Image

കൗമാരസന്ധ്യകള്‍ (നോവല്‍-13: കാരൂര്‍ സോമന്‍)

Published on 29 September, 2015
കൗമാരസന്ധ്യകള്‍ (നോവല്‍-13: കാരൂര്‍ സോമന്‍)
അധ്യായം 13

രാത്രിഗീതങ്ങള്‍


യുഎസ്‌ പര്യടനം അവസാനിക്കുകയാണ്‌.
അവസാനത്തെ സംഗീതസന്ധ്യയ്‌ക്ക്‌ അരങ്ങൊരുങ്ങി.
ആനന്ദിന്റെ മനസ്സും അസ്‌തമന സൂര്യനെപ്പോലെയായിരുന്നു.
ഉള്ളിന്റെയുള്ളില്‍ അച്ഛന്‍ അലയടിച്ചുകൊണ്ടിരുന്നു. അച്ഛനെ കാണാനുള്ള ധന്യമായ നിമിഷത്തിന്‌ വേണ്ടി രണ്ടാഴ്‌ചയായി കാത്തിരുന്നു. ഒരു ഫലവുമുണ്ടായില്ല. മനസ്സ്‌ചഞ്ചലപ്പെട്ടതുകൊണ്ടോ, കണ്ണീര്‍ വാര്‍ന്നതുകൊണ്ടോ ഫലമില്ല. മമ്മിയും ഓമനയും ഈ ദുര്‍ബലമനസ്സിനെ ധൈര്യപ്പെടുത്തുന്നുണ്ടെങ്കിലും മനസ്സു മന്ത്രിച്ചു. അച്ഛന്‍ ഈ ലോകത്ത്‌ നിന്ന്‌ വിടപറഞ്ഞു കാണും. അച്ഛനില്ലാതെ ഇവിടെ നിന്നു യാത്ര തിരിക്കേണ്ടി വരും. അതോര്‍ത്തപ്പോള്‍ ആനന്ദിന്‌ ഗദ്‌ഗദം വന്നു. അവന്‌ പാടണമെന്നോ, സ്റ്റേജില്‍ കയറണമെന്നോ പോലും തോന്നിയില്ല. തന്റെ സ്വരം പടര്‍ന്നേക്കുമെന്നും തന്നെ ഇതില്‍ നിന്ന്‌ ഒഴിവാക്കണെന്നും അവന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചെങ്കിലും അതു നടക്കില്ലെന്ന്‌ അവന്‌ അറിയാമായിരുന്നു. ഇതിനോടകം ഇവരുടെ സ്റ്റേജ്‌ ഷോയേക്കുറിച്ച്‌ നല്ല അഭിപ്രായങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിരുന്നു. അതു കൊണ്ടു തന്നെ അവസാന പരിപാടി എന്ന നിലയില്‍ കൂടുതല്‍ പ്രേക്ഷകര്‍ എത്തുമെന്ന്‌ ഉറപ്പായിരുന്നു. അതില്‍ ആനന്ദ്‌ ആണ്‌ കേന്ദ്രസ്ഥാനത്തു നില്‍ക്കുന്നത്‌. ആനന്ദ്‌ ഇല്ലെന്നു പറഞ്ഞാല്‍, അതിന്റെ ക്ഷീണം എല്ലാവരെയും ബാധിക്കും.

അച്ഛന്റെ രൂപം മനസ്സില്‍ പ്രകാശിച്ചു നിന്നു.
നഗരത്തിലെങ്ങും ക്രിസ്‌മസ്സ്‌ ആഹ്ലാദവും നക്ഷത്രങ്ങളും നിറഞ്ഞു. ആഡംബരങ്ങളായ നിയോണ്‍ ബള്‍ബുകള്‍ എല്ലായിടത്തും പ്രകാശം സ്‌ഫുരിച്ചു. മകളുടെ പരിപാടി കാണാന്‍ ഡാനിയല്‍ ആദ്യമായാണ്‌ എത്തുന്നത്‌. അവര്‍ മുന്‍നിരയില്‍തന്നെ സ്ഥാനമുറപ്പിച്ചു. മലയാളികള്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വാച്യമനോഹരങ്ങളായ കലാവിഭവങ്ങളാണവര്‍ ഒരുക്കിയത്‌.

ഗാനങ്ങള്‍ ഓരോന്നും ആത്മാവിനെ തേടിപോകുന്നവയായി തോന്നി. പലരും താളം പിടിച്ചിരുന്നു. കഥാപ്രസംഗം അവതരിപ്പിക്കുന്നത്‌ ആനന്ദ്‌ തന്നെയാണ്‌. ഇത്തവണ അതു കൂടുതല്‍ വൈകാരികമാകുന്നത്‌ ഓമന അറിഞ്ഞു. എല്ലാ സ്റ്റേജിലും ഒരേ കഥയാണ്‌ അവതരിപ്പിച്ചത്‌, എന്നിട്ടും ഇത്തവണ ആനന്ദ്‌ കൂടുതല്‍ പേരെ ആകര്‍ഷിച്ചു. ഒരോരുത്തരും വിവിധ വാദ്യോപകരണങ്ങളില്‍ അവരുടെ മിഴിവ്‌ തെളിയിച്ചു. മകളുടെ കഴിവില്‍ ഡാനിയല്‍ അതിയായി സന്തോഷിച്ചു. പ്രേക്ഷകരുടെ മനസ്സിനെ അവര്‍ കീഴടക്കി. എല്ലാം സ്റ്റേജിലും ഗുരു തുല്യനായ ജോസഫ്‌ മാഷിനെ സ്‌മരിച്ചു കൊണ്ടാണ്‌ കലാപ്രകടനങ്ങള്‍ കാഴ്‌ചവെച്ചത്‌. കഥ പറയുന്നതിനിടയില്‍ സദസ്സില്‍ ഇരുന്നയൊരാളെ ആനന്ദ്‌ ശ്രദ്ധിച്ചു. അയാളുടെ കണ്ണുകള്‍ ഈറനണിയുന്നു. അയാള്‍ മുഖത്ത്‌ വൈകാരികമായ സംഘര്‍ഷങ്ങള്‍ അലയടിക്കുന്നു. ആരാണ്‌ അയാള്‍? അതു തന്റെ അച്ഛനാണോ?

പരിപാടിയില്‍ ഇടവേളയില്‍ ഒറ്റപ്പെട്ടിരിക്കുന്ന അയാളെ ആനന്ദ്‌ ഓമനയ്‌ക്ക്‌ കാണിച്ചു കൊടുത്തു. ഇതു തന്റെ അച്ഛന്‍ തന്നെയാണോ ഓമനേ എന്ന്‌ അവളോടു അവന്‍ ചോദിക്കുകയും ചെയ്‌തു. എന്തു പറയണമെന്ന്‌ ഓമനയ്‌ക്കും അറിയില്ലായിരുന്നു. ആനന്ദ്‌ വീണ്ടും സ്റ്റേജിലേക്കു കയറിയപ്പോള്‍ ഓമന അടുത്തു നിന്നിരുന്ന പാപ്പച്ചനെ വിളിച്ചു. ഒരു പക്ഷേ, പാപ്പച്ചന്‍ അങ്കിളിനറിയാമായിരിക്കും. ഇവിടെയുള്ള എല്ലാ മലയാളികളെയും അങ്കിളിന്‌ അറിയാമെന്നല്ലേ പറഞ്ഞത്‌, എങ്കില്‍ തീര്‍ച്ചയായും ഇയാളെയും അങ്കിളിന്‌ അറിയാമായിരിക്കും. ഓമന വിളിക്കുന്നത്‌ കണ്ട്‌ സ്റ്റേജിന്റെ പിന്നിലേക്ക്‌ പാപ്പച്ചന്‍ കയറാനായി സ്റ്റേജിന്റെ മുന്‍ നിരയില്‍ നിന്ന്‌ എണ്ണീറ്റതും പെട്ടെന്നതാണ്‌ സംഭവിച്ചത്‌.

ഒരു സ്‌ഫോടനം!

ബോബു പൊട്ടുന്നതു പോലെ, എല്ലാവരുടെയും കാതടിച്ചു പോയി. ഒന്നും കാണാന്‍ കഴിയുന്നില്ല. എവിടെ നിന്നൊക്കെയോ നിലവിളികള്‍. തിക്കും തിരക്കും, പലരും മൊബൈല്‍ വെളിച്ചത്തില്‍ പുറത്തേക്ക്‌ ഓടുന്നു.എന്താണ്‌ സംഭവിച്ചതെന്ന്‌ ഒരു നിമിഷത്തേക്ക്‌ ആര്‍ക്കും മനസ്സിലായില്ല.

എന്താണ്‌?
എന്താണ്‌ സംഭവിച്ചത്‌?
ബോംബു പൊട്ടുന്നതു പോലെയായിരുന്ന സ്‌ഫോടനം!

തീവ്രവാദി ആക്രമണമാണെന്നു ഭയന്ന്‌ കാണികള്‍ ഇരിപ്പിടം വിട്ടോടി. എമര്‍ജന്‍സി ലൈറ്റുകള്‍ ഓട്ടോമാറ്റിക്കായി ഓണ്‍ ആയതോടെയാണ്‌ ഷോട്ട്‌ സര്‍ക്യൂട്ടാണെന്നു മനസ്സിലായത്‌. എന്നാല്‍, സ്റ്റേജില്‍ സ്ഥാപിച്ചിരുന്ന ചില ഷേലൈറ്റുകള്‍ പൊട്ടിച്ചിതറുകയും സ്റ്റേജിലാകെ പുക നിറയുകയും ചെയ്‌തിരുന്നതോടെ എന്താണ്‌ സംഭവിച്ചത്‌ എന്നതിനെക്കുറിച്ചോര്‍ത്ത്‌ പലരിലും ആശങ്കയായി.

ആംബുലന്‍സുകള്‍ ചീറിപാഞ്ഞു വന്നു.
എമര്‍ജന്‍സി പോലീസ്‌ പട്രോളിങ്‌ സംഘവും സൈറണ്‍ മുഴക്കിയെത്തി.
സ്റ്റേജില്‍ ഉണ്ടായിരുന്നവരെ അവര്‍ തന്നെ ആംബുലന്‍സിലേക്കു മാറ്റി.

ഓമനയുടെ മുഖത്ത്‌ വെള്ളം തളിച്ചതോടെ അവള്‍ക്ക്‌ സ്ഥലകാലബോധം കിട്ടി. ആനന്ദ്‌ ബോധരഹിതനായിരുന്നു. അവനെ ചിലര്‍ സ്റ്റേജില്‍ തന്നെ താങ്ങിപിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നു. അവന്റെ മുഖത്തു നിന്നു ചോരയൊലിക്കുന്നുണ്ട്‌. കണ്ണുകള്‍ അടഞ്ഞു തന്നെ കിടക്കുന്നു. എമര്‍ജന്‍സി എക്‌സിറ്റിലൂടെ ആനന്ദിനെ പുറത്തേക്ക്‌ എത്തിച്ചു. അപ്പോഴേയ്‌ക്കും ആംബുലന്‍സ്‌ എത്തിയിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ആരൊക്കെയോ ചേര്‍ന്ന്‌ ആനന്ദിനെ ആംബുലന്‍സിലേക്കു കയറ്റി. ആനന്ദിനെയും കൊണ്ട്‌ ആംബുലന്‍സ്‌ ആശുപത്രിയിലേക്ക്‌ പാഞ്ഞു. ഓരോരുത്തരെയും ആശ്വസിപ്പിച്ചു കൊണ്ട്‌ പാപ്പച്ചന്‍ ഓടി നടക്കുന്നുണ്ട്‌. ഒപ്പം അസോസിയേഷന്‍ സംഘാംഗങ്ങളും. എല്ലാം അപ്രതീക്ഷിതമായിരുന്നു. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ പ്രശ്‌നം സൃഷ്ടിച്ചതെന്നു വ്യക്തമായിരുന്നു. ആനന്ദ്‌ പാടിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ബോംബ്‌ സ്‌ഫോടനം പോലെ വെടി പൊട്ടുന്ന ശബ്ദം ഉയര്‍ന്നത്‌. എവിടെയും കൂരിരിട്ട്‌ പടര്‍ന്നു നിന്നു. ഫയര്‍ഫോഴ്‌സും എമര്‍ജന്‍സിയും പോലീസും രംഗം കൈയടക്കി.

ആനന്ദിനെ ആശുപത്രിയിലാക്കിയിരിക്കുന്നു എന്ന വാര്‍ത്ത എല്ലാവരെയും ഒരു നിമിഷം അങ്കലാപ്പിലാക്കി. ആനന്ദിന്‌ എന്താണ്‌ സംഭവിച്ചത്‌. ഡാനിയേലും ഏലിയാമ്മയും ഓമനയുടെ അടുത്തായിരുന്നു.

ആനന്ദിന്‌ ഒന്നും സംഭവിക്കരുതേയെന്നായിരുന്നു എല്ലാവരുടെയും പ്രാര്‍ത്ഥന.

ആശുപത്രിയിലേക്ക്‌ ഉടനെ പോകണമെന്ന്‌ ഏറ്റവും വാശിപിടിച്ചത്‌ ഓമനയായിരുന്നു. ആശുപത്രി എമര്‍ജന്‍സി ഐസിയുവിലേക്ക്‌ ആനന്ദിനെ മാറ്റിയുണ്ടാകുമെന്നും ഒന്നും പേടിക്കേണ്ടെന്നും കിട്ടാവുന്നതില്‍ ഏറ്റവും മികച്ച വൈദ്യസഹായം ആനന്ദിനു അവിടെ കിട്ടുമെന്നും പാപ്പച്ചനും ഡാനിയേലും ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഓമന ഒന്നും കേട്ടില്ല. അവള്‍ക്ക്‌്‌ ആനന്ദിനെ മുഖം ഒന്നു കണ്ടാല്‍ മാത്രം മതിയെന്നായിരുന്നു. അവളുടെ തലയ്‌ക്ക്‌ ചെറിയ മുറിവുണ്ടായിരുന്നു. അതൊരു കര്‍ചീഫ്‌ ഉപയോഗിച്ച്‌ കെട്ടിവച്ചിരുന്നു. ഓമനയ്‌ക്ക്‌ തെല്ലും വേദന തോന്നിയില്ല. അവളുടെ മനസ്സില്‍ മുഴുവന്‍ ആനന്ദിന്റെ നിശ്ചലമായ മുഖമായിരുന്നു.

ആശുപത്രിയില്‍ ചെന്നാലും ആനന്ദിനെ കാണാന്‍ കഴിയില്ലെന്നും അവിടേക്ക്‌ ആശുപത്രവൃത്തങ്ങള്‍ക്കല്ലാതെ ആര്‍ക്കും പ്രവേശനം നല്‍കില്ലെന്നുമൊക്കെ പാപ്പച്ചന്‍ ഓമനയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ വഴങ്ങിയില്ല. ഓമന ആനന്ദിനെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നു പാപ്പച്ചനു മനസ്സിലായി. ഓമനയടക്കമുള്ളവരെ ആശുപത്രിയിലേക്ക്‌ കൊണ്ടു പോകാന്‍ ഡാനിയോലും ഏലിയാമ്മയും ഓടിനടന്നു.. ചെറിയ മുറിവേറ്റവരെ പോലും ആശുപത്രിയിലേക്കു മാറ്റാന്‍ പോലീസും എമര്‍ജന്‍സിയും അവരെ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. സ്ഥലം മുഴുവന്‍ പോലീസ്‌ പട്രോള്‍ കൈയടക്കി. അവര്‍ എല്ലായിടത്തു നിന്നും സാമ്പിള്‍ ശേഖരിക്കുകയും, സ്‌ഫോടനമുണ്ടായ സ്ഥലം കെട്ടിത്തിരിക്കുകയും ചെയ്‌തു. ടിവി ക്യാമറ യൂണിറ്റും സംഭവസ്ഥലത്ത്‌ എത്തിയിരുന്നു.

ആശുപത്രിയില്‍ എത്തുമ്പോള്‍ ആനന്ദിനെ ക്രിട്ടിക്കല്‍ ഐസിയുവിലേക്കു മാറ്റിയിരുന്ന വിവരമാണ്‌ ലഭിച്ചത്‌. എന്താണ്‌ സംഭവിച്ചതെന്ന്‌ ആര്‍ക്കുമറിയാന്‍ കഴിഞ്ഞില്ല. കൂടുതല്‍ എന്തെങ്കിലും വിവരത്തിനായി ഡാനിയേല്‍ ഹോസ്‌പിറ്റല്‍ എന്‍ക്വയറി വിഭാഗത്തില്‍ അന്വേഷിച്ചെങ്കിലും അവര്‍ക്ക്‌ ഒന്നുമറിയില്ലായിരുന്നു. പാപ്പച്ചന്റെ അടുത്ത സുഹൃത്ത്‌ ഒരു മലയാളി ഡോക്ടര്‍ അവിടെയുണ്ടായിരുന്നു. അയാളെ ബന്ധപ്പെട്ട്‌ ആനന്ദിന്റെ നിലയറിയാന്‍ പാപ്പച്ചന്‍ ശ്രമിച്ചു. ഒടുവില്‍ ഡോക്ടറെ ഫോണില്‍ കിട്ടി.

` പാപ്പച്ചന്‍, മിസ്റ്റര്‍ ആനന്ദ്‌ ഈസ്‌ ഇന്‍ സിവിയര്‍ കണ്ടീഷന്‍. പെട്ടെന്നുണ്ടായ ഷോക്കില്‍ കാര്‍ഡിയാക്ക്‌ അറസ്‌റ്റ്‌ സംഭവിച്ചിരിക്കുന്നു. പെട്ടെന്നു തന്നെ ഹോസ്‌പിറ്റലില്‍ എത്തിച്ചതു കൊണ്ട്‌ രക്ഷപ്പെട്ടെന്നു വരാം. എന്നാല്‍ ഒരു കിഡ്‌നിയ്‌ക്ക്‌ ക്ഷതമേറ്റിട്ടുണ്ട്‌. റിസ്‌ക്ക്‌ എടുക്കാന്‍ പറ്റില്ല. ഉടന്‍ ഡയാലിസ്‌ വേണ്ടി വരും. പ്രശ്‌നം, ആനന്ദിന്റെ ബ്ലഡ്‌ ഗ്രൂപ്പ്‌ ഈസ്‌ വെരി റെയര്‍. ട്രാന്‍സ്‌ഫ്യൂഷന്‌ റെയര്‍ ആന്റിജന്‍ പ്രശ്‌നം സൃഷ്ടിക്കും. അയാളുടെ റിലേറ്റീവ്‌ വല്ലവരും ഇവിടെയുണ്ടോയെന്നു അത്യാവശ്യമായി അന്വേഷിക്കൂ. അത്തരക്കാരുടെ ബ്ലഡ്‌ ഗ്രൂപ്പുമായേ ക്രോസ്‌ മാച്ചിങ്‌ നടക്കൂ`

ഡോക്ടര്‍ പറഞ്ഞതു കേട്ട്‌ പാപ്പച്ചന്‍ നടുങ്ങിപോയി. പെട്ടെന്നു തന്നെ ആനന്ദിന്റെ ഒപ്പമുണ്ടായിരുന്ന സംഘാംഗങ്ങളോടു കാര്യംപറഞ്ഞു. ആനന്ദിന്റെ റിലേറ്റീവ്‌ ആരും തന്നെ യുഎസില്‍ ഇല്ലെന്ന കാര്യം മറ്റാരേക്കാളും അറിയാമായിരുന്നത്‌ പാപ്പച്ചനായിരുന്നു. ആനന്ദിന്റെ അച്ഛന്‍ ഇവിടെ എവിടെയെങ്കിലും ഉണ്ടാവുമോ? ഉണ്ടെങ്കില്‍ തന്നെ അയാളെ ഹോസ്‌പിറ്റലില്‍ എങ്ങനെ എത്തിക്കും. ഇതുവരെയും അയാളെക്കുറിച്ച്‌ ഒരു വിവരവുമില്ല.

തത്‌ക്കാലം ഇക്കാര്യം ഓമനയോടു പറയേണ്ട. അവളരെ വല്ലവിധേനയും ഏലിയാമ്മയ്‌ക്കൊപ്പം ആശുപത്രിയില്‍ നിന്നു വീട്ടിലേക്കു ഷിഫ്‌്‌റ്റ്‌ ചെയ്യാനുള്ള ഏര്‍പ്പാട്‌ ഉണ്ടാക്കി കഴിഞ്ഞയുടനെ പാപ്പച്ചന്‍ മലയാളി അസോസിയേഷന്‍ നേതാക്കളെ ഫോണില്‍ വിളിച്ചു. അവര്‍ വേണ്ടതു ചെയ്യാമെന്ന്‌ അറിയിച്ചതോടെ പകുതി സമാധാനമായി.

പാപ്പച്ചന്‍ വീണ്ടും ഡോക്ടറെ വിളിച്ചു.

`ഡോക്ടര്‍ ആനന്ദിന്റെ അച്ഛന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഇവിടെയുണ്ട്‌, ഇല്ലീഗല്‍ എന്‍ട്രിയാണെന്നു തോന്നുന്നു. ഞങ്ങള്‍ അയാളെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്‌. ആനന്ദിന്റെ നില അത്രയ്‌ക്ക്‌ ക്രിട്ടിക്കല്‍ സ്റ്റേജാണോ?`

`നിങ്ങള്‍ സമാധാനമായിരിക്കു, ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്‌. വൃക്കങ്ങളുടെ കാര്യവും ട്രാന്‍സ്‌ഫ്യൂഷന്റെ പ്രശനവും പരിഹരിക്കാനായില്‍ ഹീ വില്‍ ബി ഓള്‍റൈറ്റ്‌.'

പാപ്പച്ചന്‍ പരിഭ്രമം പുറത്തു കാണിച്ചിരുന്നില്ലെങ്കിലും അയാളുടെ മനസ്സാകെ പ്രക്ഷുബ്‌ധമായിരുന്നു. താന്‍ സ്‌പോണ്‍സര്‍ ചെയ്‌തു കൊണ്ടു വന്ന ടീമിനാണ്‌ അപകടം സംഭവിച്ചിരിക്കുന്നത്‌. ആര്‍ക്കും അപകടമൊന്നും സംഭവിക്കരുതേയെന്നു പ്രാര്‍ത്ഥിക്കുമ്പോഴും ആനന്ദിന്റെ കാര്യത്തില്‍ കടുത്ത ആശങ്ക തന്നെയായിരുന്നു പാപ്പച്ചന്‌. അയാള്‍ ഭാര്യ ജെസ്സിയെ ഫോണില്‍ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. അപ്പോഴേയ്‌ക്കും ഓമനയും ഡാനിയേലും ഏലിയാമ്മയും വീട്ടിലെത്തിയിരുന്നു.

`ഇച്ചായാ, ആനന്ദിന്റെ അച്ഛനെ കണ്ടെത്തിയാല്‍ ശരിയാകുമോ, കാര്യങ്ങള്‍?'
ജെസ്സി ഫോണില്‍ പാപ്പച്ചനോടു പറഞ്ഞു.

`ശരിയാകുമെന്നു ഡോക്‌ടര്‍ പറയുന്നു. പക്ഷേ, എങ്ങനെ ശരിയാവാന്‍, കഴിഞ്ഞ പതിനഞ്ചു ദിവസത്തിലേറെയായി നമ്മള്‍ അന്വേഷിച്ചു കൊണ്ടേയിരിക്കുകയാണ്‌. ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇനിയെങ്ങനെ കണ്ടെത്തും. നമ്മള്‍ എല്ലാം മാര്‍ഗ്ഗവും അന്വേഷിച്ചു കഴിഞ്ഞു. എന്തെങ്കിലും സംഭവിക്കുമെന്ന്‌ എനിക്ക്‌ ഹോപ്പില്ല, ജെസ്സി'

പാപ്പച്ചന്‍ സ്വരം ഇടറിയിരുന്നു.

ഫോണ്‍ കട്ട്‌ ചെയ്‌തു പോക്കറ്റിലേക്ക്‌ ഇടുമ്പോഴാണ്‌ എന്‍ക്വയറി സ്റ്റാഫ്‌ തന്നെ ചൂണ്ടി ഒരാളോടു സംസാരിക്കുന്നത്‌ പാപ്പച്ചന്‍ കണ്ടത്‌. അയാള്‍ പാപ്പച്ചന്റെ നേരെ നടന്നു വരുന്നു. ആരാണയാള്‍? ഇതിനു മുന്‍പ്‌ കണ്ടിട്ടില്ല. ഇപ്പോള്‍, ഹോസ്‌പിറ്റലില്‍ തന്നെ തേടി ആരാണ്‌ വരുന്നത്‌. ഇനി ഡോക്‌ടര്‍ ആരെയെങ്കിലും പറഞ്ഞു വിട്ടതാണോ? അപരിചിതന്‍ പാപ്പച്ചന്റെ സമീപമെത്തി.

അയാളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.

അയാളുടെ മുഖം ക്ഷീണിച്ചു നിറം മങ്ങിയിരിക്കുന്നു. തണുപ്പില്‍ അയാളുടെ മുഖം ചുരുണ്ടിരിക്കുന്നതായാണ്‌ പാപ്പച്ചനു തോന്നിയത്‌. അയാള്‍ ഹസ്‌തദാനത്തിനു വേണ്ടി കൈനീട്ടി കൊണ്ടു ചോദിച്ചു.

`ഐ തിങ്ക്‌, യു ആര്‍ പാപ്പച്ചന്‍? റൈറ്റ്‌?'
അയാള്‍ പേരു വിളിക്കുന്നു, അയാള്‍ക്ക്‌ തന്നെ അറിയാം.
`യാ, ആന്‍ഡ്‌ യൂ?' പാപ്പച്ചന്‍ അയാളുടെ കൈയില്‍ സ്‌പര്‍ശിച്ചു.
`ഞാന്‍ മോഹന്‍, ആനന്ദിന്റെ അച്ഛനാണ്‌. വിരോധമില്ലെങ്കില്‍ നമുക്ക്‌ അല്‍പ്പം മാറി നിന്നാലോ?'

സ്റ്റേജില്‍ സംഭവിച്ചതിനേക്കാളും വലിയ സ്‌ഫോടനം ഉള്ളിലുണ്ടായതു പോലെയാണ്‌ പാപ്പച്ചനു തോന്നിയത്‌. തലയ്‌ക്കു മുകളില്‍ സൈറണ്‍ കിടന്നു നിലവിളിക്കുന്നതു പോലെ...

(തുടരും.....)
കൗമാരസന്ധ്യകള്‍ (നോവല്‍-13: കാരൂര്‍ സോമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക