Image

ജനപ്രതിനിധികള്‍ക്ക് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത നിര്‍ബ്ബന്ധിതമാക്കുന്നത് അഭിലഷണീയമോ? (ഡല്‍ഹികത്ത് : പി.വി. തോമസ്)

പി.വി. തോമസ് Published on 26 September, 2015
ജനപ്രതിനിധികള്‍ക്ക് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത നിര്‍ബ്ബന്ധിതമാക്കുന്നത് അഭിലഷണീയമോ?  (ഡല്‍ഹികത്ത് : പി.വി. തോമസ്)
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം വലിയ  പരീക്ഷണങ്ങളിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ലോക ജനാധിപത്യവും ഇതുപോലുള്ള പരീക്ഷണങ്ങളിലൂടെ ജനാധിപത്യ വികസനപ്രക്രിയയുടെ ഭാഗമായിട്ട് ചരിത്രത്തിന്റെ പലഘട്ടങ്ങളിലും കടന്നു പോയിട്ടുണ്ട്. സ്ത്രീകള്‍ക്ക് വോട്ടവകാശം നിഷേധിക്കുക, കറുത്തവര്‍ഗ്ഗക്കാരെ സമ്മതിദായക പട്ടികയില്‍ നിന്നും ഒഴിവാക്കുക, നികുതിദായകര്‍ക്ക് മാത്രമം വോട്ടവകാശം നല്‍കുക ഇങ്ങനെ നിരവധി. ഇവിടെ പരാമര്‍ശിക്കപ്പെടുന്ന വിഷയത്തിന് മുമ്പ് ഇന്‍ഡ്യയില്‍ കോളിളക്കം സൃഷ്ടിച്ച ഒരു സംഭവ വികാസം ആയിരുന്നു ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഡോ. സുബ്രമണ്യന്‍ സ്വാമി മുസ്ലീംങ്ങളുടെ വോട്ടവകാശം എടുത്ത് കളയണമെന്ന് നിര്‍ദ്ദേശിച്ചത്. സ്വാമിയെ പലകാര്യങ്ങളിലും ആരും ഗൗരവമായി എടുക്കാറില്ലാത്തതുകൊണ്ട് ഇത് അര്‍ഹിക്കുന്ന അവജ്ഞയോടെ സുബുദ്ധിയുള്ള ജനം തള്ളിക്കളഞ്ഞു. എന്നാല്‍ ഇംഗ്ലണ്ടിലെ ഒരു വിഖ്യാതമായ സര്‍വ്വകലാശാല അദ്ദേഹത്തെ വിസിറ്റിംങ്ങ് ഫാക്കല്‍റ്റി സ്ഥാനത്തുനിന്നും ഇതേകാരണത്താല്‍ തുടച്ചുനീക്കി. ഇവിടെ പരാമര്‍ശിക്കപ്പെടുന്ന വിഷയം മറ്റൊന്നാണ്. ജനപ്രതിനിധികള്‍ ആകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ കുറഞ്ഞ വിദ്യാഭ്യാസയോഗ്യത നിര്‍ബന്ധിതമാക്കുവാന്‍ രാജസ്ഥാനിലെയും ഹരിയാനയിലെയും, ബി.ജെ.പി. ഗവണ്‍മെന്റുകള്‍ തീരുമാനിച്ചു. ഇത് സംസ്ഥാന ഗവണ്‍മെന്റ് തലത്തില്‍ തീരുമാനിക്കപ്പെട്ടെങ്കിലും സെപ്തംബര്‍ പതിനേഴിന് ഒരു പരാതിയെ തുടര്‍ന്ന് സുപ്രീംകോടതി ഇടപ്പെട്ട് റദ്ദാക്കി. എങ്കിലും വിഷയം ഇപ്പോഴും സജീവ ചര്‍ച്ചാവിഷയം ആണ്. അത് വിലക്കുകളെയും നിരോധനത്തെയും ഭേദിച്ച് എപ്പോള്‍ വേണമെങ്കിലും നിയമം ആയിക്കൂടെന്നില്ല. എന്താണ് ഇതിന്റെ നിയമം, ഭരണഘടന വകുപ്പ്, യുക്തി, ധാര്‍മ്മികത തുടങ്ങിയവ?

ഡല്‍ഹിയിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ കേള്‍ക്കുന്ന ഒരു കഥ ഞാന്‍ ഇവിടെ വിവരിക്കാം. ഒരിക്കല്‍ ബാംഗ്ലൂരിലെ തെരുവുകളിലൂടെ രണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഒരു ടാക്‌സി കാറില്‍ സഞ്ചിരക്കുകയായിരുന്നു. അതില്‍ ഒരാള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ്.നിജ ലിംഗപ്പ ആയിരുന്നു. രണ്ടാമത്തെയാളും ഉന്നതനായ ഒരു കോണ്‍ഗ്രസ്സ് നേതാവ് ആയിരുന്നു.  അവരുടെ സംഭാഷണ വിഷയം കോണ്‍ഗ്രസിനെ എങ്ങനെ പിളര്‍ത്താം എന്നുള്ളതായിരുന്നു, ഇന്ദിര ഗാന്ധിയെ എങ്ങനെ ദുര്‍ബ്ബലയാക്കാം എന്നുള്ളതായിരുന്നു. അവര്‍ അവരുടെ തന്ത്രം കൃത്യമായി മെനഞ്ഞ ആ കാറില്‍വച്ച്. ആ കാറിന്റെ ഡ്രൈവര്‍ ഇതെല്ലാം ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുന്നുണ്ടായിരുന്നു. ആ ടാക്‌സി ഡ്രൈവര്‍ മാറ്റാരും ആയിരുന്നില്ല. അദ്ദേഹം പില്‍ക്കാലത്ത് കേന്ദ്ര റെയില്‍വെ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആയിത്തീര്‍ന്ന ജാഫര്‍ ഷെറീഫ് ആയിരുന്നു. ജാഫര്‍ ഷെറീഫ് നിരക്ഷരന്‍ ആയിരുന്നു. എങ്കിലും അദ്ദേഹത്തിന് രാഷ്ട്രീയം മനസിലാക്കുവാനുള്ള ഒരു തലച്ചോറും മനസും ഉണ്ടായിരുന്നു. അദ്ദേഹം ഈ സംഭാഷണവും അതിലെ കുതന്ത്രവും കോണ്‍ഗ്രസിന്റെ എത്തേണ്ടയിടങ്ങളില്‍ എത്തിച്ചു യഥാസമയം. ഇന്ദിരാഗാന്ധി ഇതിനെക്കുറിച്ച് അന്വേഷിച്ചു. സംഭവം ശരിയാണെന്നും ധൃതവേഗതയില്‍ വിമതന്മാര്‍ ഇന്ദിരക്കെതിരെ നീങ്ങുകയാണെന്നും ഈ തുമ്പില്‍ നിന്നും പിടികിട്ടി. വലിയ ഒരു കഥ ചുരുക്കിപറഞ്ഞാല്‍ ഇന്ദിര കൃതാര്‍ത്ഥയാവുകയും ജാഫര്‍ ഷെരീഫിനെ കോണ്‍ഗ്രസില്‍ ക്ഷണിച്ച് വരുത്തുകയും എം.പി.യും കേന്ദ്രമന്ത്രിയും ആക്കുകയും ചെയ്തു. ജാഫര്‍ ഷെരീഫ് നല്ല ഒരു റെയില്‍വെ മന്ത്രിയും പാര്‍ലിമെന്റേറിയനും ആയിരുന്നു. ഈ കഥയുടെ മോറല്‍ ഇത്രമാത്രമെയുള്ളൂ. ഒരു നല്ല ജനപ്രതിനിധിയാകുവാനും ഭരണാധികാരിയാകുവാനും ഒരാള്‍ക്ക് രാഷ്ട്രമീമാംസയില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ പി.എച്ച്.ഡി.യോ ഒന്നും ആവശ്യമില്ല. മാധ്യമ പ്രവര്‍ത്തനത്തില്‍ എന്നവണ്ണം. കെ. കാമരാജ് നാടാര്‍ ഇതിന് രാഷ്ട്രീയത്തിലെ ഒരു ഉദാഹരണം ആണ് അങ്ങനെ എത്ര?

രാജസ്ഥാന്‍, ഹരിയാന ഗവണ്‍മെന്റുകള്‍ പ്രാദേശിക സ്വയം ഭരണ സ്ഥാപനങ്ങളില്‍ ആണ് ആദ്യമായി ഈ വിചിത്ര നിബന്ധന നിര്‍ബ്ബന്ധിതമാക്കുവാന്‍ ഉത്തരവിട്ടത്. പാര്‍ലിമെന്റ്, നിയമസഭ തെരഞ്ഞെടുപ്പുകള്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ അധികാര പരിധിയില്‍ വരുന്നവയും അല്ലല്ലോ? അവയെ നിയന്ത്രിക്കുന്നതും നിശ്ചയിക്കുന്നതും ജനപ്രാതിനിധ്യ നിയമം, 1951, പ്രകാരം ആണ്. അതില്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് കൈകടത്തുവാന്‍ ആവുകയില്ല.

തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങള്‍ സോദ്ദേശത്തോടെയും ബുദ്ധിപൂര്‍വ്വവും വിവേകത്തോടെയും സാമൂഹ്യ-സാമുദായിക യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കിയും അവയെ ഉള്‍ക്കൊണ്ടുകൊണ്ടും ആയിരിക്കണം നടപ്പിലാക്കേണ്ടത്. അല്ലാതെ ചരിത്രബോധവും സാമൂഹ്യബോധവും കമ്മിയായ ഒരു കൂട്ടം രാഷ്ട്രീയക്കാരും ഗുമസ്ഥന്മാരും കേറിയമേയേണ്ട ഒരു വേദിയല്ല അത്.

ഇന്‍ഡ്യന്‍ ജനാധിപത്യ, തെരഞ്ഞെടുപ്പ്, ഭരണം എന്നീ മേഖലകളെ ബാധിക്കുന്ന പ്രധാനഘടകങ്ങളില്‍ ചിലതാണ് അഴിമതി വര്‍ഗ്ഗീയത, ജാതിവാദം, ധനസ്വാധീനം (പ്രധാനമായും കള്ളപ്പണം) പിന്നെ അധോലോകം. ഇതിനെതിരെ കാലാകാലമായി  തെരഞ്ഞെടുപ്പ് ക്മ്മീഷന്‍ ഓരോരോ പരിഷ്‌ക്കരണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. പക്ഷേ, അവയെ ഒന്നിനെയും പ്രാവര്‍ത്തികമാക്കുവാന്‍ അതാത് സമയങ്ങളിലെ ഗവണ്‍മെന്റുകളും രാഷ്ട്രീയ പാര്‍ട്ടികളും ആത്മാര്‍ത്ഥമായി സഹകരിച്ചിട്ടില്ല. കോടതികള്‍മാത്രമാണ് ആശ്രയം. ഉദാഹരണമായി രാഷ്ട്രീയത്തിന്റെ അധോലോക-ക്രിമിനല്‍ വല്‍ക്കരണത്തിന്റെ കാര്യം എടുക്കുക. ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ത് ചെയ്തു? വര്‍ഷങ്ങളായി സാമൂഹ്യ പ്രബുദ്ധ സംഘടനകളും തെരഞ്ഞെടുപ്പു കമ്മീഷനും ആവശ്യപ്പെടുന്നതാണ് ഈ പ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് എടുത്തു മാറ്റി കള്ളന്മാരെയും കൊലപാതകികളെയും ബലാല്‍സംഗികളെയും അതുപോലുള്ള നിയമഭഞ്ജകരെയും നിയമനിര്‍മ്മാതാക്കള്‍ ആയി അവരോധിക്കരുതെന്ന്. കാരണം ഈ വകുപ്പ് പ്രകാരം ഒരാള്‍ അഴിമതിക്കാരനോ, ബലാല്‍സംഗിയോ, വംശഹത്യാ കുറ്റക്കാരനോ ആയി തടവുകാരനായി വിധിക്കപ്പെട്ട് രണ്ട് വര്‍ഷത്തിലേറെ ശിക്ഷിക്കപ്പെട്ടാലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാം, വിജയിച്ചാല്‍ പ്രധാനമന്ത്രിവരെ ആകാം, അയാള്‍ ഒരു അപ്പീല്‍ ഉന്നത കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍, സുപ്രീം കോടതി വരെ പോകാം അത്. സുപ്രീം കോടതി അവസാനവിധി പറയുന്നതുവരെ ഈ തടവുകാരന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. സുപ്രീം കോടതി വിധി വരുവാന്‍ ഒരു മുപ്പത് വര്‍ഷം വരും എന്ന് വച്ചോളൂ. അപ്പോള്‍ അതുവരെ ഈ മാന്യകുറ്റവാളിക്ക് ഇന്ത്യയുടെ ജനാധിപത്യ- ഭരണവ്യവസ്ഥയില്‍ ഒരു കളി കളിക്കാം- ഇതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ അവസാനം വരുത്തിയില്ല. ഇതിന് ഗവണ്‍മെന്റുകള്‍ അവസാനം വരുത്തിയില്ല. അവസാനം സുപ്രീം കോടതി 2013-ല്‍ ഒരു വിധി പുറപ്പെടുവിച്ചു. ഒരു വ്യക്തി രണ്ടു വര്‍ഷത്തിലേറെ തടവിന് ശിക്ഷിക്കപ്പെട്ടാല്‍ അയാള്‍ അയോഗ്യനാണ് അധികാരത്തില്‍ തുടരുവാനോ ജനപ്രതിനിധിയായി മത്സരിക്കുവാനോ? അപ്പീല്‍ ഒരു പ്രശ്‌നം അല്ല. അങ്ങനെയാണ് ലാലുപ്രസാദ് യാദവ് അയോഗ്യന്‍ ആകുന്നത്. അത് ആദ്യമായി ഉപയോഗിക്കപ്പെട്ടത് ഒരു കോണ്‍ഗ്രസ് എം.പി.യില്‍ ആണ്. ഇവരെ പ്രത്യേകിച്ചും ലാലുവിനെ, രക്ഷിക്കുവാനായി മന്‍മോഹന്‍ സിംങ്ങും, സോണിയ ഗാന്ധിയും ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുവാന്‍ തയ്യാറായി. അതിനെയാണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ശുദ്ധ അസംബന്ധം എന്ന് പറഞ്ഞ് പ്രസ് ക്ലബ് ഓഫ് ഇന്‍ഡ്യയില്‍ വച്ച് ഒരു പ്രസ് കോണ്‍ഫ്രന്‍സില്‍ കീറി എറിഞ്ഞതും വിമര്‍ശന വിധേയന്‍ ആയതും. ആ ധിക്കാരത്തിനും ആ തുറന്നടിച്ച പ്രതികരണത്തിനും ഞാനും സാക്ഷി ആയിരുന്നു അന്ന് ഡല്‍ഹിയിലെ പ്രസ് ക്ലബ്ബില്‍.
അഴിമതിയും-കള്ളപ്പണവും എന്നും ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെയും ഭരണത്തിന്റെയും ശാപം ആയിരുന്നു? യു.പി.എ. ഗവണ്‍മെന്റിന്റെ പതനത്തിന് തന്നെയുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് 2ജി സ്‌പെക്ട്രം, കല്‍ക്കരി കുംഭകോണങ്ങല്‍ ആണ്. പാര്‍ട്ടി ഭേദമെന്യെ അഴിമതി നിര്‍ബാധം അര്‍ബുദം പോലെ തുടരുന്നു. ജാതിവാദം മറ്റൊരു ശാപം ആണ് ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ. അതിന്റെ ഒടുവിലത്തെ ഉദാഹരണം ആണ് ഇപ്പോള്‍ ബീഹാറില്‍ അരങ്ങേറുന്ന തെരഞ്ഞെടുപ്പ് നാടകം. ഇതിനെതിരെ കാര്യമായി ഒന്നു ചെയ്യുവാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സാധിക്കുകയില്ല. എല്ലാ പാര്‍ട്ടികളും ജാതിവാദത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മതവികാരങ്ങളെ ചൂഷണം ചെയ്യുന്നതാണ് മറ്റൊരു വിഷയം. എല്ല തെരഞ്ഞെടുപ്പുകളിലും എല്ലാ പാര്‍ട്ടികളും മതത്തെ ഒരു തുരുപ്പ് ചീട്ടായി ദുരുപയോഗപ്പെടുത്തുന്നു. ബി.ജെ.പി. ഭൂരിപക്ഷ ഹിന്ദുമത വിശ്വാസികളുടെ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെങ്കില്‍ കോണ്‍ഗ്രസും മറ്റ് ദേശീയ-പ്രാദേശിക പാര്‍ട്ടികളും ന്യൂനപക്ഷ പ്രീണനത്തിനാണ് ശ്രമിക്കുന്നത്. അയോദ്ധ്യ പോലുള്ള മുന്നേറ്റങ്ങള്‍ ബി.ജെ.പി.യുടെ ഭൂരിപക്ഷ മത പ്രീണനത്തിന്റെ ഭാഗം ആയിരുന്നു. അങ്ങനെയാണ് രണ്ട് സീറ്റുകള്‍ മാത്രം ലോകസഭയില്‍ ഉണ്ടായിരുന്ന ബി.ജെ.പി. ഇന്ന് 286 സീറ്റുകളോടെ കേവല ഭൂരിപക്ഷത്തില്‍ ഇന്‍ഡ്യ ഭരിക്കുവാന്‍ അര്‍ഹമായത്. 2014-ലെ ലോകസഭ തെരഞ്ഞെടുപ്പ് വരെ ബി.ജെ.പി.യുടെ ഭൂരിപക്ഷ മതപ്രീണനം ലക്ഷ്യം കണ്ടിരുന്നില്ല. കോണ്‍ഗ്രസിന്റെയും പ്രാദേശിക പാര്‍ട്ടികളുടെയും ന്യൂനപക്ഷ പ്രീണനം ചരിത്രമാണ്. ഷാബാനോ കേസ് മുതല്‍ ഒട്ടേറെ ഉദാഹരണങ്ങള്‍ ഉണ്ട്. ഇപ്പോള്‍ ഇത് വേണ്ടത്ര ഫലവത്താകാതിരിക്കുവാന്‍ കാരണം ന്യൂനപക്ഷവോട്ടിന്റെ വിഘടനം അല്ലെങ്കില്‍ പല പാര്‍ട്ടികള്‍ക്കായുള്ള ചിതറിപ്പോക്കല്‍ ആണ്. എഴുപതുകളിലും എണ്‍പതുകളുടെ ആരംഭം വരെയും ന്യൂനപക്ഷ വോട്ടുകളുടെ കുത്തകാവകാശം കോണ്‍ഗ്രസിനായിരുന്നു. അപ്പോഴാണ് ലാലു പ്രസാദ് യാദവും മുലയംസിംങ്ങ് യാദവും മറ്റും അരങ്ങത്ത് എത്തുന്നത്. മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴക്കുന്നത് തടയുവാന്‍ തെരഞ്ഞെടുപ്പ് നിയമത്തില്‍ വകുപ്പ് ഉണ്ടെങ്കിലും കാര്യമായി ഫലവത്തായ ഇടപെടലുകള്‍ക്ക് കമ്മീഷന് സാധിച്ചിട്ടില്ലെന്നതാണ് ദാരുണ സത്യം. കള്ളപ്പണത്തിന്റെ കുത്തൊഴുക്കാണ് തെരഞ്ഞെടുപ്പ് കാലത്ത്്. കമ്മീഷന്‍ കോടിക്കണക്കിന് കള്ളപ്പണം പിടിക്കുന്നുണ്ടെങ്കിലും അത് മഞ്ഞ് പര്‍വ്വതത്തിന്റെ ഒരു മുന മാത്രം ആണ്! രാഷ്ട്രീയത്തിന്റെ അധോലോകവല്‍ക്കരണം ആണ് ഇന്‍ഡ്യന്‍ ജനാധിപത്യവും തെരഞ്ഞെടുപ്പുകളും ഭരണവ്യവസ്ഥയും നേരിടുന്ന മറ്റൊരു പ്രതിസന്ധി. എത്രയെത്ര പപ്പു യാദവുമാര്‍, രാജ ഭയ്യമാര്‍, അധോലോക നായകന്മാര്‍ നിയമനിര്‍മ്മാതാക്കള്‍ ആയി, ഭരണ കര്‍ത്താക്കളായി വാഴുന്നു. കുടുംബ വാഴ്ചയും ഒറ്റനേതാവ് പാര്‍ട്ടികളും മറ്റൊരു ശാപം ആണ്. കുടുംബവാഴ്ച നെഹ്‌റു- ഗാന്ധി കുടുംബത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. മുലായത്തിന്റെയും ലാലുവിന്റെയും കരുണാനിധിയുടെയും കുടുംബങ്ങല്‍ രംഗത്ത് സജീവമായിട്ടുണ്ട്. ഒറ്റ നേതാവ് പാര്‍ട്ടികളില്‍ മായാവതിയും, മമതാ ബാനര്‍ജിയും ജയലളിതയും മുമ്പരാണ്. ഇവര്‍ക്ക് ശേഷം ആര് എന്ത് എന്നുള്ളത് ഇന്നത്തെ ചിന്താവിഷയം ആണ്.

തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ഒരു സ്ഥാനാര്‍ത്ഥിയേയും ഇഷ്ടം അല്ലെങ്കില്‍ അത് രേഖപ്പെടുത്തുവാനുള്ള അവകാശം സമ്മതിദായകന് ഇപ്പോള്‍ നല്‍കിയിരിക്കുന്നത് നല്ലൊരു തുടക്കം ആണ്. ജനനിധികളെ കൊണ്ട് പ്രയോജനമൊന്നും ഇല്ലെങ്കില്‍ അവരെ തിരിച്ച് വിളിക്കുവാനുള്ള ഒരു വകുപ്പ് ആലോചനയില്‍ ഉണ്ടായിരുന്നുവെങ്കിലും അത് ഇപ്പോള്‍ ചര്‍ച്ചയില്‍ ഇല്ല. യൂറോപ്പിലെയും മറ്റും ചില ജനാധിപത്യ രാജ്യങ്ങളില്‍ ഇത് നിലവിലുണ്ടെങ്കിലും ഇന്‍ഡ്യപോലെ ബൃഹത്തായ ഒരു രാജ്യത്ത് ഇത് പ്രായോഗികം അല്ല എന്നാണ് ഒരു പ്രതിവാദം. ഒരു നിശ്ചിത ശതമാനത്തിലേറെ സമ്മതിദായകര്‍ ജനപ്രതിനിധിയെ അയോഗ്യനാക്കി തിരിച്ചുവിളിക്കുവാന്‍ വോട്ടിട്ടാല്‍ അങ്ങനെ ചെയ്യാമെന്നാണ് ശുപാര്‍ശ. എല്ലാ സമ്മതിദായകരെയും കൊണ്ട് നിര്‍ബന്ധമായി വോട്ട് ചെയ്യിക്കുവാനും ചെയ്തില്ലെങ്കില്‍ ശിക്ഷിക്കുവാനും ഒരു നിര്‍ദ്ദേശം ഉണ്ടായിരുന്നു. പക്ഷേ, ഇത് ജനാധിപത്യ വിരുദ്ധമാണെന്ന് അതി ശക്തമായ പ്രതിവാദം ഉണ്ടായതിനാല്‍ തള്ളിക്കളഞ്ഞു. ഗവണ്‍മെന്റിന്റെയും പാര്‍ലിമെന്റിന്റെയും സ്ഥിരത ഉറപ്പു വരുത്തുവാന്‍ ലോകസഭക്ക് അഞ്ചുവര്‍ഷം എന്ന് ഒരു നിശ്ചിത കാലാവുധി തീരുമാനിക്കണമെന്ന് ലാല്‍ കിഷന്‍ അദ്വാനിയും, മറ്റും നിര്‍ദ്ദേശിക്കുകയുണ്ടായെങ്കിലും എതിര്‍പ്പു മൂലം നടന്നില്ല. നിശ്ചിത കാലാവധി എന്നത് ഏകാധിപത്യത്തിലേക്കും ഫാസിസ്റ്റ് പ്രവണതയിലേക്കും നീങ്ങുവാന്‍ സാദ്ധ്യതയുണ്ടെന്നതായിരുന്നു വിമര്‍ശനം. ഇതിനിടെ രാജ്യസഭ നിറുത്തലാക്കുന്നതിനെ കുറിച്ചും നിര്‍ദ്ദേശം ഉണ്ടായി. കാരണം സഭാസ്തംഭനം അബദ്ധം!

ഇനി കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുടെ വിഷയം. ഐ.എ.എസും, ഐ.പി.എസും, ഐ.എഫ്.എസും ആണോ ജനോദ്ധാരണപരമായ ജനകീയ ഭരണത്തിന്റെ ആധാരശില? അതോ ജനക്ഷേമകരമായ സാമാന്യബുദ്ധിയോ? ചിന്തിക്കണം.

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുടെ വക്താക്കള്‍ പറയുന്നത് ജനപ്രതിനിധിക്ക് വായിച്ചറിയുവാനുള്ള ത്രാണി ഉണ്ടായിരിക്കണമെന്നാണ്. ഉദാഹരണമായി ഒരു ബില്ല്. അത് ഇംഗ്ലീഷിലോ ഹിന്ദിയിലോ മറ്റേതെങ്കിലും പ്രാദേശിക ഭാഷയിലോ ആയികൊള്ളട്ടെ. നിരക്ഷരനായ ഒരു ജനപ്രതിനിധിയ്ക്ക് അതിനെകുറിച്ച് വായിച്ചു പഠിച്ച് ഒരു നിഗമനത്തില്‍ എത്തുവാന്‍ സാധിക്കുമോ? അതുപോലെ തന്നെ ഭരണഘടനയും, ഐ.പി.സി.യും, സി.ആര്‍.പി.സിയും ഒട്ടേറെ കാര്യങ്ങളും ഇത് ശരിയാണ്. പക്ഷേ, നിരക്ഷരര്‍ എന്ന് നിങ്ങള്‍ സംശയിക്കുന്ന ഈ പാവപ്പെട്ടവന്റെ ബുദ്ധിയേയും സാമാന്യ ബോധത്തെയും സുഹൃത്തേ, ഭരണാധികാരി, സംശയിക്കരുത്. അവന്റെ രാഷ്ട്രീയം  ഉരുത്തിരിയുന്നത് അവന്റെ വിശക്കുന്ന ഉദരത്തില്‍ നിന്നാണ്. താങ്കളുടെ വിദ്യാഭ്യാസ യോഗ്യത എന്ന ആഢ്യ-ഉപരി വര്‍ഗ്ഗ നിന്ദയില്‍ നിന്നും അല്ല. അവന്‍ പാഠശാലയില്‍ പോയില്ലെങ്കില്‍ അത് അവന്റെ സാമൂഹ്യ-സാമ്പത്തിക പ്രതിസന്ധി കൊണ്ടാണ്. എന്തുകൊണ്ട് രാജ്യം അത് ഏറ്റെടുത്തില്ല? അത് ചെയ്തില്ല?  എന്നിട്ടും നിയമം ഇറക്കുന്നോ?

ഇവിടെ ഞാന്‍ നിരക്ഷരതയെ സ്തുതിക്കുവാന്‍ അല്ല ഉദ്ദേശിക്കുന്നത്. അതിന്റെ സാമ്പത്തീക-രാഷ്ട്രീയ-സാമുദായിക പശ്ചാത്തലത്തെ മനസിലാക്കികൊണ്ട് മാത്രമെ ഇത് പോലുള്ള ഒരു നിയമം ഇന്‍ഡ്യ പോലുള്ള ഒരു രാജ്യത്ത് നടപ്പിലാക്കാവൂ എന്നേ പറയുന്നുള്ളൂ. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ആയിരുന്ന ജസ്റ്റീസ് മാര്‍ക്കാണ്ടേയ കാട്ജു അഭിപ്രായപ്പെടുകയുണ്ടായി പത്രപ്രവര്‍ത്തകര്‍ക്ക് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കണമെന്ന്. അത് ശരിയാണ്. അത് മനസിലാക്കുകയും ചെയ്യാം. അത് നിലവിലുണ്ട്താനും. പ്കഷേ, ഒരു ജനാധിപത്യത്തില്‍ ഒരു ജനപ്രതിനിധിയുടെ യോഗ്യത നിശ്ചയിക്കേണ്ടത് അയാളുടെ വിദ്യാഭ്യാസ യോഗത അല്ല. അതുകൊണ്ട് തന്നെയാണ് ഹരിയാന ഗവണ്‍മെന്റിന്റെ ഉത്തരവിനെ സുപ്രീംകോടതി റദ്ദാക്കിയത്. അതുകൊണ്ട് തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ നിര്‍ദ്ദേശത്തെ ഇതുവരെയും ഗൗരവമായി പരിഗണിക്കാത്തത്. ഒരു കണക്ക് പ്രകാരം ലോകജനാധിപത്യ രാജ്യങ്ങളില്‍ 190 രാഷ്ട്രങ്ങളില്‍ 43 എണ്ണം മാത്രം ആണ് വിദ്യാഭ്യാസ യോഗ്യത നടപ്പിലാക്കിയിട്ടുള്ളത്. ഹരിയാന പഞ്ചായത്തി രാജിന്റെ നിയമപ്രകാരം പ്രാദേശിക സ്വയം ഭരണസ്ഥാപനത്തിന്റെ തെരഞ്ഞെടുപ്പുകളിലേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി പുരുഷനാണെങ്കില്‍ പത്താം ക്ലാസും സ്ത്രീയാണെങ്കില്‍ എട്ടാംക്ലാസും ദളിത് ആണെങ്കില്‍ അഞ്ചാം ക്ലാസും പാസായിരിക്കണം. മാത്രവുമല്ല സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ ഒരു ടോയിലറ്റും ഉണ്ടായിരിക്കണം. ഇത് നരേന്ദ്രമോഡിയുടെ ശുചിത്വ ഭാരതമെന്ന മുദ്രാവാക്യം അനുസരിച്ചുള്ള ഒരു നിബന്ധന ആണ്. തീര്‍ന്നില്ല, സ്ഥാനാര്‍ത്ഥി കാര്‍ഷീക കടവായ്പയില്‍ കുടിശിഖ പാടില്ല. അതുപോലെ തന്നെ വൈദ്യുതി ബില്‍ കൃ്ത്യമായി അടച്ചിട്ടുണ്ടായിരിക്കണം. സ്ഥാനാര്‍ത്ഥിയുടെ ക്രിമിനല്‍ പശ്ചാത്തലത്തെകുറിച്ച് ഒന്നും പറയുന്നില്ല താനും. വിദ്യാഭ്യാസയോഗ്യതയും കടബാദ്ധ്യതയും വൈദ്യുതബില്ലും ഒന്നും നിയമസഭ, പാര്‍ലിമെന്റ് തെരഞ്ഞെടുപ്പുകളില്‍ ബാധകം അല്ലെങ്കില്‍ എന്തിന് അത് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ മാത്രം ഏര്‍പ്പെടുത്തണം? ഇതാണ് പരാതിക്കാരുടെ ചോദ്യം. ഇതാണ് കോടതി ചെവിക്കൊണ്ടതും. ആരാണ് ഇതുപോലുള്ള നിയമങ്ങള്‍ പടച്ച് വിടുന്നത്? കേവലം ഗുമസ്തന്മാരോ?

കണക്കുകള്‍ അനുസരിച്ച് ഈ നിയമം പ്രാബല്ല്യത്തില്‍ വന്നാല്‍ 83 ശതമാനം ഗ്രാമീണ സ്ത്രീകളും 67 ശതമാനം നഗരവാസികളായ സ്ത്രീകളും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുവാന്‍ അയോഗ്യര്‍ ആയിരിക്കും. അതാണ് അവരുടെ സാക്ഷരതയുടെ അവസ്ഥ. കാര്‍ഷീക വായ്പയുടെ തിരിച്ചടക്കലും വൈദ്യുതി ബില്ലിന്റെ അടപ്പും ഒരു യോഗ്യത, നിബന്ധനായി വയ്ക്കുന്നത് സാമ്പത്തീക ഉച്ചനീച്ചത്വം ആണ്. ജനാധിപത്യവിരുദ്ധം ആണ്. ലക്ഷക്കണക്കിന് കോടിരൂപ കിട്ടാക്കടമായി എഴുതി തള്ളി വ്യവസായികളെയും ധനികരെയും സംരക്ഷിക്കുന്ന ഒരു ഗവണ്‍മെന്റാണ് ബില്ലടക്കാത്തതിന്റെ പേരില്‍ ഒരു പൗരന്റെ ജനാധിപത്യ അവകാശം എടുത്ത് കളയുന്നത്! ഈ കരിനിയമത്തെ അത് അര്‍ഹിക്കുന്ന അവജ്ഞയോടെ സുപ്രീം കോടതി റദ്ദാക്കിയത് ഇന്‍ഡ്യയുടെ ജനാധിപത്യ ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു നാഴികക്കല്ലാണ്. ഇങ്ങനെ ഒരു നിയമം അവതരിപ്പിച്ച രാഷ്ട്രീയക്കാര്‍ക്ക് എന്ത് മറുപടിയാണ് നല്‍കുവാനുള്ളത്?

ജനപ്രതിനിധികള്‍ക്ക് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത നിര്‍ബ്ബന്ധിതമാക്കുന്നത് അഭിലഷണീയമോ?  (ഡല്‍ഹികത്ത് : പി.വി. തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക