Image

തദ്ദേശ തിരഞ്ഞെടുപ്പ്:സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി; സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് വി.എസ്

Published on 03 September, 2015
തദ്ദേശ തിരഞ്ഞെടുപ്പ്:സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി; സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് വി.എസ്

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കോടതി വ്യക്തമാക്കി. 

എത്ര ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന കാര്യവും കമ്മീഷന് തീരുമാനിക്കാം. തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ കോടതി ഇടപെടണമെന്ന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാനാകില്ല  കോടതി പറഞ്ഞു. 

ഡിസംബര്‍ ഒന്നിന് ഭരണസമിതി അധികാരത്തില്‍ വരുന്ന തരത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണയും ലഭിച്ചിരുന്നു. നവംബര്‍ ഒന്നിനാണ് സമിതികള്‍ അധികാരത്തില്‍ വരേണ്ടതത്.

2010 ല്‍ സമാനമായ സാഹചര്യമുണ്ടായപ്പോള്‍ തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ കോടതി അനുവദിച്ചിരുന്നു. അന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ട് കോടതിയെ സമീപിക്കുകയായിരുന്നു. പുതുതായി രൂപവത്കരിച്ച കണ്ണൂര്‍ കോര്‍പ്പറേഷനും 28 നഗര സഭകളും കോടതി അംഗീകരിച്ചിട്ടുണ്ട്. പുതിയ വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തി നിശ്ചിത സമയത്തിനുള്ളില്‍ സമിതികള്‍ അധികാരത്തില്‍ വരാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം.

ഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ലീഗിന്റെ സമ്മര്‍ദത്തിനു വഴങ്ങി തെരഞ്ഞെടുപ്പ് നീട്ടാനായിരുന്നു സര്‍ക്കാരിന്റെ ശ്രമമെന്നും എന്നാല്‍ കോടതിവിധിയിലൂടെ പദ്ധതി പൊളിഞ്ഞെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

അതേ സമയം കോടതി വിധി തിരിച്ചടിയല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക