Image

`ഗണപതി ബപ്പാ മോറിയാ' (ജ്യോതിലക്ഷ്‌മി നമ്പ്യാര്‍)

Published on 26 September, 2015
`ഗണപതി ബപ്പാ മോറിയാ' (ജ്യോതിലക്ഷ്‌മി നമ്പ്യാര്‍)
ഓം ഗണപതയേ നമ:
മുംബെയില്‍ പുതിയതായി എത്തിയ എനിയ്‌ക്ക്‌ ഗണേശോത്സവം വല്ലാത്ത അനുഭവം തന്നെയായിരുന്നു. നിപുണരായ കലാകാരന്മാരുടെ ഭാവനയില്‍ വാര്‍ത്തെടുത്ത വിവിധ ഭാവത്തിലും, വര്‍ണ്ണത്തിലുമുള്ള ഗണപതി ശില്‍പ്പങ്ങല്‍. ശില്‍പ്പം ഏതുശില്‍പ്പിയുടേതണെങ്കിലും ആ കണ്ണുകളില്‍ എല്ലാ ലാളനയും അനുഭവിച്ച്‌ രസിയ്‌ക്കുന്ന ഒരു കുട്ടിയുടെ നിഷ്‌കളങ്കത ഓരോ ശില്‍പ്പത്തിലും എനിയ്‌ക്ക്‌ കാണാന്‍ കഴിഞ്ഞു. നിങ്ങള്‍ എന്നെ എവിടെവെച്ചു പൂജചെയ്‌താലും, ഏതു രീതിയില്‍ പൂജ ചെയ്‌താലും ഞാന്‍ ഒരുപാട്‌ സംതൃപ്‌തനാണെന്ന ഭാവം, ഒരു വികൃതി കുട്ടനെപ്പോലെ കൂട്ടത്തിലൊരു കുസൃതിഭാവവും നിറഞ്ഞ കുടവയറന്‍ ഗണപതിയുടെ വിവിധരൂപങ്ങള്‍.

എല്ലാ പൊതുസ്ഥലങ്ങളിലും ഗണപതിഭഗവാന്റെ സാന്നിധ്യം ശരിയ്‌ക്കും എന്റെ മനസ്സിലൊരു ഉത്സവത്തിന്റെ ആഹ്ലാദം പകര്‌ന്നുതന്നു. എന്നാല്‍ പത്താം ദിവസം കണ്ട കാഴ്‌ച എന്നെ ഒരുപാടു വേദനിപ്പിച്ചു. പത്തുദിവസമായി അലങ്കാരങ്ങളും, പ്രത്യേകവിഭവങ്ങളും ഒരുക്കി തികച്ചും ആഘോഷതിമര്‍പ്പിലാഹ്ലാദിച്ച്‌ മനസ്സില്‍ പതിഞ്ഞ നിറപകിട്ടാര്‍ന്ന ജീവന്‍ തുളുമ്പുന്ന മനോഹരമായ ഗണപതിഭഗവാന്റെ ശില്‌പങ്ങള്‍ ജനങ്ങള്‍ നിഷ്‌പ്രയാസം കൊണ്ടുപോയി കടലില്‍ താഴ്‌ത്തുന്നു, മാത്രമല്ല അടുത്തദിവസം കടലില്‍ വെള്ളം താഴുമ്പോള്‍ ആ ശില്‌പങ്ങള്‍ അവയവങ്ങള്‍ നഷ്ടപ്പെട്ടും, ചെരിഞ്ഞും, മറിഞ്ഞും വല്ലാത്ത അവസ്ഥയില്‍ കാണപ്പെടുന്നു. ഗണപതിഭഗവാനെ അതിയായി സ്‌നേഹിയ്‌ക്കുന്ന ഇവര്‍ എന്തിനിങ്ങനെ ചെയ്യുന്നു? എല്ലാം ഓരോ വിശ്വാസങ്ങള്‍ എന്ന്‌ ഞാന്‍ സ്വയം സമാധാനിച്ചു.

തികച്ചും അര്‍പ്പണബോധത്തോടെ ഗണപതിഭഗവാനെ സ്‌നേഹിയ്‌ക്കുന്ന മഹാരാഷ്ട്രയില്‍ ആ വിശ്വാസത്തെ കളങ്കപ്പെടുത്തുന്ന ഒന്നുരണ്ടു കാര്യങ്ങള്‍ കൂടി എന്റെ ശ്രദ്ധയില്‍ പെട്ടു. ഓരോ പൊതുഗണപതി മണ്ഡപങ്ങളുടെ വെളിയിലും പരിസരങ്ങളിലുമായി രാഷ്ടീയപാര്‍ട്ടികളുടെ സ്വാധീനം കാണപ്പെട്ടപ്പോള്‍ ഞാനോര്‍ത്തു പന്തലിനുള്ളില്‍ ഭയഭക്തിയോടെ അലങ്കരിച്ചും പൂജിച്ചും വച്ചിരിയ്‌ക്കുന്ന 'ഗണപതിബപ്പയേയും' രാഷ്ടീയപാര്‍ട്ടികളും, സ്വാര്‍ത്ഥ മനുഷ്യരും വെറുതെ വിടുന്നില്ലല്ലോ! അതും മാത്രമല്ല ഗണപതി മണ്ഡപത്തിനുവേണ്ടി പണം നല്‌കിയ ഗണപതി ഭക്തരുടെ അല്ലെങ്കില്‍ അവരുടെ സ്ഥാപനത്തിന്റെ പേരും മേല്‍വിലാസവും ഗണപതി ശില്‌പങ്ങളേക്കാവും ആകര്‍ഷണീയമാംവിധം ഓരോ മണ്ഡപത്തിനു മുന്നിലും പ്രദര്‍ശിപ്പിയ്‌ക്കപ്പെട്ടിരിയ്‌ക്കുന്നു. ഉള്ളിളിരിയ്‌ക്കുന്ന എല്ലാമറിയുന്ന നമ്മുടെ ഒറ്റകൊമ്പന്‍ ഗണപതിഭഗവാനെ സ്വാധീനിയ്‌ക്കാനാണോ അതോ പൊതുജനത്തിനെ സ്വാധീനിയ്‌ക്കാനോ എന്നതറിയില്ല! എന്തായിരുന്നാലും സ്വാര്‍ത്ഥ താല്‌പര്യങ്ങല്‌ക്കായി അവസരോചിതമായി ദൈവങ്ങളെപ്പോലും ഉപയോഗിയ്‌ക്കുന്ന എന്റെ സഹജീവികള്‍ക്കുവേണ്ടി സാക്ഷാല്‍ വിഗ്‌നേശ്വരനോടു ഞാന്‍ മാപ്പപേക്ഷിയ്‌ക്കുന്നു.

ഇന്ത്യയില്‍ അത്യുസ്‌താഹത്തോടെയും ഭക്തിയോടെയും ആചരിയ്‌ക്കുന്ന ഒന്നാണു ഗണേശോത്സവം. ഈ ഗണേശോസ്‌തവത്തിനു പിന്നിലുള്ള ഐതിഹ്യത്തെ കുറിച്ച്‌ ആരാഞ്ഞാല്‍ പല കഥകളും ഉണ്ടെങ്കിലും ഇതില്‍ പ്രധാനമായത്‌ വിഗ്‌നനാശകനും, ബുദ്ധിയുടെയും, വിദ്യയുടെയും അഭിവൃദ്ധിയുടെയും ദാതാവായ, ശിവപാര്‍വ്വതി പുത്രനായ ഗണപതിഭഗവാന്റെ പിറന്നാളായി ഈ ദിവസം ആഘോഷിയ്‌ക്കുന്നു എന്നതാണു. ഒരു ദിവസം ശിവന്റെ അഭാവത്തില്‍ പാര്‍വ്വതിദേവി തന്റെ ചന്ദനലേപനത്തില്‍ നിന്നും ഗണേശനു ജന്മം നല്‌കി, ഗണേശനെ കാവല്‍ നിര്‍ത്തി നീരാട്ടിനുപോയി. തന്റെ ഉത്തരവുപ്രകാരമാല്ലാതെ ആരേയും അകത്തു കയറ്റാന്‍ അനുവദിയ്‌ക്കരുതെന്നു പ്രതേകം നിര്‍ദ്ദേശവും നല്‌കിയിരുന്നു. അല്‍പ്പസമയത്തിനുശേഷം രംഗപ്രവേശനം ചെയ്‌ത ശിവനെ അമ്മയുടെ നിര്‍ദ്ദേശമനുസരിച്ച്‌ ശണേശന്‍ ശക്തിയായി എതിര്‍ത്തു. ഈ ശക്തനായ ബാലന്‍ ആരാണെന്നോ, എന്താണെന്നോ മനസ്സിലാകാത്ത ശിവന്‍ കോപാകുലനായി ബാലനായ ഗണപതിയുടെ കഴുത്തരിഞ്ഞു. ഈ രംഗംകണ്‍ദു പുറത്തുവന്ന പാര്‍വ്വതി മാതാവ്‌ ഭദ്രകാളീ രൂപം ധരിച്ച്‌ ലോകനാശത്തിനായി ഇറങ്ങിതിരിച്ചു. ഇത്‌ കണ്ട്‌ ഭയന്ന ജനങ്ങള്‍ കോപാകുലയായ കാളി ലോകത്തിന്റെ നാശ കാരണമാകുംമുമ്പ്‌ ഒരു പരിഹാരം കണ്ടെത്തണമെന്ന്‌ ശിവഭഗവാനോടു ആവശ്യപ്പെട്ടു. അപ്രകാരം ശിവഭഗവാന്‍ തന്റെ ഭൂതഗണങ്ങളോടു എത്രയും പെട്ടെന്ന്‌ ഒരു ശിശുവിന്റെ ശിരസു ക്കൊണ്‍ദുവരണമെന്നു ആവശ്യപ്പെട്ടു. ഭൂതഗണങ്ങല്‍ ആദ്യമാത്രയില്‍ കണ്ടത്‌ ഒരു ആനകുട്ടിയെയായിരുന്നു. അവരതിന്റെ ശിരസറുത്ത്‌ ഭഗവാനുമുന്നില്‍ സമര്‍പ്പിച്ചു. ഭഗവാന്‍ ആ ശിരസ്‌ ഗണപതിഭഗവാന്റെ ഉടലിനോടുചേര്‍ത്തുവച്ച്‌ ഗണപതിഭഗവാനു പുനര്‌ജനി നല്‌കി. തന്റെ മകനെ തിരുച്ചുകിട്ടിയ ദേവി ശാന്തയായി പാര്‍വ്വതി ദേവിയായി മാറി. ഈ പുനര്‌ജനിയുറെ ഓര്‍മ്മയാണ്‌ ഗണേശചതുര്‍ഥി എന്ന്‌ പറയപ്പെടുന്നു.

കര്‍ണ്ണാടക, തമിഴ്‌നാട്‌, കേരള, ഗോവ എന്നീ പലസ്ഥലങ്ങളിലും ഗണേശചതുര്‍ത്ഥി ആഘോഷിയ്‌ക്കുന്നുവെങ്കിലും മഹാരാഷ്ട്രയില്‍ ഇതിനു വളരെയധികം പ്രാധാന്യം നല്‌കുന്നു. കാരണം ഈ ആഘോഷത്തെ ഒരു പൊതു ഉത്സവമായി ആഘോഷിയ്‌ക്ക്‌പ്പെടുന്നത്‌ മഹാരാഷ്ട്രയിലാണ്‌ ആദ്യകാലങ്ങളില്‍ വീടുകളില്‍ ഗണേശ ശില്‍പ്പങ്ങള്‍ വച്ചു പൂജിച്ചു പത്താം ദിവസം വെള്ളത്തിലൊഴുക്കിയാണു ഈ ഉത്സവത്തിനു വിരാമമിട്ടിരുന്നത്‌ . എന്നാല്‍ ശിവജി മഹാരാജാവിന്റെ കാലത്ത്‌ പൊതുവേദികളില്‍ പന്തലുകളുണ്ടാക്കി ഗണപതിഭഗവാനെ വച്ചു കൂട്ടായി പൂജചെയ്യുവാനും, ഇതൊരു പൊതു ആഘോഷമാക്കി ആഘോഷിയ്‌ക്കുവാനും തുടങ്ങി. 1892ല്‍ ഭാവ്‌സാഹെബ്‌ രംഗാരി ഗണപതി, പൂനയിലെ ബുധവാര്‍ പേട്ടില്‍ ആദ്യത്തെ ഗണപതി ശില്‌പത്തെ ജനങ്ങള്‍ക്കായി പൊതുസ്ഥലത്തില്‍ വച്ച്‌ പൂജയും ആരാധനയും ആരംഭിച്ചു. കുടുമ്പങ്ങളുടെയും, സമൂഹത്തിന്റേയും കൂട്ടായ്‌മയ്‌ക്കായി തുടങ്ങിയ ഈ പുതിയ ആശയത്തെ ബാലഗംഗാധര തിലകിന്റെ 'കേസരി' ദിനപത്രം ഒരുപാട്‌ പ്രശംസിയ്‌ക്കുകയുണ്‍ദായി. അന്നുമുതല്‍ ഓരോ ഭാഗങ്ങളിലുള്ളവര്‍ക്കും അവരുടെ പൊതു ഗണപതി എന്ന ആശയം മഹാരാഷ്ട്ര മുഴുവന്‍ വ്യാപിച്ചു.

ശുക്ലചതുര്‍ത്ഥി മുതല്‍ ആനന്ദചതുര്‍ത്തിവരെയുള്ള പത്തുദിവസമാണ്‌ ഗണേശോത്സവമായി ആഘോഷിയ്‌ക്കുന്നത്‌. ഉത്സവത്തിന്റെ ആദ്യദിവസം വീടുകളും, പൊതുപന്തലുകളും അലങ്കരിച്ച്‌ കൂട്ടായി ഗണപതിയുടെ ശില്‌പം കൊണ്ടുവരുന്നു. പിന്നീട്‌ വെള്ളത്തില്‍ ശില്‍പ്പത്തെ കഴുകി പൂജകള്‍ ആരംഭിയ്‌ക്കുന്നു. ഈ പത്തുദിവസം പൂജ മാത്രമല്ല ഭജനയും, പാട്ടും മറ്റു ആഘോഷങ്ങളും വീട്ടുകാരൊന്നിച്ചോ, പൊതുജനങ്ങള്‍ ഒന്നിച്ചോ സംഘടിപ്പിയ്‌ക്കുന്നു. ഗണപതിഭഗവാന്റെ ഏറ്റവും ഇഷ്ടപ്പെട്ട വിഭവമായ 'മോദക്‌' ആണു ഏറ്റവും പ്രധാനപ്പെട്ട നിവേദ്യം. അതുകൂടാതെ മറ്റു മധുരപലഹാരങ്ങളും, ഫലങ്ങളും, പൂക്കളും, സുഗന്ധദ്രവ്യങ്ങളും ഗണപതിഭഗവാനു സമര്‍പ്പിയ്‌ക്കുന്നു. ഗണപതി ഭഗവാന്‍ വീടും, നാടും സന്ദര്‍ശിയ്‌ക്കുകയും എല്ലാവര്‍ക്കും സര്‍വ ഐശ്വര്യവും, സൗഭാഗ്യവും, അനുഗ്രഹവും നല്‍കുന്നുവെന്നുമാണു വിശ്വാസം.

പഴയകാലങ്ങളില്‍ കളിമണ്ണും, പച്ചിലകൊണ്‍ദും മറ്റു പ്രകൃതിവിഭവങ്ങളും കൊണ്ടുണ്ടാക്കിയ നിറങ്ങളുമാണു ശില്‍പ്പനിര്‍മാണത്തിനായി ഉപയോഗിച്ചിരുന്നത്‌. എന്നാല്‍ ഇന്ന്‌ എളുപ്പത്തിനും, കൂടുതല്‍ ആകര്‍ഷണത്തിനുമായി, പ്ലാസ്റ്റര്‍ ഓഫ്‌ പാരിസ്‌ എന്ന ഒരു ദ്രവ്യവും, കെമിക്കല്‍ കൊണ്ടുണ്ടാക്കിയ കളറുകളും ഉപയോഗിച്ചു പലവിധത്തില്‍ ആകര്‍ഷണീയമാംവിധത്തില്‍ നിര്‌മ്മിയ്‌ക്കുന്ന ഗണപതി ശില്‍പ്പങ്ങളും ഒരു കമ്പോളം തന്നെ സൃഷ്ടിയ്‌ക്കുന്നു.

വിസര്‍ജ്ജനത്തിനുശേഷം വെള്ളത്തില്‍ വേണ്ടതുപോലെ അലിഞ്ഞുചേരാത്ത പ്ലാസ്റ്റര്‍ ഓഫ്‌ പാരീസും നിറങ്ങള്‍ക്കായി ഉപയോഗിയ്‌ക്കുന്ന കെമിക്കലുകളും വെള്ളത്തെ മാലിന്യപ്പെടുത്തുകയും പ്രകൃതിയ്‌ക്ക്‌ ഒരു ഭീഷണിയായി മാറുകയും ചെയ്യുന്നു. അതിനാല്‍ പഴയകാലങ്ങളെ അനുകരിച്ച്‌ മണ്ണുകൊണ്ടും പ്രകൃതിദത്തമായ നിറകൂട്ടുകളും കൊണ്ട്‌ എളുപ്പത്തിലും, വേഗത്തിലും കൂടുതല്‍ ആകര്‍ഷണത്തിലും ഗണപതി ശില്‍പ്പങ്ങള്‍ ഉണ്ടാക്കാനുള്ള പുതിയ `ടെക്‌നോളജി' എത്രയും പെട്ടെന്നുതന്നെ കണ്ടുപിടിയ്‌ക്കാന്‍ നമ്മുടെ ഗണപതി ഭഗവാന്‍ നമ്മളെ അനുഹ്‌ഗ്രഹിയ്‌ക്കട്ടെ.

യാന്ത്രിക ജീവിതത്തില്‍ നെട്ടോട്ടമോടുന്ന, മാനസികപിരിമുറുക്കത്താല്‍ ദീര്‍ഘശ്വാസം വലിച്ചു ജീവിയ്‌ക്കുന്ന മുംബൈ പോലുള്ള നഗരജീവിതങ്ങളുടെ മനസ്സില്‍ ഗണേശോത്സവം എന്നും നിറപകിട്ടാര്‍ന്ന ആഘോഷംതന്നെയായി നിലനില്‌ക്കട്ടെ!
`ഗണപതി ബപ്പാ മോറിയാ' (ജ്യോതിലക്ഷ്‌മി നമ്പ്യാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക