Image

ഡോ. ആനി പോളിനു എതിരില്ല; പി.ടി. തോമസും ടോം നൈനാനും മത്സര രംഗത്ത്

Published on 31 July, 2015
ഡോ. ആനി പോളിനു എതിരില്ല; പി.ടി. തോമസും ടോം നൈനാനും മത്സര രംഗത്ത്
ന്യൂയോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ ലെജിസ്ലേറ്റര്‍ സ്ഥാനത്തേക്ക് ഇതാദ്യമായി മൂന്നു മലയാളികള്‍ മത്സരിക്കുന്നു. ഡിസ്ട്രിക്ട് 14-ല്‍ നിന്ന് വീണ്ടും ജനവിധി തേടുന്ന ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ഡമോക്രാറ്റിക് പ്രൈമറിയില്‍ എതിരില്ലാതെ വിജയിച്ചു. നവംബര്‍ മൂന്നിനു നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഉണ്ടാവില്ലെന്ന് ഏകദേശം ഉറപ്പായതോടെ ആനി പോളിന്റെ വിജയം സുനിശ്ചിതമായി.

ഡിസ്ട്രിക്ട് 9-ല്‍ നിന്ന്- ന്യൂ സിറ്റി, നാനുവറ്റ്, പൊമോണയുടേയും ബര്‍ഡോണിയയുടേയും ഭാഗങ്ങള്‍-ജനവിധി തേടുന്ന ടോം നൈനാനും ഡെമോക്രാറ്റിക് പ്രൈമറിയില്‍ എതിരില്ലാതെ വിജയിച്ചു. ഡമോക്രാറ്റിക് പാര്‍ട്ടിക്കു പുറമെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി, കസര്‍വേറ്റീവ് പാര്‍ട്ടി എന്നിവയും ടോം നൈനാന് പിന്നില്‍ അണിനിരന്നിട്ടുണ്ട്. അതിനാല്‍ റിപ്പബ്ലിക്കനായ നിലവിലുള്ള അംഗം ക്രിസ്റ്റഫര്‍ കാരിയെ പരാജയപ്പെടുത്താനാവുമ്മെന്നാണു് പൊതുവെ കരുതപ്പെടുന്നത്. 2007-ല്‍ ഈ സീറ്റില്‍ മത്സരിച്ചപ്പോള്‍ ഡമോക്രാറ്റിക് പിന്തുണ മാത്രമാണ് ഉണ്ടായിരുത്. ഇത്തവണ മൂന്നു പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പിന്തുണക്കുന്നു. ഡിസ്ട്രിക്ടിലെ 15000 വോട്ടര്‍മാരില്‍ 5000 പേര്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കാരും, 3000 പേര്‍ രജിസ്‌ട്രേഡ്റിപ്പബ്ലിക്കന്‍മാരുമാണ്.

വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണമാണ് ഉദ്ദേശിക്കുന്നതെങ്കിലും 30,000 മുതല്‍ 50,000 വരെ ചെലവ് പ്രതീക്ഷിക്കുന്നതായി ടോം നൈനാന്‍ പറഞ്ഞു. ഇതില്‍ ഒരു പങ്ക് പിരിച്ചെടുക്കാന്‍ ശ്രമിക്കുന്നു. ഇന്ന് (വെള്ളി) വൈകിട്ട് ഏഴു മണിക്ക് നാനുവറ്റിലെ ബോണ്‍ ഫിഷില്‍ വച്ച് ഒരു ഫണ്ട് സമാഹരണ പരിപാടി സംഘടിപ്പിക്കുന്നൂണ്ട്.

ദീര്‍ഘകാലമായി രാഷ്ട്രീയ പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടോം നൈനാന്‍ കൗണ്ടിയിലെ അറിയപ്പെടുന്ന നേതാക്കളിലൊരാളാണ്.

ഡിസ്ട്രിക്ട് രണ്ടില്‍ നിന്ന് - പൊമോണ, ഗാര്‍നര്‍വില്‍, മൗണ്ട് ഐവി, തീത്സ്- മത്സരിക്കുന്ന പി.ടി തോമസ് മലയാളി സംഘടനാ പ്രവര്‍ത്തന രംഗത്തും അമേരിക്കക്കാര്‍ക്കിടയിലും സുദീര്‍ഘമായി പ്രവര്‍ത്തിച്ച വ്യക്തിയാണ്. കഴിഞ്ഞ തവണ സ്റ്റേറ്റ് അസംബ്ലിയിലേക്ക് അദ്ദേഹം മത്സരിച്ചിരുന്നു.

ഡമോക്രാറ്റിക് പാര്‍ട്ടിക്കാരനായ നിലവിലുള്ള അംഗം മൈക്കല്‍ ഗ്രാന്റിനെയാണ് അദ്ദേഹം നേരിടുന്നതെനതിനാല്‍ പ്രൈമറി ഇലക്ഷനുണ്ട്. ഇത്തവണ സെപ്റ്റംബര്‍ 10-ന് വ്യാഴാഴ്ചയാണ് പ്രൈമറി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പിന്തുണയും തോമസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രൈമറിയില്‍ ജയിക്കുന്ന ആള്‍ പൊതു തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ ജയിക്കും.

കൗണ്ടി ലെജിസ്ലേറ്ററായ നാലു വര്‍ഷത്തിനിടെ ഒട്ടേറേ നേട്ടങ്ങള്‍ കൈവരിച്ച റെക്കോര്‍ഡുമായാണ് ഡോ. ആനി പോള്‍ വീണ്ടും മത്സര രംഗത്തുവന്നത്. ഓഗസ്റ്റ് മാസം ന്യൂയോര്‍ക്ക് സ്റ്റേറ്റിലാകെ ഇന്ത്യാ ഹെറിറ്റേജ് മാസമായി പ്രഖ്യാപിക്കുന്ന പ്രമേയം അവരുടെ ശ്രമഫലമായി സ്റ്റേറ്റ് അസംബ്ലിയും സെനറ്റും ഏകകണ്ഠമായി പാസാക്കിയത് ഈ അടുത്ത കാലത്താണ്.

ഇ-സിഗരറ്റിന് സാധാരണ സിഗരറ്റ് വാങ്ങുതിനുള്ള നിബന്ധനകള്‍ ഏര്‍പ്പെടുത്തുക, ഗര്‍ഭിണികള്‍ക്ക് ജോലി സ്ഥലത്ത് പ്രത്യേക പരിഗണന നല്‍കുകയും വിശ്രമാവസരം നല്‍കുകയും ചെയ്യുക, മുന്‍ കാമുകി-കാമുകന്മാരുടെ ഫോട്ടൊാകളും വീഡിയോകളും ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്ന റിവഞ്ച് പോണ്‍ കുറ്റകരമാക്കുക തുടങ്ങിയവയിലൊക്കെ നിയമ നിര്‍മ്മാണത്തിന് രജിസ്‌ട്രേഡ് നഴ്‌സായ ഡോ. ആനിയുടെ പ്രവര്‍ത്തനങ്ങളുണ്ട്.

കൗണ്ടി ലെജിസ്ലേച്ചറിലെ പ്രധാനപ്പെട്ട നാലു കമ്മിറ്റികളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ വിഭാഗഠില്‍ നിന്നും അംഗീകാരം നേടി.

രണ്ട് മില്യനിലേറെ ബജറ്റുള്ള ന്യൂസിറ്റി ലൈബ്രറിയുടെ പ്രസിഡന്റായി രണ്ടുവട്ടം പ്രവര്‍ത്തിച്ച അവര്‍ ദീര്‍ഘകാലം ഫൊക്കാന അടക്കമുള്ള സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചു.

റോക്ക് ലാന്റ് കൗണ്ടി ലെജിസ്ലേറ്ററാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ഡോ. ആനി. നേരത്തെ പരേതനായ ഡോ. വി.ജെ. പ്രധാന്‍ ലെജിസ്ലേറ്ററായിരുന്നു.

എണ്‍പതുകളുടെ തുടക്കത്തില്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയില്‍ നിന്നും മികച്ച നഴ്‌സിനുളള അവാര്‍ഡ് നേടിയ ഡോ. ആനിക്ക് ഒട്ടേറെ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
ഡോ. ആനി പോളിനു എതിരില്ല; പി.ടി. തോമസും ടോം നൈനാനും മത്സര രംഗത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക