ സംസ്‌കാരിക സംഘടനകളും തമ്മിലെന്താണു വ്യത്യാസം? ഒരു വ്യത്യാസവുമില്ല. എല്ലാം കസേരകള്‍ക്കും 'പത്രത്തില്‍ പടത്തിനും' വേണ്ടിയുള്ളവയാണ്.'

'സ്ത്രീകളെ പെണ്‍ എഴുത്തന്നു പറഞ്ഞു അവഗണിച്ചവരും  അതുപോലെ അതിനെക്കുറിച്ച് ക്ഷമാപണത്തോടെ ഒരു വാക്ക് പറയുവാന്‍ മടികാട്ടിയവരുമാണ്  ഈ സംഘടനകളിലെ മിക്ക എഴുത്തുകാരും.  കേരളത്തിലെ സംസ്‌കാരത്തില്‍ എഴുതിപോന്നവര്‍ക്ക് സ്ത്രീകളുടെ ഉള്ളിലെ  വിചാര വികാരങ്ങളെ ഒരിക്കലും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അവരെ സംബന്ധിച്ചടത്തോളം അടുക്കളിയിലെ പണിയും കുഞ്ഞുങ്ങളെ നോക്കലും മാത്രം.  അത്തരക്കാരായ എഴുത്തുകാരുടെ ചുവടു പിടിച്ച് അമേരിക്കന്‍ സംഘടനകളും പെണ്‍ എഴുത്ത് എന്ന് വിളിച്ചു കൂവാന്‍ തുടങ്ങി. '

വ്യക്തിപരമായ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും നേട്ടങ്ങള്‍ കൊയ്‌തെടുക്കുന്നതിനും വേണ്ടിയുള്ള മത്സരം മനുഷ്യോല്പത്തി മുതല്‍ ഉണ്ടെന്ന് പറയാം. മത്സരിച്ച് ജയിക്കാന്‍ വ്യക്തികള്‍ കാണിക്കുന്ന ആവേശം അവര്‍ ഉള്‍പ്പെടുന്ന സംഘടനയേയും ബാധിക്കുന്നു. എന്നാല്‍ വിചാരവേദി എന്ന സംഘടനയുടെ നിലപാട് തികച്ചും വ്യത്യസ്തമാണ്. വാദപ്രതിവാദത്തേക്കാള്‍ പരസ്പര സ്‌നേഹത്തിന്റേയും അറിവുകള്‍ പങ്കു വയ്ക്കുന്നതിന്റേയും ഒരു കൂട്ടായ്മയാണ് വിചാരവേദിയുടെ അന്തര്‍ധാര. അത് ശക്തവുമാണ്. വിചാരവേദി രൂപീകരിച്ചിട്ടുള്ളതു തന്നെ  വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്ന ഉദ്ദേശ്യം മുന്‍ നിര്‍ത്തിയാണ്്. അറിവിന്റെ ആഴത്തിലേക്ക് ഇറങ്ങി ചെന്ന് ഔന്നത്യത്തില്‍ എത്തിയ മഹല്‍ വ്യക്തികള്‍ നടത്തിയ സെമിനാറുകളും പ്രഭാഷണങ്ങളും വിചാരവേദിയുടെ ഉദ്ദേശ്യം അന്വര്‍ത്ഥമാക്കിക്കൊണ്ടിരിക്കുന്നു. സാഹിത്യചര്‍ച്ചകളാണ് വിചാരവേദിയില്‍ സാധാരണ നടക്കുന്നതെങ്കിലും കാലിക പ്രാധാന്യമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്ത് ജനങ്ങളെ ഉല്‍ബുദ്ധരാക്കുക എന്നതും വിചാരവേദിയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിചാര വേദിയുടെ സാഹിത്യ സദസ്സുകളില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്കും മാസം തോറുമുള്ള ചര്‍ച്ചകളുടെ റിപ്പോര്‍ട്ടുകള്‍ വായിച്ചിട്ടുള്ളവര്‍ക്കും വിചാരവേദിയുടെ പ്രവര്‍ത്തന ശൈലി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല.

സൗന്ദര്യമുള്ള സ്ത്രീകളെ എനിക്കിഷ്ടമാണ്, അതുകൊണ്ട് അവരുടെ എഴുത്തും. എന്നാല്‍ വിചാരവേദി അവര്‍ എഴുതുന്ന സാഹിത്യത്തിന്റെ മൂല്യത്തിന് പ്രധാന്യം നല്‍കുന്നു. വിചാരവേദി പെണ്ണെഴുത്ത് എന്ന് പറഞ്ഞ് സ്ത്രീകളെ പരിഹസിക്കുകയോ അവഗണിക്കുകയോ ചെയ്തിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിചാരവേദി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, സരോജ വര്‍ഗീസ്, നീന പനക്കല്‍, മാര്‍ഗ്രെറ്റ് ജോസഫ്, ജോയന്‍ കുമരകം, ജോണ്‍ വേറ്റം, തോമസ് ഫിലിപ് പാറക്കമണ്ണില്‍, അശോകന്‍ വേങ്ങാശ്ശേരി, ജോണ്‍ പണിക്കര്‍, രാജു മൈലപ്ര, ജയന്‍ വര്‍ഗീസ്, ജയന്‍ കാമിച്ചേരി, പനമ്പില്‍ ദിവാകരന്‍, സി. എം. സി., ജോസഫ് നമ്പിമഠം, ചാക്കോ ഇട്ടിച്ചെറിയ, ജോസ് ചെരിപുറം, ജോണ്‍ ഇളമത, പീറ്റര്‍ നീണ്ടൂര്‍ എന്നീ എഴുത്തുകാരെ അവര്‍ മലയാള സാഹിത്യത്തിലേക്ക് നല്‍കിയിട്ടുള്ള സംഭാവന കണക്കിലെടുത്തുകൊണ്ട് സര്‍ട്ടിഫിക്കറ്റുകള്‍  നല്‍കി  ആദരിക്കുകയുണ്ടായി. അമേരിക്കന്‍ മലയാളസാഹിത്യ ചരിത്രത്തിലെ ആദ്യസംഭവമാണിത്. പിന്നീട് എല്‍സി യോഹന്നാന്‍ ശങ്കരത്തിലിനെ പൊന്നാടയണിയിച്ച് ആദരിക്കുകയും അവരുടെ കൃതികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഡോ. എന്‍. പി. ഷീലയോടുള്ള ആദരവു രേഖപ്പെടുത്തിക്കൊണ്ട് ടീച്ചറിന്റെ കഥാസമാഹാരവും ലേനസമാഹാരവും ചര്‍ച്ചു ചെയ്തു. ആ സാഹിത്യ ചര്‍ച്ചയില്‍ പ്രശസ്ത സാഹിത്യകാരന്‍ സതീഷ് ബാബു പങ്കിടുത്തിരുന്നു എന്ന് പ്രത്യേകം സ്മരിക്കുന്നു. കൂടാതെ, കഴിഞ്ഞ വര്‍ഷം വിചാരവേദില്ഡോ. എന്‍. പി. ഷീലയെ മികച്ച എഴുത്തുകാരിയായി തെരഞ്ഞെടുത്ത് ക്യാഷ് അവാര്‍ഡ് നല്‍കി. പലരും ആരോപിക്കുന്നതു പോലെ പെണ്ണെഴുത്തിനെ വിചാരവേദി വേര്‍തിരിച്ചു കണ്ടിട്ടില്ല. ഈ ലേഖകന്‍ ലാന പ്രസിഡന്റ് ആയിരുന്നപ്പോള്‍ ഓരോ മൂന്നു മാസം കൂടുമ്പോഴും കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളില്‍ മികച്ച എഴുത്തുകാരെ തെരഞ്ഞെടുത്ത് ആദരിച്ചു പോന്നു, അവരില്‍ സ്ത്രീ എഴുത്തുകാരും ഉണ്ടായിരുന്നു. എന്നാല്‍ ലാനായുടെ പുതുതായി വന്ന ഭരണസമിതി ഇക്കാര്യത്തില്‍ താല്പര്യം കാണിക്കാതിരുന്നതു കൊണ്ട് വിചാരവേദി ത്രൈമാസിക പദ്ധതി ഏറ്റെടുത്തു. ത്രൈമാസികത്തില്‍ എഴുത്തുകാരെ തെരഞ്ഞെടുത്ത് ആദരിച്ചവരുടെ കൂട്ടത്തില്‍ മേജര്‍ നളിനി ജനാര്‍ദ്ദനന്‍, ഡോണ മയൂര എന്നിവരും ഉള്‍പ്പെടുന്നു.

വിചാരവേദി ന്യൂയോര്‍ക്കിലെ എഴുത്തുകാരെ മാത്രമല്ല കേന്ദീകരിച്ചിട്ടുള്ളത്. നീന പനക്കല്‍ (ഫിലാഡെല്‍ഫിയ), അബ്ദുള്‍ പുന്നയോര്‍ക്കുളം(ഡിട്രോയിട്ട്), ജോണ്‍ മാത്യു (ഹ്യൂസ്റ്റന്‍),  ജോര്‍ജ് മണ്ണിക്കരോട്ട് (ഹ്യൂസ്റ്റന്‍) എന്നിവരുടെ രചനകളും ചര്‍ച്ച ചെയ്ത് അവരെ ആദരിക്കുകയുണ്ടായി. എ. സി. ജോര്‍ജിന്റെ (ഹ്യൂസ്റ്റന്‍) രചനകള്‍ ചര്‍ച്ച ചെയ്ത് അദ്ദേഹത്തെ ആദരിക്കാന്‍ വിചാരവേദി തീരുമാനിച്ചെങ്കിലും അദ്ദേഹത്തിന് തല്ക്കാലം ന്യൂയോര്‍ക്കില്‍ വരാന്‍ സാധിക്കാത്തതു കൊണ്ട് ആ  ചര്‍ച്ച് മറ്റൊരവസരത്തിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. പ്രശസ്ത മാനവിക വികാസ ശാസ്ത്രജ്ഞനും, വിവിധ വിഷയങ്ങളില്‍ പണ്ഡിതനും, മലയാള സാഹിത്യത്തിന്റെ വികാസത്തിനു വേണ്ടി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിമിരുക്കുന്ന, സര്‍വ്വോപരി മനുഷ്യസ്‌നേഹിയുമായ ഡോ. എ. കെ. ബി. പിള്ളയെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. വിചാരവേദിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ എഴുത്തുകാര്‍ക്ക് അഭിമാനിക്കാവുന്ന പലതുമുണ്ട്.
ഇവിടെ വല്ലപ്പോഴും എഴുതുന്നവര്‍, ഇടക്കിടക്ക് എഴുതുന്നവര്‍, നിരന്തരമെഴുതിക്കൊണ്ടിരിക്കുന്നവര്‍ എന്നിങ്ങനെ പല വിഭാഗത്തില്‍ പെടുന്ന എഴുത്തുകാരുണ്ട്. വല്ലപ്പോഴുമൊക്കെ അത്രക്കൊന്നും സാഹിത്യമൂല്യമില്ലാത്ത രചനകള്‍ നടത്തുന്നവര്‍ പരിഗണിക്കപ്പെടുന്നില്ല എന്ന ആക്രോശം അമേരിക്കന്‍ മലയാള സാഹിത്യരംഗത്ത് അസ്വസ്ഥകള്‍ സൃഷ്ടിക്കുന്നുണ്ട്. സ്വന്തം പരിമിതിയും എഴുത്തുകാരില്‍ കാണുന്ന സര്‍ഗ്ഗശക്തിയുടെ ഏറ്റക്കുറച്ചിലും എല്ലാ എഴുത്തുകാരും മനസ്സിലാക്കുന്ന പക്ഷം അര്‍ഹതയുള്ള എഴുത്തുകാരെ അംഗീകരിക്കുന്നതിനും അഭിനന്ദിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാവുകയില്ല.

സാഹിത്യത്തില്‍ സ്ത്രീകളുടെ എഴുത്തെന്നോ പുരുഷന്മാരുടെ എഴുത്തൊന്നോ ഉള്ള വ്യത്യാസമില്ല. സഹിത്യം എപ്പോഴും സാഹിത്യം തന്നെ. അതാണ് വിചാരവേദിയുടെ കാഴ്ച്ചപ്പാട്. അതുകൊണ്ട് വിചാരവേദി വിവേചന ചിന്തയോടെ എഴുത്തുകാരെ വീക്ഷിക്കാറില്ല. കാടടച്ച് വെടിവയ്ക്കുന്നതു പോലെ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നവര്‍ നിജസ്ഥിതി മനസ്സിലാക്കാന്‍ ശ്രമിക്കണം. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വഴി തെറ്റിപ്പൊകുന്ന പ്രസ്താവനകള്‍ പുറപ്പെടുവിച്ച് പൊതുജനങ്ങളില്‍ ചിന്താകുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് നന്നല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക