Image

മൊണ്ട്‌സനോ മേയറായി വിജയം ഉറപ്പിച്ച്‌ വിനി സാമുവല്‍

Published on 01 September, 2015
മൊണ്ട്‌സനോ മേയറായി വിജയം ഉറപ്പിച്ച്‌ വിനി സാമുവല്‍
മൊണ്ട്‌സാനോ, വാഷിംഗ്‌ടണ്‍ സ്‌റ്റേറ്റ്‌: കൊല്ലം സ്വദേശി വിനി എലിസബത്ത്‌ സാമുവല്‍ ഈ നവംബറില്‍ മൊണ്ട്‌സാനൊ മേയറാകുമ്പോള്‍ റിക്കാര്‍ഡുകള്‍ പലതാണു സ്രുഷ്ടിക്കപ്പെടുന്നത്‌. മേയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതായായിരിക്കും അവര്‍. അതു പോലെ 2300 വോട്ടര്‍മാര്‍ മാത്രമുള്ള നഗരത്തിലെ ആദ്യ വനിതാ മേയരും ന്യൂനാപക്ഷാംഗവും.

ജോണ്‍ ഏബ്രഹാമിനു ശേഷം മേയറാകുന്ന ആദ്യ മലയാളിയുമായിരിക്കും അറ്റോര്‍ണിയായ വിനി സാമുവല്‍. 23 വര്‍ഷം മുന്‍പാണു ജോണ്‍ ഏബ്രഹാം ന്യു ജെഴ്‌സിയിലെ ടീനെക്കില്‍ മേയറാകുന്നത്‌.

ഈ മാസമാദ്യം നടന്ന പ്രെമറിയില്‍ നിലവിലൂള്ള മേയര്‍ കെന്‍ എസ്‌റ്റെസിനെ പിന്നിലാക്കി 47 ശതമാനം വോട്ട്‌ അവര്‍ നേടി. 27 ശതമാനം ലഭിച്ച എസ്‌റ്റെസുമായാണു നവംബറില്‍ മത്സരം. പ്രത്യേകിച്ച്‌ വിവാദങ്ങളൊന്നും ഉണ്ടാകാതിരുന്നാല്‍ തന്നെ വിജയം സുനിശ്ചിതമായിരിക്കുമെന്ന്‌ കരുതപ്പെടുന്നു.

റോഡുകളില്‍ കുട്ടികള്‍ ബൈക്കോടിച്ചു നടക്കുകയും ഫിഷിംഗിനു പോകുകയുമൊക്കെ ചെയ്യുന്ന പഴയകാല ജീവിത രീതി തുടരുന്ന നഗരമാണു മൊണ്ട്‌സാനൊ. ഈ തനിമ നിലനിര്‍ത്താന്‍ താന്‍ പ്രത്‌ഞ്‌ജബദ്ധയാണെന്നവര്‍ പറയുന്നു.

നഗരഭരണം സുതാര്യമാക്കുകയും സാമ്പത്തിക രംഗത്തു അച്ചടക്കം പാലിക്കുകയും ചെയ്യുമെന്നും ഉറപ്പു നല്‍കുന്നു. നഗരത്തിലെ മൂന്നു എലിമെന്ററി സ്‌കൂളുകളുടെ വികസനമാണു മറ്റൊരു ലക്ഷ്യം. വൈഫൈ ഒരു പ്രാഥമിക സംവിധാനമാണെന്നും അതിനാല്‍ അതു സൗജന്യമായി ലഭ്യമാക്കണമെന്നും അവര്‍ കരുതുന്നു. പ്രയമായവര്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണു മറ്റൊരു ലക്ഷ്യം.

വാഷിംഗ്‌ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരിരുദവും സിയാറ്റില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു നിയമബിരുദവും നേടിയിട്ടുള്ള വിനി സാമുവലും കുടുംബവൂം ചെറുപ്പത്തില്‍ അലാസ്‌കയിലായിരുന്നു. 18 വര്‍ഷമായി മൊണ്ടെസാനൊയില്‍. പിതാവ്‌ സാമുവല്‍ തോമസും മാതാവും സമീപത്തു തന്നെ താമസിക്കുന്നു.

ഭര്‍ത്താവ്‌ ഗയ്‌ ബെര്‍ഗ്‌സ്‌ട്രോം വാഷിംഗ്‌ടന്‍ സ്‌റ്റേറ്റ്‌ ഹൗസില്‍ ഡമോക്രാറ്റിക്‌ കോക്കസില്‍ പ്രവര്‍ത്തിക്കുന്നു. എക പുത്രന്‍ തോമസ്‌, 13. ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ സഭാംഗമാണു.

വാഷിംഗ്‌ടണ്‍ സ്‌റ്റേറ്റ്‌ സെനറ്റില്‍ മലയാളിയായ പ്രമീള ജയപാല്‍ (മേനോന്‍) സെനറ്ററാണു.

നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന ബിസിനസുകള്‍ കൊണ്ടുവരാനും, നഗരവാസികളില്‍ ചേരിതിരിവ്‌ സൃഷ്‌ടിക്കാനും മേയര്‍ ശ്രമിച്ചതാണ്‌ വിനി സാമുവേലിനെ മത്സരരംഗത്ത്‌ കൊണ്ടുവന്നത്‌. 1998 മുതല്‍ 2006 വരെ ടൗണ്‍ കൗണ്‍സിലറും, താത്‌കാലിക മേയറും (മേയര്‍ പ്രോടൈം) ആയിരുന്നു വിനി സാമുവേല്‍. വിനി രംഗത്തിറങ്ങിയതോടെ മത്സരം കടുത്തു. വിനിയും മേയര്‍ എസ്റ്റസും മൂന്നാമതൊരാളുമാണ്‌ മത്സരിച്ചത്‌. കൂടുതല്‍ വോട്ട്‌ കിട്ടിയവരാണ്‌ ഈ പാര്‍ട്ടിരഹിത മത്സരത്തില്‍ നവംബറില്‍ ഏറ്റുമുട്ടുക.

വിനിക്കെതിരേ കടുത്ത പ്രചാരണമാണ്‌ എസ്റ്റസ്‌ നടത്തിയത്‌. ചിലതിനു വംശീയതയുടെ ലാഞ്ചനയുമുണ്ടായിരുന്നു. പക്ഷെ, പൊതുവില്‍ വൈവിധ്യത്തെ അംഗീകരിക്കുന്ന നഗരസമൂഹം അംഗീകരിച്ചില്ലെന്ന്‌ െ്രെപമറിയില്‍ വ്യക്തമായി. അവര്‍ വലിയതോതില്‍ വന്ന്‌ വോട്ട്‌ ചെയ്യുകയും വിനിക്ക്‌ വലിയ ഭൂരിപക്ഷം നല്‍കുകയും ചെയ്‌തു.

നഗരത്തില്‍ 
വിനിയും മാതാപിതാക്കളുമാണ്‌ ആകെയുള്ള ഇന്ത്യക്കാര്‍. ഏതാനും ഏഷ്യന്‍ വംശജരുണ്ടെങ്കിലും ബഹുഭൂരിപക്ഷവും വെള്ളക്കാര്‍ തന്നെ.

ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ ജയിക്കുന്നതിനെപ്പറ്റി സംശയമൊന്നുമില്ലെന്ന്‌ വിനി പറഞ്ഞു. എന്നാലും ഇലക്ഷനാണല്ലോ. ഇലക്ഷന്‍ പാര്‍ട്ടി രഹിതമാണെങ്കിലും 
വിനി ഡെമോക്രാറ്റിക്കാണ്‌. കൗണ്ടിയിലെ പാര്‍ട്ടി നേതാവും. എസ്റ്റസ്‌ റിപ്പബ്ലിക്കന്‍.

ഇത്തരം ചെറുകിട നഗരങ്ങളില്‍ റോഡിന്റേയും വെള്ളത്തിന്റേയുമൊക്കെ കാര്യങ്ങളാണ്‌ മേയര്‍ അന്വേഷിക്കേണ്ടതെന്നും മലമറിക്കുന്ന കാര്യങ്ങളൊന്നും ചെയ്യേണ്ടതില്ലെന്നുമാണ്‌ വിനിയുടെ പക്ഷം. അതിനുപകരം നഗരത്തെ ഭിന്നിപ്പിക്കുകയും ചേരിയുണ്ടാക്കുകയുമാണ്‌ മേയര്‍ ചെയ്‌തത്‌.

സാധാരണ ഇലക്ഷനില്‍ 500 ഡോളര്‍ മതി. പക്ഷെ ഇത്തവണ വിനി എണ്ണായിരത്തോളം ഡോളര്‍ സമാഹരിക്കുകയും അയ്യായിരത്തില്‍പ്പരം ചെലവിടുകയും ചെയ്‌തു.

അലാസ്‌കയില്‍ മാതൃസഹോദരന്‌ ഒരു റോസ്‌റ്റോറന്റുണ്ടായിരുന്നു. അങ്ങനെയാണ്‌ വിനിക്ക്‌ ആറര വയസ്സുള്ളുപ്പോള്‍ കുടുംബം അലാസ്‌കയിലെത്തിയത്‌. അവിടെ സ്‌റ്റേറ്റ്‌ സര്‍വീസില്‍ ഡയറക്‌ടര്‍ ഓഫ്‌ കൊമേഴ്‌സായിരുന്നു പിതാവ്‌ സാമുവേല്‍ തോമസ്‌. മാതാവ്‌ റിയല്‍ എസ്‌റ്റേറ്റ്‌ രംഗത്തും. റിട്ടയര്‍ ചെയ്‌തശേഷമാണ്‌ അവര്‍ മൊണ്ട്‌സാനോയിലേക്ക്‌ താമസം മാറ്റിയത്‌. വിനിയുടെ സഹോദരി പ്രിയയും കുടുംബവും ഇപ്പോഴും അലാസ്‌കയിലെ ആങ്കറേജിലാണ്‌.

സ്‌റ്റേറ്റ്‌ ഹൗസ്‌ ഓഫ്‌ റെപ്രസന്റേറ്റീവ്‌സില്‍ ഭര്‍ത്താവ്‌ ഉദ്യോഗസ്ഥനായതിനാല്‍ തലസ്ഥനമായ ഒളിമ്പിയക്കടുത്തുള്ള നഗരമെന്ന നിലയിലാണ്‌ മൊണ്ട്‌സാനോയില്‍ താമസമാക്കിയത്‌. സിയാറ്റിലില്‍ നിന്ന്‌ 100 മൈല്‍ ദൂരമുണ്ട്‌.

ഇലക്ഷന്‍ പ്രചാരണത്തെ പ്രശ്‌നങ്ങളൊഴിച്ചാല്‍ ജനങ്ങളില്‍ നിന്ന്‌ നല്ല സഹകരണവും സൗഹൃദവുമാണ്‌ ലഭിക്കുന്നതെന്ന്‌ വിനി പറഞ്ഞു. പ്രത്യേകിച്ച്‌ വിവേചനങ്ങളൊന്നും നേരിട്ടിട്ടില്ല.

പഠനകാലത്തു തന്നെ രാഷ്‌ടീയ സാമൂഹിക പ്രശ്‌നങ്ങളില്‍ വിനി സജീവമായിരുന്നു. പ്രസിഡന്റ്‌ ഒബാമയ്‌ക്കുവേണ്ടിയുള്ള പാര്‍ട്ടി ഡെലിഗേറ്റായിരുന്നു.

നാലുവര്‍ഷമാണ്‌ മേയറുടെ കാലാവധി. രാഷ്‌ട്രീയതലത്തില്‍ പ്രാദേശിക മോഹങ്ങളെല്ലാതെ ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക്‌ താത്‌പര്യമില്ല. പബ്ലിക്‌ ഓഫീസിലായിരിക്കുമ്പോള്‍ ഒരുപാട്‌ ജോലി ചെയ്യുകയും ഒട്ടേറെ ത്യാഗങ്ങള്‍ ചെയ്യുകയും വേണം. കുടുംബവും പ്രാക്‌ടീസും ശ്രദ്ധിക്കാനാഗ്രഹിക്കുന്ന തനിക്ക്‌ അതിനു സമയമില്ല.

മേയര്‍ ഇലക്ഷന്‌ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്‌. നാട്ടില്‍ വെക്കേഷനുപോയിരിക്കുന്ന പിതാവായിരുന്നു ആദ്യത്തെ സംഭാവന നല്‍കിയത്‌.
മൊണ്ട്‌സനോ മേയറായി വിജയം ഉറപ്പിച്ച്‌ വിനി സാമുവല്‍
മൊണ്ട്‌സനോ മേയറായി വിജയം ഉറപ്പിച്ച്‌ വിനി സാമുവല്‍
മൊണ്ട്‌സനോ മേയറായി വിജയം ഉറപ്പിച്ച്‌ വിനി സാമുവല്‍
മൊണ്ട്‌സനോ മേയറായി വിജയം ഉറപ്പിച്ച്‌ വിനി സാമുവല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക