Image

അകലങ്ങളിലെ അയല്‍ക്കാര്‍-ഇന്‍ഡ്യ-പാക്ക് സംഭാഷണം വീണ്ടും മുറിയുന്നു (ഡല്‍ഹികത്ത് പി.വി.തോമസ്)

പി.വി.തോമസ് Published on 24 August, 2015
അകലങ്ങളിലെ അയല്‍ക്കാര്‍-ഇന്‍ഡ്യ-പാക്ക് സംഭാഷണം വീണ്ടും മുറിയുന്നു (ഡല്‍ഹികത്ത് പി.വി.തോമസ്)

'അകന്ന അയല്‍ക്കാര്‍' എന്നത് പാക്കിസ്ഥാന്റെ മുന്‍ പട്ടാള ഭരണാധികാരിയായ ജനറല്‍ അയൂബ് ഖാന്റെ ഒരു പുതിയ പുസ്തകത്തിന്റെ പേരാണ്. പുസ്തകത്തിന്റെ വിഷയം ഇന്‍ഡ്യയും പാക്കിസ്ഥാനും തമ്മിലുള്ള ശിഥിലമായ ബന്ധം തന്നെ. കാലം അറുപതുകള്‍. അരനൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ഇന്നും ഇന്‍ഡ്യ-പാക്കിസ്ഥാന്‍ ബന്ധം ശിഥിലം തന്നെ. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് ആഗസ്റ്റ് 24-ാം തീയതി നടക്കുവാനിരുന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് തല സംഭാഷണത്തിന്റെ അവസാന നിമിഷത്തിലെ റദ്ദാക്കല്‍. ഇന്‍ഡ്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഏ.കെ.ഡോവാളും പാക്കിസ്ഥാന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സര്‍ത്താസ് അസീസും തമ്മില്‍ തിങ്കളാഴ്ച(ആഗസ്റ്റ് 24) ഹൈദ്രാബാദ് ഹൗസില്‍ വച്ച് കൂടി കാണുവാനും ഭീകരവാദവും അതിര്‍ത്തിയിലെ ശാന്തിയും ചര്‍ച്ച ചെയ്യുവാനും ആയിരുന്നു പരിപാടി. പക്ഷേ നടന്നില്ല. ഒട്ടേറെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കും പാക്ക് പോരുകള്‍ക്കുംം ആരോപണ പ്രത്യാരോപണങ്ങള്‍ക്കും ഒടുവില്‍ ശനിയാഴ്ച പാതിരാവില്‍ സമാധാന സംഭാഷണം വഴിമുട്ടി.
ജൂലൈ പത്തിന്(2015) റഷ്യയിലെ ഉഭ എന്ന പട്ടണത്തില്‍ വച്ചുള്ള ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെയും കൂടിക്കാഴ്ചയില്‍ ആണ് ഇന്‍ഡ്യ- പാക്ക് ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ കൂടികാഴ്ച. ആഗസ്റ്റില്‍ ഡല്‍ഹിയില്‍ വച്ച് നടത്താമെന്ന് തീരുമാനിച്ചത്. ഇത് നടന്നതാകട്ടെ 2014 ആഗസ്റ്റില്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാരുടെ ഒരു സംഭാഷണം മാറ്റിവച്ച സാഹചര്യത്തില്‍ ആയിരുന്നു. പുതിയ തീരുമാനത്തെ ഒരു വലിയ നയതന്ത്ര മുന്നേറ്റമായി മോഡിയും അനുയായികളും കൊട്ടിഘോഷിക്കുകയുണ്ടായി. എന്നാല്‍ ഈ ലേഖകന്‍ ഉള്‍പ്പെടെയുള്ള ചില രാഷ്ട്രീയ നിരീക്ഷകര്‍ അച്ചടി-ദൃശ്യ മാധ്യമങ്ങളില്‍ താക്കീത് ചെയ്യുകയുണ്ടായി ഒന്നും പറയാറായിട്ടില്ലെന്ന്. കാരണം ദീര്‍ഘകാലത്തെ ഇന്‍ഡ്യ-പാക്കിസ്ഥാന്‍ ഇടപാടുകളുടെ ചരിത്രം പഠിപ്പിച്ചത് ഇതൊന്നും അത്ര എളുപ്പം അല്ലെന്നായിരുന്നു. അപ്പോള്‍ കൊട്ടിഘോഷിക്കപ്പെട്ട ആ നയതന്ത്ര മുന്നേറ്റം(ബ്രെയിക്ക് ത്രൂ) തകര്‍ന്നു. എന്താണ് ഇതിനു കാരണം?

പാക്കിസ്ഥാന്‍ പ്രധാനമായും പറയുന്നത് രണ്ട് കാരണങ്ങള്‍ ആണ്. ഒന്ന് ഭീകരവാദത്തിനപ്പുറം കാശ്മീര്‍ വിഷയവും ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യപ്പെടണം. ഇതിന് രണ്ട് കാരണം ആണ് പാക്കിസ്ഥാന്‍ ചൂണ്ടി കാണിക്കുന്നത്. ഒന്ന് കാശ്മീര്‍ ആണ് ഭീകരവാദത്തിന്റെ കേന്ദ്രബിന്ദു. രണ്ട് മോഡിയും ഷെറീഫും സമ്മതിച്ച ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ സമ്മേളനം സംബന്ധിച്ച വിജ്ഞാപനത്തിന്റെ ആമുഖത്തില്‍ വ്യക്തമായും പറയുന്നുണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള തീരുമാനമാകാത്ത എല്ലാ വിഷയങ്ങളും സംസാരിക്കാമെന്ന്. കാശ്മീര്‍ ആണ് ഇന്‍ഡ്യയും പാക്കിസ്ഥാനും തമ്മിലുള്ള സ്പര്‍ദ്ധയിലെ പ്രധാന വിഷയം. അതിനാല്‍ അതു സംസാരിക്കണം. ചര്‍ച്ചയുടെ തകര്‍ച്ചയുടെ രണ്ടാമത്ത കാരണമായി പാക്കിസ്ഥാന്‍ പറയുന്നത് കാശ്മീര്‍ വിഘടനവാദികളായ ഹൂറിയത്തിന്റെ നേതാക്കന്മാരുമായി പാക്കിസ്ഥാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സാത്രസ് അസീസ് കൂടിക്കാഴ്ച നടത്തുന്നതിനും സംഭാഷണം നടത്തുന്നതിനും ഇന്‍ഡ്യ കല്പിച്ച ഉപരോധം ആണ്. പാക്കിസ്ഥാന്റെ വാദം അനുസരിച്ച് ഇന്‍ഡ്യയുടെ ഈ വക ആജ്ഞാപനം അനുസരിക്കുവാന്‍ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായ പാക്കിസ്ഥാന് ഉത്തരവാദിത്വം ഇല്ല. വര്‍ഷങ്ങളായി പാക്കിസ്ഥാന്‍ രാഷ്ട്ര നേതാക്കന്മാര്‍ ഇന്‍ഡ്യ സന്ദര്‍ശന വേളയില്‍ ഹൂറിയത്ത് നേതാക്കന്മാരെ കണ്ട് സംസാരിക്കാറുള്ളതാണ്. ഹൂറിയത്ത് നേതാക്കന്മാരെ വിഘടനവാദികള്‍ ആയിട്ട് പാക്കിസ്താന്‍ കാണുന്നുമില്ല. അവര്‍ കാശ്മീര്‍ ജനതയുടെ ശരിയായ പ്രതിനിധികള്‍ ആണത്രെ.

ഇന്‍ഡ്യ ഇതൊന്നും അംഗീകരിക്കുന്നില്ല. ഒന്ന്, ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ യോഗത്തില്‍ ഭീകരവാദവും അതിര്‍ത്തിയിലെ ശാന്തതയും മാത്രമാണ് സംഭാഷണ വിഷയം ആയി അംഗീകരിച്ചിട്ടുള്ളത് ഉഭവിജ്ഞാപനത്തില്‍. ഉഭ വിജ്ഞാപനത്തിന്റെ ആമുഖത്തില്‍ തീരുമാനമാകാത്ത വിഷയങ്ങള്‍ എന്നൊരു പരാമര്‍ശനം ഉണ്ടായേക്കാമെങ്കിലും അതിന്റെ പ്രവര്‍ത്തകഭാഗത്ത്(ഓപ്പറേറ്റീവ് പാര്‍ട്ട്) അങ്ങനെയൊരു പരാമര്‍ശനം ഇല്ല. അതിനാല്‍ കശ്മീര്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം അല്ല. മാത്രവുമല്ല കാശ്മീര്‍ പോലുള്ള ഒരു വലിയ വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടത് ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ തലത്തിലുള്ള ഒരു യോഗത്തില്‍ അല്ല. അത് പ്രധാനമന്ത്രിമാരുടെ ഉച്ചകോടിയില്‍ വിപുലമായ അജണ്ടകള്‍ ഉള്ള ഒരു വേദിയില്‍ ആയിരിക്കണം ചര്‍ച്ചചെയ്യപ്പെടേണ്ടത്. ഇനി ഹൂറിയത്ത് നേതാക്കന്മാരുമായിട്ടുള്ള കണ്ടുമുട്ടലും ചര്‍ച്ചയും. ഇത് ഇന്‍ഡ്യ അംഗീകരിക്കുന്നില്ല. അവര്‍ കാശ്മീരിലെ ജനങ്ങളുടെ പ്രതിനിധികള്‍ അല്ല. എങ്കില്‍ അവര്‍ എന്തുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് അധികാരത്തില്‍ വരുന്നില്ല? അവര്‍ പാക്കിസ്ഥാന്റെ സൃഷ്ടിയാണ്. പാക്കിസ്ഥാന്റെ പാവയാണ്. പാക്കിസ്ഥാന്‍ ആണ് അവര്‍ക്ക് പണവും ഒത്താശയും രാഷ്ട്രീയ പിന്‍ബലവും നല്‍കുന്നത്. ഇതുവരെ ഇന്‍ഡ്യ ഗവണ്‍മെന്റ് - വാജ്‌പേയിയുടേതാകട്ടെ, മന്‍മോഹന്‍സിംങ്ങിന്റേതാകട്ടെ- അവരെ കാണുന്നതില്‍ ഇന്‍ഡ്യ സന്ദര്‍ശിക്കുന്ന പാക്ക് അധികാരികളെ  വിലക്കിയില്ലെങ്കില്‍ മോഡി സര്‍ക്കാര്‍ ആനയം തിരുത്തുകയാണ്. കാശ്മീര്‍ വിഷയത്തില്‍ ഹൂറിയത്ത് എന്ന മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇന്‍ഡ്യ ഇനി മുതല്‍ അംഗീകരിക്കുന്നില്ല. അനുവദിക്കുന്നില്ല. ഇതാണ് മോഡി സര്‍ക്കാരിന്റെ പുതിയ സന്ദേശം.
ഇത് ശരിതന്നെ. പക്ഷേ, കാശ്മീര്‍ ചര്‍ച്യില്‍ വിഷയം അല്ലെന്ന കാര്യം ഉഭ വിജ്ഞാപനത്തില്‍ വ്യക്തമായി പറയാമായിരുന്നു. എങ്കില്‍ ഈ അവ്യക്തത ഒഴിവാക്കാമായിരുന്നു. ആമുഖത്തില്‍ തീരുമാനിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാമെന്ന് എഴുതുമ്പോള്‍ അത് വിഷയങ്ങളുടെ ഒരു ഫ്‌ളഡ് ഗേറ്റ് അല്ലെങ്കില്‍ ഒരു പന്തോരാസ് ബോക്‌സ തുറക്കുകയാണെന്ന് എന്തുകൊണ്ട് മോഡിയും സംഘവും കരുതിയില്ല? എന്തുകൊണ്ട്  ആ വാചകം തുടച്ച് നീക്കിയില്ല? രണ്ട്, ഹൂറിയത്ത് നേതാക്കന്മാരുമായി ദേശീയ സുരക്ഷ ഉപദേഷ്ടാവും സംഘവും കൂടിക്കാഴ്ച നടത്തുവാന്‍ അനുവാദം ഇല്ലെങ്കില്‍ അത് എന്തുകൊണ്ട് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയില്ല? ഇത് രണ്ടും അറിഞ്ഞുകൊണ്ടുള്ള തെറ്റോ? അത് കൈപ്പിശകോ? കൈപ്പിഴയാണെന്ന് കരുതുവാന്‍ സാധിക്കുന്നില്ല. കരുതിക്കൂട്ടിയുള്ള ഒരു അട്ടിമറി ഇവിടെ മണക്കുന്നുണ്ടോ?

കാശ്മീര്‍ വിഷയം ചര്‍ച്ചചെയ്യപ്പെടേണ്ട ഒന്നു തന്നെയാണ്. അത് ഒരു ഉച്ചകോടിയില്‍ തന്നെ ചര്‍ച്ചചെയ്യപ്പെടണം. കാരണം കാശ്മീര്‍ തന്നെയാണ് ഇന്‍ഡ്യ-പാക്ക് സംഘര്‍ഷത്തിന്റെ മൂലാധാരം. പക്ഷേ, അത് ഒരു ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടാവുന്നത്ര ലഘുവായ ഒരു വിഷയവും അല്ല. അതിന് ഒരു ചരിത്രപശ്ചാത്തലം ഉണ്ട്. ചുരുങ്ങിയത് നാല് യുദ്ധങ്ങളുടെ പ്രായം ഉണ്ട്. ഒട്ടേറെ ഭീകരാക്രമണങ്ങളുടെയും അപ്രഖ്യാപിത യുദ്ധങ്ങളുടെയും മനുഷ്യബോംബാക്രമണങ്ങളുടെയും വെടിനിര്‍ത്തല്‍ ലംഘനങ്ങളുടെയും നുഴഞ്ഞുകയറ്റങ്ങളുടെയും ചരിത്രം ഉണ്ട്. അത് ഒരു തുടര്‍ക്കഥയാണ്. സര്‍ക്രീകക്കും സിയാച്ചിനും കാശ്മീരും പരിഹരിക്കപ്പെട്ടാല്‍ അത് ഇന്‍ഡ്യക്കും പാക്കിസ്ഥാനും വളരെയേറെ ഗുണം ചെയ്യും. പക്ഷേ, അത് ദുഷ്‌ക്കരം ആണ്. പക്ഷേ ചര്‍ച്ചകള്‍ക്കുള്ള നടപടി തുടരണം. കൂടിയാലോചനകള്‍ മാത്രം ആണ് പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗ്ഗം. ഇന്‍ഡ്യയുടെ ഭരണാധികാരികള്‍ അത് മനസിലാക്കണം. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ കെന്നഡി അദ്ദേഹത്തിന്റെ ഇനോഗറല്‍ അഡ്രസില്‍ പറഞ്ഞതു പോലെ കൂടിയാലോചനകള്‍ നടത്തുവാന്‍ നമ്മള്‍ ഭയക്കരുത്. പക്ഷേ ഭയം കൊണ്ട് നമ്മള്‍ കൂടിയാലോചന നടത്തുകയും അരുത്.

പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളമുള്ള പ്രധാന പ്രശ്‌നം അവിടത്തെ സിവിലിയന്‍ ഗവണ്‍മെന്റും പ്രധാനമന്ത്രിയും സൈന്യത്തിന്റെയും ഐ.എസ്.ഐ. എന്ന ചാരസംഘടനയുടെയും നോക്കുകുത്തികള്‍ ആണെന്നുള്ളതാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് തലത്തിലുള്ള ചര്‍ച്ചയുടെ തകര്‍ച്ച. ഉഭ തീരുമാനത്തിനുശേഷം ചര്‍ച്ചയെ തകിടം മറിക്കുവാനായി പാക്‌സേനയും ഐ.എസ്.ഐ.യും തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടത്തി. ഗുരുദാസ്പൂര്‍ ഭീകരാക്രമണം(ജൂലൈ 27) നടത്തി. അര്‍ദ്ധസൈന്യത്തെ ആക്രമിച്ചു(ആഗസ്റ്റ് 5). അതിലൊരു പാക്ഭീകരനെ അറസ്റ്റ് ചെയ്തു(നവേദ് ഖാന്‍). ഇന്‍ഡ്യയെ പ്രകോപ്പിക്കുവാന്‍ ജമ്മു -കാശ്മീര്‍ നിയമസഭയിലെ സ്പീക്കറെ പാക്കിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത് പാര്‍ലിമെന്ററി കോണ്‍ഫ്രറന്‍സില്‍ നിന്നും ഒഴിവാക്കി. ഇന്‍ഡ്യ കോണ്‍ഫറന്‍സ് ബഹിഷ്‌ക്കരിച്ചു. ഇതെല്ലാം സംഭവിച്ചിട്ടും ഇന്‍ഡ്യ ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ യോഗം റദ്ദാക്കിയില്ല. പക്ഷേ, അവസാനം പാക്കിസ്ഥാന്‍ കാശ്മീര്‍ എന്ന മുട്ടാ യുക്തിയിലൂടെയും ഹൂറിയത്ത് നേതാക്കന്മാരുമായിട്ടുള്ള കൂടിക്കാഴ്ച എന്ന പിടിവാശിയിലൂടെയും ഒരു സമാധാന ദൗത്യം നശിപ്പിച്ചു. ഇനിയെന്ത് എന്നുള്ളത് പാക്കിസ്ഥാന്‍ ആര്‍മിയും ഐ.എസ്.ഐ.യും തീരുമാനിക്കട്ടെ. പാവം നവാസ് ഷെറീഫിന് ഈ നാടകത്തില്‍ എന്ത് റോളാണുള്ളത്? വെറും ഒരു കാഴ്ചക്കാരന്റെ തന്റെയോ?

അകലങ്ങളിലെ അയല്‍ക്കാര്‍-ഇന്‍ഡ്യ-പാക്ക് സംഭാഷണം വീണ്ടും മുറിയുന്നു (ഡല്‍ഹികത്ത് പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക