Image

ഇന്‍ഡ്യന്‍ മതേതരത്വത്തിന്‌ എക്കാലവും കളങ്കമില്ല (വാസുദേവ്‌ പുളിക്കല്‍)

Published on 27 September, 2015
ഇന്‍ഡ്യന്‍ മതേതരത്വത്തിന്‌ എക്കാലവും കളങ്കമില്ല (വാസുദേവ്‌ പുളിക്കല്‍)
കാലം കഴിയുന്തോറും മനുഷ്യന്‍ സാംസ്‌കാരികമായി പുരോഗമിക്കുന്നുണ്ടെങ്കിലും മതപരമായ വിവേചനചിന്ത നല്ലൊരു ശതമാനം ജനങ്ങളുടെ മനസ്സിന്റെ അടിത്തട്ടില്‍ അടിഞ്ഞു കൂടിക്കിടപ്പുണ്ട്‌. മതത്തിന്റെ അനിവാര്യത നിഷേധിക്കാനാവത്തതാണെങ്കിലും തന്റെ മതമാണ്‌ ഏറ്റവും ശ്രേഷ്‌ഠമെന്ന വികാരത്തില്‍ നിന്ന്‌ ഉടലെടുക്കുന്നതാണ്‌ ഈ വിവേചന ചിന്ത. തന്റെ സംസ്‌കാരത്തിന്റെ ജീര്‍ണ്ണത സമൂഹം മനസ്സിലാക്കാതിരിക്കാന്‍ വേണ്ടി ജാതിമതവിവേചന ചിന്തകളുടെ അടിസ്‌ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഗോപ്യമായിരിക്കും. ഇരുട്ടില്‍ മുഖം മറച്ചിരുന്ന്‌ ജാതിയേയും മതത്തേയും കുത്തിയെഴുതുന്നത്‌ ഇതിനുദാഹരണം. സ്വാതന്ത്ര്യം ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. എന്നിരുന്നാലും തന്റെ മതത്തിന്‌ ആധിപത്യം ലഭിക്കുമെങ്കില്‍ വിദേശീയ അടിമത്വത്തില്‍ കഴിയാനും മടിയില്ലാത്തവരുണ്ട്‌. അവരെ മതതീവൃവാദികള്‍ എന്ന്‌ വിളിക്കാം. ക്രിസ്‌തുമതത്തിന്‌ ആധിപത്യം ഉണ്ടാകുമെന്ന്‌ കരുതി ബ്രിട്ടീഷ്‌ ഭരണം ഭാരതത്തില്‍ നിലനില്‍ക്കാന്‍ രഹസ്യമായി പ്രാര്‍ത്ഥിച്ചിരുന്ന ക്രിസ്‌ത്യാനികള്‍ ഉണ്ടായിരുന്നുവത്രെ, മതത്തിന്‌ വേണ്ടി സ്വാതന്ത്ര്യം ബലികഴിക്കാന്‍ തായ്യാറായവര്‍. സ്വാതന്ത്ര്യത്തിനു ശേഷം രാമരാജ്യം സ്വപ്‌നം കണ്ടിരുന്ന ഹിന്ദുക്കളും മേല്‍ പറഞ്ഞ ക്രിസ്‌ത്യാനികളും തമ്മില്‍ വ്യത്യാസമൊന്നുമിക്ല. പാകിസ്‌ഥാന്‍ ഇന്‍ഡ്യ ആക്രമിച്ചപ്പോള്‍ പാകിസ്‌ഥാന്റെ വിജയത്തിനു വേണ്ടി നിസ്‌കരിച്ച കുറെ മുസ്ലിംങ്ങളും ഉണ്ടായിരുന്നെത്രെ. മതതീവൃതയുടെ വികൃതമായ മുഖം കാണുന്നത്‌ അസഹ്യമാണെങ്കിലും അത്‌ ഒഴിവാക്കാന്‍ പലപ്പോഴും സാധിക്കുന്നില്ല. എന്നാല്‍ `സ്വരാജ്‌ എന്റെ ജന്മാവകാശമാണ്‌, ഞാനത്‌ നേടുകയും ചെയ്യും' എന്ന്‌ സിംഹഗര്‍ജ്‌ജനം മുഴക്കിയ ബാലഗംഗംഗാധര തിലകനോട്‌ല്‌പകൈകോര്‍ത്ത്‌ പിടിക്ലു നിന്നുകൊണ്ടാണ്‌ എല്ലാ വിഭാഗങ്ങളിലും പെട്ട ബഹുഭൂരിപക്ഷം ജനങ്ങളും സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയത്‌. മതപരമായ വിവേചന ചിന്തയല്ല, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആവേശമാണ്‌ അവരെ നയിച്ചത്‌.

ചരിത്രപഠനങ്ങള്‍ സാമൂഹികപ്രശ്‌നങ്ങളുടെ അപഗ്രന്ഥനത്തിന്‌ സഹായമായേക്കും. സാഹിത്യകൃതികളുടെ ആവര്‍ത്തിച്ചുള്ള പഠനങ്ങള്‍ നവീനങ്ങളായ അര്‍ത്ഥതലങ്ങള്‍ വെളിപ്പെടുത്തുന്നതു പോലെ ആവര്‍ത്തിച്ചുള്ള ചരിത്രപഠനങ്ങള്‍ ജനങ്ങളെ ബോധവല്‍ക്കാനും അവരെ സംസ്‌കാരസമ്പന്നരുമാക്കി നേര്‍വഴിക്ക്‌ നടത്താനും സഹായിച്ചെന്നിരിക്കും. സവര്‍ണ്ണരുടെ അക്രമങ്ങള്‍, അധികാരി വര്‍ഗ്ഗത്തിന്റെ അഴിഞ്ഞാട്ടം, ചൂഷണത്തിന്റേയും പീഡനത്തിന്റേയും അധീശത്വം ഇവയിലൊക്കെ അകപ്പെട്ടു പോയ മറ്റു വിഭാഗത്തിന്റെ രക്ഷക്കെന്നോണം ബുദ്ധമതം ഉയര്‍ന്നു വന്നെങ്കിലും ആ മതത്തിന്‌ ഭാരതത്തില്‍ നിലനില്‍ക്കാന്‍ സാധിച്ചില്ല. ഉപരിവര്‍ഗ്ഗത്തിന്‌ ആ മതത്തെ ചവിട്ടിത്താഴ്‌ത്താന്‍ സാധിച്ചു. ഹിന്ദുമതത്തിന്റെ ആധിപത്യം സ്‌ഥാപിക്കപ്പെട്ടു. വിദേശീയരുടെ വരവോടി കൂടി ഹിന്ദുമതത്തിന്റെ അതിരുകള്‍ ചുരുങ്ങാന്‍ തുടങ്ങി. പുതിയ മതത്തിന്റെ ശക്‌തമായ ഒഴുക്കില്‍ പെട്ട്‌ ഒലിച്ചു പോയ ലോകമതങ്ങളെ പോലെ കേരളത്തിലെയെന്നല്ല, ഇന്‍ഡ്യയിലെ തന്നെ കടലോര-മലയോര നിവാസികളൂടേയും അതേ പോലെ പല വിഭാഗങ്ങളുടേയും മതങ്ങള്‍ക്ക്‌ മാറ്റം വന്നു. മതം മാറിയല്ലൊ എന്നു കരുതി മതം ഇല്ലാതായില്ല. ഒരു മതത്തിന്റെ സ്‌ഥാനത്ത്‌ മറ്റൊരു മതം. അത്രമാത്രം.

`മറ്റു മതങ്ങളൊക്കെ അസത്യമാണെന്നോ, അസത്യമെന്ന്‌ കരുതത്തക്കവണ്ണം കളങ്കപൂര്‍ണ്ണമെന്ന്‌ വിചാരിക്കുന്നതു കൊണ്ടോ ആണ്‌ നിങ്ങള്‍ക്ക്‌ വിഷമമുണ്ടാകുന്നത്‌. ഇതരമതങ്ങളില്‍ മിന്നിത്തിളങ്ങുന്ന സത്യത്തിന്‌ നേരെ നിങ്ങള്‍ കണ്ണടക്കുന്നു. ആ സത്യം ആ മതത്തില്‍ പെട്ടവര്‍ക്ക്‌ ആനന്ദവും ശാന്തിയും പ്രദാനം ചെയ്യുന്നുണ്ട്‌. ഞാന്‍ അനുഭവിക്കുന്ന ശാന്തിയും സമാധാനവും സമചിത്തതയും പ്രധാനമായും ഗീതയില്‍ കൂടിയാണ്‌ എനിക്ക്‌ ലഭിച്ചിട്ടുള്ളത്‌. ലോകത്തിലെ ഇതര മതഗ്രന്ഥങ്ങള്‍ ഭക്‌തിപൂര്‍വ്വം, സഹഭാവപൂര്‍വ്വം പരിഗണിക്കണമെന്ന്‌ ഞാന്‍ എന്റെ ക്രിസ്‌ത്യാനി സുഹൃത്തുക്കളെ ഉപദേശിച്ചിട്ടുണ്ട്‌. മതപരിവര്‍ത്തനത്തിനു വേണ്ടി രഹസ്യമായി പോലും പ്രാര്‍ത്ഥിച്ചു കൂട''. മേലുദ്ധരിച്ചത്‌ ഗാന്ധിജിയുടെ വക്കുകളാണ്‌. മതേതരരാഷ്‌ട്രമായ ഇന്‍ഡ്യയില്‍ ഏതൊരാള്‍ക്കും ഏതു മതം വേണമെങ്കിലും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്‌. വിദേശീയര്‍ ഇന്‍ഡ്യ ഭരിച്ചു കൊണ്ടിരുന്നപ്പോള്‍ പീരങ്കിയുടേയും വാല്‍മുനയുടേയും മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനം ചെയ്‌തതു പോലെ ഇന്ന്‌ നടക്കുന്നില്ല. അന്യമതത്തിലുള്ള വിശ്വാസം മനസ്സില്‍ വേരുറക്കുമ്പോഴാണ്‌ മതം മാറുന്നതെങ്കില്‍ അവരെ അവരുടെ വഴിക്ക്‌ വിട്ടേക്കണം. അവരുടെ നേരെ അക്രമങ്ങള്‍ അഴിച്ചു വിടുന്നത്‌ സനാതനധര്‍മ്മത്തിന്‌ ചേര്‍ന്നതല്ല. തീവൃവാദികള്‍ സനാതനധര്‍മ്മത്തില്‍ നിന്ന്‌ വ്യതിചലിച്ച്‌ സനാതനമല്ലാത്ത എത്രയോ കാര്യങ്ങള്‍ ചെയ്യുന്നു. അവര്‍ ഒരു മിഷ്യനറിയേയും അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളേയും കൊന്നു കളഞ്ഞു. മതമേധാവികളും ഭരണനേതൃത്വവും ഇങ്ങനെയുള്ളവരെ കൗശലപൂവ്വം രക്ഷിക്കുന്നത്‌ അനിഷ്‌ടസംഭവങ്ങള്‍ തുടരാന്‍ ഇടവരുത്തുകയേയുള്ളൂ. `അഹിംസാ പരമോ ധര്‍മ്മാ' എന്ന്‌ വിശ്വസിക്കുന്ന ഹിന്ദുമതത്തിന്റെ നാട്ടില്‍, സത്യം, സമത്വം, സാഹോദര്യം എന്നീ ഉദാത്ത ഭാവനകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഭാരതത്തില്‍ എല്ലാമതങ്ങള്‍ക്കും വേരുറക്കാനും വളരാനും അവസരം ലഭിച്ചിട്ടുണ്ട്‌. അതിനെ ഹനിക്കത്തക്ക വിധത്തില്‍ ആസൂത്രിതമായ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഭാരതീയ സംസ്‌കാരത്തിന്റെ തേജോമയമായ മുഖച്‌ഛായക്ക്‌ മങ്ങലേല്‍പ്പിക്കും. ഇന്ദ്രിയങ്ങളുമായി ചേര്‍ന്ന്‌ ബാഹ്യലോകത്തെ കാഴ്‌ചകള്‍ കണ്ട്‌ അതില്‍ മേളിച്ചു നടക്കുന്ന മനസ്സാണ്‌ എല്ലാത്തിനും കളമൊരുക്കുന്നത്‌. അതുകൊണ്ട്‌ മനസ്സിനെ നിയന്ത്രിച്ച്‌ ഈശ്വരനിലേക്ക്‌ തിരിച്ചു വച്ചാല്‍ നല്ലവരായി ജീവിക്കാന്‍ സാധിക്കും. കൃഷ്‌ണന്‍ അര്‍ജ്ജുനനോട്‌ പറയുന്നതു കേള്‍ക്കൂ. നിന്റെ മനസ്സ്‌ എന്റേതായിത്തിരട്ടെ, നീ എന്റെ ഭക്തനായിരിക്കുക. നിന്റെ പ്രവൃത്തികളെല്ലാം എനിക്കു വേണ്ടിയുള്ളതായിത്തിരട്ടെ. ത്വം മേ ഭക്തഃ സഖാ ച അസി - നീ എന്റെ ഭക്തനും സഖാവുമാകുന്നു എന്നു കൂടി പറയുന്നു. കാരണം ഗുരുവിന്റേയും ശിഷ്യന്റേയും താല്‌പര്യങ്ങള്‍ക്ക്‌ വൈജാത്യമോ വൈരുദ്ധ്യമോ ഉണ്ടാകാന്‍ പാടില്ല. മാനസികവും വൈകാരികവും ആദ്ധ്യാത്മികവുമായി ഗുരു ശിഷ്യന്മാര്‍ ഒന്നിനൊന്ന്‌ അനുരൂപമായി ചേരണം.?കൃഷ്‌ണന്റെ സ്‌ഥാനത്ത്‌ ഓരോരുത്തരും അവരവരുടെ വിശ്വാസത്തിലുള്ള ശക്‌തിയിലേക്ക്‌ മനസ്സ്‌ തിരിച്ച്‌ വയ്‌ക്കാവുന്നതാണ്‌. പരമാത്മദര്‍ശനമില്ലാത്തതുകൊണ്ടാണ്‌ സാര്‍വ്വലൗകികമായ നന്മയും സ്‌നേഹവും തിരിച്ചറിയാനുള്ള ശക്തി നശിച്ചു പോകുന്നതും ആത്മാനന്ദത്തിലേക്ക്‌ മനസ്സിനെ തിരിച്ചു വിടാന്‍ സാധിക്കാതെ പോകുന്നതും.മതവുമായി ക്രമാതീതമായി പറ്റിച്ചേര്‍ന്നു നില്‍ക്കുകയും മതത്തിന്റെ കാഴ്‌ചപ്പാടില്‍ മാത്രം സാമുഹികജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുന്നവര്‍ തീവൃവാദികള്‍ എന്നതിനു പുറമെ മനഃശാസ്ര്‌തപരമായി മനോരോഗികളം കൂടിയാണ്‌. മതതീവൃവാദികളുടെ എണ്ണം കൂടുന്തോറും മനോരോഗികളുടെ എണ്ണവും വര്‍ദ്ധിക്കുന്നതുകൊണ്ട്‌ സമൂഹത്തില്‍ അസ്വസ്‌ഥതകള്‍ വര്‍ദ്ധിക്കുന്നു. വെറും ന്യൂനപക്ഷം ചെയ്യുന്ന അനാശാസ്യപ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ ഇടിഞ്ഞു വീഴുന്നത്‌ രാജ്യത്തിന്റെ അഭിമാനമാണ്‌. അതുകൊണ്ട്‌ ഇത്തരം അസ്വസ്‌ഥചിത്തരെ വിദ്യുത്‌ പ്രസരണത്തിനോ അല്ലെങ്കില്‍ മറ്റു ചികത്സക്കൊ ആയി മാറ്റി നിര്‍ത്തി ഭാരതത്തിന്റെ ഭാവി സുരക്ഷിതമാക്കേണ്ടതാണ്‌.

മുമ്പേ പോയവര്‍ വാരിവിതറിയത്‌ സ്‌നേഹത്തിന്റെ വിത്തുകളായിരുന്നു. യേശുദേവന്റെ സ്‌നേഹഗീതികള്‍ പാടി നടക്കാന്‍ പാകത്തിന്‌ മനസ്സിനെ പാകപ്പെടുത്തണമെന്ന്‌ നിര്‍ദ്ദേശിച്ചു കൊണ്ട്‌ സ്‌നേഹത്തിന്റെ ദൂതുമായി ളോഹ ധരിച്ച പുരോഹിതന്മാര്‍ ഭാരതത്തിന്റെ മണ്ണിലൂടെ യഥേഷ്‌ടം സഞ്ചരിച്ചിട്ടുണ്ട്‌. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുന്നതിന്‌ വലുപ്പചെറുപ്പത്തിന്റേയോ, ജാതിമതഭേദങ്ങളുടേയോ പ്രശ്‌നം ഉദിക്കുന്നില്ല. കേരളത്തിലെ ജാതിവ്യവസ്‌ഥിതിയിലെ ഉപരിവര്‍ഗ്ഗത്തിന്റെ അധീശത്വം അസ്‌തമിച്ചു കഴിഞ്ഞു. വിവിധ ജാതി-മതങ്ങളില്‍ നിന്ന്‌ മതം മാറി ഒരു സമൂഹമായപ്പോള്‍ തങ്ങളുടെ പാരമ്പര്യം ഉന്നതവര്‍ഗ്ഗ പരമ്പരയില്‍ പെട്ടതാണ്‌ എന്ന്‌ അവകാശപ്പെടുന്നത്‌ ക്രിസ്‌ത്യാനികളുടെ ഇടയില്‍ തന്നെ ഉപരിവര്‍ഗ്ഗത്തെ സൃഷ്‌ടിക്കാനാണോ? ഈ പ്രവണത മതപരിവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തിലും ഉണ്ടായിരുന്നു. ഉദയം പേരൂര്‍ സുനഹദോസിലോ അതിന്റെ പരിണിതഫലമായി നടന്ന, നസ്രാണിസഭ രണ്ടായി പിരിഞ്ഞ കൂനന്‍ കുരിശ്‌ സത്യത്തിലോ വെച്ചോ ആണെന്നു തോന്നുന്നു ഈ പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടുകയും വന്ന വഴിയിലേക്ക്‌ തിരിഞ്ഞു നോക്കി ആഭിജാത്യത്തിന്റെ പേരു പറഞ്ഞ്‌ ആധിപത്യം സ്‌ഥാപിക്കാനോ പരിഹസിക്കാനോ ശ്രമിക്കാതെല്‌പയേശുദേവന്റെ സ്‌നേഹ സന്ദേശം പ്രചരിപ്പിക്കണം എന്ന ആഹ്വാനമുണ്ടായത്‌. എന്നാല്‍ അത്‌ എല്ലാവരും അനുവര്‍ത്തിക്കുന്നില്ല എന്നതിന്‌ ഉദാഹരണങ്ങള്‍ നിരവധി. തങ്ങളുടെ പൂര്‍വ്വീകര്‍ ഇറങ്ങിപ്പോന്നത്‌ ഇക്ലങ്ങളില്‍ നിന്നാണെന്ന്‌ അവര്‍ സ്‌ഥാപിക്കാന്‍ ശ്രമിക്കുന്നു. പുതിയ ആകാശം പുതിയ ഭൂമി. അതില്‍ ആനന്ദം കണ്ടെത്തുന്നതാണ്‌ ഉചിതം. മതം മാറി ക്രിസ്‌ത്യാനിയായ ഒരാളുടെ പാരമ്പര്യം എന്തു തന്നെ ആയിരുന്നാലും അതിന്‌ എന്താണ്‌ പ്രസക്‌തി? മഹത്തായ സ്‌നേഹ സന്ദേശങ്ങള്‍ ക്രിസ്‌തുമതത്തിലുണ്ട്‌. യേശുദേവന്റെ സ്‌നേഹഗീതം പാടി നടക്കുന്ന അനുയായികള്‍ അതില്‍ അഭിമാനിക്കുന്നതാണ്‌ അഭികാമ്യം. ഏതു മതസ്‌ഥരായാലും സ്വന്തം മതവിശ്വാസങ്ങളില്‍ ഉറച്ചു നിന്നു കൊണ്ട്‌ മറ്റു മതസ്‌ഥരേയും ജാതിയേയും പരിഹസിക്കാതെ സ്‌നേഹിക്കാന്‍ സാധിക്കണം. `സൂര്യപ്രഭയില്‍ വെട്ടിത്തിളങ്ങുന്ന പൊന്‍ കുരിശും, മാനം മുട്ടി നില്‍ക്കുന്ന പള്ളിയും, അതിന്‌ എതിര്‍ വശത്ത്‌ ജീര്‍ണ്ണിച്ച ഒരമ്പലവും, അവിടെ ഓടി നടക്കുന്ന കുറെ ചാവാലി പട്ടികളും' എന്ന്‌ കവി പാടിയത്‌ ശരിയായിരിക്കാം. പക്ഷെ അതില്‍ പരിഹാസത്തിന്റെ പരിസ്‌ഫുരണമുണ്ട്‌. അതാണ്‌ ഒഴിവാക്കേണ്ടത്‌. ഭാരതം എന്റെ നാടാണ്‌, എല്ലാവരും ഭാരതമാതാവിന്റെ മക്കളാണ്‌, എല്ലാ ഭാരതീയരും സഹോദരി സഹോദരന്മാരാണ്‌ എന്നു സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത്‌ കുട്ടികള്‍ പഠിക്കുന്നു. എന്നാല്‍ കുട്ടികള്‍ വളര്‍ന്നു കഴിയുമ്പോള്‍ അവരുടെ ചിന്താഗതിക്ക്‌ മാറ്റം വന്നാല്‍ രാഷ്‌ട്രീയ അഖണ്ഡത എവിടെ, ദേശീയബോധമെവിടെ? നമിക്കിലുയരാം നടുകില്‍ തിന്നാം നല്‍കുകില്‍ നേടീടാം എന്ന പ്രേമസംഗീതം വിസ്‌മരിച്ചു കൂട.

യേശുദേവന്റെ നിന്നെ പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക എന്ന ദര്‍ശനത്തോട്‌ ചേര്‍ത്തു വയ്‌ക്കാവുന്നതാണ്‌ നാരായണഗുരുവിന്റെ മതമേതായാലും മനുഷ്യന്‍ നാന്നായാല്‍ മതി എന്ന സൂക്‌തം. ജാതി, മതം, ദൈവം എന്നിവക്കൊക്കെ നാരായണഗുരു സ്വന്തം കാഴ്‌ചപ്പാടില്‍ തന്റെ രചകളിലൂടെ നിര്‍വ്വചനങ്ങള്‍ നല്‍കിയിട്ടുണ്ട്‌. ഗുരു ഒന്നിനേയും നിഷേധാത്മകമായി കണ്ടിട്ടില്ലെന്ന്‌ മനസ്സിലാക്കണമെങ്കില്‍ ഗുരുവിന്റെ രചനകളിലൂടെ കടന്നു പോകണം. ഗുരുവിനെ നിരീശ്വരവാദിയായി ചിത്രീകരിക്കുന്നത്‌ അജ്‌ഞത മൂലമാണ്‌. അതിന്റെ പിന്നിലൂള്ള കൗശലം മനസ്സിലാക്കതെ അവരെ അഭിനന്ദിക്കുന്നവര്‍ സമൂദായ നേതാക്കന്മാരോ അല്ലെങ്കില്‍ ആരു തന്നെയായിരുന്നാലും അവര്‍ ഗുരുവിനെ മനസ്സിലാക്കാത്തവരാണ്‌. യുക്‌തി ഭാരതീയ ആദ്ധ്യാത്മികതയില്‍ ഉണ്ടെന്നത്‌ ശരി തന്നെ. എന്നാല്‍ വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണെന്ന്‌ ഉല്‍ഘോഷിച്ചു കൊണ്ട്‌ സര്‍വ്വമത സമ്മേളനം വിളിക്ലു കൂട്ടിയ നാരായണ ഗുരുവിന്റെ ജീവിതത്തില്‍ വാദത്തിന്‌ സ്‌ഥാനമില്ലായിരുന്നു. ആദ്ധ്യാത്മികതയുടെ ഔന്നത്യത്തില്‍ എത്തിയ ഗുരു ആ ദര്‍ശനം ജനങ്ങളിലേക്ക്‌ പകര്‍ന്നു കൊടുത്തത്‌ വാദങ്ങളിലൂടെയല്ല, മിതഭാഷണത്തിലുടേയും ഉല്‍കൃഷ്‌തമായ രചനകളിലൂടേയുമാണ്‌. നാം ജാതിയും മതവും വിട്ടിരിക്കുന്നു എന്ന്‌ ഗുരു പറഞ്ഞത്‌ ജനങ്ങള്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന നിലവിലിരുന്ന ജാതി-മതങ്ങളെ ഉദ്ദേശിച്ചാണ്‌. ഗുരുവിന്റെ ജാതി-മത സങ്കല്‌പം എത്രയോ വ്യത്യസ്‌ഥമാണ്‌. ഗുരു വിട്ടു കളഞ്ഞത്‌ ജാതിമതഭേദചിന്തകളാണ്‌. വിദേശത്തു നിന്നുള്ള കുടിയേറ്റക്കാരെ ഒഴിച്ചു നിര്‍ത്തിയാല്‍ കേരളത്തിലെ മുസ്ലിംങ്ങളും ക്രിസ്‌ത്യാനികളും ഹിന്ദുമതത്തിലെ വിഭിന്ന ജാതികളില്‍ നിന്ന്‌ മതം മാറിയവരാണ്‌. അപ്പോള്‍ മതം മാറിയല്ലോ എന്നല്ലേ പറയാന്‍ കഴിയൂ. കൗശലക്കാര്‍ അതിനെ ദുര്‍വ്യാഖ്യാനം ചെയ്‌ത്‌ സമൂഹത്തില്‍ ചിന്താക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത്‌ ചാതുര്‍ വര്‍ണ്ണ്യം മയാ സൃഷ്‌ടം--- എന്ന ഗീതാശ്ശോകം ദുര്‍വ്യാഖ്യാനം ചെയ്‌തതു പോലെയാണ്‌. അരുവിപ്പുറത്ത്‌ ഗുരു ഈഴവശിവനെയാണ്‌ പ്രതിഷ്‌ഠിച്ചതെന്ന്‌ ഗുരു തന്നെ യുക്‌തിവാദത്തിന്റെ ഭാഗമായി പറഞ്ഞതായി പ്രചരിപ്പിക്കുന്നവരുണ്ട്‌. എന്നാല്‍ ജാതി-മതവികാരങ്ങള്‍ക്ക്‌ അതീതമായ അദൈ്വത സിദ്ധാത്തില്‍ അടിയുറക്ലു നിന്നു കൊണ്ട്‌ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന്‌ ഉല്‍ഘോഷിച്ച നാരായണഗുരു ജാതീയതയോ മതവിവേചനമോ സ്‌ഫുരിക്കുന്ന വാക്കുകള്‍ ഉച്ഛരിക്കുകയില്ല എന്ന്‌ മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി. ഏകലോകം മാനവികത വിഭാവന ചെയ്‌ത്‌ സമാനതയുടെ സന്ദേശം പരത്തിയ നാരായണഗുരുവിന്റെ സാര്‍വ്വലൗകികത മനസ്സിലാക്കാന്‍ ശ്രമിക്കുക. മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം ഈശ്വരസാക്ഷാത്‌ക്കാരമാണ്‌- ഈശ്വരനുമായി താദാത്മ്യം പ്രാപിക്കല്‍. നാരായണഗുരു കണ്ണാടിയില്‍ ഓം എന്നെഴുതി പ്രതിഷ്‌ഠിച്ചതിനു ശേഷമാണ്‌ ക്ഷേത്രങ്ങള്‍ വിദ്യാലയങ്ങളാകട്ടെ എന്ന്‌ പറഞ്ഞത്‌. ഓംങ്കാരത്തെ തൊട്ടറിഞ്ഞാല്‍ പിന്നെ മറ്റൊന്നിന്റേയും ആവശ്യമില്ല. ഓംങ്കാരത്തിലേക്ക്‌ അല്ലെങ്കില്‍ പൂര്‍ണ്ണത്തിലേക്കുള്ള ചവിട്ടു പടികളായി ക്ഷേത്രങ്ങളെ കണ്ടാല്‍ മതി. ഈശ്വരാനുഭൂതി അനുഭവവേദ്യമായാല്‍ പിന്നെ ആ അനുഭൂതിയുടെ സന്ദ്രതയില്‍ തന്നെ `ആഴണം വാഴണം നിത്യം, വാഴണം വാഴണം സുഖം' എന്നേ തോന്നൂ. നാരായണഗുരുവിന്റെ ദര്‍ശനങ്ങളും മതേതരത്വത്തെ പ്രകാശിപ്പിക്കുന്നതാണ്‌.

മതേതരത്വത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ പരസ്‌പരാദരവിന്റെ ശൈലി വളര്‍ത്തിയെടുക്കണം. മുഖംമൂടി ധരിച്ച്‌്‌ സഹജീവികളെ അപഹസിക്കുകയല്ല വേണ്ടത്‌. അതില്‍ യാതൊരു മതത്വവുമില്ല. ഭാരതം എന്നും സാസ്‌കാരിക പാരമ്പര്യം കാത്തു സൂക്ഷിക്കും. കുറച്ചു മതഭ്രാന്തന്മാരും ചൂഷകരും മതതീവൃവാദികളും ആര്‍ഷസംസ്‌കാരത്തിന്റെ പരിശുദ്ധിയേയും ആദര്‍ശത്തേയം അശുദ്ധമാക്കാന്‍ ശ്രമിച്ചാലും അത്‌ ഫലപ്രദമാവുകയില്ല. നാഥുറാം ഗോഡ്‌സെ ഗാന്ധിജിയെ വെടിവച്ചു കൊന്നത്‌ മതഭ്രാന്തു കൊണ്ടു തന്നെ.

ഗോഡ്‌സെ ചെയ്‌ത ക്രൂരകൃത്യത്തിന്റെ ഫലമായി കുറെ ഹിന്ദു തീവ്രവാദികള്‍ ഒഴികെ ഭാരതീയര്‍ മുഴുവന്‍ ദുഃഖം അനുഭവിച്ചവെങ്കിലും ഗോഡ്‌സെയുടെ നിഷ്‌ഠുരത ഭാരതത്തിന്റെ അഖണ്ഡതയെ ബാധിച്ചില്ല. കുരുക്ഷേത്രം ധര്‍മ്മക്ഷേത്രം. എത്രയോ അനീതികള്‍ക്കും അക്രമങ്ങള്‍ക്കും സാക്ഷ്യം വഹിക്ല കുരുക്ഷേത്രത്തില്‍ ധര്‍മ്മം മാത്രമേ ജയിക്ലിട്ടുള്ളു. ഗാന്ധിജിയും ബുദ്ധനും പിറന്ന മണ്ണ്‌, വേദങ്ങളും ഉപനിഷത്തുക്കളും ജനിച്ച മണ്ണ്‌, അദൈ്വതം ഉല്‍ഘോഷിച്ച നാട്‌. അതാണ്‌ ഭാരതം. അവിടെ മതേതരത്വം എക്കാലവും പൂവണിഞ്ഞു നില്‍ക്കും.
ഇന്‍ഡ്യന്‍ മതേതരത്വത്തിന്‌ എക്കാലവും കളങ്കമില്ല (വാസുദേവ്‌ പുളിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക