Image

തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റുകളെ പരിഹസിച്ച് വി.ടി ബല്‍റാം

Published on 04 September, 2015
 തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റുകളെ പരിഹസിച്ച് വി.ടി ബല്‍റാം

പാലക്കാട്: തൃത്താലയിലെ കൃഷി ഓഫീസറുടെ സ്ഥലമാറ്റത്തിനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ച തോമസ് ഐസകിനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍എ രംഗത്ത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും ആലപ്പുഴ എം.എല്‍.എയുമായ തോമസ് ഐസക് ഫേസ്ബുക്കില്‍ നടത്തുന്ന ഇടപെടലിനെ പരിഹസിച്ചും വിമര്‍ശിച്ചുമാണ് ബല്‍റാമിന്റെ പോസ്റ്റ്.
ജൈവകൃഷിയെയും മാലിന്യ സംസ്‌ക്കരണത്തെക്കുറിച്ചുമൊക്കെ മാത്രം പോസ്റ്റിട്ട് എല്ലാവര്‍ക്കും, പ്രത്യേകിച്ചും മധ്യവര്‍ഗത്തിനു, സ്വീകാര്യനായ നല്ലപിള്ള ചമയലും അതുവഴി സാറിലാണു ഭാവി കേരളത്തിന്റെ വികസന പ്രതീക്ഷ എന്ന് പറയിപ്പിക്കലുമാണല്‌ളോ ഈയിടെയായി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ ഒരു പൊതു ലൈന്‍ ഇങ്ങനെയാണ് വി.ടി ബല്‍റാമിന്റെ പരിഹാസം തുടങ്ങുന്നത്. വെട്ടും കുത്തും തൊഴിലാക്കിയ ചിരിക്കാനറിയാത്ത രൗദ്രമുഖങ്ങളുമായുള്ള താരതമ്യത്തില്‍ തന്റെ പ്രതിച്ഛായ നിര്‍മിതികള്‍ക്കുള്ള പാര്‍ലമെന്ററി സാധ്യത അദ്ദേഹം കൃത്യമായി മനസ്സിലാക്കുന്നുണ്ട്. തുടര്‍ന്നും തോമസ് ഐസക്കിന്റെ ഫേസ്ബുക് ഇടപെടലുകളെയും സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ എങ്ങോട്ടെല്ലാം സ്ഥലം മാറ്റണമെന്ന കാര്യത്തില്‍ തല്‍ക്കാലം എ.കെ.ജി. സെന്ററില്‍ നിന്നോ പ്രാദേശിക സി പി എം ഓഫിസില്‍ നിന്നോ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ നിര്‍വാഹമില്‌ളെന്ന് സൂചിപ്പിച്ചാണ് ബല്‍റാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കൃഷി ഓഫിസറുടെ സ്ഥലം മാറ്റത്തിനു പിന്നില്‍ ചരടു വലിച്ചത് സ്ഥലം എം.എല്‍. എ ആണെന്ന തോമസ് ഐസകിന്റെ ആരോപണമാണ് ബല്‍റാമിനെ ചൊടിപ്പിച്ചത്. ഓഫിസറെ അകാരണമായി സ്ഥലം മാറ്റുന്നതിന് കൃഷി മന്ത്രി പോലും എതിരായിരുന്നു. ബല്‍റാമിന്റെ ശാഠ്യത്തിന് വഴങ്ങിയാണ് സ്ഥലംമാറ്റം. ഇത് ബല്‍റാമിന്റെ മാന്യതക്ക് ചേരുന്ന ഒന്നല്ല. അധികാരത്തിന്റെ ബലത്തില്‍ ഇത്തരം ക്രൂരതകള്‍ പാടില്ല . ഈ തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു ഇതായിരുന്നു ഫേസ്ബുക് പോസ്റ്റിലെ തോമസ് ഐസകിന്റെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക