Image

ലോകനാര്‍കാവ്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി-82: ജോര്‍ജ്‌ തുമ്പയില്‍)

Published on 26 September, 2015
ലോകനാര്‍കാവ്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി-82: ജോര്‍ജ്‌ തുമ്പയില്‍)
എന്റെ ലോകനാര്‍ കാവിലമ്മേ...

ആ ഒരു വിളി മുഴങ്ങാത്ത വടക്കന്‍ പാട്ട്‌ സിനിമകളില്ല. കുട്ടിക്കാലത്ത്‌ നസീറിന്റെയും ജയന്റെയും സത്യന്റെയുമൊക്കെ സിനിമകളില്‍ ലോകനാര്‍കാവിലമ്മേ എന്നുള്ള ആ വിളി കര്‍ണപുടങ്ങളില്‍ ഇപ്പോഴും മുഴങ്ങുന്നു. ഭയാനകമായ ഒരു ദൃശ്യമാണ്‌ അപ്പോള്‍ മുന്നില്‍ തെളിയുന്നത്‌. ശക്തിസ്വരൂപിണിയായ ഏതോ ഒരു ക്ഷേത്രചൈതന്യത്തിന്റെ വിശ്വാസമൂര്‍ത്തിയാണതെന്ന്‌ പിന്നീട്‌ മനസ്സിലായി. പിന്നെയും തച്ചോളി ഒതേനന്‍ എന്ന വടക്കുംപാട്ടുകാരന്‍ മനസ്സിലേക്ക്‌ ഓടിയെത്തുമ്പോള്‍ ലോകനാര്‍ കാവ്‌ കാണണമെന്ന പൂതി വല്ലാതെ മനസ്സില്‍ കൊടുമ്പിരി കൊണ്ടിരുന്നു.

അങ്ങനെയൊരിക്കല്‍ കണ്ണൂരിലേക്കുള്ള യാത്രയിലാണ്‌, ആ ബോര്‍ഡ്‌ കണ്ണില്‍പ്പെട്ടത്‌. കോഴിക്കോട്‌ ജില്ലയിലെ വടകരയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ മേമുണ്ടയിലായിരുന്നു അത്‌. വടക്കന്‍പാട്ടിലൂടെ പ്രസിദ്ധമായ ലോകനാര്‍കാവ്‌. മലയും ആറും കാവും ഒത്തുചേര്‍ന്ന്‌ ലോകമലയാര്‍കാവ്‌. ലോകനാര്‍കാവ്‌ കടത്തനാട്ട്‌ തമ്പുരാക്കന്മാരുടെ പരദേവതാ ക്ഷേത്രമായിരുന്നു. ലോകനാര്‍കാവിലെ സത്യം ചെയ്യല്‍ ഏതൊരാളിന്റെയും നിരപരാധിത്വം തെളിയിക്കും വിധം വിപുലമായ ചടങ്ങായിരുന്നു. ഇപ്പോള്‍ സത്യം ചൊല്ലല്‍ മാത്രമേയുള്ളൂവത്രേ !

1500 ല്‍ അധികം വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ ലോകനാര്‍ കാവിന്റെ ചരിത്രം ആരംഭിക്കുന്നത്‌. കേരളത്തിലേക്ക്‌ കുടിയേറി താമസിച്ച ആര്യ ബ്രാഹ്മണരാണ്‌ ക്ഷേത്രം സ്ഥാപിച്ചത്‌. ഇവരുടെ പിന്തുടര്‍ച്ചകാര്‍ക്ക്‌ ഇന്നും ഇവിടെ പ്രത്യേക സ്ഥാനമുണ്ടത്രേ. ഇവരുടെ ഒപ്പം സ്‌ത്രീയുടെ രൂപത്തില്‍ കുടിയേറിയ ദേവിയെ ഇവര്‍ അമ്മയായി കാണുന്നു. കാവിന്റെ സ്ഥാപകരുടെ ഓര്‍മ്മക്കായി പ്രധാന കവാടത്തിനു വലതു വശത്ത്‌ സ്ഥാപിച്ചിട്ടുള്ള പീഠത്തില്‍ വണങ്ങി അവരുടെ അനുവാദം വാങ്ങിയ ശേഷം മാത്രമേ കാവില്‍ പ്രവേശിക്കവാന്‍ പാടുളളൂ.

വണ്ടി നേരെ ദിശാസൂചി കണ്ട റോഡിലേക്ക്‌ തിരിക്കാന്‍ ഡ്രൈവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. കടത്തനാടിന്റെ ചരിത്രമുറങ്ങുന്ന ക്ഷേത്രമായ ലോകനാര്‍ക്കാവിലേക്കാണ്‌ യാത്ര. മനസ്സ്‌ ഒന്നു ശുദ്ധമാക്കി. ആയഞ്ചേരി പഞ്ചായത്തിലാണ്‌ ക്ഷേത്രം. ക്ഷേത്രപ്പറമ്പിനു സമീപം വണ്ടി പാര്‍ക്ക്‌ ചെയ്‌തു. ആദ്യം കണ്ണില്‍പ്പെട്ടത്‌ വലിയൊരു കുളമാണ്‌. വെട്ടുകല്ലുകൊണ്ട്‌ കെട്ടിയ കുളക്കരയ്‌ക്ക്‌ വര്‍ഷങ്ങളുടെ പഴക്കം തോന്നിക്കുന്നു. വിഷ്‌ണുക്ഷേത്രം, ശിവക്ഷേത്രം, ഭഗവതിക്ഷേത്രം എല്ലാം ഇവിടെയുണ്ട്‌. ത്രിമൂര്‍ത്തികളുടെ ക്ഷേത്രമാണെങ്കിലും അറിയപ്പെടുന്ന ലോകനാര്‍കാവ്‌ എന്നാണ്‌. മുന്നില്‍ പഴക്കമേറിയ രണ്ട്‌ ആല്‍ത്തറകള്‍. തോറ്റംപാട്ട്‌ നടക്കാറുണ്ടായിരുന്ന തെക്കേത്തറ. വടക്കന്‍പാട്ടിലെ വീരനായകന്‍ തച്ചോളി ഒതേനന്‍ കളിച്ചുവളര്‍ന്ന ക്ഷേത്രാങ്കണം. ഓര്‍ത്തപ്പോള്‍ ആകെയൊരു കുളിര്‌. കുട്ടിക്കാലത്തെ ഹീറോകളായിരുന്നു ഒതേനനും മറ്റും. അവരൊക്കെ കെട്ടുകഥകളിലെ വെറും കഥാപാത്രങ്ങള്‍ മാത്രമായിരുന്നുവെന്നായിരുന്നു അന്നൊക്കെ ധാരണ. അതല്ലെന്നും ജീവിച്ചിരുന്ന വലിയ യോദ്ധാക്കളാണെന്നും അവരോടി കളിച്ച മണ്ണിലാണ്‌ ഞാന്‍ ചവിട്ടി നില്‍ക്കുന്നതെന്നും തിരിച്ചറിയാന്‍ അല്‍പ്പസമയമെടുത്തു.

കടത്തനാട്ടുരാജാവിന്റെ ഉടമസ്ഥതയിലായിരുന്ന ഈ കാവിനെക്കുറിച്ച്‌ വടക്കന്‍ പാട്ടുകളില്‍ ഏറെ വിസ്‌തരിക്കുന്നുണ്ട്‌. പക്ഷേ ആ പാട്ടുകളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രൗഢിയൊക്കെ ഇന്ന്‌ ഈ ക്ഷേത്രത്തിന്‌ കാണുന്നുണ്ടോയെന്ന്‌ സംശയമാണ്‌. പതിനാറാം നൂറ്റാണ്ടുവരെ ഹിന്ദു മുസ്ലിം സൗഹാര്‍ദ്ദം കടത്തനാട്ടില്‍ നിലനിന്നിരുന്നു. പോര്‍ച്ചുഗീസുകാരുടെ വരവോടെ മാറ്റങ്ങളായി. സാമൂതിരിയും കോലത്തിരിയും പോര്‍ച്ചുഗീസുകാരുമായി സന്ധിചെയ്‌ത്‌ മുസ്‌ളീം കച്ചവടക്കാരെ പുറംതള്ളി നീക്കിയപ്പോള്‍ ഏറ്റുമുട്ടലുകള്‍ ആരംഭിച്ചു. മുസ്‌ളീം സമുദായം തമ്പുരാക്കന്മാരെ മാനിക്കാതെ ഉപദ്രവിക്കാന്‍ തുടങ്ങി. രണ്ടുകൂട്ടരും തമ്മല്‍ വൈരം മൂത്തു. പിന്നീട്‌ അതിനൊരറുതി വന്നത്‌ കൊല്ലവര്‍ഷം 759ല്‍ ഒതേനന്റെ കാലത്താണത്രേ. ഉണ്ണിയാര്‍ച്ച കൂത്തുകാണാന്‍ പോയതും മുസ്ലീമുകളെ അമര്‍ച്ചചെയ്‌തതും നാദാപുരത്തങ്ങാടിയെ പരാമര്‍ശിക്കുന്ന വടക്കന്‍ പാട്ടിലുണ്ട്‌.

ലോകനാര്‍ കാവിലമ്മയുടെ രൂപം ശ്രീകോവിലിനു പുറത്തു നിന്നു കാണാം. ക്ഷേത്രാചാരങ്ങളെയും മര്യാദകളെയും ലംഘിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ ഞാന്‍ ക്ഷേത്രത്തിനുള്ളിലേക്ക്‌ കയറിയില്ല.. ചതുര്‍ബാഹുക്കളോടുകൂടിയ പഞ്ചലോഹവിഗ്രഹം. ഒതേനന്റെ വീരാപദാനങ്ങളിലൂടെയാണ്‌ ഇവിടം ശരിക്കും പ്രശസ്‌തമായത്‌. പ്രകൃതിയുടെ രൂപലാവണ്യം ശരിക്കും ഇവിടെ പൂത്തു നില്‍ക്കുന്നുണ്ട്‌. മലബാറിന്റെ മലകളുടെ സൗന്ദര്യം താഴ്‌വരയിലേക്ക്‌ ഇറങ്ങി വന്നതു പോലെ. അവിടെ ഒതേനന്റെ വീര അപദാനങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നതു പോലെ.. ആല്‍ത്തറയില്‍ അല്‍പ്പനേരം ഇരുന്നു.

കടത്തനാട്ടിലെ നാടുവാഴി പുതുപ്പണം വാഴുന്നോരുടേയും മാണിക്കോത്ത്‌ ഉപ്പാട്ടിയുടെയും മകനായാണ്‌ ഒതേനന്റെ ജനനം. മയ്യഴിയിലും തുളുനാട്ടിലും പോയി പതിനെട്ടടവും പഠിച്ചു. അറുപത്തിനാല്‌ അങ്കവും ജയിച്ചു. വിജയത്തിന്‌ കാവിലമ്മയുടെ അനുഗ്രഹം ഉണ്ടായി. ഒടുവില്‍ കതിരൂര്‍ ഗുരുക്കളുമായുള്ള അങ്കത്തട്ടിലും ജയിച്ചു. പോന്നിയത്തെ അങ്കത്തില്‍ ജയിച്ച ആഹ്ലാദത്തോടെ ഒതേനന്‍ വീട്ടിലേക്ക്‌ തിരിച്ചു. കളരിയില്‍ വച്ചുമറന്നുപോയ മടിയായുധം എടുത്ത്‌ തിരിച്ചുവരുമ്പോള്‍ ഗുരുക്കളുടെ ശിഷ്യന്‍ മായന്‍കുട്ടി പതിയിരുന്ന്‌ ഒതേനനെ വെടിവച്ച്‌ ചതിച്ചുകൊന്നു. ഈ സമയത്ത്‌ കാവിലമ്മയുടെ സാന്നിധ്യം ഇല്ലാതിരുന്നതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിച്ചതെന്ന്‌ പറയുന്നു. തച്ചോളി ഒതേനന്‍ ദിവസേന ഇവിടെ ആരാധിച്ചിരുന്നതായി ഐതീഹ്യമുള്ളതിനാല്‍ ഈ ക്ഷേത്രത്തിന്‌ ചരിത്രപരമായ പ്രാധാന്യവും ഉണ്ട്‌. അരങ്ങേറ്റത്തിനുമുമ്പ്‌ എല്ലാ കളരിപ്പയറ്റു വിദ്യാര്‍ത്ഥികളും ഈ ക്ഷേത്രത്തിലെത്തി വണങ്ങുന്ന പതിവ്‌ ഇന്നും നിലവിലുണ്ട്‌.

ക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങള്‍ ഏറെ പ്രശസ്‌തമാണ്‌. ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവമാണ്‌ 41 ദിവസം നീണ്ടു നില്‍ക്കുന്ന മണ്ഡല ഉത്സവം. ഈ ക്ഷേത്രത്തില്‍ മാത്രമേ നാടന്‍ കലയായ തച്ചോളികളി അവതരിപ്പിക്കാറുള്ളൂ. ഉത്സവത്തിന്‌ അവതരിപ്പിക്കുന്ന ഈ നൃത്തത്തിന്‌ ആയോധന കലയായ കളരിപ്പയറ്റുമായി വളരെ സാമ്യമുണ്ട്‌. വടക്കന്‍പാട്ടിലെ വീര നായകന്മാരും നായികകളുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടു കിടക്കുന്നു. വടക്കന്‍ പാട്ടുകളിലും അനുബന്ധ ഐതീഹ്യങ്ങളിലും, പ്രത്യേകിച്ച്‌ തച്ചോളി ഒതേനനുമായി ബന്ധപ്പെടുത്താറുണ്ടെങ്കിലും ഇവിടുത്തെ ഭക്തന്‍ മാത്രമായ ഒതേനനു ഈ ക്ഷേത്രത്തിനു മേല്‍ അധികാരമോ അവകാശമോ ഒന്നുമില്ല. വടക്കന്‍ പാട്ടുകളിലെ നായകരുടെ ആരാധനാ മൂര്‍ത്തി കാളിയും ലോകനാര്‍കാവിലെ പ്രതിഷ്‌ഠ ദുര്‍ഗ്ഗയുമാണ്‌.

മലബാറിലെ അറിയപ്പെടുന്ന സ്ഥലമായ ഇവിടെ ടൂറിസം വികസനമൊക്കെ ഏതാണ്ട്‌ വഴിപാട്‌ പോലെയാണ്‌. എങ്കിലും എവിടെയൊക്കെയോ എന്തൊക്കെയോ നടക്കുന്നുണ്ട്‌. ലോകനാര്‍കാവിലെ തോറ്റംചൊല്ലല്‍ പ്രസിദ്ധമാണ്‌. അതുപോലെ നഗരപ്രദക്ഷിണവും. ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നെള്ളത്ത്‌ കടന്നുപോകുന്ന വഴിയില്‍ കരിയില കൂട്ടിയിട്ട്‌ തീയിട്ടും പടക്കംപൊട്ടിച്ചുമാണ്‌ സ്വീകരിക്കുക. ഇവിടത്തെ ആറാട്ടിന്‌ പൂരംകളിയെന്ന്‌ പറയും. ഓണത്തിനും വിഷുവിനുമുള്ള തേങ്ങ ഏറ്‌ പ്രസിദ്ധം. പൊതിച്ച തേങ്ങ ചിറയില്‍ മുക്കി ക്ഷേത്രത്തിന്‌ പ്രദക്ഷിണംവച്ച്‌ മുന്നിലുള്ള കരിങ്കല്ലില്‍ എറിഞ്ഞുടയ്‌ക്കുന്നത്‌ ഒരു വഴിപാടാണ്‌.

ഏകദേശം രണ്ടു മണിക്കൂറോളം ലോകനാര്‍ കാവിലും പരിസരത്തുമായി ചെലവഴിച്ചു. പിന്നെ, കടത്തനാടന്‍ മണ്ണിന്റെ ഗാഥകള്‍ നിറഞ്ഞ കാവിനോടു വിട പറഞ്ഞു. അപ്പോഴും ചെവിയില്‍ മുഴങ്ങിയത്‌-ലോകനാര്‍ കാവിലയമ്മയാണേ സത്യം, സത്യം, സത്യം എന്ന സിനിമാ ഡയലോഗായിരുന്നു...

(തുടരും)
ലോകനാര്‍കാവ്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി-82: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക