Image

ഓര്‍മ്മയിലെ ചില ഓണവിശേഷങ്ങളും കോഴി ചികഞ്ഞ ഒരോണസ്മരണയും (ഷീലമോന്‍സ് മുരിക്കന്‍)

ഷീലമോന്‍സ് മുരിക്കന്‍ Published on 25 August, 2015
ഓര്‍മ്മയിലെ ചില ഓണവിശേഷങ്ങളും കോഴി ചികഞ്ഞ ഒരോണസ്മരണയും (ഷീലമോന്‍സ് മുരിക്കന്‍)
ഓര്‍മ്മയിലെ ആദ്യ ഓണം ..! അന്ന് എനിക്ക് നാലോ അഞ്ചോ വയസ്സ് കഷ്ടി പ്രായം ..ഞങ്ങള്‍ അക്കാലത്തു താമസിച്ചിരുന്നത് കോയമ്പതൂരായിരുന്നു. ഓണക്കാലത്ത് അപ്രതീക്ഷിതമായി  എന്തിനോ നാട്ടില്‍  എത്തിയതായിരുന്നു. താമസം തമിഴ് നാട്ടിലായിരുന്നത് കൊണ്ട്  എനിക്ക് മലയാളം സംസാരിക്കാന്‍  അറിയില്ലായിരുന്നു. കേട്ടാല്‍ മനസ്സിലാകും അത്ര തന്നെ.
  
 അടുത്ത വീടുകളിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഊഞ്ഞലാടാനായി  ആലാത്തൂഞ്ഞാല്‍ കെട്ടിയിട്ടുണ്ട്. ആലാത്തൂഞാല്‍ എന്ന് പറഞ്ഞാല്‍ ഏകദേശം 10-25 അടി അകലം എങ്കിലും ഉള്ള രണ്ടു തെങ്ങുകളെ തമ്മില്‍ ബന്ധിച്ചു വലിയ വടം കൊണ്ട് 25 അടി എങ്കിലും മുകളിലായി കെട്ടും. ബന്ധിച്ച വടത്തിന്റെ മധ്യഭാഗത്തായിട്ടാണ് ഊഞ്ഞാലു കെട്ടുന്നത്.

 ഇരുന്നാടാനായി  ഒന്നോ രണ്ടോ ഒലക്ക ഒന്നിച്ചുകെട്ടി വടം കൊണ്ടുതന്നെ ആയിരിക്കും  ഊഞ്ഞാല് കെട്ടുന്നതു. കുട്ടികള്‍ക്ക് പലപ്പോഴും ഒറ്റയ്ക്കിരുന്നാല്‍ രണ്ടറ്റത്തും കൈപിടിക്കാന്‍ പറ്റില്ല. രണ്ടോ മൂന്നോ കൂട്ടുകാര്‍  അടുത്തടുത്തിരുന്നു തോളില്‍ കൈകോര്‍തിട്ടാണ്  ആലാത്തില്‍ ഒന്ന് ആടാന്‍ പറ്റുന്നത്. നടുക്ക് ഇരിക്കുമ്പോള്‍ ശരിക്കും പേടിച്ചു വിറയ്ക്കും. കുട്ടികളെ പെട്ടെന്ന് ഒഴിവാക്കാനായി  മുതിര്‍ന്ന ആണ്‍കുട്ടികള്‍  എണ്ണി  ആട്ടുകയും കുലുക്കി താഴെയിടുകയും പതിവാണ്. ഊഞ്ഞാല്‍ പലപ്പോഴും പിരിവിട്ടു പൊതുവായിട്ടായിരിക്കും കെട്ടുന്നത്..

ഉയരത്തില്‍ ആട്ടി കുട്ടികളെകൊണ്ട് അച്ചാ ..പോറ്റി .പറഞ്ഞു കരയിച്ചു ഉടനെ ഊഞ്ഞാലാടാന്‍ വരത്തില്ലെന്നു പറയിച്ചിട്ടാണ് കുസൃതിക്കാരായ ചേട്ടന്മാര്‍  ഇറക്കി വിടുന്നത്. കൂടുതല്‍ സമയവും ഊഞ്ഞാല്‍ അവര്‍ കയ്യടക്കി വയ്ക്കുകയും ചെയ്യും. ഊഞ്ഞാലില്‍ നിന്നുകൊണ്ട് ആടുന്ന രീതിയാണ് തണ്ടുവലി. ഒരുപാട് പൊക്കത്തില്‍ ആണുങ്ങള്‍ വാശിക്ക് ആടുന്നത് ലോകാത്ഭുതം കാണുന്ന പോലെ അന്ന് പെണ്ണുങ്ങള്‍ നോക്കിനില്‍ക്കുമായിരുന്നു. എപ്പോഴെങ്കിലും  ഊഞ്ഞാലില്‍ ആളില്ലാന്നു കാണുമ്പൊള്‍ പിള്ളേരുസെറ്റ്  ഊഞ്ഞാലിന് ചുറ്റുംകൂടി  അടിപിടി തുടങ്ങും.  
        പിന്നെ പട്ടം പറപ്പിക്കല്‍ . .അത് പലപ്പോഴും ആണുങ്ങളുടെ കുത്തകയാണ്. പട്ടം അവരവര്‍ തന്നെയോ മുതിര്‍ന്നവരോ ഒക്കെയാണ് ഉണ്ടാക്കുന്നത്. മഞ്ഞ, പച്ച, ചുവപ്പ് , വയലറ്റ്, വെള്ള നിറത്തിലുള്ള കളര്‍ പേപ്പര്‍ കടകളില്‍ വാങ്ങിക്കാന്‍ കിട്ടും. പച്ചയീര്‍ക്കിലി  വളച്ചു വെച്ച് , നടുവില്‍ ഒരു ഒറ്റ ഈര്‍ക്കിലി അമ്പ് പോലെ വച്ച് ചേട്ടന്മാര്‍ പട്ട നിര്‍മ്മാണം പൂര്ത്തിയാക്കി കസ്റ്റഡിയില്‍ വച്ചിട്ടുണ്ട് . വാല്‍നിര്‍മ്മാണം ഞങ്ങളുടെ ജോലിയാണ്. മൂത്തചേട്ടന്‍  ദുരവാസാവിനെ പോലെ വലിയ കോപിഷ്ഠനാണ് . പറയുന്നത് അതേപടി അനുസരിച്ചില്ലെങ്കില്‍ അടി ഉറപ്പു. ചേട്ടന് 15 വയസ്സോളം ഉണ്ട്.

വലിയ ഒരു ആളിനെക്കള്‍ പൊക്കത്തില്‍ ഞങ്ങള്‍ പലനിറങ്ങളിലുള്ള കടലാസ്സു കൂട്ടി ചേര്‍ത്ത് വാല്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി ..പട്ടം റെഡി...കളര്‍ പേപ്പര്‍ വാങ്ങിക്കാനോ ഒരു ന്യൂസ് പേപ്പറിന്റെ തുണ്ട് കിട്ടാനോ പോലും അന്ന് പലര്‍ക്കും സാധിക്കുമായിരുന്നില്ല.. കുട്ടികള്‍ പരസ്പരം പട്ടം പറപ്പിക്കാന്‍ കൊടുക്കുകയും പട്ടം പൊട്ടി  പോകുമ്പോള്‍ ആണ്‍കുട്ടികള്‍ തമ്മില്‍ ഇടി ഉണ്ടാക്കുന്നതും പതിവ് കാഴ്ചയാണ്. പട്ടം ഒരുപാട് ഉയരത്തില്‍ പറപ്പിക്കുന്നതിനു മറ്റൊരാളുടെ സഹായം ആവശ്യമാണ്. കുറച്ചു ദൂരം മുന്നോട്ടുമാറി നിന്ന് ഒരാള്‍ പട്ടം പൊക്കി പിടിക്കണം . പട്ടം പൊക്കി വിടുമ്പോള്‍ പറപ്പിക്കുന്ന ആള്‍ കോലില്‍ ചുറ്റിയ നൂലുയച്ചയച്ചുകൊണ്ട് ഒറ്റ ഓട്ടമാണ്. വളരെ ഉയരത്തില്‍ പറക്കുന്ന പട്ടം നിയന്ത്രിക്കുന്ന ആളിനെ വലിയ ഭയഭക്തിയോടെയാണ് പിള്ളേര് ചുറ്റും നിന്ന് വീക്ഷിക്കുന്നത്. അതിന്റെ ഗമ ഒട്ടും കളയാതെ പറപ്പിക്കുന്ന ചേട്ടന്മാര്‍ പറയും കാറ്റ് തെക്കോട്ടാണ് വീശുന്നത് ..വടക്കോട്ടാണ് വീശുന്നത് എന്നൊക്കെ...കുറെ നേരം കഴിയുമ്പോള്‍ നൂല് മാത്രമായിട്ടായിരിക്കും പലരും മടങ്ങി പോകുന്നത്. നിയന്ത്രിക്കാന്‍ ആളില്ലാതെ ആകാശത്ത് ഓണക്കാലത്ത് ഒരു പാട് പട്ടങ്ങള്‍ ആടികളിക്കുന്നത് കാണാം...

പിന്നെ വട്ടു കളി ,തിരുവാതിര കളി,കുഴി പന്ത് കിളിത്തട്ട് ..അങ്ങനെ ഓണക്കാലത്ത് ഒരുപാടു കളികള്‍  അരങ്ങേറാറുണ്ട് .         
           
സന്ധ്യയാകുമ്പോള്‍ മുറ്റത്ത് ചേട്ടന്മാരും കൂൂട്ടുകാരും കൂടി കിളിത്തട്ട് ,വട്ടക്കളി ഒക്കെ ഉണ്ടാകും .രണ്ടു  വശങ്ങളിലായി നിന്ന് നിങ്ങളുടെ നാട്ടിലെല്ലാം എന്ത് തൊഴിലാണെടോ എന്ന് ചോദിക്കുമ്പോള്‍ മറു വശതത്തുള്ളവര്‍ ഞളുടെ നാട്ടിലെല്ലാം കപ്പപറി  ആണെടോ എന്ന് ചൊല്ലും. പിന്നെ കപ്പപറി അങ്ങനെ പിന്നിങ്ങനെ പിന്നങ്ങനെ ...എന്നൊക്കെ പാടി ചുവടുവച്ച് ഒരുപാട് രാത്രിവരെ എല്ലാവരും ഓണക്കാലത്ത് ഒരു വീട്ടില്‍ ഒത്തുകൂടും ..പെണ്‍കുട്ടികള്‍   രണ്ടു ചേരികളില്‍ നിന്ന് കൈകോര്‍ത്തു കളിക്കുന്ന ഒരു കളിയാണ് ..പൂപറിക്കാന്‍ പോകുന്നു ..പോകുന്നിമ്മിണി  രാവിലെ ..ആരെ നിങ്ങള്ക്കാവശ്യം  ആവശ്യമ്മിണി  രാവിലെ ...ഇത് രണ്ടുപേര്‍  തമ്മില്‍  ബലപരീക്ഷണം നടത്തി സ്വന്തം ചേരിയിലേക്ക് ആളെ കൂട്ടുന്ന കളിയാണ്. ഏതാണ്ട് തണ്ടും തരവും നോക്കിയാണ് ബലപരീക്ഷണം ..ഞാന്‍  പങ്കെടുക്കുന്ന കളികളിലെ എതിര്‍പക്ഷക്കാരുടെ ആദ്യ ഇര ഞാനായിരിക്കും .ഞാന്‍ ആരെയും തോല്‍പ്പിക്കില്ല എന്ന് എതിരാളികള്‍ക്ക് പോലും വിശ്വാസമുണ്ടായിരുന്നു. ...   
അങ്ങനെ തിരുവോണദിനം എത്തി...
  
മണ്ണ് കുഴച്ചു 10 നിലയിലാണ് ഓണപ്പൂക്കളം ചേട്ടന്മാര്‍ ഒരുക്കുന്നത്, പൂ പറിക്കാന്‍ അന്ന് പൂക്കുടയും പ്ലാസ്റ്റിക് കൂടൊന്നും ഇല്ല. പഞ്ചസാരയോ അരിയോ ഒക്കെ വാങ്ങുന്ന ഒന്നോ രണ്ടോ കിലോയുടെ കടയില്‍ നിന്നും കിട്ടുന്ന കടലാസുകൂട് കയ്യിലുള്ളവര്‍ക്ക് തന്നെ അല്‍പ്പം അഹങ്കാരം  കൂടും . തുമ്പപ്പൂ, ചെമ്മീന്‍പ്പൂ  (കൊങ്ങിണി), ബന്ദിപ്പൂ , പിന്നെ പല നിറത്തിലുള്ള കാട്ടുപൂക്കള്‍, കുറെ കാക്കമുത്ത് , നടുക്ക് ഈര്‍ക്കിലിയില്‍ രണ്ടു മൂന്നു  ചെമ്പരത്തിപ്പൂവും   കുത്തി നിറുത്തും .

വീടിനു പുറകില്‍ വിശാലമായ കമ്മ്യൂണിസ്റ്റ് പച്ചയുടെ കാടും  വള്ളിക്കുടിലും ധാരാളം ഉണ്ട്. പൂക്കള്‍ക്ക് ഒട്ടും പഞ്ഞമില്ല. അമ്മ കറുമ്പി, മോള് വെളുമ്പി എന്ന  കാട്ടു ചെടിയുടെ വെള്ള മകളിലയെ നുള്ളികൊണ്ടുവരും .അത് പിച്ചിക്കീറിയെടുക്കും, പിന്നെ ശതാവരിയുടെ മുള്ളുകള്‍ മാറ്റി ഇലഎടുക്കും .അത് കത്രിക കൊണ്ട് കുനുകുനെ അരി  ഞ്ഞെടുക്കും.. കത്രിക ഓണക്കാലത്ത് പൊതു സ്വത്തായിട്ടാണ് പരിഗണിച്ചിരുന്നത് .അന്നു അയല്പക്ക ബന്ധം ഏറ്റവും ശക്തിയുള്ള ബന്ധം തന്നെ ആയിരുന്നു. ദാരിദ്ര്യം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അടുത്തവീട്ടിലെ വീട്ടമ്മ ഒരു സ്റ്റീല്‍ ഗ്ലാസ്സോ നാഴിയോ അടുക്കിന്റെ മറയത്ത്  ഒതുക്കിപിടിച്ചു മുറ്റത്ത് വരുമ്പോഴേ വീട്ടുകാരി ചോദിക്കും പിള്ളേര് ഇന്ന് വല്ലോം കഴിച്ചോ എന്ന്? അതായിരുന്നു അന്നത്തെ മനുഷ്യ ബന്ധം .

ഇന്ന് നമ്മള്‍ സെന്റും പൂശി, പൗഡറും  ഇട്ട് അന്തസ്സിനു നടക്കും ..ആരെയും ഒന്നും അറിയിക്കുകയുമില്ല ,ആരും ഒന്നും അറിയുകയുമില്ല ..കാണുമ്പോള്‍ എല്ലാവരും ഹാപ്പി..പിറ്റേ ദിവസത്തെ പേപ്പറില്‍ കാണും പട്ടിണി മൂലം ആത്മഹത്യ ചെയ്തു, ഫീസൊടുക്കാന്‍ കാശില്ലാതെ ജീവന്‍ ഒടുക്കി, കുടുംബകലഹം മക്കളെയും ഭാര്യയേയും കൊന്നു ഗൃഹനാഥന്‍ ജീവന്‍ ഒടുക്കി എന്നൊക്കെ . 75000 രൂപ ബാങ്ക് ലോണ്‍ അടയ്ക്കാന്‍ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്ത കുടുംബത്തിന്റെ അയല്‍ക്കാരന്‍ 3  ലക്ഷം രൂപ സര്‍ക്കാരിന് നികുതി അടയ്ക്കുന്നവാന്‍ ആയിരിക്കും. നമ്മുടെ മനുഷ്യ ബന്ധങ്ങള്‍ വളര്‍ന്നോ തളര്‍ന്നോ ഇവിടെ എത്തി നില്ക്കുന്നു. പണ്ടൊക്കെ   നാഴി അരി, ഒന്ന് രണ്ടു സ്പൂണ്‍ പഞ്ചസാര , ഇത്തിരി കാപ്പിപൊടി, ഇച്ചിരി തേയില, തലയില്‍ വെയ്ക്കാന്‍ ശകലം വെളിച്ചെണ്ണ , 2 രൂപ ഇതൊക്കെ വായ്പ ചോദിക്കാനും ഉണ്ടെങ്കില്‍ കൊടുക്കാനും എല്ലാവരും തയ്യാറായിരുന്നു . ഈ കാലഘട്ടം പിന്നിട്ടിട്ട്  മൂന്നുനാല്  പതിറ്റാണ്ടേ കഴിഞ്ഞിട്ടുള്ളൂ.  ഓ ...ഞാന്‍ എഴുതി എഴുതി കാടു കയറിപ്പോകുന്നു.

 അങ്ങനെ ഓണത്തിന് രാവിലെ അമ്മ കുളിപ്പിച്ച് പുതിയ ഉടുപ്പിട്ട് തന്നു. അന്നൊക്കെ പുതിയ ഉടുപ്പ് കിട്ടുക എന്നാല്‍ തന്നെ ഒരു ഓണം ആയി..റേഷന്‍ കടകളില്‍നിന്ന് കിട്ടുന്ന ജപ്പാന്‍ തുണികൊണ്ടുള്ള പെറ്റികോട്ടും നല്ല തുണി കൊണ്ടുള്ള അര പാവാടയും ബ്ലൗസും ആയിരുന്നു ഓണ സമ്മാനം . പാവാടയും ബ്ലൗസ്സും പല വട്ടം മണത്തു നോക്കി. വല്ല കാലത്തും മാത്രം അറിയുന്ന പുതിയ തുണികളുടെ മണം അന്നൊക്കെ എല്ലാവരും ആസ്വദിച്ചിരുന്നു. അഴുക്കാകും എന്ന് കരുതി ആയിരിക്കണം അമ്മ ഉടുപ്പ് തിരിച്ചു അലമാരയില്‍ വച്ചു . കുറച്ചു തുമ്പപ്പൂ കൂടി പറിച്ചു കൊണ്ടുവരാന്‍ ചേട്ടന്‍ കല്‍പ്പന പുറപ്പെടുവിച്ചപ്പോള്‍ ചേച്ചി പിറുപിറുത്തു . മറ്റുപൂക്കള്‍പ്പോലെ അല്ല തുമ്പ ..ഒരുപിടിപ്പൂ കിട്ടണേല്‍ കുറെ പാടാണ് . സ്വാതന്ത്ര്യത്തോടെ കാട്ടില്‍ നടക്കാന്‍ അവസരം കിട്ടുന്നത് എന്നെ സംബന്ധിച്ച് വല്യ സന്തോഷം തരുന്ന കാര്യമാണ്. 

കാട് എന്ന് പറഞ്ഞാല്‍ അന്നൊക്കെ അത് പൊതു ശൌചാലയംകൂടി ആണ്. ചേട്ടന്മാര്‍  പൂപറിക്കാന്‍ വന്നാലുടനെ ''കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീ വരുമ്പോള്‍ ..'' എന്ന് പാടി മൂക്കുംപൊത്തി ഓടും .ചേട്ടന്‍ കൂടെ ഇല്ലാത്തതാണ് ഞങ്ങള്‍ക്ക് ഇഷ്ടം . അല്ലെങ്കില്‍ ചേട്ടന്‍ എപ്പോഴും ഞങ്ങള്‍ ഉറക്കെ ചിരിക്കുന്നുണ്ടോ, എന്ന് നോക്കിയിരിക്കും .

അച്ചാച്ചന്‍ അന്ന് കോയമ്പത്തൂര് തന്നെ ആയിരുന്നു. അതുകൊണ്ട് ചേട്ടനു  ഒരു ഗൃഹനാഥന്‍ കളിയുണ്ട്. എങ്കിലും എന്നെ എടുത്തോണ്ട് നടക്കയും കൂട്ടുകാരുകൂടി  കരയിപ്പികുകയും ചെയ്യുന്നത് ചേട്ടന്മാരുടെയും കൂട്ടുകാരുടെയും വിനോദമായിരുന്നു. ഞാന്‍ മലയാളി അല്ല തമിഴ് നാട്ടില്‍ നിന്ന് കാശുകൊടുത്തു വാങ്ങിയതാണെന്നു പറഞ്ഞാണ് എപ്പോഴും കരയിക്കുന്നത്. ഞാന്‍ എന്തും സഹിക്കാന്‍ തയ്യാറാണ് , പക്ഷെ മലയാളി അല്ലെന്നു പറഞ്ഞാല്‍ ഞാന്‍  നെഞ്ചത്തടിച്ചു  ബഹളം വെയ്ക്കും . കൂടെയുള്ള കുട്ടികളുടെ  കളിയാക്ക് ഒഴിവാക്കാനായി, പലപ്പോഴും   മിണ്ടാമുനിയും നല്ലൊരു ശ്രോതാവായിട്ടുമാണ് നില്ക്കാറ്  പതിവ്... എങ്കിലും ആരും കേള്‍ക്കാതെ പൂവേ പൊലി പൂവേപൊലി പാടിതന്നെയാണ് പൂ പറിച്ചിരുന്നത് . 

കാട് നിറച്ചു തുമ്പയും മുക്കുറ്റിയും ഉണ്ട്. പെറ്റിക്കോട്ടുടുപ്പ് മടക്കി, നിറച്ചു പൂക്കളുമായാണ് ഞങ്ങള്‍  തിരിച്ചു  വീട്ടില്‍ വന്നത്. പത്താമത്തെ ചെറിയ തട്ടില്‍ തുമ്പപ്പൂ ഇട്ട്  എല്ലാ  മിനുക്ക് പണികളും നടത്തി ചേട്ടന്മാര്‍  അടുത്ത വീടുകളിലെ പൂക്കളം കാണാന്‍ പോയി . എല്ലാവീട്ടിലെ പൂക്കളവും കണ്ടു കഴിഞ്ഞു എല്ലാരുംകൂടി   ഒടുവില്‍ സന്ദര്‍ശിക്കുന്ന പൂക്കളം ഞങ്ങളുടെതാണ്.. രണ്ടാമത്തെ ചേട്ടന്‍ ചില വീടുകളിലെ പൂക്കളം സന്ദര്‍ശിച്ചിട്ട് തിരിച്ചു വന്നു ഏതാണ്ടൊക്കെ പരിഷ്‌ക്കാരങ്ങള്‍ ഇടയ്ക്കിടെ ഞങ്ങളുടെ പൂക്കളത്തില്‍ നടത്തുന്നുണ്ട്.. നമ്മുടെ പൂക്കളം തന്നെ ഏറ്റവും നല്ലത് എന്ന് പറഞ്ഞ് വലിയ അഭിമാനത്തോടെ , എന്നെയും ചേച്ചിയെയും കാവല്‍ ഇരുത്തി ചേട്ടന്‍ വീണ്ടും  പോയി. ഒരു മണിക്കൂര്‍  കഴിഞ്ഞിട്ടും അവരെ കണ്ടില്ല..പൂക്കളത്തിന്റെ മുന്‍പില്‍ ഇരുന്ന്  ഉപ്പുമാവു കഴിച്ചുകൊണ്ടിരുന്നപ്പോഴാണ്  അടുത്തവീട്ടിലെ കുഞ്ഞുമോളും ബീനായും ഇന്നാമ്മയും മേബിളും സിബിയും ഊഞ്ഞാലാടാന്‍ വിളിച്ചത് . എന്റെ പ്രായത്തിലുള്ള കുട്ടികള്‍.  എനിക്ക് മലയാളം സംസാരിക്കാന്‍ അറിയാത്തതുകൊണ്ടും പരിസരം അത്ര നിശ്ചയം ഇല്ലാത്തത് കൊണ്ടും   2 വയസ്സുള്ള കട്ടിയെപ്പോലെ വല്യ കരുതലില്‍ ആണ് എന്നെ  കൂടെ കൂട്ടുന്നത്. വലിയ ചേച്ചിമാര്‍ ഉറക്കം തൂങ്ങിമരത്തിന്റെ തണലില്‍ ഇടച്ചി (കല്ലുകൊത്തു കളി )കളിക്കുന്നത് കണ്ടു അതില്‍ ലയിച്ചു ഞങ്ങള്‍  അവിടെത്തന്നെ ഇരുന്നു. അല്പ്പനേരം കഴിഞ്ഞ് ചേട്ടനും സംഘവും വേലിക്കകത്തേക്ക് കേറുന്നത് കണ്ടാണ് ഞങ്ങള്‍ വീട്ടിലേയ്ക്ക് ഓടിയത് ..
മുറ്റത്ത്  കണ്ട കാഴ്ച...!
   
പത്താം നിലയിലെ തുമ്പപ്പൂ ഒന്നാം നിലയുടെ അടിയില്‍...ചികഞ്ഞു മാന്തിയ അത്തപ്പൂക്കളം ..
ബന്ദിപ്പൂവില്ല ..ചെമ്മീന്‍പ്പൂവില്ല .കാട്ടുപൂവും കാക്കമുത്തും ഇല്ല.. മഞ്ഞകോഴിപ്പിടയുടെ ചൂല് പോലെയുള്ള കാലുകൊണ്ട് വരച്ച കുറെ പതിനൊന്നുകള്‍ മാത്രം . ഒരു സ്മാരകത്തിന്റെ അവശിഷ്ടം പോലെ ശതാവരിയുടെ ഒരു പച്ച തുരുത്ത് ..അടുത്ത നിമിഷം തന്നെ ചേട്ടന്‍ അവിടെ ചവിട്ടി താണ്ഡവം ആടി ..കാഴ്ചക്കാര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല...പിന്നെ പട പട ഓണത്തല്ല്..ചേച്ചിയുടെ കലി വക തുമ്പിതുള്ളല്‍ ....എന്റെ വക വലിയ വായില്‍ നീണ്ട കുരവ..അതോടെ അവസാനിച്ചു അന്നത്തെ ഓണപ്പരിപാടികള്‍ ..

ആ ഓണത്തോടെ തിരുവോണദിവസം കോഴികള്‍ക്ക് തടവ് ശിക്ഷ നടപ്പാക്കാന്‍ അമ്മയുടെ വക വിധിയും ഉണ്ടായി. വിധി ഇപ്പോഴും നടപ്പിലാക്കി വരുന്നു .
പിന്നീട് ഓണം ഒത്തിരി കൂടി എങ്കിലും മഞ്ഞപ്പിട ചികഞ്ഞു അനശ്വരമാക്കിയ ആ ഓണം തന്നെ എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു നില്ക്കുന്നത്...
(എല്ലാ വായനക്കാര്‍ക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും തിരുവോണാശംസകള്‍ )

ഓര്‍മ്മയിലെ ചില ഓണവിശേഷങ്ങളും കോഴി ചികഞ്ഞ ഒരോണസ്മരണയും (ഷീലമോന്‍സ് മുരിക്കന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക