Image

അഗ്നി ചിറകുകളില്‍- (ഒരു ചരമകുറിപ്പ്- അബ്ദുള്‍ കലാം-1931-2015)- (ഡല്‍ഹികത്ത് : പി.വി. തോമസ്)

പി.വി. തോമസ് Published on 31 July, 2015
അഗ്നി ചിറകുകളില്‍- (ഒരു ചരമകുറിപ്പ്- അബ്ദുള്‍ കലാം-1931-2015)- (ഡല്‍ഹികത്ത് : പി.വി. തോമസ്)
ഡല്‍ഹികത്തില്‍ ഞാന്‍ ആദ്യമായിട്ടാണ് ഒരു ചരമക്കുറിപ്പ് എഴുതുന്നത്. ഇതിനു മുമ്പൊരിക്കില്‍ പ്രേംനസീറിനെ കുറിച്ചെഴുതിയത് ഓര്‍മ്മകുറിപ്പ്(മെമ്വാര്‍) ആയിരുന്നു.
അവുള്‍ പക്കീര്‍ ജയിനുലബ്ദീന്‍ അബ്ദുള്‍ കലാം എന്ന എ.പി.ജെ. അബ്ദുള്‍കലാം യാത്രയായി. ഇന്‍ഡ്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. കലാമിന്റെ അന്ത്യം സംഭവിച്ചത് വാര്‍ത്താമാധ്യമങ്ങളില്‍ പരമപ്രധാനമായി പ്രസിദ്ധീകരിച്ചിരുന്നതുപോലെ, ഷില്ലോങ്ങിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു കൊണ്ടിരിക്കവെ ആയിരുന്നു. സംസാരിച്ചു തുടങ്ങുന്നതിനു മുമ്പെ സദാകര്‍മ്മനിരതനും ആശയസമ്പുഷ്ടനും ആയ ഡോ. കലാം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അസൈന്‍മെന്റ് നല്‍കുവാനും മറന്നില്ല. എങ്ങനെ പാര്‍ലമെന്റിന്റെ കൂടെകൂടെയുള്ള സ്തംഭനം ഒഴിവാക്കാം.? ഇതിന് ഒരു വിദ്യ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്ടുപിടിക്കാമോ? കലാമിന്റെ ചലഞ്ചാണ്. അതു കഴിഞ്ഞിട്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

പ്രസംഗ മദ്ധ്യേ അഞ്ച് മിനിട്ടിനുള്ളില്‍ കുഴഞ്ഞു വീണ് മരിച്ചു. അങ്ങനെ മിസൈലിന്റെ അഗ്നിചിറകുകളില്‍ കാലം അവതരിപ്പിച്ച ശാസ്ത്രജ്ഞന്‍ ചരിത്രത്തിന്റെ അജ്ഞാതവും ദുരൂഹവും ആയ യവനികക്കുള്ളിലേക്ക് മറഞ്ഞുപോയി.

ഞാന്‍ ഓര്‍മ്മിക്കുന്നു ഒരിക്കല്‍ അദ്ദേഹത്തെ മിസൈല്‍ പരീക്ഷണ സംബന്ധിയായി ഇന്റര്‍വ്യൂ ചെയ്യുന്നത്. ഞാന്‍ ആണ് ഹൈദ്രാബാദില്‍ ഒരു പത്രറിപ്പോര്‍ട്ടറായി ജോലി ചെയ്യുകയാണ്(1986-89). ഇന്ത്യ അന്ന് അഗ്നി എന്ന മിസൈലിന്റെ വിക്ഷേപണത്തിനായി തയ്യാറാവുകയാണ്. കലാമാണ് അഗ്നിയുടെ പിന്നിലെ പ്രധാനബുദ്ധി. അഗ്നിയുടെ ചിറകിലുള്ള ഒരു പ്രധാന കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായിരുന്നു ഹൈദ്രാബാദിലെ കാച്ചിഗുഡയിലെ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ്. അതിന്റെ മേധാവി ആയിരുന്ന ഒരു മലയാളിയാണ്  എന്നെ കലാമിനെ കാണുവാന്‍ പ്രേരിപ്പിച്ചത്. കലാം ആണ് ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്പ്‌മെന്റ് ഓര്‍ഗ്ഗനൈസേഷന്റെ(ഡി.ആര്‍.ഡി.ഒ.) ചീഫ് ആയിരുന്നു. ഈ സ്ഥാപനത്തിന്റെ ആ സ്ഥാനം ഹൈദ്രാബാദ്- സെക്കന്തരബാദ് ട്വിന്‍ നഗരങ്ങളുടെ പ്രാന്തപ്രദേശത്തുള്ള താരണാക്ക എന്ന സ്ഥലത്തായിരുന്നു. ഞാന്‍ അവിടെ ചെന്നു ഒരു ദിവസം വൈകുന്നേരം. കലാം ഓഫീസില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം വസതിയില്‍ ആണെന്നും ഉടന്‍ വരുമെന്നും കാത്തിരിക്കുവാനും എനിക്കുള്ള അപ്പോയിന്റ്‌മെന്റിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സ്റ്റാഫ് പറഞ്ഞു. ഒരു മിനിട്ടിനുള്ളില്‍ കലാം വന്നു. ഞാന്‍ വിചാരിച്ചത് വസതിയെന്നു പറഞ്ഞപ്പോള്‍ അങ്ങ് ദൂരെ എവിടെയോ എന്നായിരുന്നു. കാരണം ഡി.ആര്‍.സി.ഓ.- യുടെ ചുറ്റുവട്ടം വളരെ വിസ്തൃതമായിരുന്നു. കലാം താമസിച്ചിരുന്നത് ഓഫീസിന്റെ പിറകിലുള്ള ഒരു ഒറ്റമുറി വസതിയില്‍ ആയിരുന്നു. ഭക്ഷണം ഡി.ആര്‍.ഡി.ഓ. മെസില്‍ നിന്നും. ഒരു അവിവാഹിതന് മറ്റെന്തു വേണം. രാവും പകലും ക്യാമ്പസിലും അദ്ദേഹം സജീവം ആയിരുന്നു. ജോലി മാത്രം ശരണം.

ഞങ്ങള്‍ അഗ്നിയെ കുറിച്ച് സംസാരിച്ചു. ഏറെ വാചാലന്‍ ആയിരുന്നു അദ്ദേഹം. ഇന്‍ഡ്യയുടെ മിസൈല്‍ പരിപാടികളെകുറിച്ചും സാറ്റലൈറ്റ് വിക്ഷേപ പ്രോജക്ടുകളെ കുറിച്ചും അദ്ദേഹം വാചാലമായി സംസാരിച്ചു. സംസാരശൈലി ഒരു അദ്ധ്യാപകന്റേതാണ്. എല്ലാം പറഞ്ഞ് മനസിലാക്കിതരും. ചോദ്യങ്ങള്‍ ചോദിക്കും. വീണ്ടും വിശദീകരിക്കും. അങ്ങനെ. ഇന്‍ഡ്യക്ക് മിസൈല്‍ രംഗത്ത് ശോഭനമായ ഒരു ഭാവിയുണ്ടെന്ന് അദ്ദേഹം പ്രവചിച്ചു. ബഹിരാകാശ പരീക്ഷണത്തിലും ആണവ പരീക്ഷണത്തിലും ഇന്‍ഡ്യ വളരെയേറെ മുമ്പോട്ട് പോകുമെന്നും ലോകരാഷ്ട്രങ്ങളുടെ മുമ്പിലെത്തുമെന്നും കലാം സ്വപ്‌നം കണ്ടിരുന്നു. അതിന്റെയൊക്കെ ഫലമായിട്ടാണ് അഗ്നിയും, പൃഥിയും, ത്രിശൂലുംല ആകാശും, നാഗും, പൊക്രാന്‍ രണ്ടും രൂപപ്പെട്ടത്. അഗ്നി അഞ്ചന്റെ ആക്രമണപരിധി അയ്യായിരം കിലോമീറ്റര്‍, അതായത് ചൈനയുടെ വടക്കെ അറ്റംവരെ, ആണ്!
ഞാന്‍ കലാമിനെകുറിച്ച് എഴുതിയ പീസിന്റെ തലവാചകം ഇന്‍ഡ്യാസ് 'അഗ്നിമാന്‍' എന്നായിരുന്നു. അതെ, അദ്ദേഹം ഇന്‍ഡ്യയുടെ തീ ആയിരുന്നു. തീര്‍ച്ചയായും തീയില്‍ കുരുത്ത തൈയ്യായിരുന്നു കലാം. നട്ടം തിരിക്കുന്ന പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ തീയില്‍ കുരുത്ത തൈ.കെ.ആര്‍. നാരായണന് തികച്ചും അനുയോജ്യനായ പിന്‍ഗാമി ആയിരുന്നു അദ്ദേഹം. നാരായണന്‍ ഒറ്റപ്പാലം ലോക്‌സഭ നിയോജക മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ മുണ്ട് ഉടുത്ത് പ്രചരണത്തില്‍ പങ്കെടുക്കവെ അദ്ദേഹത്തിന് മുണ്ട് ഉടുക്കുവാന്‍ അറിയുകയില്ലെന്ന് എതിരാളികള്‍ കളിയാക്കിയപ്പോള്‍ നാരായണന്റെ ചുട്ട മറുപടി ഇതായിരുന്നു: മുണ്ട് ഉടുക്കുവാനും അറിയും. വേണ്ടി വന്നാല്‍ അത് മുറുക്കി ഉടുക്കുവാനും അറിയാം. അദ്ദേഹം മുണ്ട് മുറുക്കിയുടുത്ത് പട്ടിണിയോട് മല്ലിട്ട ഉഴവൂരിലെ ബാല്യകാലം ഓര്‍മ്മിക്കുകയായിരുന്നു.

അതുപോലെ തന്നെ കലാമിനും ദരിദ്രമായ ഒരു ബാല്യം ഉണ്ടായിരുന്നു. അഗ്നിയുടെ അവതാരമായ ഈ മിസൈല്‍ മനുഷ്യന് പട്ടിണിയും പരിവട്ടവും ായിട്ടുള്ള ഒരു ബാല്യകാലം ഉണ്ടായിരുന്നു. ഓര്‍മ്മയിലെ രാമേശ്വരത്തെ ആ ന്യൂസ് പേപ്പര്‍ വിതരണക്കാരന്‍ മുസ്ലീം ചെക്കനെ? ക്ഷേത്രനഗരിയായ രാമേശ്വരത്തെ വീടുകളിലും തെരുവുകളിലും പത്രം വിറ്റാണ് കലാം എന്ന സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി പഠനം നടത്തിയിരുന്നത്. അതിനുശേഷം ആണ് അദ്ദേഹം ഇന്‍ഡ്യയുടെ മിസൈല്‍ മാന്‍ ആയതും ലോകപ്രശസ്തനായ ശാസ്ത്രപ്രതിഭയായതും ധിക്ഷണാശാലിയായ ശാസ്ത്രജ്ഞനായതും പിന്നീട് ഇന്‍ഡ്യയുടെ രാഷ്ട്രപതി ആയതും.

കലാം ഇന്‍ഡ്യയുടെ രാഷ്ട്രപതി ആകുന്നത് ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ആണ്. 2002-ല്‍ നാരായണന്റെ കാലാവധി തീര്‍രുകയാണ്. എന്‍.ഡി.എ ആണ് രാജ്യം ഭരിക്കുന്നത്. വാജ്‌പേയി പ്രധാനമന്ത്രിയും. സ്വാഭാവികമായും ബി.ജെ.പിക്ക് കോണ്‍ഗ്രസ്‌കാരനായ നാരായണന് മറ്റൊരു ഊഴം കൂടെ നല്‍കുവാന്‍ ഇഷ്ടമില്ല. ബി.ജെ.പി.യുടെ പ്രഥമ പരിഗണന പി.സി. അലക്‌സാണ്ടര്‍ ആയിരുന്നു. പക്ഷേ, കോണ്‍ഗ്രസ് ചില മുന്‍കാല രാഷ്ട്രീയ വൈരാഗ്യം മൂലം അത് തള്ളി. പ്രതിപക്ഷത്തിന്റെ മുന്‍ഗണനയില്‍ ഉപരാഷ്ട്രപതി കൃഷ്ണകാന്ത് ആയിരുന്നു മുമ്പില്‍. പക്ഷേ, ബി.ജെ.പി. അത് തള്ളി. ആര്‍.എസ്.എസിന് പ്രധാനമന്ത്രി വാജ്‌പേജി രാഷ്ട്രപതി ആകുന്നതായിരുന്നു താല്‍പര്യം. പക്ഷേ, വാജ്‌പേജി വഴങ്ങിയില്ല. ബി.ജെ.പി.ക്ക് കലാമിനെ രാഷ്ട്രപതി ആക്കുവാന്‍ പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നു. കാരണം ഗുജറാത്ത് വംശീയ കലാപത്തിനുശേഷം അതിന്റെ മതേതരമുഖം വികലമായിപ്പോയിരുന്നു. അതുകൊണ്ട് കലാമിനെ രാഷ്ട്രപതിയാ്കുക വഴി ഇത് ഒരു പരിധിവരെ വീണ്ടെടുക്കാമെന്ന് ബി.ജെ.പി. കരുതി. അപ്പോഴാണ് സമാജ് വാദി പാര്‍ട്ടി(മുലയം സിംങ്ങ് യാദവ്) ഔദ്യോഗികമായി കലാമിന്റെ പേര് നിര്‍ദ്ദേശിക്കുന്നത്. ബി.ജെ.പി.യും കോണ്‍ഗ്രസും അത് അംഗീകരിച്ചു. ബി.ജെ.പി.യുമായി ഒത്തുപോകുവാന്‍ വിഷമം ഉള്ളതുകൊണ്ട് ഇടതുപക്ഷം ക്യാപ്റ്റന്‍ ലക്ഷ്മി സെയ്ഗളിന്റെ പേര് നിര്‍ദ്ദേശിച്ചു. മത്സരം നാമമാത്രം ആയിരുന്നു. കലാം വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു.

2007 ല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് ഒഴിവുണ്ടായപ്പോള്‍ കലാമിന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടതാണ്. പക്ഷേ, കോണ്‍ഗ്രസിന് താല്‍പര്യം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് പ്രതിഭ പാട്ടീല്‍ രാഷ്ട്രപതി ആയത്. 

കലാം രണ്ടാമതൊരു ഊഴത്തിന് തയ്യാറും ആയിരുന്നു. പക്ഷേ, പിന്തുണക്കുവാന്‍ അധികമാരും ഉണ്ടായില്ല. 2012-ല്‍ വീണ്ടും കലാമിന്റെ പേര് ഉന്നയിക്കപ്പെട്ടു. പക്ഷേ, പിന്തുണയ്ക്കുവാന്‍ അധികമാരും ഉണ്ടായില്ല. സോണിയ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ പ്രണാബ് മുഖര്‍ജിക്ക് ആയിരുന്നു. അങ്ങനെ ഒറ്റ ഊഴം കൊണ്ട് കലാമിന് തൃപ്തിപ്പെടേണ്ടിവന്നു.
പക്ഷേ, ഈ ഒറ്റ ഊഴം കൊണ്ട് അദ്ദേഹം ജനങ്ങളുടെ ഹൃദയം കവര്‍ന്നു. ജനങ്ങളുടെ രാഷ്ട്രപതി എന്ന പേര് നേടിയെടുത്തു. രാഷ്ട്രപതി ഭവന്റെ വാതിലുകള്‍ അദ്ദേഹം ജനങ്ങള്‍ക്കായി തുറന്നിട്ടു.
അദ്ദേഹത്തിന് കക്ഷിരാഷ്ട്രീയം ഉണ്ടായിരുന്നില്ല. ജാതി-മത ചിന്തകള്‍ ഉണ്ടായിരുന്നില്ല. ഭഗവദ്ഗീതയും ഖുറാനും ബൈബിളും വായിക്കുന്ന, വീണമീട്ടുന്ന രാഷ്ട്രപതി ആയിരുന്നു കലാം. വിനാശകാരിയായ ഭൂഖണ്ഡാന്തര മിസൈലുകള്‍ക്ക് രൂപകല്‍പന ചെയ്യുമ്പോഴും ശാസ്ത്രം കൊണ്ട് മനുഷ്യന്‍ എന്തു ഗുണം ചെയ്യാമെന്നും അദ്ദേഹം ചിന്തിച്ചിരുന്നു. അങ്ങനെയാണ് മിസൈല്‍ നിര്‍മ്മിക്കുന്ന ഉരുക്കില്‍ നിന്നും അദ്ദേഹം ഹൃദ്രോഗ നിവാരണത്തിനായി വില കുറഞ്ഞ സ്‌റ്റെന്റ്(പതിനായിരം രൂപ) നിര്‍മ്മിച്ചത്. മിസൈലിനെയും ബോംബിനെയും(പൊക്രാന്‍ രണ്ട്) പിന്തുണക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രത്യയ ശാസ്ത്രം ഇതായിരുന്നു. ശക്തി ശക്തിയെ ബഹുമാനിക്കും.

പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഇന്‍ഡ്യയുടെ ആണവ പരീക്ഷണത്തെയും ബോംബിനെയും 'ഹിന്ദുബോംബ്' എന്ന് വിളിച്ച് അധിക്ഷേപിക്കുവാന്‍ ഒരു ത്വരയുണ്ടായിരുന്നു, ആരംഭത്തില്‍. അവര്‍ പാക്കിസ്ഥാന്റെ ബോംബിനെ 'ഇസ്ലാമിക് ബോംബ്' എന്ന് വിളിച്ചാണ് അധിക്ഷേപിച്ചിരിക്കുന്നത്. പക്ഷേ, കലാമിന്റെ ഉള്‍പ്പെടല്‍ കാരണം ഇന്‍ഡ്യയുടെ ബോംബ് ഹിന്ദു ബോംബായി മാറിയില്ല.

പക്ഷേ, കലാം അമേരിക്കയുടെയും ബുഷ്ഭരണത്തിന്റെയും അപ്രീതി സമ്പാദിച്ചു. പൊക്കറാന്‍ രഹസ്യ സ്‌ഫോടനത്തിനും അമേരിക്കയുടെ ഉപരോധങ്ങള്‍ക്കും എതിരെ ഇന്‍ഡ്യയുടെ ശക്തിയായി നിലകൊണ്ടത് കലാമാണെന്ന് അമേരിക്കന്‍ ഭരണകൂടത്തിന് അറിയാമായിരുന്നു. അമേരിക്കയുടെ എല്ലാ ചാരനിരീക്ഷണത്തെയും അതിജീവിച്ചു കൊണ്ടാണ് കലാമിന്റെ പൊക്രാന്‍ രണ്ട് രാജസ്ഥാനിലെ മരുഭൂമിയില്‍ കത്തിക്കാളിയത്. ഏതായാലും പ്രസിഡന്റ് എന്ന നിലയില്‍(2002-2007) കലാമിന് അമേരിക്ക സന്ദര്‍ശിക്കുവാനുള്ള അവസരം ഉണ്ടായില്ല.

കക്ഷിരാഷ്ട്രീയത്തിനതീതനായ കലാം രാഷ്ട്രപതിയായ ഉടനെതന്നെ വംശീയകലാപത്തിനിരയായ ഗുജറാത്ത് സന്ദര്‍ശിക്കണമെന്ന് ശഠിച്ചു. വാജ്‌പേയിയും ഗൃഹമന്ത്രി എല്‍.കെ. അദ്വാനിയും ആദ്യമൊന്നും അതിന് സമ്മതിച്ചില്ല. അവസാനം കലാമിന്റെ നിര്‍ബ്ബന്ധം സഹിക്കാതായപ്പോള്‍ അവര്‍ സുരക്ഷിതത്വ ഭീഷണിയെല്ലാം മറന്ന് കലാമിനെ ഗുജറാത്ത് സന്ദര്‍ശിക്കുവാന്‍ അനുവദിച്ചു. കലാം കലാപാനനന്തര ഗുജറാത്ത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി മോഡിക്കൊപ്പം സഞ്ചരിച്ച് കണ്ട് മനസിലാക്കി. അദ്ദേഹം വ്രൃണിത ഹൃദയത്തോടെയാണ് ഗുജറാത്തില്‍ നിന്നും മടങ്ങിയത്.
കലാം ഒരു 'റബ്ബര്‍ സ്റ്റാമ്പ്' രാഷ്ട്രപതി ആയിരുന്നില്ല. എങ്കിലും അദ്ദേഹത്തിനും ചുരുക്കം ചില വീഴ്ചകള്‍ പറ്റിയിട്ടുണ്ട്. അതിലൊന്നാണ് 2005-ല്‍ യു.പി.എ. ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശപ്രകാരം ബീഹാര്‍ അസംബ്ലി പിരിച്ചുവിട്ടത്. അതിനെ സുപ്രീംകോടതി വിമര്‍ശിക്കുകയും ഭരണഘടനാ വിരുദ്ധമായ നടപടിയെന്ന് മുദ്രകുത്തുകയും ചെയ്തു. കലാം അപ്പോള്‍ റഷ്യയില്‍ സന്ദര്‍ശനത്തില്‍ ആയിരുന്നു. അവിടെ വച്ചാണ് അദ്ദേഹം ഉത്തരവില്‍ ഒപ്പിട്ടത്. സുപ്രീം കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് കലാം രാജിവയ്ക്കുവാന്‍ ഒരുമ്പെട്ടതാണ്. പിന്നീട് നിര്‍ബ്ബന്ധത്തിന് വഴങ്ങി അതില്‍ നിന്നും പിന്മാറി. 2006-ല്‍ കലാം യു.പി.എ. ഗവണ്‍മെന്റിനും സോണിയഗാന്ധിക്കും എതിരെ ഓഫീസ് ഓഫ് പ്രോഫിറ്റ് ബില്ലില്‍ കര്‍ശനമായ നിലപാടെടുത്തു. തുടര്‍ന്ന് സോണിയ എം.പി. സ്ഥാനം രാജിവയ്ക്കുകയും വീണ്ടും മത്സരിച്ച് ജയിച്ച് ലോക്‌സഭ എത്തേണ്ടതായും വരികയുണ്ടായി. അദ്ദേഹം എന്‍.ഡി.എ.യുടേയും ഒട്ടേറെ തീരുമാനങ്ങള്‍ മടക്കി അയയ്്ക്കുകയുണ്ടായിട്ടുണ്ട്. 2004 ല്‍ സോണിയ പ്രധാനമന്ത്രിയാകുന്നതിനെതിരെ കലാം സൂചന നല്‍കിയതായും ശ്രുതി ഉണ്ട്. പക്ഷേ, ഇതിനെ മന്‍മോഹന്‍സംങ്ങ് നിരാകരിച്ചിട്ടുണ്ട്.

ഡോ.കലാം ഒരു സ്വപ്‌നവിഹാരി ആയിരുന്നു. സ്വപ്‌നം കാണുവാന്‍ അദ്ദേഹം ഒരു രാഷ്ട്രത്തെ പ്രത്യേകിച്ചും യുവാക്കളെ, പഠിപ്പിച്ചു. വലിയ വലിയ സ്വപ്‌നങ്ങള്‍ കാണുക. സൂര്യനോളം വലിയ സ്വപ്‌നങ്ങള്‍ കാണുക. എന്നിട്ട് അവയെ പ്രായോഗികമാക്കുവാന്‍, ഫലവത്താക്കുവാന്‍ അഹോരാത്രം യജ്ഞിക്കുക. ഫലവത്താക്കുക. ഇതായിരുന്നു ഈ മിസൈല്‍മാന്റെ സന്ദേശം. ഒരു ജനതയെ സൂര്യനെ സ്വപ്‌നെ കാണുവാന്‍ പഠിച്ച ഈ സ്വപ്‌നാടകന്‍ ഇപ്പോള്‍ നക്ഷത്രങ്ങള്‍ക്കിടയില്‍ കൂടുകെട്ടി പാര്‍പ്പിടം ആരംഭിച്ചിരിക്കുകയാണ്. വിട, കലാം സാര്‍.

അഗ്നി ചിറകുകളില്‍- (ഒരു ചരമകുറിപ്പ്- അബ്ദുള്‍ കലാം-1931-2015)- (ഡല്‍ഹികത്ത് : പി.വി. തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക