Image

വെളുത്ത് കൊലുന്നനെ ഒരു പെണ്‍കുട്ടി: സുധീര്‍ പണിക്കവീട്ടില്‍

സുധീര്‍ പണിക്കവീട്ടില്‍ Published on 30 September, 2015
വെളുത്ത് കൊലുന്നനെ ഒരു പെണ്‍കുട്ടി: സുധീര്‍ പണിക്കവീട്ടില്‍
(പഴയകാല രചനകള്‍ ഇ മലയാളിയില്‍ വായിക്കുക)

ഉണക്കമത്തായിയേയും മേഴ്‌സിയേയും വായനക്കാര്‍ക്ക് പരിചയപ്പെടുത്തി കൊടുത്ത  എഴുത്തുകാരനോട് അയാളിലെ സാധാരണ മനുഷ്യന്‍ ചോദിച്ചു. മേഴ്‌സിയെപോലെ എത്രയോ സുന്ദരിമാരുണ്ട്. ഉണക്കമത്തായിയെപോലെ എത്രയോ മുശടന്മാരുണ്ട്. (ഉണക്കമത്തായിയും മേഴ്‌സിയും എഴുത്തുകാരന്റെ ഒരു നോവലിലെ കഥാപാത്രങ്ങളാണു്) എന്താണു മേഴ്‌സിയോട് ഒരു താല്‍പ്പര്യം. മേഴ്‌സിയോട് ഒരു ദയ എന്തിനാണു.? കഥ തുടങ്ങുന്നതിനുമുമ്പ് വായനക്കാരെ ഒരു വിവരം അറിയിക്കേണ്ടതുണ്ടു. ഇപ്പോള്‍ കഥാപ്രസ്ഥാനം വളരെ വളര്‍ന്നു. എഴുത്തുക്കാര്‍ സ്രുഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ അവരെ കൊല്ലാന്‍ വരെ തുടങ്ങിയിരിക്കുന്നു. ഈ കഥയില്‍ ഭാഗ്യവശാല്‍ എഴുത്തുകാരനോട് സംസാരിക്കുന്നത്  അയാളിലെ സാധാരണ മനുഷ്യനാണു്. എഴുത്തുകാരന്‍  അയാളിലെ സാധാരണക്കരനോട് മറുപടി പറയാന്‍  ബാദ്ധ്യസ്ഥനാണു്. കാരണം  അവര്‍ ഒരു മെയ്യാണെങ്കിലും നമ്മള്‍ രണ്ടു വ്യത്യ്‌സ്ഥ ആത്മാക്കളാണു സത്യം' എന്നു പറയുന്നപോലെയാണു. എഴുത്തുകാരന്‍  പറഞ്ഞു. ദൈവം എന്നെ സ്രുഷ്ടിച്ച്കഴിഞ്ഞ് അരുളി ചെയ്തു. നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഒരു വിട്ടുവീഴ്ച്ച ചെയ്യുന്നു. ഇതേപോലെ മറ്റു ചിലരോടും ഞാന്‍ ചെയ്തീട്ടുണ്ട്. ദൈവം തുടര്‍ന്നു. ഞാന്‍ സ്രുഷിടിച്ച ഈ പ്രപഞ്ചത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന ഒരു സാത്താനുണ്ട്. അവനേയും ഞാന്‍ സ്രുഷ്ടിച്ചത് തന്നെ. അവനുള്ളേടത്തോളം കാലം നിങ്ങള്‍ക്ക് ഭൂമിയില്‍ ശാന്തിയും സമാധാനവും ഉണ്ടാകില്ല.


അതുകൊണ്ട് ഞാന്‍ ഒരു കാര്യം ചെയ്യുന്നു.  നിങ്ങളുടെ ശരീരത്തില്‍ ഞാന്‍ രണ്ട് ആത്മാക്കളെ ആവഹിപ്പിക്കുന്നു. ഒന്ന് മനുഷ്യനായി ഭൂമിയില്‍ ജീവിക്കാന്‍. സാത്താന്റെ ഉപദ്രവങ്ങള്‍ അവര്‍ക്ക് ഉണ്ടാകും.  മറ്റേത്  നിങ്ങള്‍ക്ക് സ്വന്തമായി ഒരു ലോകമുണ്ടാക്കി അതില്‍ കഴിയാന്‍. അവിടെ യഥേഷ്ടം നിങ്ങള്‍ക്ക് പറന്ന് നടക്കാം. അനവധി സുന്ദരിമാരെ കാമിക്കാം, പ്രേമിക്കാം, എന്തു വേണമെങ്കിലും ചെയ്യാം. (പറയുന്നത് ദൈവമായത്‌കൊണ്ട് വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല) പണക്കാരനാകാം, ദരിദ്രനാകാം,  വീഞ്ഞ് കുടിച്ച് മത്തനാകാം,  അനുഭൂതിയില്‍ ലയിച്ച് ചേര്‍ന്ന് എന്തെങ്കിലും കുത്തികുറിക്കാം, അല്ലാത്ത സമയം വെറും മനുഷ്യനായി ലോകത്തിലെ കഷ്ടപ്പാടുകളും ദുരിതങ്ങളും പങ്കിട്ട് ജീവിക്കാം. 

എഴുത്തുകാരന്‍ അയാളിലെ സാധാരണ മനുഷ്യനോട് പറഞ്ഞു  ഞാന്‍ നിങ്ങളെ വാസ്തവത്തില്‍ അനുധാവനം ചെയ്യുകയുാണു. നിങ്ങള്‍ അറിയാത്ത എന്തൊക്കെ കാര്യങ്ങള്‍ ഞാന്‍ കേള്‍ക്കുന്നു, പറയുന്നു. സാധാരണ മനുഷ്യന്‍ അത് ശ്രദ്ധിച്ച്‌കൊണ്ട് അയാളുടെ ഗാരേജിലേക്ക് നടന്നു. വീടിന്റെ വേലിക്കരികില്‍ അയല്‍പക്കകാരന്റെ മരം പൂത്ത് നില്‍ക്കുന്നു.

അവര്‍ എഴുത്തുകാരനും, സാധാരണ മനുഷ്യനും അടുത്തെത്തിയപ്പോള്‍ മരം മന്ത്രിക്കാന്‍ തുടങ്ങി. 'പ്രിയമുള്ളോരാരോ വരുവാനുണ്ടെന്ന് വെറുതെ മോഹിക്കാറുണ്ടല്ലോ.. അത് കേള്‍ക്കുന്ന  എഴുത്തുകാരന്‍ ആ പൂമരത്തണലില്‍ നില്‍ക്കുന്നു. അപ്പോള്‍ അത് വഴി കടന്നുപോയ ഒരു നുണച്ചികാറ്റില്‍ പൂവ്വിതളുകള്‍ കൊഴിഞ്ഞ് വീണു.  പൂങ്കുലകള്‍ പതുക്കെ തലയാട്ടി ചോദിച്ച്‌കൊണ്ടിരുന്നു. ശരിയല്ലേ?  പ്രിയമുള്ളോരാരോ  വരുവാനുണ്ടെന്ന്. അടിമുടി പൂത്ത് നില്‍ക്കുന്ന മരം. ഇണക്കുരുവികളൂടെ സംഗീതം അലിഞ്ഞു ചേരുന്ന പൊന്‍ വെയില്‍. മാനത്തെ നീലപന്തലില്‍ മേഘസുന്ദരിമാര്‍ക്ക് സിന്ദൂരം നീട്ടുന്ന സൂര്യദേവന്‍. എഴുത്തുകാരന്റെ  മനസ്സ് പിടയാന്‍ തുടങ്ങി. കാറിന്റെ ഡോര്‍ തുറന്ന് പിടിച്ച് സാധാരണക്കാരന്‍ ഇതികര്‍ത്തവ്യമൂഢനായി നില്‍ക്കയാണു്. കാരണം അയാള്‍ക്ക് നീങ്ങാന്‍ കഴിയുന്നില്ല. അയാളിലെ മറ്റേ ആത്മാവ് അവിടെ ചുറ്റിപറ്റി നില്‍ക്കുന്നു. 

ജന്നലഴികളിലൂടെ നോക്കിനില്‍ക്കുന്ന പ്രിയതമ കണ്ണാല്‍ ആംഗ്യം കാട്ടുന്നു. എന്താ?  പിന്നെ വിളിച്ച് ചോദിക്കുന്നു. എന്തിനാ നില്‍ക്കുന്നേ... വല്ലതും മറന്നോ?

ആ ചോദ്യം എഴുത്തുകരനെയാണു ഓര്‍മ്മിപ്പിക്കുന്നത്. അയാള്‍ ചിന്തിക്കാന്‍ തുടങ്ങി. എവിടെ വച്ചാണു പ്രക്രുതിയുടെ ഈ ഗന്ധം ആസ്വദിച്ചത്. സൂര്യന്റെ ഇളംചൂടു തട്ടി വിരിയുന്ന പൂമൊട്ടുകള്‍ ഹ്രുദയഹാരിയായ  സുഗന്ധം പരത്തുന്നു. ഉറക്കമൊഴിച്ച് നടക്കുന്ന ഒരു വണ്ടിനെ എഴുത്തുകാരന്‍  നോക്കി. ആരും ചുംബിക്കാത്ത പൂതേടി നടക്കുന്ന വണ്ടത്താന്‍. അതിന്റെ സംഗീതം അയാള്‍ ശ്രദ്ധിച്ചു. 'എനിക്ക് വേണ്ടി മാത്രം വിരിയൂ , നിങ്ങള്‍ പൂമൊട്ടുകളെ '' പെട്ടെന്നയാള്‍ക്ക് തോന്നി പാവം സാധാരണക്കരന്‍ അയാള്‍ നിന്ന് വിഷമിക്കയാണ്. അയാളെ ചലിപ്പിക്കാം. എഴുത്തുകാരന്‍ പതുക്കെ കാറില്‍ കയറി ഇരുന്നു. സാധാരണക്കാരനും കാറില്‍ കയറി. കാര്‍ നീങ്ങി തുടങ്ങിയ്‌പ്പോള്‍ സാധാരണകാരന്‍ വീണ്ടും ചോദിച്ചു.. എന്താണു മേഴ്‌സിയോട് ഒരു ദയ, ആരാണു മേഴ്‌സി.

എഴുത്തുകാരന്റെ ഹ്രുദയമിടിപ്പുകള്‍ വേഗത്തിലായി. കാറു് നീങ്ങികൊണ്ടിരിക്കയാണു്. വര്‍ഷങ്ങളുടെ പുറകിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന വഴി. ആ വഴിയിലൂടെ  ഒരു ബസ്സ് നീങ്ങിക്കൊണ്ടിരിക്കുന്നു. ആ ബസ്സില്‍ എന്തോ ആവശ്യത്തിനു എവിടേയോ പോകുന്ന ഒരു യാത്രക്കാരന്റെ മും തെളിയാന്‍ തുടങ്ങി. ആരാണത്? അമ്മാവന്‍. അയാളുടെ പ്രിയപ്പെട്ട അമ്മാവന്‍. അമ്മാവനും ആലോചിക്കുന്നത് മരുമകനെപ്പറ്റിയാണു്. അന്നു കാലത്ത് അമ്മ പറഞ്ഞ കാര്യം. ഉണ്ണിക്കുട്ടനു ഒരു പെണ്ണിനെ തേടണം. ഒരു സ്‌നേഹസ്വരൂപിണിയെ, ഒരു സുന്ദരിക്കുട്ടിയെ. അമ്മാവന്‍ പറഞ്ഞു. 'അമ്മേ, ഇപ്പോള്‍ സുന്ദരിമാരായ പെണ്‍ക്കുട്ടികള്‍ക്ക് സുന്ദരന്മാരായ ആണ്‍ക്കുട്ടികളെയാണു് ഇഷ്ടം. ഉണ്ണിക്കുട്ടനു പക്ഷെ ഒരു സിനിമതാരത്തിന്റെ  അത്രക്കങ്ങട് സൗന്ദര്യം വരില്ലല്ലോ? ഉണ്ണിക്കുട്ടന്റെ മുത്തശ്ശി അത് കേട്ട് ചൊടിച്ചു. അവരുടെ മനസ്സില്‍ ചെറുപ്പത്തിലെ അമ്മ മരിച്ച്‌പോയ ഉണ്ണിക്കുട്ടന്റെ രൂപമാണു്. നല്ല ഭംഗിയുള്ള രൂപം. വിദേശത്ത് നിന്ന് അച്'ന്‍ കൊടുത്തയക്കുന്ന സില്‍ക്ക് ഉടുപ്പുകളണിഞ്ഞ് മൂന്നു ചക്രമുള്ള സൈക്കിള്‍ ചവുട്ടി കളിച്ച് നടക്കുന്ന ഉണ്ണിക്കുട്ടനെ, പിന്നെ പഠിച്ച് മിടുക്കനായ സര്‍വ്വകലാശാല ബിരുദങ്ങള്‍ നേടിയ ഉണ്ണിക്കുട്ടനെ.

അവര്‍ പറഞ്ഞു. ഉണ്ണിക്കുട്ടനു ഒരു സിനിമതാരത്തെയൊന്നും വേണ്ട. നല്ല ശാലീനയായ ഒരു പെണ്‍കുട്ടിയെ മതി.

ബസ്സിലെ കണ്ടക്ടര്‍ അതാ വിസിലടിക്കുന്നു. സ്ര്തീകളുടെ സീറ്റില്‍ നിന്നും ദാവുണി ചുറ്റിയ വെളുത്ത് കൊലുന്നനെയുള്ള ഒരു പെണ്‍കുട്ടി ഏണീറ്റ് ഇറങ്ങിപോകുന്നു. അമ്മാവന്റെ ഹ്രുദയത്തില്‍ ഒരു അഷ്ടപദിയുടെ ഈരടി തെളിയുന്നു.

അന്നു വൈകുന്നേരം സന്ധ്യാനാമം കഴിഞ്ഞ് മുത്തച്'ന്‍ ഭസ്മം വരച്ച് ചാരുകസേരയില്‍ ഇരുന്നപ്പോള്‍ അമ്മാവന്‍ പറഞ്ഞു. ഉണ്ണിക്കുട്ടനു പറ്റിയ ഒരു പെണ്‍കുട്ടിയെ കണ്ടു. ആഹ്ലാദചിത്തയായി മുത്തശ്ശി ചോദിച്ചു. 'ഉവ്വോ''..

നീ നല്ലവണ്ണം കണ്ടുവൊ? വെളുത്തിട്ടാണോ? അപ്പോള്‍ തട്ടിന്‍പ്പുറത്ത് നിലാവിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ വെളിച്ചം കെടുത്തി കട്ടിലില്‍ മലര്‍ന്ന് കിടന്ന ഉണ്ണിക്കുട്ടന്റെ മനസ്സിലും തേന്‍നിലാവ് നിറഞ്ഞു. അയാളിലെ എഴുത്തുകാരന്‍  സങ്കല്‍പ്പവിമാനത്തില്‍ കയറിപ്പോയി. അയാള്‍ താഴമ്പൂക്കള്‍ മണക്കുന്ന മുടിക്കെട്ടുകള്‍ തലോടി. വര്‍ണ്ണപ്പൊട്ടുകള്‍ പറ്റിച്ച്‌വച്ച വാര്‍നെറ്റിയില്‍ ഉമ്മവച്ചു. പാദസരങ്ങളുടെ  കിലുക്കം കേട്ടു. ലജ്ജാനമ്രമുിയായി കാല്‍വിരല്‍ തുമ്പ്‌കൊണ്ട് പ്രണയകാവ്യങ്ങള്‍ കുറിക്കുന്ന സുന്ദരിയെ കണ്ടു. 

വാതില്‍ക്കല്‍ നിറദീപം പോലെ പ്രകാശം ചൊരിയുന്ന അഭൗമലാവണ്യം കണ്ടു. പുഷ്പ്പപാദുകം പുറത്ത് വച്ച് നീ നഗ്നപാദയായി അടുത്ത് വരൂ എന്ന് പാടി. അയാള്‍ നിലാവിന്റെ വെണ്മയില്‍ നിന്ന് ഒരു പുടവ നെയ്ത്‌കൊണ്ടിരുന്നു.  അപ്പോള്‍ അയാളിലെ സാധരണ മനുഷ്യന്‍ കേട്ടു. അമ്മാവന്‍ പറയുകയാണു. നാളെ ആ കുട്ടിയെ ശ്രദ്ധിക്കാം. എവിടെ പോകുന്നു, ഇന്നലെ ഇറങ്ങിയ സ്ഥലത്താണോ വീട്. എല്ലാം അന്വേഷിക്കാം.

എന്താണു മേഴ്‌സിയുടെ കാര്യം പറയാന്‍ ഒരു താമസം. വര്‍ഷങ്ങളുടെ ഭിത്തികള്‍ ഇടിഞ്ഞ് വീഴുന്നു. ഓ ഇത് അമേരിക്കയാണു. എഴുത്തുകാരന്‍ വര്‍ത്തമാനകാലത്തേക്ക് തിരിച്ച് വന്നു. സാധാരണ മനുഷ്യന്‍ ഇതിനിടയില്‍ ഗ്രോസറി സാധനങ്ങള്‍ വാങ്ങി കാറില്‍ കയറി .അയാല്‍ അക്ഷമനായി. മേഴ്‌സീടെ കഥ എനിക്ക്ഷിടമായി. അത് വായിച്ചപ്പോള്‍ തുടങ്ങിയതാണു ആരാണു മേഴ്‌സി എന്നറിയണമെന്ന ആഗ്രഹം.

എഴുത്തുകാരന്‍ അല്‍പ്പം ആലോച്ചിട്ട് പറഞ്ഞു. എഴുത്തുകാരന്റെ സ്രുഷ്ടിയിലെ  കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവരോ, മരിച്ച്‌പോയവരോ ആകണമെന്നില്ല. വെറും ഭാവനാസ്രുഷ്ടികള്‍ മാത്രമാവാം.  മേഴ്‌സിയും ഒരു ഭാവനാസ്രുഷ്ടിയാണു്. പക്ഷെ മേഴ്‌സി എന്ന കഥാപാത്രത്തെ  രൂപപ്പെടുത്താന്‍ വെളുത്ത് കൊലുന്നനെയുള്ള പെണ്‍കുട്ടി വളരെ സഹായിച്ചു. അമ്മാവന്‍ കണ്ടുമുട്ടിയ ആ പെണ്‍കുട്ടിയെ സാധാരണക്കാരനു ഓര്‍മ്മ വന്നു. ഓ, അവള്‍. അവളെ നിങ്ങള്‍ ഓര്‍മ്മിച്ച് നടക്കയാണോ. എഴുത്തുകാരനു ആ ചോദ്യം ഇഷ്ടമായില്ല. അയാളുടെ ഭാവനയുടെ ചിറകുകള്‍ക്ക് ശക്തികിട്ടി. അത് ദൂരെ, ദൂരത്തേയ്ക്ക് പറന്നുപോയി.

രാവിലെ തന്നെ അമ്മാവന്റേയും അമ്മായിടേയും  മക്കളുടേയും  ശബ്ദം കേള്‍ക്കാം. 'നീ എന്തിനാ എന്നെ ഒരുക്കുന്നത്. ഞാന്‍ ബസ്സിലിരുന്ന് പെണ്‍കുട്ടിയെയല്ലേ ശ്രദ്ധിക്കുന്നത്. അല്ലാതെ കെട്ടാന്‍ പോകുന്ന ചെക്കന്റെ അമ്മാവനാണെന്ന് ആ കുട്ടിക്ക് അറിയില്ലല്ലോ? മുത്തശ്ശീടെ ശബ്ദവും കേള്‍ക്കാം. 'ശേരാ.. നല്ലോണം നോക്കി കണ്ടോളണം. എല്ലാ വിവരവും അറിഞ്ഞിട്ട് വരണം. ഏതായാലും ഗുരുവായൂര്‍ക്ക് പോകുന്ന വഴിയാണല്ലോ. എന്റെ ഗുരുവായൂരപ്പാ, എല്ലാം ഭംഗിയാക്കണമേ.. ഞാന്‍ ഉണ്ണിക്കുട്ടനെകൊണ്ടുവന്ന് ഒരു തുലാഭാരം കഴിക്കുന്നുണ്ട്. മുത്തശ്ശി വഴിപാടും നേര്‍ന്നു. ശേരമാമ തിരിച്ച് വരുന്നത് എല്ലാവരും ആയിരം കണ്ണുമായി നോക്കിയിരിപ്പാണു. വീട്ടിലുള്ളവരുടെ ക്ഷമാശക്തി പരീക്ഷക്കണ്ടെന്ന് കരുതിയോ,  വഴിയില്‍ കണ്ട സംഭവം മൂപ്പരെ നടുക്കിയത്‌കൊണ്ടോ എന്തോ അദ്ദേഹം  പോയി കഴിഞ്ഞ് ഏകദേശം രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തിരിച്ച് വന്നു. വിവരം അറിയാന്‍ ഓടികൂടിയ എല്ലാവരോടും ശേരമാമ പറഞ്ഞു. അത് നടക്കില്ല. ആ കുട്ടി നമ്മള്‍ വിചാരിക്കുന്ന പോലെയല്ല. ഉടനെ അമ്മായി പറയാന്‍ തുടങ്ങി. അല്ലെങ്കിലും ഈ കാലത്ത് പെണ്‍കുട്ടികളെ വിശ്വസിക്കാന്‍ കൊള്ളില്ല. പണ്ടത്തെ കാലമൊന്നുമല്ല.അന്ന് വെറുതെ അടുക്കളയില്‍ കഴിഞ്ഞിരുന്നപോലെയാണോ ഇന്ന്. അമ്മായീടെ സംസാരവണ്ടിക്ക് ശേരമാമ ബ്രേക്കിട്ടു.

'നീ എന്തറിഞ്ഞിട്ടാ വായിട്ടടിക്കുന്നത്'

എല്ലാവരും നിശബ്ദരായി. ശേരമാമ മൂപ്പരുടെ ഇഷ്ടപ്പെട്ട കത്രികമാര്‍ക്ക് സിഗരറ്റ് പുകച്ച് പുഞ്ചിരിതൂകി ഇരിക്കയാണു്.

'എന്താ വിവരെന്ന് വച്ചാല്‍ പറയൂ ശേരാ... മുത്തശ്ശി അക്ഷമ പ്രകടിപ്പിച്ചു.'

''അമ്മേ, അത് കുരിശ്ശാണു്, നമുക്ക് പറ്റില്ല'

''കുരിശ്ശൊ, തെളിച്ച് പറയടാ.'

ബസ്സില്‍ കയറിയ ഞാന്‍ പെണ്‍കുട്ടി ഇറങ്ങുന്നിടം വന്നപ്പോള്‍  ഏണീറ്റ് ബസ്സിന്റെ മുന്നിലേക്ക് ചെന്നു. ആ കുട്ടി ബസ്സില്‍ നിന്നിറങ്ങുമ്പോള്‍ അതിന്റെ കഴുത്തിലെ മാല പുറത്തേക്ക് ചാടി. അതിന്റെ തുമ്പത്ത് ഒരു കുരിശ്ശ്. കാല്‍വരിയില്‍ യേശുനാഥനെ കുരിശ്ശിലേറ്റിയപ്പോള്‍ ലോകത്ത് മുഴുവന്‍ പടര്‍ന്നു എന്ന പറയ്‌പ്പെടുന്ന ഇരുട്ട് പോലെ ആ വീട്ടില്‍ ഇരുട്ട് പടര്‍ന്നു. ദൈവമെ മനുഷ്യര്‍ ഉണ്ടാക്കിയ ജാതിയും മതവും കാരണം എന്തൊക്കെ അവനു നഷ്ടപ്പെടുന്നു.

കാര്‍ ഗാരേജില്‍ കയറ്റി സാധാരണകാരന്‍ ഇറങ്ങി വന്നു. ഒപ്പം എഴുത്തുകാരനും. അവിടെ സുഗന്ധം പരന്നിരുന്നു. പൊന്‍വെയില്‍ പുടവ ചുറ്റി നില്‍ക്കുന്ന പകലെന്ന തരുണി. അവളുടെ മും പ്രസന്നമാണു്. എഴുത്തുകാരന്റെ മനസ്സിലേക്ക് അതേപോലെയുള്ള ഒരു  പകല്‍ ഓടിയെത്തുന്നു. ഏതായാലും വഴിപാട് നേര്‍ന്നില്ലേ  അത് നടത്തിക്കളയാമെന്ന് പറഞ്ഞ് മുത്തശ്ശി എല്ലാവരേയും കൂട്ടി ഗുരുവായൂര്‍ക്ക് പുറപ്പെട്ടു. അവരുടെ കാര്‍ കുറെ ദൂരം ചെന്നപ്പോള്‍ ശേരമാമ കാറുകാരനോട് പറഞ്ഞു. 'വണ്ടി നിറുത്തു, വഴിയുടെ ഓരം ചാരി പോകുന്ന കുട്ടിയെ കാണിച്ച് ശേരമാമ പറഞ്ഞു. 'ആ കുട്ടിയാണു''

മുത്തശ്ശി കാറില്‍ നിന്നിറങ്ങി. കൂടെ എല്ലാവരും. സാധാരണക്കരന്‍ കാറിലിരുന്നു് അവളെ കണ്ടു. എഴുത്തുകാരനു മനസ്സില്‍ അപ്പോള്‍ തോന്നി. 'നീ കണ്വാശ്രമത്തിലെ ശകുന്തളയോ, രമായണത്തിലേ സീതാദേവിയോ, അരുന്ധതിയോ, സുഭദ്രയോ? നിന്റെ മാറില്‍ ഒരു കുരിശ്ശ് എങ്ങനെ വന്നു. എഴുത്തുകാരന്‍ ദു:ിതനായി. ദൈവമേ എനിക്കായി നീ സ്രുഷ്ടിച്ച ഈ പെണ്‍കുട്ടിയെ മനുഷ്യര്‍ കുറച്ച് വെള്ളം തെളിച്ച് എന്നില്‍ നിന്നും അകറ്റിയതെന്തിനു. ഉത്തരമില്ലാത്ത ചോദ്യത്തിനുമുന്നില്‍ അയാള്‍ ചിന്താവിഷ്ടനായി. പെണ്‍കുട്ടിയോട് കുശലാന്വേഷണം നടത്തി എല്ലാവരും കാറില്‍ കയറി. കാര്‍ മുന്നോട്ട് നീങ്ങി. പെണ്‍കുട്ടി പുറകിലൂടെ നടന്നു വരുന്നു. ഉണ്ണിക്കുട്ടന്‍ തിരിഞ്ഞ് നോക്കി. മുത്തശ്ശി പറഞ്ഞു.  തിരിഞ്ഞ് നോക്കരുത് കുട്ടി. ഗുരുവായൂരപ്പനെ ധ്യാനിക്കുക. മുത്തശ്ശി ക്രുഷണാ എന്ന് നാമം ജപിച്ച് തുടങ്ങി.

എഴുത്തുകാരന്‍ ഒരു നെടുവീര്‍പ്പോടെ സാധാരണകാരനോട് ചോദിച്ചു. അന്നു കണ്ടുമുട്ടിയ ആ പെണ്‍കുട്ട്യെ ഓര്‍മ്മയില്ലേ? ആ വഴി ഓര്‍മ്മയില്ലേ? രണ്ടു ഭാഗത്തും പാടങ്ങള്‍ ഉള്ള വഴിയോരത്ത്  വളര്‍ന്ന് നില്‍ക്കുന്ന മരങ്ങളും പൂക്കളും അവയുടെ സുഗന്ധവും നിറഞ്ഞ് നിന്നിരുന്ന വഴി. ഇവിടേയും  അതേ സുഗന്ധം. അത്‌കൊണ്ടാണു് പൂമ്മരങ്ങള്‍ മന്ത്രിക്കുന്നത് പ്രിയമുള്ളോരാരോ വരുവാനുണ്ടെന്ന്. പ്രിയ സാധാരണകാരാ, വര്‍ഷങ്ങള്‍ക്ക്് ശേഷം ആ മുച്ചായയുള്ള ഒരു പെണ്ണിനെ ഞാന്‍ ഇവിടെ കണ്ടുമുട്ടി. ആരുടേയോ കെട്ട്യോളും, കുട്ട്യോളുമായി കഴിയുന്ന ഒരു വീട്ടമ്മ. അവളാണു് മേഴ്‌സിയെന്ന് വെറുതെ മോഹിക്കാന്‍ മോഹം.. നമുക്കൊക്കെ ഇഷ്ടമായ, നമ്മുടെ മുത്തശ്ശിക്ക് ഇഷ്ടമായ ആ കുട്ടിയുടെ 'ായയുള്ള  മേഴ്‌സി. അതുകൊണ്ടാണു മേഴ്‌സിയുടെ കഥ എഴുതാന്‍ എനിക്ക് താല്‍പ്പര്യം. അന്നത്തെ ആ പെണ്‍കുട്ടി എവിടെ ആയിരിക്കും.  എഴുത്തുകാരന്‍ ആലോചിക്കാന്‍ തുടങ്ങി. ഒരു കഥകൂടി പിറക്കാന്‍ പോകുന്നതിന്റെ മുന്നോടിയായ് അയാള്‍ സാധാരണകാരനില്‍ നിന്നും കുറേശ്ശേ അകലാന്‍ തുടങ്ങി.

ശുഭം

(ജനുവരി 07,2000 - കൈരളി, ന്യൂയോര്‍ക്ക്)


വെളുത്ത് കൊലുന്നനെ ഒരു പെണ്‍കുട്ടി: സുധീര്‍ പണിക്കവീട്ടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക