Image

റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് സീറോ മലബാര്‍ സഭ ഔദ്യോഗിക വക്താവ്‌

Published on 04 September, 2015
റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് സീറോ മലബാര്‍ സഭ ഔദ്യോഗിക വക്താവ്‌

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താവായി എറണാകുളം-അങ്കമാലി അതിരൂപതയിലെ റവ.ഡോ. ജിമ്മി പൂച്ചക്കാട്ടിനെ നിയമിച്ചു. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ പാലാ, ഫാ. ഏബ്രഹാം കാവില്‍പുരയിടത്തില്‍ താമരശേരി, പി.ഐ. ലാസര്‍ തൃശൂര്‍, സിജോ പൈനാടത്ത് എറണാകുളം-അങ്കമാലി എന്നിവരെ സഭയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാരായും നിയമിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു നിയമനം നടത്തിയത്. രണ്ടു വര്‍ഷത്തേക്കാണു നിയമനം.

എറണാകുളം-അങ്കമാലി അതിരൂപതയിലെ മതബോധനകേന്ദ്രം ഡയറക്ടറായ റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് സഭയുടെ ക്ലര്‍ജി കമ്മീഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഗ്രന്ഥകാരനും വാഗ്മിയുമാണ്. റവ.ഡോ. പോള്‍ തേലക്കാട്ട് കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണു സഭയുടെ ഔദ്യോഗിക വക്താവായി റവ.ഡോ. ജിമ്മി പൂച്ചക്കാട്ടിന്റെ നിയമനം. 
പാലാ രൂപത കോര്‍പറേറ്റ് മാനേജരായ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും അറിയപ്പെടുന്ന പ്രഭാഷകനുമാണ്. താമരശേരി രൂപത ചാന്‍സലറും പശ്ചിമഘട്ട ജനസംരക്ഷണ സമിതി കോ ഓര്‍ഡിനേറ്ററുമാണ് ഫാ. ഏബ്രഹാം കാവില്‍പുരയിടത്തില്‍. 

കേരള കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്റും സഭാതാരം പുരസ്‌കാരജേതാവുമായ പി.ഐ. ലാസര്‍ മാസ്റ്റര്‍ തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെയും സീറോ മലബാര്‍ സഭയുടെ മീഡിയ ഫോറത്തിന്റെയും സെക്രട്ടറിയായ സിജോ പൈനാടത്ത് ദീപിക ദിനപത്രത്തിന്റെ കൊച്ചി യൂണിറ്റില്‍ ലേഖകനാണ്.   

(പടങ്ങള്‍....
റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്
ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍
ഫാ. ഏബ്രഹാം കാവില്‍പുരയിടത്തില്‍
പി.ഐ. ലാസര്‍ 
സിജോ പൈനാടത്ത് )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക