Image

അക്രമങ്ങള്‍ക്കെതിരെ ‘സീറോ ടോളറന്‍സ്’: ചെന്നിത്തല

Published on 03 September, 2015
അക്രമങ്ങള്‍ക്കെതിരെ ‘സീറോ ടോളറന്‍സ്’: ചെന്നിത്തല
രമേശ് ചെന്നിത്തല (സംസ്ഥാന ആഭ്യന്തരമന്ത്രി)

തിരുവോണനാളില്‍  രണ്ടു യുവാക്കള്‍ രാഷ്ട്രീയവൈരത്താല്‍ കൊല്ലപ്പെട്ടതും തുടര്‍ന്ന് സംസ്ഥാനത്തിന്‍െറ വിവിധയിടങ്ങളില്‍ അക്രമസംഭവങ്ങളുണ്ടായി എന്നുമുള്ള വാര്‍ത്തകള്‍   സമാധാനകാംക്ഷികളായ എല്ലാവരുടെയും മനസ്സില്‍ ആശങ്കയുടെ കാര്‍മേഘങ്ങള്‍  ഉയര്‍ത്തിവിട്ടിരിക്കുകയാണ്. അക്രമത്തിന്‍െറയും അവിശ്വാസത്തിന്‍െറയും  അന്തരീക്ഷം  സംസ്ഥാനത്ത്  വീണ്ടും സംജാതമാകുന്നത്  അതീവഗൗരവത്തോടെ നമ്മള്‍ കാണണം. രാഷ്ട്രീയ കുടിപ്പകയുടെ പേരില്‍ രക്തപ്പുഴകളൊഴുകിയ   ഒരു പഴയകാലം നമുക്കുണ്ടായിരുന്നു.  ഭീതിജനകമായ ആ കാലം തിരിച്ചുവന്നുകൂടാ. അതിനുള്ള ഓരോ ചെറിയ ശ്രമംപോലും മുളയിലെ നുള്ളപ്പെടുകയും  അതിന് നേതൃത്വംനല്‍കുന്നവര്‍ ആരുതന്നെയായാലും അവരെ സാമൂഹികമായും രാഷ്ട്രീയമായും ഒറ്റപ്പെടുത്തുകയും  വേണം.

2005 മുതല്‍ 2015  ആഗസ്റ്റ് 28 വരെയുള്ള ഒരു ദശാബ്ദക്കാലത്ത്  സംസ്ഥാനത്തൊട്ടാകെ   നടന്ന    രാഷ്ട്രീയ കൊലപാതകങ്ങളില്‍  98 ജീവനുകള്‍ കുരുതികഴിക്കപ്പെട്ടുവെന്ന് ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 51 പേര്‍  സി.പി.എമ്മുകാരോ ആ പാര്‍ട്ടിയുടെ പോഷക സംഘടനകളില്‍പെട്ടവരോ ആണ്. 34 പേര്‍  ആര്‍.എസ്.എസ്-ബി.ജെ. പി അനുബന്ധ സംഘടനകളില്‍പെട്ടവരാണ്. സി.പി.എം നേതൃത്വത്തില്‍ 45 രാഷ്ട്രീയ  കൊലപാതകങ്ങള്‍ അരങ്ങേറിയപ്പോള്‍ ബി.ജെ.പിയുടെ കാര്‍മികത്വത്തില്‍ നടന്നത് 38 കൊലകളാണ്.   ഇതില്‍ 42  കൊലപാതകങ്ങളും അരങ്ങേറിയത്  കണ്ണൂര്‍ ജില്ലയിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

2012 മേയ് മാസത്തില്‍ കേരളീയ മന$സാക്ഷിയെ ഞെട്ടിച്ച   ടി.പി വധത്തില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ട സി.പി.എം   നേരിടേണ്ടിവന്ന  രാഷ്ട്രീയമായ  തിരിച്ചടികള്‍ നിരവധിയായിരുന്നു. ഇതോടെ  നമ്മുടെ നാട്ടിലെ ദാരുണവും നിര്‍ഭാഗ്യകരവുമായ  രാഷ്ട്രീയ കൊലപാതക പരമ്പരകള്‍ക്ക് ഒരവസാനമുണ്ടാകുമെന്ന്   പ്രതീക്ഷിച്ചെങ്കിലും കഴിഞ്ഞദിവസത്തെ സംഭവവികാസങ്ങള്‍  നമ്മെ  വീണ്ടും നിരാശരാക്കുകയാണ്.

 കഴിഞ്ഞ 10 വര്‍ഷത്തിനിടക്ക് കേരളത്തില്‍ അരങ്ങേറിയ രാഷ്ട്രീയ കൊലപാതകങ്ങളെ വിശകലനംചെയ്യുമ്പോള്‍ ഒരു പ്രധാന വസ്തുത മറനീക്കി പുറത്തുവരുന്നു. ഭൂരിഭാഗം രാഷ്ട്രീയ സംഘട്ടനങ്ങളിലും ഇരുവശത്തുമായി  അണിനിരന്നിരിക്കുന്നത് സി.പി.എം-ബി.ജെ.പി എന്നീ പാര്‍ട്ടികളാണ്. മറ്റു പാര്‍ട്ടികളുടെ  വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമേ  രാഷ്ട്രീയ  വൈരത്തിന്‍െറ  പേരില്‍  കൊല്ലപ്പെട്ടിട്ടുള്ളൂ. ചുരുക്കത്തില്‍  ഈ രണ്ടു രാഷ്ട്രീയകക്ഷികളും മനസ്സുവെച്ചാല്‍   കേരളത്തിന്‍െറ രാഷ്ട്രീയ, സാമൂഹിക പരിസരം കലാപമുക്തമാവുമെന്ന്  വ്യക്തം.

കോണ്‍ഗ്രസ്  പോലുള്ള ഒരു വലിയ ജനാധിപത്യ പാര്‍ട്ടിയില്‍ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഒരു  സ്ഥാനവുമില്ല.  ആക്രമണത്തിന്‍െറ  പാത സ്വീകരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമികളെന്ന നിലയിലേ  പരിഗണിക്കപ്പെടുകയുള്ളൂവെന്നും അവര്‍ക്ക്  സഹായഹസ്തം നീട്ടാന്‍ ഈ സംഘടനയില്‍ ആരുമുണ്ടാകില്ളെന്നും എനിക്ക്  സുനിശ്ചിതമായി പറയാന്‍കഴിയും.
ആയുധംകൊണ്ടും അക്രമംകൊണ്ടും ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് മറ്റൊന്നിനുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയുമെന്നോ, അല്ളെങ്കില്‍ പരസ്പരം ഇല്ലാതാക്കാന്‍ കഴിയുമെന്നോ ചിന്തിക്കുന്നത് മൗഢ്യമാണ്. ഈ തിരിച്ചറിവ്  നഷ്ടപ്പെടുമ്പോഴാണ് പലപ്പോഴും രാഷ്ട്രീയ സംഘട്ടനങ്ങള്‍ രൂപപ്പെടുന്നത്.  ആയുധമെടുത്തും രക്തപ്പുഴകളൊഴുക്കിയും ഒരു പ്രത്യയശാസ്ത്രവും ലോകത്തിന്നോളം  വിജയിക്കുകയോ, ജനമനസ്സുകളില്‍ സ്ഥാനംനേടുകയോ ചെയ്തിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളിലും കൊലപാതകങ്ങളിലും ശക്തമായ നടപടികള്‍തന്നെയാണ് പൊലീസ് കൈക്കൊണ്ടിട്ടുള്ളത്. അക്രമങ്ങളെ അടിച്ചമര്‍ത്താന്‍ ഒരുമടിയും പൊലീസിനുണ്ടാകില്ല. മുഖംനോക്കാതെയുള്ള നടപടികള്‍ ആഭ്യന്തരവകുപ്പിന്‍െറ ഭാഗത്തുനിന്നുണ്ടാകും. അക്രമങ്ങള്‍ക്കെതിരെ ‘സീറോ ടോളറന്‍സ് ’ എന്നതാണ്  പൊലീസ് നിലപാട്. അതുകൊണ്ടുതന്നെ അക്രമികള്‍ എത്ര സ്വാധീന ശക്തിയുള്ളവരായാലും ഒരാനുകൂല്യവും പ്രതീക്ഷിക്കുകയും വേണ്ട.
അക്രമങ്ങള്‍ അടിച്ചമര്‍ത്താനും സമാധാനം  പുന$സ്ഥാപിക്കാനും  ആഭ്യന്തരവകുപ്പും സര്‍ക്കാറും സ്വീകരിക്കുന്ന നടപടികള്‍ക്കും ശ്രമങ്ങള്‍ക്കുമൊപ്പം ജനകീയമായ ജാഗ്രതയും ഇക്കാര്യത്തില്‍ അത്യന്താപേക്ഷിതമാണ്. ഇത്തരം നരമേധങ്ങള്‍ക്കെതിരെ ജനങ്ങളുടെ  പ്രതിരോധനിര രൂപപ്പെടേണ്ടതുണ്ട്. ഈ ഐക്യനിരക്ക്  മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമേല്‍ ഒരു തിരുത്തല്‍ശക്തിയായി പ്രവര്‍ത്തിക്കാന്‍ സാധിക്കൂ.

അക്രമം അപരിഷ്കൃതത്വത്തിന്‍െറ അങ്ങേയറ്റമാണെന്ന്  നമ്മെ പഠിപ്പിച്ചത്  രാഷ്ട്രപിതാവായ ഗാന്ധിജിയാണ്.  പരസ്പരം കൊന്നു തള്ളി ഒരു രാഷ്ട്രീയാദര്‍ശത്തിനും നിലനില്‍ക്കാന്‍ കഴിയില്ല. മനുഷ്യര്‍ക്ക് വേണ്ടിയല്ളെങ്കില്‍  പ്രസ്ഥാനങ്ങളും സംഘടനകളും നിലനില്‍ക്കുന്നതില്‍ ഒരര്‍ഥവുമില്ല. ഇക്കാര്യം മനസ്സിലാക്കിയാല്‍ ഈ കാണുന്ന പകയും വിദ്വേഷവും കൊലകളും ആക്രമണങ്ങളും നിമിഷനേരംകൊണ്ട് അവസാനിക്കുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക