Image

കേരളത്തിന്റെ വികസനത്തില്‍ പ്രവാസികളുടെ പങ്ക് വലുത് : മുഖ്യമന്ത്രി (ആശ എസ് പണിക്കര്‍)

ആശ എസ് പണിക്കര്‍ Published on 01 August, 2015
കേരളത്തിന്റെ വികസനത്തില്‍ പ്രവാസികളുടെ പങ്ക് വലുത് : മുഖ്യമന്ത്രി (ആശ എസ് പണിക്കര്‍)
കേരളത്തിന്റെ സര്‍വതോന്‍മുഖ വികസനത്തില്‍ പ്രവാസികളുടെ പങ്ക് വളരെ വലുതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് ഫോമ(ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കന്‍സ്) കേരള കണ്‍വെന്‍ഷനും അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.

ഫോമായുടെ ആരംഭം മുതലുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. ഫോമായുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ നന്‍മ തിരിച്ചറിയുവാനും കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഏറ്റവും മികച്ച ഉദാരരണമാണ് റീജിയണ്‍ ക്യന്‍സര്‍ സെന്ററിന് ഓങ്കോളജി - പീഡിയാട്രിക് ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് ഒരുലക്ഷം ഡോളര്‍ നല്‍കുന്നത്.

അനേകായിരം മൈലുകള്‍ക്കപ്പുറത്തു കഴിയുന്നവരാണ് പ്രവാസികള്‍. എന്നിട്ടും കേരളത്തിലെ എല്ലാ പ്രശ്‌നങ്ങളിലും അങ്ങേയറ്റം താല്‍പര്യത്തോടെ ഇടപെടുന്നു. സാമൂഹ്യപ്രസക്തിയുള്ള പ്രശ്‌നങ്ങളെ പ്രവാസികള്‍ സമീപിക്കുന്ന തീഷ്ണത പലപ്പോഴും തനിക്കു നേരിട്ടറിയാന്‍ സാധിച്ചിട്ടുണ്ട്. അതു നിങ്ങളുടെ നന്മയായി ഞാന്‍ മനസ്സിലാക്കുന്നു.

വിദേശ മലയാളികളെക്കുറിച്ച് പറയുമ്പോള്‍ അവരുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് മാത്രമാണ് എല്ലാവരും ആദ്യം ചിന്തിക്കുന്നത്. എന്നാല്‍ അതിനേക്കാള്‍ അഭിമാനകരമായ കാര്യം കേരളീയ സമൂഹത്തിന്റെ മനോഭാവത്തില്‍ ക്രിയാത്മകമായ മാറ്റം വരുത്തിയ പ്രേരകശക്തിയാകാന്‍ വിദേശ മലയാളികള്‍ക്കു കഴിഞ്ഞു എന്നതാണ്. ഇന്ന് കേരളത്തിലെ ചെറുപ്പക്കാര്‍ മാറ്റം ആഗ്രഹിക്കുന്നു. അവര്‍ എല്ലാ മേഖലകളിലും പുതിയ സംരംഭങ്ങളുമായി മുന്നോട്ടു വരുന്നു. ഐ.ടി.മേഖലയില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാര്‍ പോലും ഹൈടെക് കൃഷിയില്‍ താല്‍പര്യമെടുത്ത് മുന്നിട്ടറങ്ങുന്നു. സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാനാണ് ചെറുപ്പക്കാര്‍ ആഗ്രഹിക്കുന്നത്. ഈ അടിസ്ഥാനമാറ്റം കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് മുതല്‍കൂട്ടാകും.

വിദേശമലയാളികള്‍ എല്ലായ്‌പ്പോഴും ജനിച്ച നാടിനെ കുറിച്ചോര്‍ക്കുന്നതുപോലെ കേരളത്തിലെ ഗവണ്‍മെന്റ് ജനങ്ങളും പ്രവാസികള്‍ക്കായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലാദ്യമായി വിദേശകാര്യവകുപ്പും മന്ത്രിയുമുണ്ടായത് കേരള സംസ്ഥാനത്താണ് പ്രവാസികള്‍ക്ക് എന്നും ഇവിടെ പ്രത്യേക പരിഗണനയും സ്ഥാനവുമുണ്ട്.

അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിനു മുന്‍പ് പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിംഗ് സമ്പ്രദായം കൊണ്ടു വരുന്നതിനുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. പ്രവാസികളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേരളത്തില്‍ എന്‍.ആര്‍.ഐ. കമ്മീഷന് രൂപം നല്‍കാന്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിംഗ് സമ്പ്രദായം നിലവില്‍വരുന്നതോടെ അത് കേരളത്തിന്റെയും ഇന്ത്യയുടെയും ഭാവി നിര്‍ണയിക്കുന്ന തീരുമാനമായി മാറുമെന്ന് ഗ്രാമവികസന-നോര്‍ക്ക മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളം, കൊച്ചിമെട്രോ, വിഴിഞ്ഞം തുറമുഖം പദ്ധതി എന്നിങ്ങനെ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതില്‍ പ്രവാസികളുടെ പങ്ക് വളരെ വലുതാണ്. വികസന പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും തങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കുകയാണ് പ്രവാസികള്‍ ആര്‍.സി.സി. യുമായി ചേര്‍ന്നു നടത്തുന്ന പദ്ധതിയിലൂടെ വിദേശ മണ്ണില്‍ ജീവിക്കുന്ന നിങ്ങളുടെ മക്കള്‍ക്ക് കേരളത്തിന്റെ നന്മയും സംസ്‌കാരവും പകര്‍ന്നു കൊടുക്കുന്ന പദ്ധതിക്ക് നോര്‍ക്കയുടെയും കേരളസര്‍ക്കാരിന്റെയും എല്ലാവിധ പിന്തുണയുണ്ടാകുമെന്ന് കെ.സി.ജോസഫ് പറഞ്ഞു. 

കേരളത്തിന്റെ പുരോഗതിയില്‍ വിദേശമലയാളികള്‍ എല്ലാ കാലത്തും പിന്തുണ നല്‍കുന്നുണ്ടെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി വി.എസ.്ശിവകുമാര്‍ പറഞ്ഞു. പ്രവാസികള്‍ക്കായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഈ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കും. ആരോഗ്യ പരിപാലനരംഗത്തു മാത്രമല്ല മറ്റെല്ലാം മേഖലകളിലും മുഖ്യമന്ത്രി എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. ഒരു വികസിത രാഷ്ട്രത്തിന്റെ ആരോഗ്യസൂചികയിലേക്ക് കേരളം എത്തിനില്‍ക്കുന്നു എന്നത് അഭിമാനകരമാണ്. 

ആരോഗ്യമേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ മാതൃ-ശിശുമരണ നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആയുര്‍ ദൈര്‍ഘ്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ കേരളമാണ്. ഇന്ന് ലോകമെമ്പാടുമുള്ള വിദഗ്ധ ചികിത്സ കേരളത്തില്‍ ലഭ്യമാകുന്ന അവസ്ഥയിലേക്ക് നാം വളര്‍ന്നിരിക്കുന്നു. ഇത് നമ്മെ സംബന്ധിച്ച് തികച്ചും അഭിമാനകരമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഗര്‍ഭാവസ്ഥ മുതല്‍ വാര്‍ദ്ധക്യം വരെയുള്ള വിവിധ ചികിത്സാ പദ്ധതികള്‍ ഏറ്റെടുത്തു ഫലപ്രദമായി നടപ്പാക്കി വരികയാണ്. എ.പി.എല്‍ -ബി.പി.എല്‍ വ്യത്യാസമില്ലാതെ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ ചികിത്സാ പദ്ധതി, സൗജന്യ കാന്‍സര്‍  ചികിത്സാപദ്ധതി, സുകൃതം പദ്ധതി എന്നിവയെല്ലാം ആരോഗ്യമേഖലയില്‍ നടപ്പാക്കി വരുന്നു. ആരോഗ്യമേഖലയില്‍ കോടിക്കണക്കിനു രൂപയാണ് ചെലവഴിക്കുന്നത്.

പദ്ധതികള്‍ പ്രഖ്യാപിക്കുക മാത്രമല്ല അത് ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും വന്‍ മുന്നേറ്റമാണ് നാം കൈവരിച്ചിരിക്കുന്നത് മെഡിക്കല്‍ കോളേജുകള്‍ മുതല്‍ പ്രാഥമിക ആരോഗ്യകേന്ദ്രം വരെ മരുന്നുകള്‍ സൗജന്യമാണ്. നാലുവര്‍ഷം കൊണ്ട് നാലു മെഡിക്കല്‍കോളേജുകള്‍ എന്നത് യാഥാര്‍ത്ഥ്യമാക്കാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞു എന്നത് അഭിമാനകരമാണ്.

മഞ്ചേരി, ഇടുക്കി, വയനാട്, പാലക്കാട്, എന്നിവിടങ്ങളില്‍ മെഡിക്കല്‍ കോളേജുകള്‍ ആരംഭിച്ചതോടെ സാധാരണക്കാരായ ആയിരക്കണക്കിന് രോഗികള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.
വിദഗ്ദ്ധരായ ഡോക്ടര്‍മാരെ സംഭാവന ചെയ്യാന്‍ കഴിയുന്ന സംസ്ഥാനമായി കേരളം മാറണം. നമ്മുടെ കുട്ടികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള അവസരം ഒരുക്കണം. ആരോഗ്യ മേഖലയില്‍ വിദേശ മലയാളികളുടെ പിന്തുണ ലഭിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു.
ആര്‍.സി.സി.യില്‍ ഓങ്കോളജി-പീഡിയാട്രിക് ഔട്ട് പേഷ്യന്റ് ബ്ലോക്ക് നിര്‍മിക്കുന്നതിന്റെ തുകയുടെ ആദ്യഗഡു 25000 ഡോളര്‍ ചെക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആര്‍.സി.സി. ഡയറക്ടര്‍ ഡോ.രാംദാസിനു കൈമാറി.

ബ്ലോക് നിര്‍മ്മാണം പൂര്‍ത്തിയാകുന്ന വിവിധഘട്ടങ്ങളില്‍ ബാക്കി തുകയും നല്‍കും. ആകെ ഒരു ലക്ഷം ഡോളറാണ് നല്‍കുന്നത്. വേള്‍ഡ് മലയാളി അസോസിയേഷനും ഫോമയും സംയുക്തമായി പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ നിയമം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ അദ്ധ്ക്ഷത വഹിച്ചു. രാജു എബ്രഹാം എം.എല്‍.എ, ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ഫോമ കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഡോ.ജേക്കബ് തോമസ്, ജനറല്‍ കണ്‍വീന്‍ അഡ്വ.വര്‍ഗീസ് മാമന്‍, ട്രഷറര്‍ ജോയി ആന്റണി, വൈസ് പ്രസിഡന്റ് വിന്‍സണ്‍ പാലത്തിങ്കല്‍, ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി വര്‍ഗീസ് കളത്തില്‍, ജോയിന്റ് ട്രഷറല്‍ ജോഫ്രിന്‍ ജോസ്, ഇ.എം.നജീബ് എന്നിവര്‍ പങ്കെടുത്തു.




കേരളത്തിന്റെ വികസനത്തില്‍ പ്രവാസികളുടെ പങ്ക് വലുത് : മുഖ്യമന്ത്രി (ആശ എസ് പണിക്കര്‍)കേരളത്തിന്റെ വികസനത്തില്‍ പ്രവാസികളുടെ പങ്ക് വലുത് : മുഖ്യമന്ത്രി (ആശ എസ് പണിക്കര്‍)കേരളത്തിന്റെ വികസനത്തില്‍ പ്രവാസികളുടെ പങ്ക് വലുത് : മുഖ്യമന്ത്രി (ആശ എസ് പണിക്കര്‍)കേരളത്തിന്റെ വികസനത്തില്‍ പ്രവാസികളുടെ പങ്ക് വലുത് : മുഖ്യമന്ത്രി (ആശ എസ് പണിക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക