Image

മോഹങ്ങള്‍ വെറുതെയാവുമ്പോള്‍- ലേഖനം(രാജു ചിറമണ്ണില്‍)

രാജു ചിറമണ്ണില്‍, ന്യൂയോര്‍ക്ക് Published on 26 September, 2015
മോഹങ്ങള്‍ വെറുതെയാവുമ്പോള്‍- ലേഖനം(രാജു ചിറമണ്ണില്‍)
മഞ്ഞനിറം പൂണ്ട വെയില്‍ നാളങ്ങള്‍ക്കിടക്കിടയിലൂടെ ഊര്‍ന്നു കയറിയ ചെറുകാറ്റ് ജനല്‍ കര്‍ട്ടനുകള്‍ വകഞ്ഞു മാറ്റി മുറിയില്‍ ഒരു വലംവെച്ച് പുറത്തേക്കിറങ്ങാന്‍ ഭാവിച്ചപ്പോള്‍ ഒരു ബോധോദയത്തിലെന്നപോലെ അയാള്‍ കണ്ണുതുറന്നു. പുറത്തെ പനിനീര്‍ ചെമ്പകത്തില്‍ നിന്നും അടര്‍ന്നു വീണ പൂക്കളെ തഴുകി അയാളുടെ കണ്ണുകള്‍ ആകാംക്ഷയോടെ ആ ചെറുകിളി കൂടിനുള്ളിലേക്ക് ഊഴ്ന്നിറങ്ങി.

മൂന്നു നാലു ദിവസത്തെ തോരാത്ത മഴമൂലം ഒന്നും കാണാമായിരുന്നില്ല. മൂടിക്കെട്ടിയ ആകാശത്തിനു കീഴെ കെട്ടിപ്പിണരുന്ന മൂടല്‍മഞ്ഞ് അല്പമായി ഉരുകി ഇറങ്ങാന്‍ തുടങ്ങുന്നതേയുള്ളൂ. പകുതി എരിഞ്ഞടങ്ങിയ സൂര്യന്റെ മഞ്ഞനൂല്‍ കിരണങ്ങള്‍ മൂടല്‍മഞ്ഞിനെ തോല്പിക്കാനായി നന്നെ പണിപ്പെടുന്നതായി അയാള്‍ക്കു തോന്നി. കുറെ ദിവസത്തിനുള്ളില്‍ തന്റെ ദിവസങ്ങള്‍ പിറക്കുന്നത് തന്നെ ഈ കിളിക്കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ടാണ്. 

നഴ്‌സിങ്ങ് ഹോമിന്റെ ഇളംചന്ദനക്കളറുള്ള സീലിങ്ങില്‍ നോക്കി എത്രനേരം കിടക്കും? പകുതി തുറന്ന ജനാലയ്ക്കരികിലേക്ക് വീല്‍ചെയര്‍ നീക്കിയിട്ട് തനിക്കേറ്റവും ഇഷ്ടമുള്ള പുസ്തകവും തുറന്ന് വായിക്കാന്‍ തുടങ്ങുമ്പോഴാണ് പുറത്തെ പനിനീര്‍ ചെമ്പകത്തിന്റെ ചെറുചില്ലയില്‍ പതിവില്ലാത്ത അനക്കം. എവിടെ നിന്നോ പറന്നെത്തിയ ചെറുകിളിയുടെ ചുണ്ടില്‍ ഉണങ്ങിയ പുല്‍ക്കൊടിയും, ഏതാനും ചെറുചില്ലകളും ആകാംക്ഷഭരിതമായ മനസ്സോടെ നോക്കിയിരുന്നത് എത്രനേരമെന്നറിയില്ല - പുറത്ത് വേനല്‍ സന്ധ്യ - പാതി തീര്‍ന്ന ആ കൂട്ടില്‍ രാപാര്‍ക്കാനൊരുങ്ങുന്ന ഇണക്കുരുവികള്‍.
മനസ്സിന്റെ കോണില്‍ കാലത്തിന്റെ സൂചികള്‍ പിമ്പോട്ടു തിരിഞ്ഞു. എത്രയോ നാളുകള്‍ക്കു മുമ്പാണ് താനും ഇതുപോലെ ഈ ദേശത്ത് ചകിരിയും, ചില്ലകളും കൂട്ടി ഒരു കൂടുമെനയാന്‍ തുടങ്ങിയത്. ഏതാണ്ടൊരു നാലു പതിറ്റാണ്ടു കഴിഞ്ഞു കാണും.

വൈകിട്ടത്തെ ഭക്ഷണവും കൊണ്ട് കിച്ചണില്‍ നിന്നുള്ള സ്റ്റാഫ് എത്തി. മുറിയില്‍ ഇരുട്ട് പടരാന്‍ തുടങ്ങിയതുകൊണ്ടാവാം ഒന്നും ചോദിക്കാതെ സ്വിച്ച് ഓണ്‍ ചെയ്തു. തന്റെ ഓര്‍മ്മകളെ മുറിച്ചിട്ടു പോയ അയാളോട് മനസ്സില്‍ ദേഷ്യം തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല. തനിക്കാകെ സംരക്ഷകന്‍ എന്നു പറയാന്‍ ഇവര്‍ മാത്രമേയുള്ളുവല്ലോയെന്നുള്ള തോന്നലില്‍ വിദ്വേഷം ഒലിച്ചുപോയി. ടേബിളിനടുത്തേക്ക് വീല്‍ചെയര്‍ തള്ളിനീക്കി അയാള്‍ പോയി. ഇനിയും ഭക്ഷണം കോരിത്തരാന്‍ നഴ്‌സിങ്ങ് അസിസ്‌ററന്റ്‌സ് വരും. കണ്ണുകളടച്ച് മുറിഞ്ഞുപോയ കഴിഞ്ഞകാലത്തിന്റെ ഓര്‍മ്മകളിലേക്ക് മനസ്സ് ഊര്‍ന്നു വീഴാന്‍ തുടങ്ങുമ്പോള്‍ ഗുഡ് ഈവിനിങ്ങ് എന്നും പറഞ്ഞ് അവളെത്തി.

തനിക്ക് ഭക്ഷണം കോരിത്തരാന്‍ നിയോഗിക്കപ്പെട്ട സുനന്ദ എന്ന മലയാളിപ്പെണ്‍കുട്ടി. ആഴ്ചയില്‍ മൂന്നു ദിവസം വന്നുപോകുന്ന ഈ പെണ്‍കുട്ടിയാണ് തന്റെ ഈ നഴ്‌സിങ്ങ് ഹോമിലെ ജീവിതത്തില്‍ അല്പമെങ്കിലും അര്‍ത്ഥം നല്‍കുന്നത്.

ഭക്ഷണവും നല്‍കി, പതിവ് കുശലാന്വേഷണങ്ങളും കഴിഞ്ഞ് മുറിയുടെ വാതില്‍പ്പാളി പതിയെ ചാരി അവള്‍ കടന്നു പോകുമ്പോള്‍, പനിനീര്‍ ചെമ്പകത്തിന്റെ ചില്ലകളില്‍ കൂടുകൂട്ടിയ ആ കിളിക്കൂട് മനസ്സില്‍ ഓടിയെത്തി.

രണ്ടു മൂന്നു ദിവസമായി കൂട്ടില്‍ അനക്കം കേട്ടിട്ട്. ചിറകടിച്ചു പറക്കാന്‍ വെമ്പുന്ന മൂന്നു കിളിക്കുഞ്ഞുങ്ങള്‍-മഴയിലെങ്ങാനും തകര്‍ന്നുവീണുകാണുമോ?? അതോ പറന്ന് അനന്തതയിലേക്ക് പോയിരിക്കുമോ??

ഒറ്റ മുറി മാത്രമുള്ള അപ്പാര്‍ട്ടുമെന്റിലെ അസൗകര്യങ്ങള്‍ ആദ്യം അത്ര കണക്കാക്കിയില്ല- ചെറുചില്ലകള്‍ കൂട്ടിയിണക്കുമ്പോള്‍ കാറ്റും, മഴയും ഏല്ക്കാത്ത ഒരു കിളിക്കൂടായിരുന്നു മനസ്സില്‍.
അമ്മക്കിളിയും, അപ്പക്കിളിയും ഇല്ലായ്മകളെ മറന്ന്, നാളത്തെ നല്ല നാളുകള്‍ക്കായി ഒരുമെയ്യായി അധ്വാനിച്ചപ്പോള്‍ കൂട് കൂടുതല്‍ ഭദ്രവും, ഉറപ്പുള്ളതുമായി.

സുനന്ദ പിന്നെയും വന്നു. ബെഡ്ഡില്‍ പോകാന്‍ നേരമായി. ഒന്നും പറയാതെ കിടക്കയിലേക്ക് തന്നെ ചരിച്ചു കിടത്തി തലയിണയില്‍ കാലുകള്‍ പൊക്കിവെച്ച് ശരീരത്തിന്റെ പകുതിഭാഗം ഷീറ്റിട്ട് ടക്കിന്‍ ചെയ്തപ്പോള്‍ ആ ചന്ദനക്കുറിയിട്ട നെറുകയില്‍ ഒന്ന് ചുംബിച്ചാലോ എന്ന് തോന്നി.
മക്കള്‍ക്കുവേണ്ടി ജീവിതത്തിന്റെ മുക്കാലും ഹോമിക്കുമ്പോള്‍ ഒന്നും തിരികെ ആഗ്രഹിച്ചിരുന്നില്ല. വല്ലപ്പോഴും പഴയ കിളിക്കൂട്ടില്‍ ഒന്നു വന്നു പോകാന്‍ - ജനിച്ചു വീണ ഉണങ്ങിയ പുല്‍ക്കൊടിയും, ചകിരിത്തുമ്പും ഒരിക്കല്‍ കൂടി പുതച്ചൊന്നുറങ്ങാന്‍ അത്രയെങ്കിലും മനസ്സുണ്ടെങ്കില്‍ മതിയായിരുന്നു. ഇപ്പോളിവിടെ….!!...

പിച്ചവെച്ചു നടക്കുമ്പോള്‍ മുതല്‍ അമ്മ അവരുടെ ചെവിയില്‍ പറയുമായിരുന്നു, “ഞങ്ങള്‍ പ്രായമാകുമ്പോള്‍ നോക്കേണ്ടവരാണു നിങ്ങള്‍”- ഇപ്പോഴോ…???

രാത്രിയുടെ ഏതോ യാമത്തില്‍ കണ്ണുകളടഞ്ഞപ്പോള്‍ കണ്‍മുമ്പില്‍ അവള്‍ വന്നു നില്‍ക്കുന്നതുപോലെ-, ചുണ്ടില്‍ ആ പഴയ ചിരി-” ങഹാ, പോകട്ടെന്ന്, നമ്മുടെ കുട്ടികളല്ലേ…അവര്‍ വരും….”

അതേ, അവര്‍ വരും… അവളെ പിന്താങ്ങി- കണ്ണുകള്‍ ഇറുക്കിയടച്ചു- ഉറക്കത്തിലേക്ക് വഴുതി വീണു.
പുറത്തെ പോക്കുവെയില്‍ ഉള്ളിലേക്ക് എത്തി നോക്കി. മേശയില്‍ രാവിലത്തെ ബ്രേക്ക് ഫാസ്റ്റ്.

കണ്ണുകള്‍ വീണ്ടും പുറത്തെ പനിനീര്‍ ചെമ്പകത്തില്‍ ചെന്നു പതിച്ചു. എവിടെ പോയിരിക്കും അവര്‍? ആകാശത്ത് വട്ടം ഇട്ടു പറക്കുന്ന ചെമ്പരുന്തിന്റെ ചുവന്നകണ്ണും, കൂര്‍ത്ത ചുണ്ടും ഈ കുഞ്ഞിക്കിളികള്‍ക്ക് അറിയില്ലല്ലോയെന്നോര്‍ത്തപ്പോള്‍ മനസ്സില്‍ ഒരു നടുക്കം.

സ്‌കൂള്‍ പഠനം കഴിഞ്ഞപ്പോഴേ പറക്കാന്‍ അവര്‍ കൊതിക്കുകയായിരുന്നു. ദൂരെയുള്ള കോളേജിലേക്ക് അവരെ മനസ്സില്ലാ മനസ്സോടെ പറഞ്ഞുവിടുമ്പോള്‍ മനസ്സ് വേദനയില്‍ നീറുകയായിരുന്നു. അടര്‍ന്നു വീഴുന്ന കണ്ണുനീരിനെ നോക്കി അവര്‍ അതിശയം കൊണ്ടപ്പോള്‍, സ്‌നേഹത്തിന് ഇത്രമാത്രം ആഴമേയുണ്ടായിരുന്നുള്ളുവോയെന്ന് ശങ്കിച്ചു. കാലം കഴിയുന്തോറും ബന്ധങ്ങളുടെ കണ്ണികള്‍ക്ക് അകലം കൂട്ടുകയായിരുന്നു. ജോലി കിട്ടി പല സ്ഥലങ്ങളിലേക്കും യാത്രയാകുമ്പോള്‍, എന്നെങ്കിലും ഈ കൂട്ടില്‍ തിരികെയെത്തുമെന്ന് കരുതി ആശ്വസിച്ചു.

സ്വന്തമായിരുന്നത് എന്നന്നേക്കുമായി പിരിഞ്ഞുപോയപ്പോഴും, ഏകാന്തതയുടെ തുരുത്തില്‍ തനിച്ചായിരുന്നപ്പോഴും, കണ്ണുവെട്ടത്തില്ലെങ്കിലും അടുത്തെവിടെയോ ഉണ്ടെന്നുള്ള അറിവായിരുന്നു ജീവിക്കാന്‍ തന്ന പ്രചോദനം. ഇന്നിപ്പോള്‍- ആശയുടെ വഴികള്‍ അസ്തമിച്ചിരിക്കുന്നു. 

പുറത്തെ പനിനീര്‍ ചെമ്പകത്തില്‍ കുഞ്ഞിക്കളികളുടെ കലപിലാ ശബ്ദം അവര്‍ എത്തിയിരിക്കുന്നു. അമ്മക്കിളിയെയും, അപ്പാവിനേയും കാണാന്‍ ചെറുചില്ലകളില്‍, ചകിരിനാരുകൊണ്ടു തീര്‍ത്ത ആ പിറന്ന വീട്ടിലേക്ക്- അന്യോന്യം കൊക്കോട് കൊക്കുരുമ്മി അവര്‍ സന്തോഷം പങ്കുവെയ്ക്കുമ്പോള്‍, അയാളുടെ മനസ്സ് പറഞ്ഞു- അപ്പാവിനെ കാണാന്‍ അവര്‍ വരാതിരിക്കില്ല. പുറത്തെ തണുത്ത കാറ്റ് ഒരു ചെറുമൂളിപ്പാട്ടിന്റെ രാഗവും പാടി മുറിയില്‍ ഒന്നു ചുറ്റി അയാളുടെ ചെവിയിലെന്തോ മന്ത്രിച്ചിട്ട് തുറന്ന ജനാലയില്‍ കൂടി പുറത്തേക്കുപോയി.

രാജൂ ചിറമണ്ണില്‍, ന്യൂയോര്‍ക്ക്



മോഹങ്ങള്‍ വെറുതെയാവുമ്പോള്‍- ലേഖനം(രാജു ചിറമണ്ണില്‍)
മോഹങ്ങള്‍ വെറുതെയാവുമ്പോള്‍- ലേഖനം(രാജു ചിറമണ്ണില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക