Image

ഓക്‌വുഡ്‌ കസേര ന്യൂയോര്‍ക്കില്‍, വാല്‍നട്ട്‌ ഫിലാഡല്‍ഫിയായില്‍: എല്ലാം ഫ്രാന്‍സീസ്‌ പാപ്പാക്കായി (തീര്‍ത്ഥാടനവഴിയില്‍- 5: ജോസ്‌ മാളേയ്‌ക്കല്‍)

Published on 01 September, 2015
ഓക്‌വുഡ്‌ കസേര ന്യൂയോര്‍ക്കില്‍, വാല്‍നട്ട്‌ ഫിലാഡല്‍ഫിയായില്‍: എല്ലാം ഫ്രാന്‍സീസ്‌ പാപ്പാക്കായി (തീര്‍ത്ഥാടനവഴിയില്‍- 5: ജോസ്‌ മാളേയ്‌ക്കല്‍)
ന്യൂയോര്‍ക്ക്‌ പോര്‍ട്ട്‌ ചെസ്റ്ററില്‍ നിറയെ കായ്‌കളുമായി പൂത്തുല്ലസിച്ചു നില്‍ക്കുന്ന വാല്‍നട്ട്‌ മരത്തണലില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ചിട്ടുള്ള മരപ്പണിശാലയില്‍ ഫോസ്റ്റോ ഫെര്‍ണാണ്ടസും, ഹെക്ടര്‍ റോജാസും, ഫ്രാന്‍സിസ്‌കോ സാന്റമറിയായും സലേഷ്യന്‍ വൈദികന്‍ സാല്‍ സമ്മര്‍ക്കോ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ വളരെ ശ്രദ്ധയോടെ കേള്‍ക്കുന്നു. കൊട്ടുവടിയും, ഉളിയും, അറക്കവാളുകളും മരച്ചീളുകള്‍ക്കിടയില്‍ ചിതറിക്കിടക്കുന്ന കാര്‍പ്പന്‍ട്രി ഷോപ്പില്‍ സ്‌പാനീഷ്‌ ഭാഷ മാത്രം അറിയാവുന്ന ഈ മൂന്നു ലാറ്റിനോ കാര്‍പ്പന്റര്‍മാരും തങ്ങളുടെ മാതൃഭാഷ ലവലേശം വശമില്ലാത്ത വൈദികന്‍ ഇംഗ്ലീഷില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ശിരസാ വഹിക്കുന്നു. എന്തിനെന്നല്ലേ, സെപ്‌റ്റംബറില്‍ ന്യൂയോര്‍ക്ക്‌ നഗരം സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ്‌ പാപ്പാക്ക്‌ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ദിവ്യബലി അര്‍പ്പിക്കുമ്പോള്‍ ഇരിക്കുന്നതിനുള്ള രാജകീയ സിംഹാസനം തയാറാക്കുന്ന ജോലിയിലാണീ മൂന്നു സ്‌പാനീഷ്‌ മരപ്പണിക്കാരും. സലേഷ്യന്‍ വൈദികന്‍ അവരുടെ ലീഡറും.

`അടിയുറച്ച വിശ്വാസം ഭാഷക്കു വഴിമാറുന്നു' പെരുന്തച്ചന്‍ കൂടിയായ ഫാ. സമ്മര്‍ക്കോ പറഞ്ഞു. `ഫോസ്റ്റോക്ക്‌ കുറച്ച്‌ ഇംഗ്ലീഷ്‌ അറിയാവുന്നതുകൊണ്ട്‌ ഞാന്‍ പറയുന്നത്‌ അവന്‍ മറ്റുള്ളവര്‍ക്ക്‌ പരിഭാഷപ്പെടുത്തിക്കൊടുക്കും. എന്നാല്‍ ലോകാരാധ്യനായ ഫ്രാന്‍സിസ്‌ പാപ്പാക്ക്‌ ഇരിപ്പിടം തയാറാക്കുക എന്ന ആ വലിയ ദൗത്യം ആണു ഞങ്ങളെ ഭാഷകള്‍ക്കപ്പുറം ഒരുമിപ്പിക്കുന്നത്‌' ഫാ. കൂട്ടിച്ചേര്‍ത്തു.

ഡോണ്‍ ബോസ്‌ക്കോ കമ്യൂണിറ്റി സെന്ററില്‍ നടക്കുന്ന ഈ പേപ്പല്‍ കസേര നിര്‍മ്മാണ പ്രോജക്ടിന്റെ ലീഡറായ ഫാ. സമ്മര്‍ക്കോ മരപ്പണിക്കാരുടെ മധ്യസ്‌തന്‍ കൂടിയായ തച്ചന്‍ സെ. ജോസഫിനോട്‌ മുട്ടിപ്പായി പ്രാത്ഥിച്ചതിനുശേഷമാണു ഈ പ്രോജക്ടുമായി മുന്‍പോട്ടു പോകുന്നത്‌. അദ്ദേഹം പ്രാര്‍ത്ഥിച്ചതെന്തെന്നല്ലേ? ഫ്രാന്‍സീസ്‌ പാപ്പാക്കായി നിര്‍മ്മിക്കുന്ന മഹാഗണി നിറത്തില്‍ എളിയ ഡിസൈനിലുള്ള ഈ കസേര എളിമയുടെ സുവിശേഷം പ്രസംഗിക്കുകയും സ്വജീവിതത്തിലൂടെ അതു മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കുകയും ചെയ്യുന്ന പരിശുദ്ധപിതാവിനു നന്നായി ഇഷ്ടപ്പെടണം. അതായിരുന്നു സമ്മര്‍ക്കോയുടെ പ്രാര്‍ത്ഥന.

`എന്റെ രണ്ടാമത്തെ പേര്‌ (മാമ്മോദീസാ നാമം) ജോസഫ്‌ എന്നാണ്‌. എന്നെ മാമ്മോദീസ മുക്കിയപ്പോള്‍തന്നെ എന്റെ മാതാപിതാക്കള്‍ എന്റെ തൊഴിലും നിശ്ചയിച്ചിരുന്നു ജോസഫ്‌ എന്ന തച്ചന്റെ പേരു നല്‍കിയതുവഴി'. 22 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മനാഗ്വയില്‍നിന്നു വന്ന സാന്റമറിയ പറഞ്ഞു. `പരിശുദ്ധപിതാവിനായുള്ള സിംഹാസനം പണി ആരംഭിക്കുന്നതിനുമുമ്പ്‌ എന്നെ അനുഗ്രഹിച്ച്‌ എന്റെ കരങ്ങള്‍ക്ക്‌ ശക്തി പകരണമെന്ന്‌ ഞാന്‍ സെ. ജോസഫിനോടു പ്രാര്‍ത്ഥിച്ചിരുന്നു.' 14 വയസില്‍ സ്‌കൂള്‍പഠനം ഉപേക്ഷിച്ച്‌ ദൈവപുത്രനായ യേശുവിന്റെ തൊഴില്‍ പഠിക്കാന്‍ ഇറങ്ങിപുറപ്പെട്ട തച്ചനായ സാന്റമറിയ പറഞ്ഞു.

കലാപ കലുഷിതമായ നിക്കരാഗ്വെയില്‍നിന്ന്‌ രണ്ടുപതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ യു. എസിലേക്കു നുഴഞ്ഞു കയറിയ സാന്റാമറിയ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു ദൈവികപദ്ധതിയുടെ ഭാഗമായി താന്‍ മാറുമെന്ന്‌. `എന്നെപ്പോലെയുള്ള എളിയ മനുഷ്യരെ ഈ പാവനമായ പ്രോജക്ട്‌ എല്‍പ്പിച്ചതില്‍ ഞാന്‍ അതീവ ബഹുമാനിതനാണ്‌'. ഇതു പറയുമ്പോള്‍ അവന്റെ കണ്ണുകളില്‍ നീര്‍ചാലുകീറിയിരുന്നു.?

`ലാറ്റിനോ ജോലിക്കാര്‍ കഠിനാദ്ധ്വാനികളും, എളിയവരും, ഭാവനാസമ്പന്നരുമാണ്‌. അവര്‍ ഈ പ്രോജക്ടിനു പറ്റിയവര്‍ തന്നെ' ലാറ്റിനോ പണിക്കാരെ അഭിനന്ദിച്ചുകൊണ്ട്‌ അവിടം സന്ദര്‍ശിച്ച ന്യൂയോര്‍ക്ക്‌ കര്‍ദ്ദിനാള്‍ ഡോളന്‍ പറഞ്ഞു.

മെക്‌സിക്കോയില്‍നിന്നുള്ള ഇഗ്നേഷ്യ ഗോണ്‍സാലസും മറ്റു 30 യോങ്കേഴ്‌സ്‌ വനിതകളും ഫ്രാന്‍സിസ്‌ പാപ്പാക്ക്‌ ദിവ്യബലിക്ക്‌ അണിയാനുള്ള അള്‍ത്താര വസ്‌ത്രങ്ങള്‍ തയ്‌ക്കുന്ന തിരക്കിലാണ്‌. ന}യോര്‍ക്കില്‍ കാത്തലിക്‌ ചാരിറ്റീസിന്റെ സഹായത്തോടെ എംബ്രോയിഡറീ കട നടത്തുകയാണീ സ്‌ത്രീകള്‍. എല്ലാവരുടെയും ഭര്‍ത്താക്കന്മാര്‍ ദിവസക്കൂലിക്കു പണിയെടുക്കുന്നവര്‍. അതിനാല്‍ കുടുംബം പോറ്റാനായി വീട്ടമ്മമാരും തങ്ങളാല്‍ കഴിയുന്ന പണി ചെയ്‌ത്‌ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുന്നു. മെക്‌സിക്കോയില്‍ അവരുടെ കുലതൊഴിലാണിത്‌.

2002 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മെക്‌സിക്കോസിറ്റിയില്‍ സെ. ജുവാന്‍ ഡിയേഗോയെ വിശുദ്ധനാക്കിയ അവസരത്തില്‍ അദ്ദേഹത്തെ തൊട്ടടുത്ത്‌ കാണാനും അനുഗ്രഹം വാങ്ങാനും ഭാഗ്യം ലഭിച്ച ഗൊണ്‍സാലസ്‌ സ്വപ്‌നത്തില്‍പോലും വിചാരിച്ചു കാണില്ല തനിക്ക്‌ മറ്റൊരു മാര്‍പാപ്പാക്കായി യു. എസ്‌. മണ്ണില്‍വച്ച്‌ അള്‍ത്താര വസ്‌ത്രങ്ങള്‍ തുന്നാന്‍ സാധിക്കുമെന്ന്‌. എല്ലാം സര്‍വശക്തനായ ദൈവത്തിന്റെ പദ്ധതികള്‍ എന്ന്‌ അവള്‍ ഇപ്പോള്‍ തിരിച്ചറിയുന്നു.

*****************

നോര്‍ത്തീസ്റ്റ്‌ ഫിലാഡല്‍ഫിയായിലുള്ള കറാന്‍ ഫ്രംഹോള്‍ഡ്‌ ജയിലിലെ അന്തേവാസികള്‍ തങ്ങളെ സന്ദര്‍ശിക്കാനെത്തുന്ന അതിവിശിഷ്‌ഠ അതിഥിക്കായി രാജകീയ ഇരിപ്പിടം തയാറാക്കുന്ന പണിപ്പുരയിലാണ്‌. പാവങ്ങളോടും, കുറ്റവാളികളോടും പ്രത്യേക മമതയും, കരുണയും കാട്ടുന്ന റോമിന്റെ വലിയ മുക്കുവന്‍ ആര്‍ക്കും വേണ്ടാത്ത തങ്ങളെ ജയിലെലെത്തി സാന്ത്വനിപ്പിക്കുമെന്ന്‌ അവരാരും ചിന്തിച്ചിട്ടേയില്ല. കൂടെകൂടെ ജയിലുകളും, വയോജന കേന്ദ്രങ്ങളും ഫ്രാന്‍സിസ്‌ പാപ്പ സന്ദര്‍ശിച്ച്‌ അവിടങ്ങളിലെ അന്തേവാസികളെ ആശ്വസിപ്പിക്കുന്നതായി കേട്ടിട്ടുണ്ടെങ്കിലും തങ്ങളുടെ അടുത്ത്‌ എത്തുമെന്ന്‌ അവര്‍ സ്വപ്‌നം കണ്ടിട്ടുപോലുമില്ല. സിറ്റിയിലെ ഏറ്റവും വലിയ കറക്ഷണല്‍ ഫസിലിറ്റി ആയ ജയില്‍ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ കാണിച്ച കാരുണ്യത്തിനു തങ്ങള്‍ എന്നും നന്ദിയുള്ളവരായിരിക്കുമെന്ന്‌ അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.

ആറടി ഉയരത്തില്‍ വാല്‍നട്ട്‌ തടിയില്‍ കൈകൊണ്ട്‌ കൊത്തുപണികള്‍ ചെയ്‌തുണ്ടാക്കിയ ഈ രാജകീയ സിംഹാസനം ജയിലിലെ അന്തേവാസികളുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമാണ്‌. സെപ്‌റ്റംബര്‍ 27 ഞായറാഴ്‌ച്ച രാവിലെ ഫ്രാന്‍സിസ്‌ പാപ്പ തങ്ങളെ സന്ദര്‍ശിക്കാനെത്തുമ്പോള്‍ അദ്ദേഹത്തിനു സമ്മാനിക്കാനുള്ളതാണീ വാല്‍നട്ട്‌ കസേര. തെരഞ്ഞെടുക്കപ്പെട്ട 100 അന്തേവാസികളെയും അവരുടെ കുടുംബാംഗങ്ങളെയും മാര്‍പാപ്പ നേരില്‍ കണ്ടു സംസാരിക്കും. ആരൊക്കെയായിരിക്കാം ഈ 100 ഭാഗ്യവാന്മാര്‍ എന്ന്‌ ജയില്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നല്ല പെരുമാറ്റവും, ജോലിയില്‍ ആത്മാര്‍ത്ഥതയും കാട്ടിയിട്ടുള്ളവര്‍ക്ക്‌ തീര്‍ച്ചയായും പാപ്പായുടെ സ്‌പെഷ്യല്‍ ഓഡിയന്‍സ്‌ ലഭിക്കുമെന്നതിനു സംശയമില്ല. എന്തായാലും കസേര നിര്‍മ്മിക്കാന്‍ കൂടിയവര്‍ക്കു മുന്‍ഗണന ലഭിക്കാതിരിക്കില്ല.

ട്രാഫിക്‌ ബോക്‌സ്‌ ഇല്ല: പകരം `ഫ്രാന്‍സിസ്‌ ഫെസ്റ്റിവല്‍ ഗ്രൗണ്ട്‌സ്‌' (തീര്‍ത്ഥാടനവഴിയില്‍ -4: ജോസ്‌ മാളേയ്‌ക്കല്‍)
http://emalayalee.com/varthaFull.php?newsId=106666

ഗറ്റീസ്‌ബര്‍ഗിലെ പ്രസംഗപീഠവും, നോട്ടര്‍ഡാമിലെ ബലിവേദിയും (തീര്‍ത്ഥാടനവഴിയില്‍- 3: ജോസ്‌ മാളേയ്‌ക്കല്‍)
http://emalayalee.com/varthaFull.php?newsId=106666

പേപ്പല്‍ വിസിറ്റ്‌ പ്ലേ ബുക്ക്‌ റെഡി! വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍ (തീര്‍ത്ഥാടനവഴിയില്‍- 2: ജോസ്‌ മാളേയ്‌ക്കല്‍)
http://emalayalee.com/varthaFull.php?newsId=106465

വേള്‍ഡ്‌ ഫാമിലി മീറ്റിംഗ്‌ ഫിലാഡല്‍ഫിയായിലെത്തുമ്പോള്‍ (തീര്‍ത്ഥാടനവഴിയില്‍-1:ജോസ്‌ മാളേയ്‌ക്കല്‍)
http://emalayalee.com/varthaFull.php?newsId=106473
ഓക്‌വുഡ്‌ കസേര ന്യൂയോര്‍ക്കില്‍, വാല്‍നട്ട്‌ ഫിലാഡല്‍ഫിയായില്‍: എല്ലാം ഫ്രാന്‍സീസ്‌ പാപ്പാക്കായി (തീര്‍ത്ഥാടനവഴിയില്‍- 5: ജോസ്‌ മാളേയ്‌ക്കല്‍)ഓക്‌വുഡ്‌ കസേര ന്യൂയോര്‍ക്കില്‍, വാല്‍നട്ട്‌ ഫിലാഡല്‍ഫിയായില്‍: എല്ലാം ഫ്രാന്‍സീസ്‌ പാപ്പാക്കായി (തീര്‍ത്ഥാടനവഴിയില്‍- 5: ജോസ്‌ മാളേയ്‌ക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക